അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ

പ്രവാസം, അത് അനുഭവിച്ചു തന്നെയറിയണം. മൂന്നു വര്ഷം മുമ്പ് സൗദി അറേബ്യയിലെ ജുബൈലില്‍ നേഴ്‌സ് ആയി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എനിക്ക് 'പ്രവാസം' എന്ന ആ മൂന്നക്ഷരത്തിന്റെ ആഴവും അര്‍ഥവുമൊന്നും അറിയില്ലായിരുന്നു. എല്ലാ വര്‍ഷവും അല്ലെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒന്നോ രണ്ടോ മാസത്തേക്ക് നാട്ടില്‍ വരുന്ന പ്രവാസികളുടെ വേദനയും ചിന്തകളും അതിന്റെ എല്ലാ തീവ്രതയോടും ഞാനറിഞ്ഞത് എന്റെ പ്രവാസക്കാലത്താണ്.

അതുവരെ ജീവിച്ച ചുറ്റുപാടുകള്‍ വിട്ട് സൗദിയില്‍ ഞാന്‍ ജീവിതമാരംഭിച്ചു. എന്നെ പോലെ തന്നെ അനേകം സഹോദരന്മാരെ ഞാന്‍ മൂന്നു വര്‍ഷത്തെ സൗദിവാസക്കാലത്ത് പരിചയപെട്ടു. ഇവിടെ എല്ലാവര്‍ക്കുമുണ്ട് ഒരു കഥ. പ്രവാസജീവിതം തന്നെയൊരു കടംകഥയാണ്. അനുഭവിച്ചാല്‍ മാത്രം ഉത്തരം കണ്ടെത്താന്‍ ചിലപ്പോള്‍ കഴിയുന്നൊരു കടംകഥ.

ക്യാമ്പില്‍ ആയിരുന്നു എനിക്ക് ഡ്യൂട്ടി. 12 മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞു വന്നാലും പലപ്പോഴും ഉറക്കമൊന്നും വരില്ല. നാടും വീടും കൂട്ടുകാരും അങ്ങനെ ഒരായിരം മുഖങ്ങള്‍ കണ്ണൊന്നടച്ചാല്‍ മുന്നില്‍ വന്നു നില്‍ക്കും. ക്യാമ്പിലെ കൂട്ടുകാരായിരുന്നു ആകെയൊരു ആശ്വാസം. സൗദിയാണ്, മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ചു കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള രാജ്യം..

ഒരിക്കല്‍ മെസ് ഹാളില്‍ ആഹാരം കഴിക്കാന്‍ വന്നപ്പോഴാണ് ഞാന്‍ അവനെ കണ്ടത്. യോഗേഷ് ബഹദൂര്‍. ഒരു നേപ്പാളി പയ്യന്‍. കഷ്ടിച്ചു ഒരു 27 വയസ്സ് കാണും. നല്ല വിനയവും സ്‌നേഹവുമുള്ള ഒരു പയ്യന്‍. കണ്ടാല്‍ ഒരു ഹിന്ദി നടനെ പോലെ. ക്യാമ്പില്‍ പലരും തമ്മില്‍ ചെറിയ ചില ഉരസലുകള്‍ പതിവാണ്. പക്ഷെ ഒരിക്കല്‍ പോലും യോഗേഷ് ആരോടെങ്കിലും ദേഷ്യപ്പെട്ടോ കടുപ്പിച്ചോ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. സദാ പുഞ്ചിരി തൂകുന്ന മുഖവുമായി അവന്‍ അങ്ങനെ എല്ലാവരുടെയും കണ്ണിലുണ്ണിയായി നടന്നു.

എല്ലാവരോടും അവനു സ്‌നേഹമാണ്..അവന്റെ കൈയ്യിലൊരു പഴയ ലെനോവ ഫോണ്‍ ഉണ്ട്..അത് സദാസമയവും പോക്കറ്റില്‍ ഇട്ടാണ് നടപ്പ്. അതില്‍ നിന്നും ഏതു സമയത്തും കേള്‍ക്കാം മനോഹരമായ നേപ്പാളി പാട്ടുകള്‍. ആ പാട്ടിന്റെ താളത്തിനൊത്താണ് അവന്‍ ജോലി ചെയ്യുന്നത്. ഞങ്ങള്‍ക്ക് എല്ലാമുള്ള ആഹാരത്തിന്റെ ചുമതല കമ്പനി കാറ്റിറിംഗ് സര്‍വിസുകാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. അവര്‍ സമയാസമയങ്ങളില്‍ കൊണ്ട് വരുന്നആഹാരം വിളമ്പി നല്‍കുന്ന ജോലി യോഗേഷിനാണ്.

അവനുമായി ഞാന്‍ വേഗത്തില്‍ കൂട്ടായി. എല്ലാവരുമായും അവന്‍ അങ്ങനെ തന്നെ. ഇടക്കൊരു ദിവസത്തെ സംസാരത്തില്‍ അവന്‍ പറഞ്ഞു നാട്ടില്‍ പോയിട്ട് ആറു വര്‍ഷങ്ങളായെന്ന്. സൗദിയിലെത്തി രണ്ടാം മാസം തന്നെ നാട്ടില്‍ പോകുന്ന നാള്‍ എപ്പോഴാണെന്ന് കണക്കുകൂട്ടിയിരിക്കുന്ന എനിക്ക് അവന്‍ എങ്ങനെ ആറുവര്‍ഷം അവിടെ കഴിഞ്ഞു കൂടിയെന്നത് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. വേഗം നാട്ടില്‍ പോയൊരു പെണ്ണൊക്കെ കെട്ടി വരാന്‍ ഞാന്‍ അവനോടു ഇടക്ക് പറയും. എന്നാലെ നീ ഇടക്കിടെ നാട്ടിലേക്ക് ഓടി പോകുള്ളൂ എന്നും പറഞ്ഞു ഞാന്‍ അവനെ കളിയാക്കും. അപ്പോഴും അവന്റെ മുഖത്തൊരു പുഞ്ചിരിയായിരുന്നു. പക്ഷെ അതിനു പിന്നിലെ വേദന അന്ന് ഞാന്‍ കണ്ടില്ല...

എപ്പോള്‍ നാട്ടില്‍ പോകുന്ന കാര്യം ചോദിച്ചാലും അവന്‍ ഓരോ ഒഴിവുകള്‍ പറഞ്ഞെന്നെ സമാധാനിപ്പിക്കും. അടുത്ത മാസം പോകും ഭായ്, അല്ലെങ്കില്‍ അടുത്ത വര്ഷം അങ്ങനെ അവന്‍ ഓരോ തവണയും എന്നെ പറ്റിച്ചു. ഇടക്ക് അവന്റെ ഒരു സുഹൃത്താണ് പറഞ്ഞത് യോഗേഷ് നാട്ടില്‍ നിന്നും വന്നിട്ട് ആറു വര്‍ഷമായി എന്നത് സത്യമാണെന്നു. കൂടാതെ അവന്‍ വിവാഹിതനാണെന്നും അവന്‍ പറഞ്ഞു. അത് എനിക്കൊരു പുതിയ വാര്‍ത്തയായിരുന്നു. എന്നിട്ടവന്‍ അത് പറഞ്ഞില്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോഴാണ് അവന്റെ ദുഖത്തിന്റെ കഥ ഞാന്‍ അറിഞ്ഞത്..

ആറു വര്‍ഷം മുന്‍പ് യോഗേഷ് വിവാഹിതനായതാണ്. വിവാഹം കഴിഞ്ഞു നല്ലൊരു ജീവിതം കെട്ടിപൊക്കാനാണ് അവന്‍ ഇവിടേയ്ക്ക് വന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ ഈ സ്‌നേഹമൊന്നും അറിയാനുള്ള മനസ്സു അവന്റെ ഭാര്യയ്ക്ക് ഇല്ലായിരുന്നു. അവന്‍ സൗദിയിലെത്തി അധികം വൈകാതെ അവന്റെ ഭാര്യ കാമുകനൊപ്പം പോയത്രെ. ആ വാര്‍ത്ത അറിഞ്ഞ അന്ന് മുതല്‍ അവന്‍ നാട്ടിലേക്കു പോയില്ല. ഒരിക്കല്‍ പോലും അവിടെ ആരെയും വിളിച്ചതുമില്ല. വീട്ടുകാര്‍ക്കുള്ള പണം മുടങ്ങാതെ അയച്ചത് മാത്രമായിരുന്നു അവനും നാടുമായുള്ള ആകെ ബന്ധം.

