Asianet News MalayalamAsianet News Malayalam

മനസ്സറിഞ്ഞ് വേണം ചികില്‍സ!

Dr Shimna Azeez column on mental health
Author
Thiruvananthapuram, First Published Mar 16, 2017, 1:45 PM IST
  • Facebook
  • Twitter
  • Whatsapp

മനോരോഗവിഭാഗത്തിന്റെ ഒരു മൂലയ്ക്ക് ഭംഗിയുള്ളൊരു ചില്ലുവാതിലുണ്ട്. അന്ന് അവതരിപ്പിക്കാനുള്ള സെമിനാറിന്റെ നോട്ടുകളുമായി  അപ്പുറത്തുള്ള ടെറസ് വീക്ഷിച്ച് അവിടെയിരിക്കുകയായിരുന്നു ഞാന്‍. സെമിനാറും കേസ് അവതരണവുമെല്ലാം ഹൗസ് സര്‍ജന്‍സിയില്‍ നിര്‍ബന്ധമാണ്. ഡിപാര്‍ട്‌മെന്റിലെ ക്ലാസ് മുറിയായത് കൊണ്ട് ഞങ്ങളല്ലാതെ ആരുമങ്ങോട്ടു വരില്ല.  ഒറ്റയ്ക്കിരിക്കാന്‍ എനിക്കൊരുപാട് ഇഷ്ടമുള്ളയൊരിടം. സൈക്യാട്രിയില്‍ വാതിലിന് എതിര്‍വശം തിരിഞ്ഞിരിക്കരുത് എന്നുണ്ട്. മറ്റൊന്നും കൊണ്ടല്ല, അക്രമാസക്തരായ രോഗികള്‍ പെട്ടെന്ന് പിറകില്‍ നിന്ന്  കയറി വന്നാല്‍ ഉപദ്രവിക്കുന്നതിനുള്ള സാധ്യതയെ കരുതി സ്വയംരക്ഷയെ ഓര്‍ത്തുള്ള ഒരു മുന്‍കരുതല്‍. ആ മുറിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഡോക്ടര്‍മാരും മാത്രമേ കയറൂ എന്നുള്ളത് കൊണ്ട് അതൊന്നും ആരും ശ്രദ്ധിക്കാറില്ല.

പെട്ടെന്ന് തോളില്‍ ആരോ തട്ടിയത് കാരണം ഞാന്‍ തിരിഞ്ഞു നോക്കി. തലേന്ന് സെല്ലില്‍ പൂട്ടിയിട്ടിരുന്ന  രോഗിയാണ്. സമപ്രായക്കാരിയാണ്. എങ്ങനെ എന്നെ കണ്ടു പിടിച്ചു എന്നറിയില്ല.വളരെയധികം സംസാരിക്കും, ഉറക്കവുമില്ല, ഭക്ഷണവും ഇല്ല, തുറന്നു വിട്ടാല്‍ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകാന്‍ സാധ്യതയുള്ളത് കൊണ്ട് പൂട്ടിയിട്ടതാണ്. മാനിയ എന്ന രോഗമാണ്.ഡോക്ടറെ കാണാന്‍ വേണ്ടി പുറത്തു വന്നതായിരിക്കണം. പ്രതീക്ഷിക്കാത്ത ആളെ കണ്ട ഞെട്ടല്‍ മറച്ചു വെച്ച് കൊണ്ട് ഞാന്‍ പേര് വിളിച്ചു കൊണ്ട് തന്നെ കുശലം ചോദിച്ചു.

'ഡോക്ടര്‍ എന്ത് ചെയ്യുകയാ?'

'ക്ലാസ് എടുക്കാന്‍ ഉള്ളത് പഠിക്കുകയാ,'

'ഡോക്ടര്‍ എനിക്ക് കൂടെ പഠിപ്പിച്ചു തരുമോ?'

'പഠിപ്പിക്കാമല്ലോ. എന്തേ നിങ്ങള്‍ ഇന്നലെ ഞാന്‍ എടുത്തു തന്ന ഗുളിക കഴിക്കാന്‍ മടിച്ചത് ?'

'അത് ഡോക്ടര്‍ ചുവന്ന കുപ്പായം ഇട്ടതു കൊണ്ടാ, അത് കണ്ടാല്‍ എനിക്ക് നരകം ഓര്‍മ്മ വരും, പേടിയാകും.'

ഞാന്‍ നോട്ടുകള്‍ എഴുതി വെച്ച ഡയറി അടച്ചു വെച്ച് അവളുടെ കണ്ണില്‍ നോക്കി. അവളുടെ വാക്കുകളില്‍ നിറഞ്ഞു കവിയുന്ന പ്രവാഹവും ജീവനറ്റ, ദിവസങ്ങളായി ഉറങ്ങിയിട്ടില്ലാത്ത കുഴിഞ്ഞ കണ്ണുകളും തമ്മില്‍ എന്തോ ഒരു ചേര്‍ച്ചക്കുറവ് പോലെ. അവള്‍ക്കൊരു വേദനിപ്പിക്കുന്ന കഥയുണ്ട്.

കാരണങ്ങള്‍ പലതാവാം
മാനസികരോഗത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം. മസ്തിഷ്കത്തിലെ അസ്വാഭാവികമായ രാസപ്രവര്‍ത്തനങ്ങളും, ജന്മവൈകല്യങ്ങളും, അസുഖകരമായ അനുഭവങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്നതും (Post Traumatic Stress Disorder പോലുള്ളവ) എല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു. ദുഖങ്ങളും ദുരിതങ്ങളും ഉള്ളവര്‍ക്കെല്ലാം മാനസികാസ്വാസ്ഥ്യം ഉണ്ടാകുന്നില്ലല്ലോ എന്ന ചോദ്യം സ്വാഭാവികം.

 തലച്ചോറിലെ സ്വാഭാവിക രാസവസ്തുക്കളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതും കൂടെ ജീവിതസാഹചര്യങ്ങളും ചേരുമ്പോഴാണ് വിഷാദവും ഉന്മാദവും ചിത്തഭ്രമവും അതിനു സാധ്യതയുള്ള ഒരു വിഭാഗം ആളുകളില്‍ പുറത്ത് വരുന്നത്. മനസ്സുറപ്പില്ലാത്തവര്‍ എന്നൊക്കെ അവരെ വിളിച്ച് എല്ലാം തികഞ്ഞവരെന്നു സ്വയം കരുതുന്ന വിഡ്ഢിസമൂഹത്തെ തൊലിയുരിക്കുന്ന ദുരനുഭവങ്ങള്‍ പല മനോരോഗികള്‍ക്കുമുണ്ട്. കേള്‍ക്കാനുള്ള ചെവി നമ്മള്‍ കടം കൊടുക്കാത്തത് മാത്രമാണ് ആ കഥകള്‍ നമ്മളറിയാതെ പോകുന്നതിന്റെ കാരണം.

ജന്മനാ ഉള്ള ബുദ്ധിവൈകല്യങ്ങള്‍ക്കും വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. 'കുട്ടികളല്ലേ' എന്നും പറഞ്ഞു അവഗണിക്കുന്ന പിരിപിരുപ്പും അനുസരണക്കേടും വരെ ചിലപ്പോള്‍ മാനസികരോഗചികിത്സ ആവശ്യപ്പെടുന്ന അവസ്ഥകളാകാം. കാരണം കണ്ടു പിടിക്കാത്ത തുടര്‍ച്ചയായ വേദനകള്‍ക്കും തല കറക്കത്തിനും ദേഹാസ്വസ്ഥ്യങ്ങള്‍ക്കും മാനസികമായ കാരണങ്ങള്‍ ഉണ്ടാകാം. എത്ര ഡോക്ടര്‍മാരെ കണ്ടാലും മാറാത്ത ഈ കാരണം കാണാത്ത അസുഖങ്ങള്‍ക്ക് പേര് 'Somatoform Disorders' എന്നാണ്. ഒരു ഡോക്ടര്‍ക്കും ചികിത്സിച്ചു മാറ്റാനാവാത്ത ഈ അസുഖം മനോരോഗവിദഗ്ധന് മാറ്റാന്‍ കഴിയും. പക്ഷെ, തന്റെ രോഗകാരണം മാനസികമാണ് എന്ന് രോഗി ഉള്‍ക്കൊള്ളുന്നത് വളരെ ശ്രമകരമായിരിക്കും എന്നതാണ് സത്യം.

മനോരോഗങ്ങള്‍ക്ക് എന്ത് കൊണ്ടായിരിക്കും നമുക്കിടയില്‍ ഇത്രയേറെ വേര്‍തിരിവ് അനുഭവപ്പെടുന്നത്?

സൈക്യാട്രിയെ പേടിക്കുന്നത് എന്തിന്?
ഏതൊരു മനുഷ്യനും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഭീതികള്‍ ഉണ്ടാകാം. പെരുമാറ്റത്തിലെ അസ്വാഭാവികതകളും മറ്റാര്‍ക്കും മനസ്സിലാകാത്ത സമ്മര്‍ദങ്ങളും ഉണ്ടാകാം. മാനസികരോഗങ്ങള്‍ ശാരീരികരോഗങ്ങള്‍ പോലെ തന്നെ സാധാരണവും ചികിത്സയോട് പ്രതികരിക്കുന്നതുമാണ്. എന്നിട്ടും ഈ രണ്ടായിരത്തി പതിനേഴിലും നമുക്ക് സൈക്യാട്രി അഥവാ മാനസികരോഗ വിഭാഗം എന്നാല്‍ ഭ്രാന്തന്മാരെ ചികിത്സിക്കാന്‍ ഉള്ളയിടം എന്നാണ് അര്‍ഥം.

ചെറിയ ദുഃഖങ്ങള്‍ മുതല്‍ ജീവിതത്തിലെ ഭീകരമായ തിരിച്ചടികള്‍ പോലും കണ്ടില്ലെന്നു നടിച്ചു പുറമേ ധീരരായി നടക്കുന്നവര്‍ ഒരു ദിവസം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്ന കാഴ്ച അത്രയൊന്നും അപൂര്‍വ്വമല്ല. ഒരു കൈസഹായം കൊണ്ട് രക്ഷപ്പെടാമായിരുന്നവര്‍,  ഒരു മുഴം കയറിന്റെ ചകിരിനാരുകളിലേക്ക് ആത്മാവിനെ പറിച്ചു കളഞ്ഞവര്‍ ഇങ്ങനെ എത്രയോ പേരെ സൈക്യാട്രി എന്ന വിഭാഗത്തിലേക്ക് ചെല്ലുന്നത് നാണക്കേടായി കരുതുന്ന സാമൂഹികചിന്താഗതി കൊന്നു കളഞ്ഞിരിക്കുന്നു !

മാനസികരോഗങ്ങള്‍ക്ക് എന്ത് കൊണ്ടായിരിക്കും നമുക്കിടയില്‍ ഇത്രയേറെ വേര്‍തിരിവ് അനുഭവപ്പെടുന്നത്?ജലദോഷത്തിനു പോലും സ്‌പെഷ്യലിസ്റ്റിനെ കാണിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ കടുത്ത വിഷാദം വരുമ്പോഴും, ജീവിതമാവസാനിപ്പിക്കണം എന്ന് തോന്നുമ്പോള്‍  പോലും ഒരു സൈക്യാട്രിസ്റ്റിനെ കാണുന്നതില്‍ നിന്ന് പിന്തിരിഞ്ഞു നില്‍ക്കുന്നതും ഈ 'ഭ്രാന്താരോപണം' ഭയന്നിട്ടാകാം.

ആര്‍ക്കും എപ്പോഴും വന്നു ചേരാവുന്ന ഒന്നാണ് മനോരോഗം

അബദ്ധധാരണകള്‍ മാറ്റിക്കൂടേ?
ശാരീരികാരോഗ്യം പോലെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് മാനസികാരോഗ്യവും. വിഷമിക്കുന്നതും കരയുന്നതും ഒരു നാണക്കേടായി കരുതുന്ന കപടമാന്യത കരിങ്കല്ലില്‍ എന്ന പോലെ കൊത്തി വെച്ചിരിക്കുന്ന സാമൂഹികമനസ്ഥിതി ഇന്നും നിലനില്‍ക്കുന്നു എന്നത് വേദനാജനകമാണ്. അസാധാരണമായ പെരുമാറ്റങ്ങളും ജീവിതത്തില്‍ ഒറ്റപ്പെടുന്നതിനു കാരണമാകാം. ഇതൊന്നും ഒരു രോഗമായോ, സഹായം ആവശ്യപ്പെടുന്ന ജീവിതസ്ഥിതി ആയോ ചുറ്റുമുള്ളവര്‍ കണ്ടെന്നിരിക്കില്ല. അത്ര ശുഭകരമായ ജീവിത സാഹചര്യങ്ങള്‍ അല്ലെങ്കില്‍, ചിലര്‍ക്കെങ്കിലും അതിനെ തരണം ചെയ്യാന്‍ കെല്‍പ്പില്ലാത്തത് അപ്രതീക്ഷിതമായ 'വൈകാരിക പ്രകടനങ്ങൾക്കും' ചിലപ്പോഴെങ്കിലും സ്ഥിരമായ മാനസികാസ്വാസ്ഥ്യങ്ങള്‍ക്കും കാരണമാകാം.

ആരുടെയും സുഖസൗകര്യങ്ങള്‍ക്കും, സ്വസ്ഥതക്കും സന്തോഷത്തിനും സ്ഥിരത ഇല്ലെന്നു നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. ആര്‍ക്കും എപ്പോഴും വന്നു ചേരാവുന്ന ഒന്നാണ് മാനസികരോഗം എന്നതും മറക്കുന്നു. നമുക്കറിയേണ്ടത് ഒന്ന് മാത്രം, അന്യനു ഭ്രാന്താണ് അവന്‍ മാനസികാരോഗചികിത്സാവിഭാഗത്തില്‍ ചികിത്സയിലാണ്. നാട്ടില്‍ പറഞ്ഞു നടക്കാന്‍ എന്ത് രസമുള്ള വാര്‍ത്ത!

മാനസികരോഗ വിഭാഗത്തെ കുറിച്ച് പറയുന്നതിന് മുമ്പ്, അങ്ങോട്ട് ഇനിയും എത്തിപ്പെട്ടിട്ടില്ലാത്ത രോഗികളോട്/രോഗിയുടെ പ്രിയപ്പെട്ടവരോട് ചിലത് വിശദമാക്കട്ടെ. ശാരീരികരോഗം പോലെ ചികിത്സ തേടേണ്ടതല്ല മാനസികരോഗം എന്ന ചിന്തയാണ് ആദ്യം എടുത്തു കളയേണ്ടത്. ദു:ഖവും വിഷാദവും ചികിത്സിക്കേണ്ടത് ഡോക്ടറാണ്. ആത്മീയചികിത്സകരില്‍ അഭയം തേടുന്നതിലൂടെ തലച്ചോറില്‍ തകിടം മറിഞ്ഞു കിടക്കുന്ന കാര്യങ്ങള്‍ നേരാം വണ്ണമാക്കുന്നത് അസാധ്യമാണ്. ഡോപമിന്‍, സെറാറ്റോനിന്‍ പോലെ തലച്ചോറിലുള്ള രാസവസ്തുക്കള്‍ക്ക് മിക്ക മാനസികരോഗങ്ങളുമായും അടിസ്ഥാനബന്ധമുണ്ട്. അക്രമാസക്തരായ schizophrenia രോഗികളെ പോലും ബാധ കൂടിയതാണ് എന്ന് പറഞ്ഞു ഈ  കള്ളനാണയങ്ങളുടെ അടുത്തേക്ക് കൊണ്ട് പോയി മൃഗീയമായി അടിച്ചും പീഡിപ്പിച്ചും 'ബാധ' ഇറക്കാന്‍ നോക്കി ജീവന്‍ തന്നെ ഇറങ്ങിപ്പോയ ചരിത്രം ഈയടുത്തും പത്രങ്ങളില്‍ വായിച്ചറിഞ്ഞതാണ്.

മനസ്സ് നെഞ്ചിലാണ്, അതിനു മരുന്നു കൊണ്ട് എന്ത് സംഭവിക്കാനാണ് എന്നാണ് മിക്കവരുടെയും ചിന്ത. മനസ്സിനെയും ചിന്തയെയും നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണ്. അവിടെ സംഭവിക്കുന്ന മാറ്റങ്ങള്‍ തന്നെയാണ് മാനസികരോഗങ്ങളായി ശരീരത്തെ പിടികൂടുന്നത്. ചികിത്സ കൊണ്ട് തലച്ചോറിലെ ആ മാറ്റങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് മരുന്നുകള്‍ വഴി മാനസികപ്രശ്നങ്ങള്‍ കുറയുന്നതിന് പിന്നിലുള്ള രഹസ്യം. 

മനസ്സ് നെഞ്ചിലാണ്, അതിനു മരുന്നു കൊണ്ട് എന്ത് സംഭവിക്കാനാണ് എന്നാണ് മിക്കവരുടെയും ചിന്ത

ആ ചുവരുകള്‍ക്കുള്ളില്‍ നടക്കുന്നത്
മറ്റേതൊരു മെഡിക്കല്‍ സ്‌പെഷ്യാലിറ്റിയും ചെയ്യുന്നത് പോലെ രോഗിയുടെ വിവരങ്ങള്‍ ചോദിച്ചറിയുന്നത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ഈ വിഭാഗം മനസ്സിനെ ചികിത്സിക്കുന്നത് കൊണ്ട് വിവരങ്ങള്‍ ചോദിക്കുന്നത് അല്‍പം വിശദമായിത്തന്നെ ആയിരിക്കുമെന്ന് മാത്രം. ഈ ചോദ്യങ്ങളില്‍ നിന്ന് തന്നെ രോഗത്തെ കുറിച്ച് ഒരു ഏകദേശ ധാരണ ഹിസ്റ്ററി എടുക്കുന്ന ആള്‍ക്ക് കിട്ടിയിട്ടുണ്ടാകും. സൈക്യാട്രി വിഭാഗത്തിലെ ചോദ്യാവലിയില്‍ നിന്നും ആ വ്യക്തിയുടെ വ്യക്തിപരവും സാമൂഹികവുമായ പശ്ചാത്തലം കൃത്യമായും വ്യക്തമായും മനസ്സിലാകും. ചികിത്സിക്കുന്ന ഡോക്ടറെ കാണുന്നതിനു മുന്‍പ് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആവാം ഈ ഹിസ്റ്ററി എടുക്കുന്നത്. കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതിലൂടെ തന്നെ മിക്ക രോഗികള്‍ക്കും 'മാനസികരോഗവിഭാഗം' എന്ന ദ്വീപില്‍ എത്തിച്ചേര്‍ന്ന പ്രതീതി നഷ്ടപ്പെട്ടിട്ടുണ്ടാകും. ചില രോഗികളെങ്കിലും ആരോടെങ്കിലുമൊന്നു ഉള്ളു തുറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന വീര്‍പ്പുമുട്ടലില്‍ നിന്നും ആശ്വാസം നേടിയ ഭാവത്തിലാവും.

മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടവര്‍ക്കും ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്കും കൂടെയുള്ളവര്‍ ആണ് ഹിസ്റ്ററി നല്‍കുന്നത്. സഹകരണം കുറവായ രോഗികള്‍ക്കും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്.

ചെറിയ സമ്മര്‍ദം, വിഷാദം, ഉന്മാദം, ചിത്തഭ്രമം, പഠനവൈകല്യങ്ങള്‍, പഠനത്തില്‍ പിറകോട്ടുള്ള കുട്ടികള്‍, മദ്യം, മയക്കുമരുന്ന് ഉപയോഗത്തിന് അടിമപ്പെട്ടവര്‍, സാമൂഹ്യവിരുദ്ധത പ്രകടിപ്പിക്കുന്ന സ്വഭാവമുള്ളവര്‍ തുടങ്ങിയവരെല്ലാമാണ് ഈ വിഭാഗത്തിലേക്ക് ചികിത്സ തേടി സാധാരണയായി എത്തുന്നത്. അവര്‍ വരുന്നതോ കൊണ്ട് വരുന്നതോ ആവാം.

ചികിത്സ നല്‍കേണ്ടത് മതസ്ഥാപനങ്ങളോ ഈ മേഖലയില്‍ വൈദഗ്ധ്യം ഇല്ലാത്തവരോ അല്ല.

ആത്മീയ ചികില്‍സകൊണ്ട് രോഗം മാറില്ല
ഇവരിലെ അസുഖം എന്താണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ മരുന്ന് എഴുതുന്നു. അഡ്മിറ്റ് ചെയ്യേണ്ടവര്‍ക്ക് സിനിമയും നോവലുകളും പറയുന്നത് പോലെ കമ്പിയഴികള്‍ക്ക് പിന്നില്‍ മാത്രമല്ല മുറി നല്‍കുന്നത്. മറ്റുള്ളവര്‍ക്കോ സ്വയമോ തന്നെ ഉപദ്രവമാകുന്നവര്‍ക്ക് മാത്രമേ സെല്ലുകള്‍ നല്കപ്പെടൂ. ആത്മഹത്യാപ്രവണത ഉള്ളവര്‍ക്കും ചിലപ്പോള്‍ ഇത് വേണ്ടി വന്നേക്കാം. മറ്റേതൊരു വാര്‍ഡ് പോലെയുമാണ് സൈക്യാട്രി വാര്‍ഡ്. ചിലപ്പോഴെങ്കിലും മറ്റു വാര്‍ഡുകളിലെ കാപട്യമില്ലാത്ത, ബഹുമാനപ്രദര്‍ശനമില്ലാത്ത പച്ച മനുഷ്യരുള്ളയിടവും.

എന്നിട്ടും സൈക്യാട്രിയെ ഭീകരമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളും നാട്ടുകാരും പറയുന്നത് കേട്ട് വീട്ടില്‍ ഇരിക്കാനും, യോഗ്യത ഇല്ലാത്തവരുടെ അടുത്തേക്ക് ഓടാനും നമ്മള്‍ മടിക്കുന്നില്ല എന്നത് ഖേദകരമാണ്. കൗണ്‍സിലിങ്ങിനു പോലും ആത്മീയതയും മതവും പറയുന്നവരുടെ ഇടത്തേക്ക് അല്ല പോകേണ്ടത്. അവര്‍ പറയുന്നത് പോലെ 'തിന്മയുടെ വഴി പോകാതിരിക്കൂ, നന്മയെ സ്വീകരിക്കൂ' തരത്തിലുള്ള ഉപദേശങ്ങള്‍ കൊണ്ട് മാനസികരോഗം ഭേദപ്പെടുത്താനവില്ല.

രോഗിയുടെ മാനസികവ്യാപാരം പഠിക്കാനും അതിനെ അവലോകനം ചെയ്തു മരുന്ന് ചികിത്സ ആവശ്യമുള്ളതാണോ, കൗണ്‍സിലിങ്ങോ അതോ ഇനി രണ്ടും കൂടിയോ വേണോ എന്നത് തീരുമാനിക്കാന്‍ ഈ വിഷയത്തില്‍ ഔദ്യോഗിക പരിശീലനം ലഭിച്ചിരിക്കണം.

ഒരു ഷര്‍ട്ടും പാന്റും കഴുകാന്‍ ഒരു ടാങ്ക് വെള്ളം മുഴുവന്‍ എടുത്താലും സംതൃപ്തി വരാത്തവരും, അസാധാരണമായ ശാരീരിക ചലനങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുന്നവരും അമിതവൈകാരികത കാണിക്കുന്നവരുമെല്ലാം വിവിധ വ്യക്തിത്വങ്ങള്‍ ആവാം. ഇത് പോലെ വേറെയും ഏറെ ഉദാഹരണങ്ങള്‍ ഉണ്ട്. ഇവര്‍ക്ക് ചികിത്സ നല്‍കേണ്ടത് മതസ്ഥാപനങ്ങളോ ഈ മേഖലയില്‍ വൈദഗ്ധ്യം ഇല്ലാത്തവരോ അല്ല. യഥാര്‍ത്ഥ പ്രശ്‌നം കണ്ടെത്താനും ചികിത്സിക്കാനും വൈകുന്നതിലും പ്രശ്‌നം വഷളാകുന്നതിലുമാണ് ഇത് എത്തിച്ചേരുക.

മരുന്ന് കഴിച്ചു തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ കണ്ടു ചികിത്സ പാതി വഴിക്ക് ഉപേക്ഷിക്കരുത്

ഈ ആശങ്കകളില്‍ ഒരു കാര്യവുമില്ല
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020 വര്‍ഷത്തോടെ ലോകത്തിനു ഏറ്റവും ബാധ്യതയാവുന്ന അസുഖങ്ങളില്‍ രണ്ടാം സ്ഥാനം നേടുന്നത് വിഷാദം ആകുമെന്നാണ് പ്രവചനം (ഹൃദ്രോഗമാണ് ഒന്നാം സ്ഥാനത്ത്). വിഷാദത്തെ വെറും മാനസികരോഗമായി കാണുന്നത് തികച്ചും മണ്ടത്തരമാണ് എന്നത് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. വ്യക്തമായ ശാരീരിക ഹേതു വിഷാദത്തിനുണ്ട്. ഉന്മാദം, ഉത്ക്കണ്ഠാരോഗം, അകാരണമായ ഭീതികള്‍ (ഫോബിയ) എന്നിവക്കെല്ലാം തന്നെ മരുന്നുകളുണ്ട്.

പക്ഷെ, മറ്റു മരുന്നുകളെക്കാള്‍ മാനസികരോഗത്തിനുള്ള മരുന്നുകളെ രോഗികളും കൂട്ടിരിപ്പുകാരും ഭയക്കുന്നു. സാധാരണയായി പറയുന്ന ആശങ്കകള്‍ ഇവയാണ്

ഈ മരുന്നുകള്‍ ഞരമ്പുകളെ തളര്‍ത്തുന്നു

  • തെറ്റ്.ഞരമ്പ് തളരുന്നത് കൊണ്ടല്ല ഉറക്കവും ക്ഷീണവും വരുന്നത്. ചില മരുന്നുകളുടെ സ്വാഭാവിക പ്രവര്‍ത്തനം മാത്രമാണത്. ഭയക്കാന്‍ ഒന്നുമില്ല. പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും കൃത്യമായി പഠിച്ചാണ് ഓരോ മരുന്നും നല്‍കപ്പെടുന്നത്. ഈ ചെറിയ ബുദ്ധിമുട്ടുകളെ അപേക്ഷിച്ച് രോഗം മാറുമ്പോള്‍ ജീവിതത്തില്‍ കിട്ടാന്‍ പോകുന്ന പ്രസന്നതയെ പരിഗണിക്കുക. ഡോക്ടറെ വിശ്വസിക്കുക. 

ഈ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഭാരം വര്‍ധിക്കുന്നു

  • ചില മരുന്നുകള്‍ക്ക് ഈ പാര്‍ശ്വഫലം ഉണ്ട്. പക്ഷേ, കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ഡോക്ടറെ കാണുന്നത് വഴി നിങ്ങളുടെ ശരീരം മരുന്നിനോട് മരുന്നിനോട് പ്രതികരിക്കുന്ന രീതി, നിങ്ങളുടെ രോഗത്തിന്റെ സ്ഥിതി എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കും. ഭാരം ക്രമാതീതമായി വര്‍ധിക്കുന്നതുള്‍പ്പെടെ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു വേണ്ടി വന്നാല്‍ ചികിത്സയുടെ ഗതി മാറ്റി തീരുമാനിക്കാന്‍ കൂടിയാണ് ഡോക്ടര്‍ വീണ്ടും വരാന്‍ ആവശ്യപ്പെടുന്നത്. മരുന്ന് പോലെ തന്നെ ഫോളോ അപ് ചെയ്യുന്നതും ഈ വിഭാഗത്തില്‍ അതിപ്രധാനമാണ്.

ക്ഷീണം, വായ വരണ്ടിരിക്കുക തുടങ്ങിയവ

  • ഇത് പേടിക്കേണ്ടതില്ല. ഇവയെല്ലാം തന്നെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് സാധാരണ ഗതിയിലാവും.

ദീര്‍ഘകാലം കഴിക്കേണ്ട മരുന്നുകള്‍ കരളിനെയും വൃക്കയും ദോഷമായി ബാധിക്കും

  • സാധാരണ കേട്ടുവരുന്ന ഈ പറച്ചിലും അടിസ്ഥാന രഹിതമാണ്. അനാവശ്യഭീതി ഉണ്ടാക്കാനേ ഇത് സഹായിക്കൂ.നാട്ടുകാരും ചുറ്റുമുള്ളവരും പറയുന്നത് കേട്ട് മരുന്ന് നിര്‍ത്തുന്നതും ചികിത്സ ഒഴിവാക്കി ആത്മീയ ചികിത്സക്കും സൂത്രപ്പണികള്‍ക്കും രോഗിയെ കൊണ്ട് നടക്കുന്നത് സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ടിടത്ത് എത്തിക്കുമെന്ന് മനസ്സിലാക്കുക.
  • മിക്ക മാനസികരോഗങ്ങളും മാസങ്ങളുടെയോ വർഷങ്ങളുടെയോ ചികിത്സ ആവശ്യപ്പെടുന്നതാണ്. ഈ ചികിത്സ കൃത്യമായി മുന്നോട്ടു കൊണ്ട് പോകുകയും ഡോക്ടര്‍ പറഞ്ഞ കൃത്യസമത്ത് വീണ്ടും പരിശോധനക്കായി വരികയും ചെയ്യുന്ന രോഗികളിലെ മാറ്റം അദ്ഭുതകരമായിരിക്കും. ശ്രദ്ധിക്കേണ്ട കാര്യം, മരുന്ന് കഴിച്ചു തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ കണ്ടു ചികിത്സ പാതി വഴിക്ക് ഉപേക്ഷിക്കരുത് എന്നതാണ്. മരുന്നുകളും കൗണ്‍സിലിങ്ങും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹകരണവും മനോരോഗിയില്‍ വളരെ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കും.

മാധ്യമങ്ങള്‍ കാണിക്കുന്നതല്ല മനശാസ്ത്രത്തിന്‍റെ യഥാര്‍ത്ഥ രൂപം

സിനിമകളിലെ ഷോക്കടിപ്പിക്കല്‍: വാസ്തവമെന്ത്?
സിനിമയില്‍ കാണിക്കുന്ന പോലെ കെട്ടിയിട്ട് മൃഗീയമായി ഷോക്ക് അടിപ്പിക്കാറുണ്ടോ? ഇല്ല. രോഗിയെ മയക്കി ഒരു ചികിത്സയെന്നോണം മാത്രമാണ് ഇത് ചെയ്യുന്നത്. ചിത്തഭ്രമം, കടുത്ത ആത്മഹത്യാപ്രവണതയുള്ള കൂടിയ വിഷാദം തുടങ്ങിയവക്കെല്ലാമാണ് ഇങ്ങനെ ഷോക്ക് നല്‍കുന്നത്. എന്നെങ്കിലും ഇസ്തിരിപ്പെട്ടിയില്‍ നിന്നും കിട്ടിയ ഷോക്കുമായി ഈ അളന്നു മുറിച്ച വൈദ്യുതപ്രവാഹത്തെ താരതമ്യം ചെയ്യരുത്. ഹിപ്നോട്ടിസം, 'അതിശാസ്ത്രീയം' എന്ന രീതിയില്‍ മനശാസ്ത്രജ്ഞരെ മണ്ടന്മാരായി കാണിക്കുന്ന സിനിമകള്‍ എന്നിവയൊക്കെ മറന്നേക്കുക. തല എവിടെയെങ്കിലും പോയി മുട്ടിയാല്‍ അംനേഷ്യ ആകുന്നതും, നാര്‍ക്കോ അനാലിസിസ് എന്ന പേരില്‍ കാണിക്കുന്ന കോമാളിത്തരങ്ങളും എല്ലാം മറന്നേക്കുക. സൈക്യാട്രി വിഭാഗത്തിനകത്ത് നടക്കുന്ന ഒരു പ്രവൃത്തിക്കും തന്നെ ഈ അതിഭാവുകത്വം അവകാശപ്പെടാനില്ല.മറ്റേതൊരു വൈദ്യശാഖ പോലെയാണ് ഇതും. മനശാസ്ത്രം ആഴത്തില്‍ വേരുകളുള്ള, പഠിക്കാന്‍ ഏറ്റവും രസകരമായ ഒരു ശാസ്ത്രമാണ്. മാധ്യമങ്ങള്‍ കാണിക്കുന്നതല്ല മനശാസ്ത്രത്തിന്‍റെ യഥാര്‍ത്ഥ രൂപം.ഭയപ്പെടാനുള്ള യാതൊന്നും തന്നെ ഇതിലില്ല താനും.

അല്‍പം നീണ്ട കാലയളവ് തന്നെ ചികിത്സ വേണ്ടി വരുമെന്നതാണ് സത്യം

നേരത്തെ ചികില്‍സിക്കാം
കുട്ടികളിലും മുതിര്‍ന്നവരിലും അല്‍പം നീണ്ട കാലയളവ് തന്നെ ചികിത്സ വേണ്ടി വരുമെന്നതാണ് സത്യം. രോഗിയുടെയും കൂടെയുള്ളവരുടേയും ആത്മാര്‍ത്ഥ പ്രയത്‌നം കൊണ്ട് മാത്രമേ ഈ ചികിത്സ ഫലവത്താകുകയുള്ളൂ. മരുന്ന് ഒഴിവാക്കിയോ, ഒളിച്ചും പതുങ്ങിയും വന്നോ ഒന്നും ദൂരെ നിര്‍ത്തേണ്ട ഒന്നല്ല സൈക്യാട്രി വിഭാഗത്തിലെ ചികിത്സ. കുട്ടികളിലെ Attention Deficit Hyperactivtiy Disorder, ഓട്ടിസം, പഠനവൈകല്യങ്ങള്‍  തുടങ്ങിയവ എത്ര നേരത്തെ കണ്ടെത്തുന്നോ, അത്ര നല്ല മാറ്റം കുട്ടിക്കുണ്ടാകും. മുതിര്‍ന്നവര്‍ക്കുള്ള അസുഖങ്ങളും നേരത്തെ തന്നെ ചികില്‍സിക്കുന്നതാണ് രോഗിക്കും ചുറ്റുമുള്ളവര്‍ക്കും നല്ലത്.

കാലവും ലോകവും ഇത്രയേറെ പുരോഗമിച്ചിട്ടും, 'മനോരോഗി' എന്ന മുദ്ര ഒരു ആജീവനാന്ത മുറിപ്പാടാകുന്നത് എന്ത് കൊണ്ടോ ഇന്നും മാറ്റമില്ലാതെ തുടരുന്നു. മാറേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്. ഒരു നൂല്‍പ്പാലം പോലെ മാത്രമാണ് നമ്മുടെ മനസ്സിന്റെ സ്ഥിരതയും ധൈര്യവും മനക്കട്ടിയും. നാം തണലാകണം, നമുക്ക് മാത്രമല്ല, ചുറ്റുമുള്ളവര്‍ക്കും. ഒരല്‍പമിടറുന്നു എന്ന് തോന്നിയാല്‍ സഹായം തേടണം. ഒരു പക്ഷെ, മറ്റൊരു വിഭാഗത്തിനും മാറ്റാന്‍ കഴിയാത്ത വിധം അവര്‍ നിങ്ങളുടെ നോവുകളെ പിഴുതു കളഞ്ഞേക്കാം. കാരണം, അവര്‍ ശരീരത്തിന്റെ വേദന മാത്രമല്ല, മനസ്സിന്റെ വേദന കൂട്ടി പറിച്ചു കളയാന്‍ പഠിച്ച മനുഷ്യരാണല്ലോ....

ഡോ. ഷിംന എഴുതിയ മറ്റ് കുറിപ്പുകള്‍:

കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍!

വരുന്നു, മുറിവൈദ്യന്‍മാരുടെ കാലം!

​മഴയും നിലാവുമറിയട്ടെ, ഈ കുഞ്ഞുങ്ങള്‍!

കൂട്ടിരിപ്പുകാരുടെ ആശുപത്രി ജീവിതം!

മറയിട്ട വാക്‌സിന്‍ ക്ലാസ്; ഡോക്ടര്‍ ചെയ്തതാണ് ശരി!

പിറവിയുടെ പുസ്തകത്തിലെ ആ അധ്യായം

മരുന്ന് കുറിപ്പടി മലയാളത്തില്‍  വേണോ?

മെഡിക്കല്‍ കെട്ടുകഥകള്‍ പാകം ചെയ്യുന്ന വിധം

ആര്‍ത്തവം അപമാനമല്ല; ആര്‍ത്തവകാരിയും!

ഞാന്‍ പെണ്ണ്

Follow Us:
Download App:
  • android
  • ios