Asianet News MalayalamAsianet News Malayalam

അതെ, കേരളത്തിന്റെ സ്വന്തം സൈന്യം!

എല്ലാ സൗകര്യങ്ങളുമായി, സൈന്യം വരും പോലെയല്ല അവർ വന്നത്. പ്രവർത്തിച്ചത്. സ്വന്തം ജോലിയും ജീവിതവുമെല്ലാം മാറ്റി വെച്ച്, ജീവനാശം അടക്കമുള്ള റിസ്കുകൾ ഒക്കെ മാറ്റിവെച്ചാണ് അവർ വല്ല വിധേനയും എത്തിയത്. അവർ രക്ഷാപ്രവർത്തന വിദഗ്ധർ ആയിരുന്നില്ല. സജ്ജീകരണങ്ങളുമില്ല. എന്നിട്ടും ആരും സഹായത്തിനെത്താത്ത മനുഷ്യരെ രാപ്പകൽ പണിയെടുത്ത് അവർ രക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചു. എത്രയോ 'വലിയവന്മാരുടെ' ജീവൻ രക്ഷിച്ചു

fisherman kerala flood held
Author
Thiruvananthapuram, First Published Aug 19, 2018, 11:46 PM IST

മഹാമാരി മഹാപ്രളയമായി വഴിമാറിയൊഴുകിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം കണ്ണീര്‍ കടലാകുകയായിരുന്നു. തലസ്ഥാന നഗരം മുതല്‍ കേരളത്തിന്‍റെ വടക്കേഅറ്റം വരെ കാലവര്‍ഷം കലിതുള്ളി പെഴ്തിറങ്ങിയപ്പോള്‍ മനുഷ്യജീവനുകള്‍ നിരവധിയാണ് പൊലിഞ്ഞത്. രക്ഷാ പ്രവര്‍ത്തനം ശക്തമായില്ലായിരുന്നെങ്കില്‍ ഭീകരാവസ്ഥ ഇതിലും വലുതാകുമായിരുന്നു. സുരക്ഷാ സേനകള്‍ എല്ലാവിധ സഹായവുമായി രംഗത്തിറങ്ങിയെന്നത് വിസ്മരിക്കാനാകില്ലെങ്കിലും മത്സ്യതൊഴിലാളികളാണ് യഥാര്‍ത്ഥ ഹീറോയായി മാറുന്നത്. കേരളത്തിന്‍റെ സൈന്യം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് അതുകൊണ്ട് തന്നെ. അവര്‍ എങ്ങനെയാണ് കേരളത്തിന്‍റെ സൈന്യമാകുന്നതെന്ന്  കെപി റഷീദ് എഴുതുന്നു.

മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. കേരളത്തിന്റെ സൈന്യം തന്നെ ആയിരുന്നു പ്രളയക്കെടുതിയിലെ മൽസ്യതൊഴിലാളികൾ. സത്യത്തിൽ അതിലുമേറെ. നോക്കൂ, ഓഖിക്കാലത്ത് നമ്മൾ അവരോട് കാണിച്ചത് പോലല്ല അവർ തിരിച്ച് കാണിച്ചത്. അങ്ങേയറ്റം സഹജീവി സ്നേഹമാണവർ തിരിച്ചുതന്നത്. എത്ര നന്ദി പറഞ്ഞാലും തീരാത്തത്ര കടപ്പാടുണ്ട് കേരളത്തിന് ഈ മനുഷ്യരോട്.

എല്ലാ സൗകര്യങ്ങളുമായി, സൈന്യം വരും പോലെയല്ല അവർ വന്നത്. പ്രവർത്തിച്ചത്. സ്വന്തം ജോലിയും ജീവിതവുമെല്ലാം മാറ്റി വെച്ച്, ജീവനാശം അടക്കമുള്ള റിസ്കുകൾ ഒക്കെ മാറ്റിവെച്ചാണ് അവർ വല്ല വിധേനയും എത്തിയത്. അവർ രക്ഷാപ്രവർത്തന വിദഗ്ധർ ആയിരുന്നില്ല. സജ്ജീകരണങ്ങളുമില്ല. എന്നിട്ടും ആരും സഹായത്തിനെത്താത്ത മനുഷ്യരെ രാപ്പകൽ പണിയെടുത്ത് അവർ രക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചു. എത്രയോ 'വലിയവന്മാരുടെ' ജീവൻ രക്ഷിച്ചു.

സൈന്യത്തിന് ഒട്ടും എളുപ്പമല്ലാത്ത ഭൂപ്രകൃതിയാണ് ഇവിടത്തേത്. നോർത്തിലൊക്കെ ഉള്ളത് പോലെ സമനിരപ്പായ ഇടങ്ങൾ കുറവ്. ഒഴിഞ്ഞ സ്ഥലങ്ങൾ കുറവ്. എങ്ങും മരങ്ങൾ. ഇടതൂർന്ന് വീടുകൾ. ഒരു മരത്തിൽ ബ്ലേഡ് തട്ടിയാൽ ഹെലികോപ്റ്ററിനെ ബാധിക്കും.‌ മേൽക്കൂരകളും പ്രശ്നമാണ്. വലിയ സൈനിക ബോട്ടുകൾക്കും അത്ര എളുപ്പമല്ല കാര്യങ്ങൾ. ഈ സാഹചര്യത്തിലാണ് മൽസ്യബന്ധന ബോട്ടുകളും വള്ളങ്ങളും നിർണായകം ആയത്. ഈ മനുഷ്യർ നടത്തിയ രക്ഷാപ്രവർത്തനം സമാനതകൾ ഇല്ലാത്തത് ആവുന്നത്.

നമ്മൾ അവരോട് ചെയ്യുന്നത് വെച്ച് അവർ ഇത്രയ്ക്കൊന്നും ചെയ്യേണ്ടതല്ല. ഓഖി ആ മനുഷ്യരെ തകർത്തു കളഞ്ഞപ്പോൾ മറ്റുള്ളവർ അവരോട് ചെയ്തത് ഇതല്ല. മുഖ്യമന്ത്രി എന്ത് കൊണ്ട് തങ്ങൾക്കരികിൽ വന്നില്ല എന്നാണവർ അന്ന് നിരന്തരം ചോദിച്ചത്. മന്ത്രിമാരും സർക്കാരും തങ്ങളോട് വിവേചനം കാണിച്ചെന്നാണ് അവർ പരാതിപ്പെട്ടത്. മറ്റൊരു ജനതയ്ക്കാണ് ഇത് പോലൊരു അത്യാഹിതം വന്നതെങ്കിൽ കേരള സമൂഹം ഇത് പോലെയാണോ പെരുമാറുക എന്നാണ് നെഞ്ചു പൊട്ടി ചോദിച്ചത്.

ഓഖി കാലം കഴിഞ്ഞു. അതുണ്ടാക്കിയ മുറിവുകൾ ഉണങ്ങിയിട്ടില്ല. ദുരിതങ്ങൾ മാറിയിട്ടില്ല. ഇരകളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടില്ല. നഷ്ടങ്ങൾ നികത്തപ്പെട്ടിട്ടില്ല. അതൊക്കെ അന്വേഷിക്കാനും ചെയ്യാനും ബാധ്യതപ്പെട്ടവരൊന്നും അത് ചെയ്തില്ല. മാധ്യമങ്ങളും പൊതുസമൂഹവും സോഷ്യൽമീഡിയയുമൊന്നും അതോർക്കുന്നില്ല.

ആ സമയത്താണ് കേരളത്തെ ഇത്രയ്ക്ക് നിരാലംബമാക്കിയ ഈ ദുരിതം. സത്യത്തിൽ കടലിന്റെ മക്കളെ അത്രയ്ക്കൊന്നും ഇത് ബാധിച്ചിട്ടില്ല. ടിവിയിൽ പ്രളയ വിഷ്വലുകൾ കണ്ടും കിട്ടുന്ന വാട്ട്സപ് ഫോർവേഡുകൾ ഷെയർ ചെയ്തും ആശങ്കപ്പെട്ടുമൊക്കെ അവർക്ക് വീട്ടിലിരിക്കുകയോ ജോലിക്ക് പോവുകയോ ചെയ്യാവുന്ന അവസ്ഥ.

ആ അവസ്ഥയിലാണ് കേരളത്തിന്റെ കടലോരത്ത് നിന്നും കിട്ടിയ വഴികൾ ഉപയോഗിച്ച് കടലിൽ പോവാൻ പറ്റുന്ന ബോട്ടുകളും വള്ളങ്ങളുമായി ആരും കേൾക്കാനില്ലാത്ത നിലവിളികളിലേക്ക് അവർ തുഴഞ്ഞെത്തിയത്. എല്ലാ പ്രതികൂല ഘടകങ്ങളെയും മറികടന്ന് ഉജ്ജ്വലമായ രക്ഷാപ്രവർത്തനം നടത്തിയത്. കേന്ദ്രത്തിനു മാത്രമല്ല കേരളത്തിനും ഒരു സൈന്യമുണ്ടെന്നും അത് ഈ മനുഷ്യരാണെന്നും മുഖ്യമന്ത്രി പറഞ്ഞത്.

ഇപ്പോൾ അവരുടെ മടക്കയാത്രകളുടെ നേരമാണ്. ഊണും ഉറക്കവുമില്ലാത്ത മഹാദൗത്യം കഴിഞ്ഞ് പോവുന്നവർക്ക് അർഹിക്കുന്ന ആദരം നാം നൽകുമോ?

അവരിൽ പലരും തളർന്നിട്ടുണ്ട്. ബോട്ടുകളും വള്ളങ്ങളുമൊക്കെ പലതും കേട് വന്നിട്ടുണ്ട്. അതൊക്കെ ശരിയാക്കി കൊടുക്കാൻ ഉത്തരവാദിത്തം ഈ‌ നാടിനാണ്. നമുക്കാണ്. അത് ചെയ്യുന്നതിന് പകരം കാര്യം കഴിയുമ്പോൾ അവഗണിക്കാമെന്ന പതിവ് രീതിയിലേക്ക് നാം മാറരുത്.‌

ഇത് പോസ്റ്റ് ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ കണ്ടത്. ഏറെ സന്തോഷത്തോടെ അതിവിടെ കൂട്ടിച്ചേർക്കുന്നു: " ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വലിയ സഹായമാണ് മത്സ്യബന്ധന ബോട്ടുകളും മത്സ്യതൊഴിലാളികളും നല്‍കിയിട്ടുള്ളത്. ബോട്ടുടമകളും നല്ലനിലയില്‍ സഹകരിച്ചിട്ടുണ്ട്. 
ബോട്ടിന് ഇന്ധനത്തോടൊപ്പംതന്നെ ദിവസം 3000 രൂപവച്ച് നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തകര്‍ന്നുപോയ ബോട്ടുകളുമുണ്ട്. 
അവയുടെ കേടുപാടുകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ തീര്‍ത്തുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
രക്ഷാ പ്രവര്‍ത്തനത്തിനായി എങ്ങനെയാണോ ബോട്ടുകളെ എത്തിച്ചത് അതേ തരത്തില്‍ തന്നെ അത് മടക്കിയെത്തിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.”

പ്രളയകാലത്ത് ഈ ‌മനുഷ്യർ ചെയ്ത നന്മയെ തിരിച്ചറിയുന്നതാണ് മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ. ഈ സാഹചര്യത്തിൽ മൽസ്യബന്ധന സമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധി കൂടി കേരളം അറിയേണ്ടതുണ്ട്. നമ്മുടെ ഹീറോകളുടെ യഥാർത്ഥ അവസ്ഥ.

കടലിൽ മത്സ്യങ്ങൾ കുറഞ്ഞതിനാലാണ് അവരിപ്പോൾ മീൻ തേടി മുമ്പൊരിക്കലും പോവാത്ത ദൂരങ്ങളിൽ പോവുന്നത്. അതാണ് കടലിലെ പല സംഘർഷങ്ങളുടെയും ആത്യന്തിക കാരണങ്ങൾ. കടലും മാറുകയാണ്. അവരുടെ ജീവിതം കൂടുതൽ പ്രതിസന്ധികളിലാണ്. ഈ സമയത്തെങ്കിലും നാം ഈ മനുഷ്യരുടെ വില മനസ്സിലാക്കണം. അവരോട് ഭരണകൂടവും ഏജൻസികളും നീതി കാണിക്കണം. സഹായങ്ങൾ നൽകണം. കേരളത്തിന്റെ സൈന്യമാണ് അവരെങ്കിൽ ആ അംഗീകാരം എല്ലാ നിലയ്ക്കും അവർക്ക് നൽകാൻ കൂടി നാം തയ്യാറാവണം.

Follow Us:
Download App:
  • android
  • ios