Asianet News MalayalamAsianet News Malayalam

'എന്നെക്കൊണ്ട് ഇനി കയ്യൂലാ... അസഹ്യമായ വേദനയിൽ മൂസാക്ക ശബ്ദമില്ലാതെ കരഞ്ഞു'

ശബ്ദം നഷ്ടപ്പെട്ടതിനാല്‍  ഇനി പാടാനാകില്ലല്ലോ എന്ന തോന്നൽ അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. പാട്ടു പാടാന്‍ സാധിക്കാത്തതിന്‍റെ വേദന ആ മുഖത്ത് നിഴലിച്ചിരുന്നു

facebook post of naufal bin yousaf about eranholi moosa
Author
Kannur, First Published May 7, 2019, 9:54 PM IST

'എന്നെക്കൊണ്ട് ഇനി കയ്യൂല' അസഹ്യമായ വേദനയിൽ മൂസാക്ക ശബ്ദമില്ലാതെ കരഞ്ഞു. ഇനി പാടാനാകില്ലല്ലോ എന്ന തോന്നൽ അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച എരഞ്ഞോളി മൂസയെന്ന അനശ്വര കലാകാരനെ അസുഖബാധിതനായി കിടക്കുന്ന സമയത്ത് കണ്ടതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സംഗീത പ്രേമികളുടെ കണ്ണുനനയിക്കുന്നു. 

തലശേരിയിൽ കടൽപ്പാലം അപകടത്തിലാണെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസിനായി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സമയത്താണ് അസുഖബാധിതനായി കിടക്കുകയായിരുന്ന എരഞ്ഞോളി മൂസയെ കണ്ടതെന്നും വളരെ അവശനിലയിലായിരുന്ന അദ്ദേഹത്തിന് ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ശബ്ദം നഷ്ടപ്പെട്ടിരുന്നുവെന്നും നൗഫല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ശബ്ദം നഷ്ടപ്പെട്ടതിനാല്‍ ഇനി പാടാനാകില്ലല്ലോ എന്ന തോന്നൽ അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. പാട്ടു പാടാന്‍ സാധിക്കാത്തതിന്‍റെ വേദന ആ മുഖത്ത് നിഴലിച്ചിരുന്നു. തീരെ വയ്യാതെ ഒന്ന് എണീക്കാനോ ഭക്ഷണം കഴിക്കാനോ ആവാതെ വല്ലാത്ത ഒരു അവസ്ഥയില്‍ ഒരു ബെഡ്ഷീറ്റ് പുതച്ച് മച്ചിൽ നോക്കിക്കിടക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിനാണ് വന്നതെന്നു കരുതി എന്നെക്കൊണ്ട് ഇനി കയ്യൂല എന്ന് ചുണ്ടനക്കിയെന്നും നൗഫല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു എരഞ്ഞോളി മൂസ അന്തരിച്ചത്. രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിതിനെ തുടര്‍ന്ന് അവസാനകാലത്ത് അദ്ദേഹത്തിന് ശബ്ദം നഷ്ടമായ അവസ്ഥയിലായിരുന്നു

 ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

കടൽപ്പാലം അപകടത്തിലാണെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസിനായി ചെയ്യാൻ ക്യാമറാമാൻ പ്രതീഷിനോടൊപ്പം Pratheesh Kappothകഴിഞ്ഞ വെള്ളിയാഴ്ച തലശേരിയിൽ പോയതായിരുന്നു. പാലത്തിന്റെ അടുത്താണ് എരഞ്ഞോളി മൂസയുടെ വീട്. മൂസാക്കയെ കടൽപാലത്തിൽ ഇരുത്തി പാട്ടുപാടിച്ച് പാലത്തിന്റെ കഥപറയാമെന്ന് വെറുതേ ഒരു തോന്നൽ. ഞങ്ങൾ വീട്ടിലേക്ക് പോയി. അപ്പോഴാണ് മകൻ നിസാർ പറയുന്നത്. ‘ഉപ്പയുടെ ശബ്ദം പോയി, തീരെ വയ്യാണ്ടായി. എണീക്കാനോ ഭക്ഷണം കഴിക്കാനോ ആവ്ന്നില്ല’ ഒരു ബെഡ്ഷീറ്റ് പുതച്ച് മച്ചിൽ നോക്കി മൂസാക്ക കിടക്കുകയാണ്. ഞങ്ങളെ കണ്ടപ്പോൾ, അഭിമുഖത്തിന് വന്നതാണെന്ന് കരുതി ‘എന്നെക്കൊണ്ട് ഇനി കയ്യൂല, കയ്യൂലാ എന്ന് ചുണ്ടനക്കി’ അസഹ്യമായ വേദനയിൽ മൂസാക്ക ശബ്ദമില്ലാതെ കരഞ്ഞു. ഇനി പാടാനാകില്ലല്ലോ എന്ന തോന്നൽ വല്ലാതെ തളർത്തിയിരുന്നു.

മകൻ നിസാറിനോട് ചങ്ങാതിമാരെ ഫോണിൽ വിളിച്ചുതരാൻ പതിയെ ചുണ്ടനക്കും. ഡയൽ ചെയ്ത് നിസാർ ഫോൺ മൂസാക്കയുടെ ചെവിക്കരികിൽ വച്ചുകൊടുക്കും. അങ്ങേത്തലയ്ക്കൽ സുഹൃത്തിന്റെ പരിചിത ശബ്ദം കേൾക്കുമ്പോൾ മൂസാക്ക കണ്ണുകൾ മലർക്കെത്തുറന്ന് വാക്കുകൾ പുറത്തേക്ക് എടുക്കാനാകാതെ കണ്ണീരൊലിപ്പിക്കും. നാട്ടിലും ഗൾഫിലുമായി എത്രയെത്ര സൗഹൃദങ്ങളുള്ള മനുഷ്യനാണ്. ‘പറന്ന് നടന്ന ആളല്ലേ ഇങ്ങനെ കിടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല’ മകൻ നസീറിന്റെ തൊണ്ടയിടറി. വീട്ടിലെ ചുമരുകളിൽ നിറയെ നിറയെ മൂസാക്കയ്ക്ക് കിട്ടിയ അംഗീകാരങ്ങളാണ്. പിന്നെ കൂട്ടുകാരുമൊത്തുള്ള ചിത്രങ്ങൾ. ഓരോ ആഴ്ചയിലും മൂസാക്ക സ്വയം അതെല്ലാം തുടച്ചുവൃത്തിയാക്കി വയ്ക്കുമത്രേ.

ബിരിയാണിയും ഇറച്ചിപ്പത്തിരിയും സ്വപ്നം മാത്രമായിരുന്ന കുട്ടിക്കാലത്ത് പാട്ടുപാടിയാണ് വിശപ്പ് മറന്നതെന്ന് മൂസാക്ക പറയുമായിരുന്നു. ഒരിക്കൽ ഗൾഫിൽ പാടാൻ ചാൻസ് കിട്ടി. നാട്ടിൽ തിരിച്ചെത്തിയ മൂസ തലശേരി അങ്ങാടിയിൽ കൈവണ്ടി വാടകയ്ക്ക് എടുക്കുന്ന സ്ഥലത്ത് പോയി പറഞ്ഞു. ‘ഇനി വണ്ടി വേണ്ട.’ നീയെങ്ങനെ ജീവിക്കുമെന്ന് കൂട്ടുകാർ അമ്പരന്നപ്പോൾ മൂസ പറഞ്ഞത്രേ ‘ഞാൻ പാട്ടുപാടി അന്നം കണ്ടെത്തുമെന്ന്’. അന്ത്യയാത്രയ്ക്ക് മുന്നേ തലശ്ശേരി ടൗൺ ഹാളിൽ മൂസാക്കയെ കിടത്തിയപ്പോൾ അവിടെ വിയർത്തൊലിച്ച് പാഞ്ഞെത്തിയ ചുമട്ടുകാരൻ ആലിയാണ് ഈ കഥ പറഞ്ഞത്. ഞങ്ങൾ ഗായകൻ വിടി മുരളിയുടെ അനുസ്മരണം ഷൂട്ട് ചെയ്യുമ്പോൾ ഫ്രെയിമിലേക്ക് കയറി ഇതും പറഞ്ഞ് ആലി തിരിച്ച് നടന്നു.

ചുമട്ടുകാൻ വലിയകത്ത് മൂസ എരഞ്ഞോളി മൂസയായ കഥ ഇങ്ങനെയാണ്. സംഗീതസംവിധായകൻ രാഘവൻ മാഷ് മൂസയെ ആകാശവാണിയിൽ പാടിക്കാൻ തീരുമാനിച്ചു. വലിയകത്ത് മൂസ എന്ന പേരിന് അത്ര ഗുമ്മില്ല, പേരുമാറ്റണം. കുറച്ചുനേരം ആലോചിച്ച് മൂസയുടെ ജൻമനാടിന്റെ പേര് ചേർത്ത് രാഘവൻമാഷ് നീട്ടി വിളിച്ചു... എരഞ്ഞോളി മൂസ.

മലബാറിലെ കല്യാണ രാവുകളിൽ പെട്രോൾമാക്സിന്റെ അരണ്ട വെളിച്ചത്തിലും, സൗഹൃദ സദിരുകളിലും, ആൽബങ്ങളിലും കാസറ്റുകളിലുമായി നൂറുകണക്കിന് പാട്ടുകൾ. ഗൾഫിൽ മാത്രം ആയിരത്തിലേറെ സ്റ്റേജുകൾ. നാട്ടിലും വിദേശത്തും കൂട്ടുകാരും ആരാധകരുമുള്ള മൂസാക്ക സമ്പാദിച്ചതും ഈ സൗഹൃദം മാത്രം. 

കസ്റ്റംസ് റോഡിലെ ‘ഐശു’വിൽ ഉമ്മറത്തേക്ക് തലനീട്ടി നീണ്ടുമെലിഞ്ഞ മൂസാക്ക ഇരിക്കുന്നുണ്ടാകും. അതുവഴി പോകുന്ന സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിക്കും. കട്ടൻ ചായ കൊടുക്കും. കിസ പറയും. ഒരു ജീവിതം മുഴുവൻ സ്വന്തം ഇഷ്ടത്തിന് ജീവിച്ച് തീർത്തിട്ടുതന്നെയാണ് മൂസാക്ക മട്ടമ്പ്രം ജമാഅത്ത് പള്ളിയിൽ ഉറങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios