Asianet News MalayalamAsianet News Malayalam

ഡോക്ടറെ തല്ലുന്നതിനുമുമ്പ്  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Dr Nelson Joseph on attacks against doctors
Author
Thiruvananthapuram, First Published Mar 23, 2017, 11:12 AM IST

Dr Nelson Joseph on attacks against doctors

രണ്ടിലൊരു സര്‍ക്കാര്‍ ഡോക്ടര്‍ ഡ്യൂട്ടിക്കിടയില്‍ ആക്രമണം നേരിടുന്നു എന്ന വാര്‍ത്തയാണ് ഈ കുറിപ്പ് എഴുതിച്ചത്. ഒപ്പം, ഞാന്‍ ഹൗസ് സര്‍ജ്ജന്‍സി ചെയ്ത് തുടങ്ങിയ ശേഷമുള്ള നാലഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് ബോധ്യപ്പെട്ട കാര്യങ്ങളും. ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം ഒരു ഫിക്ഷനല്ല. യാഥാര്‍ത്ഥ്യമാണ്. അതിനു നിയതമായ ചില രീതികളുണ്ട്. ഏതാണ്ട് എല്ലായിടത്തും സമാന സ്വഭാവങ്ങള്‍. അടിസ്ഥാന കാരണം അവിശ്വാസമാണ്, തെറ്റിദ്ധാരണകളും. അതിനാലാണ്, 'പൊതുജന താല്‍പ്പര്യാര്‍ത്ഥം' ഇത്തരമൊരു കുറിപ്പ് അനിവാര്യമാകുന്നത്. 

റാന്‍ഡമായി തിരഞ്ഞെടുത്ത പത്ത് കാര്യങ്ങളല്ല ഇവ. ഈ കാരണങ്ങള്‍ കൊണ്ട് കുറഞ്ഞത് ഒരു ഡോക്ടര്‍ക്കെങ്കിലും ആക്രമണം നേരിടേണ്ടിവന്നതായി വാര്‍ത്തയുണ്ടായിട്ടുണ്ട്. എന്ന് മാത്രമല്ല ജീവഹാനിയും ഗുരുതരമായ അംഗവൈകല്യവും ധനനഷ്ടവുമുണ്ടായിട്ടുണ്ട്.


1. വീടിന്റെ കതകില്‍ മുട്ടിയപ്പോള്‍ ഡോക്ടര്‍ തുറന്നില്ലെന്ന കാരണം

തല്ലാന്‍ ആളെ കൂട്ടുന്നതിനു മുമ്പ് ഒരു കാര്യം. ഡോക്ടറുടെ വീട് ആശുപത്രിയല്ല. എം.ബി.ബി.എസ് എടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ആര്‍ക്കും കയറി മുട്ടാവുന്ന വാതിലല്ല ഡോക്ടറുടേത്.പാതിരായ്ക്ക് ഭാര്യയും കുഞ്ഞുമായി കിടന്നുറങ്ങുമ്പോള്‍ വരുന്നവന്‍ മോഷ്ടിക്കാനാണോ കൊല്ലാനാണോ ചികില്‍സയ്ക്കാണോ എന്ന് തിരിച്ചറിയാനുള്ള ദിവ്യദൃഷ്ടി ഡോക്ടര്‍ക്കില്ല. സ്വകാര്യതയെ മാനിക്കുക.

രോഗിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഡോക്ടര്‍ക്കുണ്ട്. വീട്ടില്‍ അസൗകര്യം പലതുണ്ടാവാം..ചിലപ്പൊഴൊക്കെ ആവശ്യത്തിനു സൗകര്യങ്ങളില്ലാത്ത ഡോക്ടറുടെ വീടും ഉപകരണങ്ങളില്ലാത്ത (Stethoscope, Knee hammer etc) ഡോക്ടറും ഗുണത്തെക്കാള്‍ ദോഷമാണു ചെയ്യുക.

2. ഡോക്ടര്‍ മരുന്ന് തന്നില്ല എന്ന കാരണം. 

സഞ്ചരിക്കുന്ന മെഡിക്കല്‍ ഷോപ്പല്ല ഡോക്ടര്‍. മരുന്നിനു തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ ബന്ധപ്പെടുക.

3. ഡോക്ടര്‍ രോഗിയെ മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു 

എം.ബി.ബി.എസ്/എം.ഡി ഉള്ളതുകൊണ്ട് ആകാശത്തിനു കീഴിലുള്ള എല്ലാ രോഗങ്ങളും ചികില്‍സിക്കാന്‍ ഡോക്ടര്‍ക്ക് സാധിക്കില്ല.അങ്ങനെ കഴിയുന്നത് വ്യാജന്മാര്‍ക്കായിരിക്കും. ഡോക്ടര്‍ക്ക് പരിമിതികളുണ്ട്. ചിലപ്പോള്‍ അറിവിന്റെ, ചിലപ്പോള്‍ സൗകര്യങ്ങളുടെ. കൂടുതല്‍ പരിചയം ആ മേഖലയിലുള്ളയാളുടെ സഹായം തേടുന്നത് ഒരു മാനക്കേടായി ഞങ്ങള്‍ കാണുന്നില്ല. റഫറല്‍ നിങ്ങളുടെ നല്ലതിനാണെന്ന് മനസിലാക്കുക

4. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു  

നിങ്ങളുടെ കള്ളത്തരത്തിനു ഡോക്ടറെ കൂട്ടുപിടിക്കരുത്. ചികില്‍സിക്കാത്ത രോഗിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിക്കുന്നത് ഒരു തെറ്റല്ലെന്ന് മനസിലാക്കുക. സ്വന്തം ജോലി പണയം വച്ച് നിങ്ങളെ സഹായിക്കാനുള്ള ബന്ധമൊന്നും ഡോക്ടറും നിങ്ങളും തമ്മില്‍ ഇല്ലല്ലോ.

5. അദ്ഭുതം പ്രവര്‍ത്തിച്ചില്ല 

സോറി. മോഡേണ്‍ മെഡിസിന്‍ വെറും ഒരു സയന്‍സ് മാത്രമാണ്. അദ്ഭുതങ്ങള്‍ക്ക് അടുത്തുള്ള വ്യാജവൈദ്യന്മാരെയോ വാട്ട്‌സാപ് ഗ്രൂപ്പുകളെയോ സമീപിക്കുക.

6. രോഗിയുടെ അടുത്ത് നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു 

 ആശുപത്രി താങ്കളുടെ സ്വന്തമല്ലെന്ന് മനസിലാക്കുക. നിങ്ങളുടെ രോഗിയെക്കൂടാതെ മറ്റനേകം രോഗികളും കൂട്ടിരുപ്പുകാരും അവിടെയുണ്ട്. അവര്‍ നിങ്ങളുടെ ബഹളം കേള്‍ക്കാനോ പെര്‍ഫോമന്‍സ് കാണാനോ വന്നിരിക്കുകയല്ല അവിടെ. അവരുടെ സ്വകാര്യത  ഡോകടര്‍ പരിശോധിക്കുമ്പൊഴും വിവരങ്ങള്‍ കേള്‍ക്കുമ്പോഴും  നിങ്ങള്‍ കയ്യേറുകയാണവിടെ

മിക്കപ്പോഴും നിങ്ങളുണ്ടാക്കുന്ന ആള്‍ക്കൂട്ടം നിങ്ങളുടെ സ്വന്തം രോഗിക്കുപോലും ശല്യമാണെന്ന് മനസിലാക്കുക. പറയാത്തത് നിങ്ങളോടുള്ള ബന്ധം കൊണ്ട് മാത്രമാകും. നിങ്ങളോടുള്ള മുന്‍ വൈരാഗ്യം കൊണ്ടോ ബഹുമാനക്കുറവുകൊണ്ടോ അല്ല, ഡോക്ടര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്നത്.ആവശ്യമുള്ള ചികില്‍സ നല്‍കാനാണ്.

7. രോഗി മരണപ്പെട്ടു 

നിങ്ങളുടെ നഷ്ടത്തില്‍ ഞങ്ങള്‍ അനുശോചിക്കുന്നു. പക്ഷേ ഡോക്ടര്‍ ദൈവമല്ല. അതുകൊണ്ടുതന്നെ മരണം തടയാന്‍ ചിലപ്പോഴൊക്കെ കഴിയാറില്ല. എപ്പോള്‍ വേണമെങ്കിലും പാളിപ്പോകാവുന്ന നൂറുകണക്കിനു സാദ്ധ്യതകളും കണക്കിലെടുക്കേണ്ടിവരും ചികില്‍സയില്‍. മന:പൂര്‍വ്വം ഒരു ഡോക്ടറും രോഗിയെ കൊല്ലില്ല. രക്ഷപ്പെടുന്ന രോഗികളാണ് ഡോക്ടറെ പ്രശസ്തനാക്കുന്നതെന്ന് മനസിലാക്കുക

8. മദ്യപാനം / പുകവലി പാടില്ലെന്ന് പറഞ്ഞു 

ആശുപത്രി പരിസരത്ത് ഇത് രണ്ടും ചെയ്താല്‍ നിങ്ങളാണ് തെറ്റുകാരന്‍. മദ്യത്തിന്റെ ബലത്തില്‍ ഡോക്ടറോട് വിവരങ്ങള്‍ ചോദിക്കാന്‍ ശ്രമിക്കുന്നതും അമിത സുഖാന്വേഷണങ്ങളും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. നിങ്ങളുടെ രോഗിക്കും മറ്റ് രോഗികള്‍ക്കും ചികില്‍സ ലഭിക്കാന്‍ നിങ്ങള്‍ തടസമാകുന്നത് വഴി ജീവനു വരെ ഭീഷണിയാവുകയാണു നിങ്ങള്‍.

മദ്യപന്മാര്‍ യുവ വനിതാ ഡോക്ടര്‍മാരോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച സംഭവങ്ങളും ചുരുക്കമല്ലെന്നറിയുക

9. ആശുപത്രിയില്‍ ബെഡ് തന്നില്ല/ഐ.സി.യു/വെന്റിലേറ്റര്‍ തന്നില്ല  

ഇത് ഡോക്ടറുടെ കുഴപ്പമല്ല. നിങ്ങളെക്കാള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ അവിടെയുണ്ട്. ആവശ്യത്തിനു ബെഡ് / വെന്റിലേറ്റര്‍ ഉണ്ടാക്കേണ്ടതു ഡോക്ടര്‍മ്മാരല്ല. അതു നിങ്ങള്‍ തന്നെ തിരഞ്ഞെടുത്തുവിടുന്ന ജനപ്രതിനിധികളാണ്.

കേരള സംസ്ഥാനത്ത് രണ്ടു കോടിയില്‍പ്പരം ജനമുണ്ടായിരുന്ന കാലത്തെ സ്റ്റാഫ് പാറ്റേണുകളും സൗകര്യങ്ങളും ഈ അടുത്തകാലത്ത് മെച്ചപ്പെട്ട് വരുന്നതേയുള്ളെന്നറിയുക. കാലതാമസം അതുകൊണ്ടുകൂടിയാണ്. നിങ്ങളുടെ പനി നിങ്ങള്‍ക്ക് വലുതാണെന്ന് സമ്മതിക്കുന്നു. പക്ഷേ ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ അതിനെക്കാള്‍ ഗുരുതരമാണെന്ന് തിരിച്ചറിയുക...

10. മരുന്ന് മാറി കുത്തിവച്ചു  

ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. മരുന്നിനോടുണ്ടാകുന്ന റിയാക്ഷനാണുദ്ദേശിച്ചതെങ്കില്‍ അത് ഒഴിവാക്കാന്‍ ടെസ്റ്റ് ഡോസ് കൊടുക്കാറുണ്ട്. അത് നല്‍കിയാലും ചിലപ്പോള്‍ റിയാക്ഷനുണ്ടാകാം. അത് മുന്‍ കൂട്ടി കാണാന്‍ കഴിഞ്ഞെന്ന് വരില്ല. ഡോക്ടറെ തടസപ്പെടുത്തുന്നതിനു പകരം ചികില്‍സ നല്‍കാന്‍ അനുവദിക്കുക.

ശ്രദ്ധിക്കുക
അക്രമണം നടക്കുന്നതിനിടെ, കാഷ്വല്‍റ്റി ഉപരോധിക്കുന്നതും ഐ.സി.യു ഉപരോധിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ സമരം ചെയ്യുമ്പോള്‍ പോലും ആദ്യം ഒഴിവാക്കുന്ന മേഖലകളാണ് ഐ.സി.യു , ലേബര്‍ റൂം, കാഷ്വല്‍റ്റി, അടിയന്തിര സര്‍ജറികള്‍ തുടങ്ങിയവ. അകത്ത് കിടക്കുന്നവരുടെ ജീവന് ഉറപ്പ് കൊടുക്കാമെന്നുണ്ടെങ്കില്‍ മാത്രം അതിനു തുനിയുക...

തല്ലാനായി കലി കയറി നില്‍ക്കുമ്പോള്‍ ഇരുന്ന് ആലോചിക്കുക. ആദ്യത്തെ വികാരത്തള്ളിച്ച കഴിയുമ്പോള്‍ സമാധാനമായി ആലോചിക്കുക. എന്നിട്ടും തല്ലണമെന്ന് തന്നെയാണു തോന്നുന്നതെങ്കില്‍ പോയി ഒറ്റയ്ക്ക് ഡോക്ടറോട് സംസാരിച്ച് നോക്കുക. മരണകാരണം ചിലപ്പോഴൊക്കെ കണ്ടുപിടിക്കാന്‍ സാധിക്കില്ലെന്നത് അംഗീകരിച്ചുകൊണ്ടുതന്നെ. തല്ല് അത് കഴിഞ്ഞ് ഉണ്ടാവാന്‍ സാദ്ധ്യത കുറവായിരിക്കും

വാല്‍ക്കഷണം:)
ആശുപത്രിയില്‍ ചെല്ലുന്നത് വരെ കുഴപ്പമൊന്നുമില്ലായിരുന്നു. കൊന്നതാണെന്ന് കേട്ടിട്ടുണ്ട്.കുഴപ്പമൊന്നുമില്ലാത്തയാള്‍ എന്തിനാ ആശുപത്രിയില്‍ പോയതെന്ന് തിരിച്ച് ചോദിക്കാറില്ല.

Follow Us:
Download App:
  • android
  • ios