യോഗേഷിനെ കുറിച്ചുള്ള ആ വാര്‍ത്ത! അറിഞ്ഞതോടെ എനിക്ക് വല്ലാത്ത സങ്കടമായി. അവന്റെ പുഞ്ചിരിയില്‍ മറഞ്ഞിരിക്കുന്ന ദുഃഖക്കടല്‍ എന്നെ വല്ലാതെ പൊള്ളിച്ചു. മാസങ്ങള്‍ കടന്നു പോയി. യോഗേഷിനെ ഞാന്‍ എന്നും കാണുന്നുണ്ട്. അവനു ആകെയുള്ള ദു:ശീലം കടുത്ത മദ്യപാനമായിരുന്നു. സൗദിയാണ്, മദ്യത്തിന് കടുത്ത നിയന്ത്രണമുള്ള രാജ്യം. പലപ്പോഴും അങ്ങനെ വരുമ്പോള്‍ പ്രവാസികള്‍ ആശ്രയിക്കുന്നത് നിയമവിരുദ്ധമായി ലഭിക്കുന്ന മദ്യത്തെ ആണ്. . അതെല്ലാ പ്രവാസികള്‍ക്കും അറിയുകയും ചെയ്യാം..

പലപ്പോഴും ഉപദേശിച്ചെങ്കിലും അവന്‍ അതിനും മറുപടി നല്‍കിയത് പുഞ്ചിരി കൊണ്ടായിരുന്നു. അവന്റെ ഉള്ളിലെ സങ്കടക്കടല്‍ അറിയാവുന്നത് കൊണ്ട് പലപ്പോഴും എനിക്കും അവനോടു ഒന്നും പറയാന്‍ കഴിയാതെ പോയി.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം അവന്‍ അതിരാവിലെ എന്നെ കാണാന്‍ വന്നു. കാണുമ്പോള്‍ തന്നെ അവന്‍ ആകെ അവശനാണ്. വല്ലാത്ത വയറു വേദന ഭായി എന്തെങ്കിലും മരുന്നുണ്ടോ കൈയ്യിലെന്നു അവന്‍ ചോദിച്ചു. വേദന കാരണം നിവര്‍ന്നു പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അപ്പോഴേക്കും അവന്‍. കാര്യം പന്തിയല്ലെന്നു ബോധ്യമായതിനാല്‍ ഞാന്‍ അപ്പോള്‍ തന്നെ അവനോടു ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു..

വേദന കടുത്തതോടെ സുഹൃത്തുക്കള്‍ അവനെ ആശുപത്രിയിലാക്കി. പക്ഷെ മൂന്നാം നാള്‍ രക്തം ചര്‍ദ്ദിച്ചു കുഴഞ്ഞു വീണു അവന്‍ ആശുപത്രിയില്‍ മരിച്ചു. രാവിലെ ഡ്യൂട്ടിയ്ക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് എല്ലാവരും ഈ വാര്‍ത്ത അറിയുന്നത്. യോഗെഷിനെ അറിയാവുന്ന ആര്‍ക്കും അത് സഹിക്കാന്‍ കഴിയില്ലായിരുന്നു. ഒരിക്കലെങ്കിലും അവനോടു സംസാരിച്ച ആര്‍ക്കും അവന്റെ ആ വേര്‍പാട് താങ്ങാന്‍ കഴിയില്ലായിരുന്നു. പക്ഷെ എന്ത് ഫലം..ആശുപത്രിയിലേക്ക് അവനെ ഒരുനോക്കു കാണാന്‍ പോയ ആര്‍ക്കും അവനെ പിന്നെ ഒരിക്കല്‍ കൂടിയൊന്നു കാണാന്‍ പോലുമായില്ല.

ഇവിടുത്തെ നിയമപ്രകാരം അന്യദേശക്കാര്‍ മരിച്ചാല്‍ ബോഡി അപ്പോള്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. പിന്നെ പേപ്പര്‍ ജോലികളൊക്കെ കഴിഞ്ഞാല്‍ ബോഡി അവന്റെ നാട്ടിലേക്ക് കയറ്റിവിടും. ആ ദിവസം ഇന്നും മറക്കാന്‍ കഴിയില്ല. കൂടെ നടന്നവന്‍, സഹോദരനെ പോലെ കണ്ടവന്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതായിരിക്കുന്നു. പക്ഷെ അവന്റെ കൂടെ ജോലി ചെയ്യുന്നവര്‍ക്ക് പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ അന്ന് മുഴുവന്‍ അല്ലെങ്കില്‍ ദിവസങ്ങളോളം കൂട്ടുകാര്‍ അതോര്‍ത്ത് ദുഖത്തോടെ കഴിയും. പക്ഷെ ഇവിടെയോ. ഡ്യൂട്ടി സമയത്ത് പോകാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. അന്നും ഒരു സാധാരണ ദിവസം പോലെ കടന്നു പോയി.ഹൃദയങ്ങളില്‍ മാത്രം യോഗേഷ് കനംകെട്ടി കിടന്നു..

യാന്ത്രികമായി ഞാനും അന്ന് ജോലിക്ക് പോയി. വൈകിട്ട് തിരികെ വന്നപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിയാതെ കുറെ നേരം ബാത്‌റൂമില്‍ ഇരുന്നു ഞാന്‍ കരഞ്ഞു ഉള്ളിലെ കനം കുറയ്ക്കാന്‍ ശ്രമിച്ചു. എല്ലാവരും മൂകരാണ്....രാത്രി മെസ് ഹാളില്‍ എല്ലാവര്ക്കും ഭക്ഷണത്തിനു നേരമായി. അവരവരുടെ പാത്രങ്ങളുമായി ഞങ്ങള്‍ പോയി. പക്ഷെ വിളമ്പാന്‍ മാത്രം അവനില്ല. കളിചിരികളുമായി ഭായ് എന്ന് വിളിക്കാന്‍ അവനില്ല. ആരുമൊന്നും മിണ്ടുന്നില്ല ,എല്ലാവരുടെയും കണ്ണുകള്‍ മാത്രം നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ആര്‍ക്കും വേണ്ടാതെ ഒഴിഞ്ഞൊരു മേശമേല്‍ അവന്റെ പഴയ ലെനോവ ഫോണ്‍ അപ്പോഴും കിടക്കുന്നുണ്ടായിരുന്നു. ഉടമ ഇല്ലാതെ, പഴയ നേപ്പാളി പാട്ടുകള്‍ പാടാതെ. 

അതിലേറെ വേദന തോന്നിയ മറ്റൊരു സംഭവം യോഗേഷ് മരിച്ചു അധികം വൈകാതെ അവന്റെയൊരു സുഹൃത്ത് എന്നോട് പറഞ്ഞ ഒരു സംഭവമാണ്. അവന്റെ മരണവിവരം അറിയിക്കാനായി വീട്ടിലേക്കു വിളിച്ചവരോട് അവന്റെ വീട്ടുകാര്‍ ചോദിച്ചത്രേ ഇവിടുത്തെ സുഹൃത്തുക്കള്‍ എല്ലാം ചേര്‍ന്ന് കുറച്ചു പണം പിരിവിട്ടു അയക്കാമോ എന്ന്. യോഗേഷിന്റെ മരണത്തോളം എനിക്ക് ദുഃഖം തോന്നിയത് അതുകൂടി കേട്ടപ്പോഴാണ്. ആറുവര്‍ഷത്തോളം അന്യനാട്ടില്‍ അടിമയെ പോലെ പണിയെടുത്തു കിട്ടുന്നതില്‍ മിച്ചം വെച്ചവന്‍ വീട്ടിലേക്കു അയച്ചിട്ടുണ്ടാവില്ലേ. എന്നിട്ടും അവന്റെ മരണത്തെക്കാള്‍ അവരെ ആശങ്കപെടുത്തിയത് അവന്റെ പണമായിരുന്നോ? പലപ്പോഴും പ്രവാസിയുടെ ശവത്തിനും റിയാലിന്റെ വിലയാണ്. അത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല ചിലപ്പോഴെങ്കിലും. 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു