Asianet News MalayalamAsianet News Malayalam

ഒളിച്ചോട്ടം

ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതുന്ന കുട്ടികള്‍ക്കുള്ള നോവല്‍ തുടരുന്നു. ഭാഗം 12

happy kids novel by sreebala k menon part 12
Author
Thiruvananthapuram, First Published Dec 30, 2018, 12:20 PM IST

സപ്ലി ശബ്ദമുണ്ടാക്കാതെ അകത്ത് പോയി ചെറിയ കുട്ടിയായിരുന്നപ്പോള്‍ അമ്മ നൂനുവിനെ ദേഹത്ത് വെച്ച് കെട്ടാറുള്ള ബാഗ് എടുത്ത് കൊണ്ട് വന്ന് പൊടിയെല്ലാം കുടഞ്ഞ് കളഞ്ഞു. എന്നിട്ട് ഹാപ്പിയേയും എടുത്ത് ബൈക്കിനടുത്തേക്ക് നടന്നു. നൂനുവും പിന്നാലെ പോയി. സപ്ലി ബാഗിനകത്ത് ഹാപ്പിയെ ഇട്ട ശേഷം ബാഗ് ഇരു തോളത്തുമായി ഇട്ടു.

happy kids novel by sreebala k menon part 12

നൂനു കണ്ണു തുറന്ന് നോക്കുമ്പോള്‍ ഹാപ്പി ഇല്ല മുറിയില്‍. അപ്പയുടെ അമ്മയുടെ നടുവിലും കിടപ്പില്ല. നൂനു പുതപ്പ് മാറ്റി കട്ടിലില്‍ നിന്നും താഴെയിറങ്ങി. ഹാളില്‍ എത്തിയപ്പോള്‍ മുന്നിലെ വാതില്‍ തുറന്ന് കിടക്കുന്നു. നൂനു പുറത്തേക്ക് നോക്കി. അവിടെ  ഇരുട്ട്. നൂനുവിന് പേടിയായി. അപ്പൊ അമ്മൂമ്മ പറയാറുള്ളത് ഓര്‍ത്തു: 'പകല്‍ ഉള്ളതൊക്കെയേ രാത്രിയിലും ഉള്ളൂ. വീട്ടില് കറന്റ് പോവുന്ന പോലെ സൂര്യന്‍ പോയി. നാളെ രാവിലെ വരും. അതിന് എന്തിനാ നൂനു പേടിക്കണത്?'. 

ആരു ചോദിച്ചാലും ഹാപ്പിയെ കാണാതെ പോയി എന്നേ പറയാവൂ

നൂനു പുറത്തേക്ക് നടന്നു. വരാന്തയില്‍ ഇരുട്ടത്ത് സപ്ലി ഉറങ്ങാതെ ഇരിപ്പുണ്ട്. ഹാപ്പി അടുത്ത് ചുരുണ്ട് കൂടി കിടപ്പുണ്ട്. ഹാപ്പിക്ക് സപ്ലി തടവി കൊടുക്കുന്നു. അത് കണ്ണുമടച്ച് സുഖിച്ച് കിടക്കുന്നു. നൂനു അവരുടെ അടുത്ത് ചെന്ന് നിന്നു. ഹാപ്പി കണ്ണു തുറന്ന് നോക്കി വാലാട്ടി വീണ്ടും കണ്ണടച്ചു.

'അവര് വന്ന് ഹാപ്പിയെ കൊണ്ടു പോയാ നമ്മളെന്ത് ചെയ്യും?' സപ്ലി ചോദിച്ചു.

നൂനു അവര് ഹാപ്പിയെ കൊണ്ടു പോവണ്ട എന്ന അര്‍ത്ഥത്തില്‍ വേണ്ട, വേണ്ട എന്ന് പറഞ്ഞ് തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.

'നമുക്ക് ഹാപ്പിയെ ഒളിപ്പിച്ചാലോ?'

'കട്ടിലിന് താഴെ ഒളിപ്പിച്ച് വെക്കാം', നൂനു പറഞ്ഞു.

' അത് അവിടെ കിടന്ന് കുരയ്ക്കും.'

'എന്നാ അലമാരയില്‍ പൂട്ടി വെക്കാം'

'ഹാപ്പിക്ക് ശ്വാസം മുട്ടും'

' വാഷിംഗ് മെഷീനില്‍ ഇട്ട് അടച്ച് വെക്കാം'

'ചുമ്മാ, നടക്കുന്ന കാര്യം വല്ലതും പറ.'

സപ്ലിക്ക് ദേഷ്യം പിടിച്ചെന്ന് നൂനുവിന് മനസ്സിലായി. നൂനു പിന്നെ ഒന്നും പറഞ്ഞില്ല.

'മാമന്‍ ഹാപ്പിയെ ദൂരെയുള്ള ഫ്രണ്ടിന്റെ വീട്ടില്‍ കൊണ്ടു പോയി നിറുത്താം. ആരു ചോദിച്ചാലും ഹാപ്പിയെ കാണാതെ പോയി എന്നേ പറയാവൂ.'

നൂനു തലയാട്ടി.

'ഹാപ്പി പോയാല് എന്നാ തിരിച്ചു വര്വാ?'

'ഇവിടുത്തെ പ്രശ്‌നം ഒക്കെ തീര്‍ന്ന ശേഷം നമുക്ക് പോയി കൊണ്ടു വരാം'

നൂനു ഒറ്റ ഓട്ടത്തിന് വാതിലിനടുത്തെത്തി തിരിഞ്ഞു നോക്കി

സപ്ലി ശബ്ദമുണ്ടാക്കാതെ അകത്ത് പോയി ചെറിയ കുട്ടിയായിരുന്നപ്പോള്‍ അമ്മ നൂനുവിനെ ദേഹത്ത് വെച്ച് കെട്ടാറുള്ള ബാഗ് എടുത്ത് കൊണ്ട് വന്ന് പൊടിയെല്ലാം കുടഞ്ഞ് കളഞ്ഞു. എന്നിട്ട് ഹാപ്പിയേയും എടുത്ത് ബൈക്കിനടുത്തേക്ക് നടന്നു. നൂനുവും പിന്നാലെ പോയി. സപ്ലി ബാഗിനകത്ത് ഹാപ്പിയെ ഇട്ട ശേഷം ബാഗ് ഇരു തോളത്തുമായി ഇട്ടു. എന്നിട്ട് ബൈക്ക് ഉരുട്ടി ഗേറ്റിന് വെളിയിലേക്ക് പോയി. നൂനുവിനോട് അകത്തേക്ക് പോയി വാതിലടക്കാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു. നൂനു പക്ഷേ സപ്ലിയുടെ അടുത്തേക്ക് ഓടി ചെന്നു.

'നൂനുവും വരാം'

'നൂനുവിനെ കാണാതായാല്‍ അപ്പയും അമ്മയും പോലീസിനെ വിളിക്കും. ഹാപ്പിയെ കൊണ്ട് പോയി അവിടെ വിട്ടിട്ട് മാമന്‍ ഇപ്പൊ വരാം. നൂനു പോയി കിടന്ന് 100 വരെ എണ്ണുമ്പോഴേക്കും മാമന്‍ വരും.'

സപ്ലി നൂനുവിനെ ഉന്തി തളളി അകത്തേക്ക് കയറ്റി ഗേറ്റ് അടച്ചു. നൂനു ഒറ്റ ഓട്ടത്തിന് വാതിലിനടുത്തെത്തി തിരിഞ്ഞു നോക്കി. സപ്ലി ഹാപ്പിയേയും കൊണ്ടു ഓറഞ്ച് ബൈക്കില്‍ കയറി പോയി കഴിഞ്ഞു. നൂനുവിന്  കരച്ചില്‍ വന്ന് മുട്ടി. കരഞ്ഞാല്‍ അമ്മയും അപ്പയും ഉണര്‍ന്ന് ഹാപ്പിയെ അന്വേഷിച്ചാലോ എന്ന് പേടിച്ച് കരയാതെ കണ്ണടച്ച് കിടന്ന് ശബ്ദമില്ലാതെ 100 വരെ എണ്ണാന്‍ തുടങ്ങി.

ഉറക്കത്തില്‍ സപ്ലിയും ഹാപ്പിയും ഓറഞ്ച് ബൈക്കും ആകാശത്ത് കൂടെ പറന്ന് പോകുന്നുണ്ടായിരുന്നു

happy kids novel by sreebala k menon part 12

Illustration: Sumi K Raj

എപ്പഴോ നൂനു ഉറങ്ങിപ്പോയി. ഉറക്കത്തില്‍ സപ്ലിയും ഹാപ്പിയും ഓറഞ്ച് ബൈക്കും ആകാശത്ത് കൂടെ പറന്ന് പോകുന്നുണ്ടായിരുന്നു. സപ്ലി ഒരു കൈയ്യില്‍ പല നിറത്തിലുള്ള ബലൂണുകള്‍ പിടിച്ചിട്ടുണ്ട്. പുറകേ കുറേ ബലൂണുകള്‍ പിടിച്ച് നൂനുവും പറക്കുന്നുണ്ടായിരുന്നു.

(അടുത്ത ഭാഗം നാളെ)

ഹാപ്പി മുഴുവന്‍ ഭാഗങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. 

(ഹാപ്പിയെക്കുറിച്ചുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കൂ.)

Follow Us:
Download App:
  • android
  • ios