Asianet News MalayalamAsianet News Malayalam

ബ്രെക്സിറ്റ് നാടകങ്ങളില്‍ വീണ്ടും ബ്രിട്ടന്‍ കുഴഞ്ഞുമറിയുമ്പോള്‍

മൂന്ന് മാസങ്ങള്‍ക്കുള്ളില്‍  ബ്രിട്ടന്റെ നാല് അതിരുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേര്‍തിരിക്കപ്പെടും. നൂറ്റാണ്ടുകളോളം ലോകം മുഴുവന്‍ കൈപ്പിടിയിലൊതുക്കി 'സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം' എന്ന പേര് നേടിയെടുത്ത് ലോകരാജ്യങ്ങളെ പാരതന്ത്ര്യത്തിന്റെ ചോരയില്‍ മുക്കിയവരുടെ പുതുതലമുറ, സ്വന്തം  സ്വാതന്ത്ര്യത്തിന്റെ കാര്യം വന്നപ്പോള്‍ തമ്മില്‍ തല്ലുന്നവരുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നു.- ലണ്ടനില്‍ നിന്ന് തോമസ് പുത്തിരി എഴുതുന്നു

how brexit drama changing Briton
Author
London, First Published Dec 14, 2018, 9:28 PM IST

ബ്രെക്സിറ്റില്‍ തട്ടി ഇരുട്ടില്‍ തപ്പുന്ന ബ്രിട്ടീഷ്‌ രാഷ്ട്രീയത്തിന്  അനിശ്ചിതത്വത്തിന്റെ  വഴിത്തിരിവുകള്‍. പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ ഈ മാസം 12ന്  സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ  അവിശ്വാസ പ്രമേയം. 200 എം പിമാര്‍ പിന്തുണച്ചപ്പോള്‍  117 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. സ്വന്തം പാര്‍ട്ടിയിലെ മൂന്നിലൊന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ എതിര്‍പ്പുമായി  തെരേസ മേയ് തുടര്‍ന്നെങ്ങനെ ഭരണം നടത്തും എന്നതാണ് പുതിയ പ്രതിസന്ധി.

ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ കണ്ടപ്പോള്‍ ഇത് ചരിത്രത്തിന്റെ ഒരു നിയോഗമായാണ് അനുഭവപ്പെട്ടത്‌. നൂറ്റാണ്ടുകളോളം ലോകം മുഴുവന്‍ കൈപ്പിടിയിലൊതുക്കി 'സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം' എന്ന പേര് നേടിയെടുത്ത് ലോകരാജ്യങ്ങളെ പാരതന്ത്ര്യത്തിന്റെ ചോരയില്‍ മുക്കിയവരുടെ പുതുതലമുറ, സ്വന്തം  സ്വാതന്ത്ര്യത്തിന്റെ കാര്യം വന്നപ്പോള്‍ തമ്മില്‍ തല്ലുന്നവരുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നു. വിഭജിച്ചു ഭരിക്കുക എന്ന വാള്‍ ഇപ്പോള്‍ സ്വന്തം തലയ്ക്കു മുകളില്‍ തന്നെ ആടിക്കൊണ്ടിരിക്കുന്നു.
how brexit drama changing Briton
ബ്രെക്സിറ്റ്  ഫ്ലാഷ്ബാക് 
2016. ഡേവിഡ്‌ കാമറൂണിന്റെ അഞ്ചു വര്‍ഷത്തെ ജനവിരുദ്ധ ഭരണത്തിന് ശേഷമുള്ള പൊതുതെരഞ്ഞടുപ്പ്.  ജനക്ഷേമ  പദ്ധതികള്‍ വെട്ടിച്ചുരുക്കുകയും സര്‍ക്കാര്‍ ജീവനക്കാരുടെ വേതന വര്‍ധനവ്‌ മരവിപ്പിക്കുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ വിരുദ്ധവികാരം ശക്തമായിരുന്ന കാലം. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി നഴ്സുമാരും ഡോക്ടര്‍മാരും തെരുവുകളില്‍ സമരം നടത്തുന്നതിനുവരെ സാക്ഷ്യം വഹിച്ചു. അഭിപ്രായ സര്‍വേകളില്‍ വീണ്ടുമൊരു ജയത്തിനുള്ള സാധ്യത വളരെ കുറവ്. ഈ പശ്ചാത്തലത്തിലാണ് വിഭജിച്ചു ഭരിക്കുയെന്ന കൊളോണിയന്‍ തന്ത്രം സ്വന്തം രാജ്യത്ത് കാമറൂണ്‍ അവതരിപ്പിച്ചത്.  അങ്ങനെ ബ്രെക്സിറ്റ് എന്നൊരു പുതിയ പദം  കണ്സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ സ്ഥാനം പിടിച്ചു.

താന്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുള്ള അവസരം ജനങ്ങള്‍ക്ക്‌ നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി. പിന്നീടങ്ങോട്ട് നടന്നത്  അടിസ്ഥാനമില്ലാത്ത വസ്തുതകള്‍ നിരത്തിയുള്ള നിലയ്ക്കാത്ത പ്രചരണമായിരുന്നു. ബ്രിട്ടനിലെ ഒന്നുരണ്ടു പത്രങ്ങളൊഴികെ എല്ലാവരും കാമറൂണിന് ഒപ്പം അണിനിരന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ഉത്തരവാദിത്തം കുടിയേറ്റക്കാരുടെ തലയില്‍ കെട്ടിവെച്ച്, അഞ്ചുവര്‍ഷം ജനദ്രോഹ നയങ്ങള്‍ നടപ്പാക്കിയ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി.  യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റമാണ് എല്ലാ പ്രശനങ്ങള്‍ക്കും കാരണം എന്നുള്ള പ്രചരണത്തില്‍ ലോകത്തിലെ ഏറ്റവും പുരാതനമായ രാജ്യത്തിലെ ഒരു വിഭാഗം ജനങ്ങള്‍ അടിതെറ്റി  വീണു. ഫലം. കാമറൂണ്‍ വീണ്ടും അധികാരത്തില്‍. അതും കൂടുതല്‍ ഭൂരിപക്ഷത്തോടെ.
how brexit drama changing Briton

ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് 24 മണിക്കൂറിനകം, വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രിക്കെതിരെ ലണ്ടനിലും കാർഡിഫിലും വലിയ  പ്രതിഷേധം നടന്നു.  ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ   ക്യാമ്പയിൻ ഓഫീസിന് മുന്നിലും പ്രതിഷേധിച്ചു. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. ജനക്ഷേമ പദ്ധതികൾ ഇല്ലാതാക്കി, പൊതു മേഖലാ സ്ഥാപനങ്ങൾ പൊളിച്ചടുക്കി, ടോറി സർക്കാർ രാജ്യത്തെ നശിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു  പ്രതിഷേധം. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ സർക്കാരിനെതിരെ ഇത്രയും വലിയ പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടത് ബ്രിട്ടനിൽ ആദ്യമായിട്ടായിരുന്നു.

കാമറൂണ്‍ വാക്കുപാലിച്ചു. ബ്രെക്സിറ്റ് ജനഹിത പരിശോധനക്ക് ഉത്തരവിട്ടു. അതുവരെ പാര്‍ട്ടികള്‍ക്കുകീഴില്‍ അണിനിരന്നിരുന്നവര്‍ ബ്രെക്സിറ്റെന്ന ഭൂതത്തിന്  മുന്നില്‍ രണ്ടായി തിരിഞ്ഞ് ഏറ്റുമുട്ടി. പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ അനുകൂലിച്ചപ്പോള്‍ മന്ത്രിസഭയിലെ പ്രമുഖരടക്കം ടോറി  പാര്‍ട്ടിയും യുകെയിലെ അതിതീവ്ര ദേശീയ പാര്‍ടിയായ UKIPഉം ബ്രെക്സിറ്റിനെ അനുകൂലിച്ച് ശക്തമായ പ്രചാരണവുമായി രംഗത്തുവന്നു. എന്നാല്‍ ബ്രെക്സിറ്റിനെ ജനങ്ങള്‍ക്കിടയിലേക്ക് ഇറക്കിവിട്ട പ്രധാനമന്ത്രി, ബ്രെക്സിറ്റ് ബ്രിട്ടന് ഗുണം ചെയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായമുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് പ്രചാരണം നടത്തി. ഇവിടെയും അതി തീവ്രദേശീയത കളം നിറഞ്ഞാടി. കുടിയേറ്റക്കാരെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രചരണങ്ങള്‍ വീണ്ടും ശക്തമായി. ബ്രെക്സിറ്റ് നടപ്പായാല്‍ യൂറോപ്യന്‍ യൂണിയന്റെ ഭരണത്തിനുവേണ്ടി നല്‍കുന്ന കോടികള്‍ മിച്ചം പിടിച്ച് സ്വന്തം രാജ്യത്തില്‍ വലിയതോതിലുള്ള വികസനക്കുതിപ്പുകള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കും വഴിതെളിയിക്കുമെന്നുള്ള പ്രചരണം ശക്തമായി. എങ്കിലും അനുകൂല പ്രചാരകര്‍ പോലും ഒരു ബ്രെക്സിറ്റ് വിജയം പ്രതീക്ഷിരുന്നില്ല. അതുകൊണ്ട് തന്നെ ബ്രെക്സിറ്റിന് ശേഷം എന്ത് എന്നതിനുവേണ്ടി ഒരു കാര്യപരിപാടിക്കും രൂപം കൊടുത്തിരുന്നില്ല.
how brexit drama changing Briton

ഹിതപരിശോധനാ ഫലം പുറത്തുവരുന്നതിന്റെ തലേ ദിവസം, ബ്രെക്സിറ്റ് പരാജയപ്പെടുമെന്ന ഉറപ്പില്‍ പ്രധാനമന്ത്രി കാമറൂണ്‍, തന്റെ ഏറ്റവും അടുപ്പക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് തന്റെ പ്രചാരണ തന്ത്രത്തിന്റെ വിജയം ആഘോഷിക്കാനുള്ള രഹസ്യ ചര്‍ച്ചകള്‍  നടത്തുന്നതായുള്ള  വാര്‍ത്തകള്‍ ചോര്‍ന്നു. പക്ഷേ, ഫലം എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. രാജ്യത്തെ 52 ശതമാനം ജനങ്ങളും ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തുകൊണ്ട് ബ്രെക്സിറ്റ് ഭൂതത്തെ വീണ്ടും ശക്തമാക്കി. കാമറൂണ്‍, താന്‍ കുഴിച്ച കുഴിയില്‍ സ്വയം വീണു. ബ്രെക്സിറ്റിനെ എതിര്‍ത്ത് പ്രചാരണം നടത്തിയ കാമറൂണ്‍, തന്റെ ആശയം ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ വികാരം മാനിച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു, വിദേശത്ത് സുഖവാസത്തിനു പോയി.

ടോറി പാര്‍ട്ടിയില്‍ അധികാര വടം വലിയുടെയും തമ്മില്‍ തല്ലിന്റെയും ദിനങ്ങള്‍. പാര്‍ട്ടിക്കുള്ളിലെ നേതൃത്വ തെരഞ്ഞെടുപ്പില്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് തെരേസ മേയ്  എന്ന രാഷ്ട്രീയ ചാണക്യന്റെ ഉദയം. അധികാരത്തിലേറിയ ഉടന്‍ തന്നെ ക്യാബിനറ്റ്‌ പദവിയില്‍ ബ്രെക്സിറ്റ് മന്തിസ്ഥാനം രൂപീകരിച്ചു. ടോറി പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാനും, ബ്രെക്സിറ്റ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന നേതാവുമായ ഡേവിഡ് ഡേവിസിനെ ബ്രെക്സിറ്റ് ചുമതലകള്‍ നല്‍കി. ഒപ്പം ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള ബ്രെക്സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭയും രൂപീകരിച്ചു.
how brexit drama changing Briton 

പക്ഷേ, ഇതിനോടകം തന്നെ ടോറി പാര്‍ട്ടി ശക്തമായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അത്രയധികം പ്രഹരമാണ് കാമറൂണ്‍ അഴിച്ചുവിട്ട ബ്രെക്സിറ്റ് ഭൂതം ടോറി പാര്‍ട്ടിക്കേല്‍പ്പിച്ചത്. വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും പാര്‍ട്ടിയില്‍ തന്റെ അധികാരം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി അധികാരത്തിലേറിയ ഉടന്‍, ആവശ്യമില്ലാതിരുന്നിട്ടും തെരേസ മേയ് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരേസ മേയുടെ അടി തെറ്റിയ ആദ്യത്തെ ചുവടുവെപ്പ് ഇവിടെ തുടങ്ങുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ഒറ്റയ്ക്ക് ഭരിക്കാനുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടമായി, ഇതോടെ തെരേസ മേയ് പാര്‍ട്ടിക്കുള്ളിലും അനഭിമതയും അശക്തയുമായി മാറി. എങ്കിലും തികച്ചും വിരുദ്ധ താല്‍പര്യമുള്ള, വടക്കന്‍ അയര്‍ലന്റില്‍നിന്നുള്ള ഡി യു പി പാര്‍ട്ടിയുടെ 10 എംപി മാരുടെ പിന്തുണയോടെ അവര്‍ അധികാരത്തില്‍ തുടര്‍ന്നു.

2016ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ബ്രിട്ടീഷ്‌ രാഷ്ട്രീയത്തില്‍ കാര്യമായ ചില മാറ്റങ്ങള്‍ നടന്നുകൊണ്ടിരുന്നു. കാമറൂണ്‍ ഭരണത്തിലെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയത്തില്‍ അസംതൃപ്തരായ തൊഴിലാളി വര്‍ഗം ശക്തമായ വര്‍ഗസമരം നടത്തിക്കൊണ്ടിരുന്നത് ബ്രിട്ടീഷ്‌ രാഷ്ട്രീയത്തിലും പ്രതിധ്വനിച്ചു. ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ നയങ്ങളില്‍ നിന്നും ലേബര്‍ പാര്‍ട്ടി വഴിമാറിപോയതാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമെന്നുള്ള വിലയിരുത്തലുകള്‍ ശക്തമായി. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുണ്ടായ നേതൃത്വ തെരഞ്ഞെടുപ്പില്‍ കടുത്ത സോഷ്യലിസ്റ്റ്‌ വാദിയും സാമ്രാജ്യത്വ വിരുദ്ധ നായകനുമായ ജെറെമി കോര്‍ബിന്‍ ലേബര്‍ പാര്‍ട്ടിയുടെ അമരക്കാരനായി. അദ്ദേഹത്തിന് കീഴില്‍ ലേബര്‍ പാര്‍ട്ടി ശക്തമായി സടകുടഞ്ഞെഴെനേറ്റു. മാസങ്ങള്‍ക്കുള്ളില്‍  പാര്‍ട്ടി അംഗങ്ങളുടെ എണ്ണം ഒന്നര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ന്നു. ബ്രിട്ടീഷ്‌ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതെ മാറിനിന്ന യുവജനങ്ങള്‍ കോര്‍ബിനൊപ്പം സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ക്കുവേണ്ടി ഒപ്പം ചേര്‍ന്ന് പോരാടി.
how brexit drama changing Briton

അതുവരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നയങ്ങള്‍ തുടര്‍ന്നുവന്ന ലേബര്‍ പാര്‍ട്ടി, ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള നയ്യങ്ങള്‍ രൂപീകരിച്ച് പ്രചാരണം നടത്തി. ജനങ്ങള്‍ക്ക്‌ മുന്നില്‍ സത്യങ്ങള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതില്‍ കോര്‍ബിന്‍ വിജയിച്ചു. ടോറി പാര്‍ട്ടി ചീട്ടുകൊട്ടാരം പോലെ പണിതുയര്‍ത്തിയ നുണകള്‍ ഒന്നൊന്നായി കൊഴിഞ്ഞു വീണു. ബ്രെക്സിറ്റ്   പ്രചരണം കെട്ടിച്ചമച്ച ഒരുപാട് നുണകളുടെ കൂമ്പാരം മാത്രമായിരുന്നുവെന്ന് ബ്രിട്ടീഷ്‌ ജനതയ്ക്ക് ബോധ്യപ്പെട്ടു തുടങ്ങി. ഇതേ തുടര്‍ന്ന് ബ്രെക്സിറ്റ്ന് അനുകൂലമായി വോട്ടു ചെയ്തവര്‍ തങ്ങളുടെ തെറ്റ് ഏറ്റുപറഞ്ഞ് വീണ്ടും ഒരു ബ്രെക്സിറ്റ് ഹിതപരിശോധന വേണമെന്ന ആവശ്യം ശക്തമാക്കി.

മറുവശത്ത്‌ തെരേസ മേയുടെ നേത്രത്വത്തില്‍ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ തകൃതിയായി നടന്നു. കുടിയേറ്റം പൂര്‍ണമായും നിയന്ത്രിക്കും, യൂറോപ്യന്‍ കോടതിയില്‍ നിന്നും വിമുക്തമാക്കി ബ്രിട്ടന് സ്വന്തം രാജ്യത്തിലെ നിയമങ്ങള്‍ മാത്രം ബാധകമാക്കും, യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോന്നാലും അവരുമായി സ്വതന്ത്രമായ ബിസിനസ് കരാര്‍, കൂടാതെ വര്‍ഷംതോറും യൂറോപ്യന്‍ യൂണിയന്  കൊടുക്കുന്ന വാര്‍ഷിക വരിസംഖ്യ കൊടുക്കാതിരിക്കല്‍, ഇതൊക്കെയായിരുന്നു ബ്രെക്സിറ്റിന്റെ പ്രധാന ആശയങ്ങള്‍. പക്ഷേ ചര്‍ച്ചകള്‍ തുടരുംതോറും ഇതൊക്കെ വെറും വ്യാമോഹങ്ങള്‍ മാത്രമായി മാറി. ഒടുവില്‍ ബ്രെക്സിറ്റ് മുന്നോട്ടു വച്ച ആശയങ്ങള്‍ ഒന്നുപോലും നേടാനാവാതെ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ രണ്ടു വര്‍ഷം കടന്നുപോയി. 2019 മാര്‍ച്ച് 29ന് ബ്രിട്ടന്‍  ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്താകുന്നതിന് മുന്‍പ്  ബ്രെക്സിറ്റ് ഉടമ്പടി ഒപ്പുവെയ്ക്കുന്നതിനുള്ള സമര്‍ദ്ദം രൂക്ഷമായി. ബ്രെക്സിറ്റിന്റെ പേരില്‍ ഇതിനകം തന്നെ രണ്ടായി പിരിഞ്ഞ ടോറി പാര്‍ട്ടിയില്‍ തമ്മിലടി രൂക്ഷമായി. കാമറൂണ്‍ തുറന്നുവിട്ട ബ്രെക്സിറ്റ് ഭൂതം പാര്‍ടിയുടെ തന്നെ അന്തകനായി നിരന്തരം വേട്ടയാടി. വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍, ബ്രെക്സിറ്റ് മന്ത്രി ഡേവിസ്  അടക്കമുള്ള  നിരവധി മന്ത്രിമാര്‍ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്ന വേളകളില്‍  രാജിവെയ്ക്കുകയും തെരേസ മേയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു.
how brexit drama changing Briton

ഡേവിസിന്റെ രാജിയെ തുടര്‍ന്ന് ഡൊമിനിക് റാബിനെ പുതിയ ബ്രെക്സിറ്റ് മന്ത്രിയായി നിയമിച്ചെങ്കിലും കരാര്‍ ചര്‍ച്ചകളുടെ ഉള്ളടക്കവും നിയന്ത്രണവും തെരേസ മേയ് സ്വന്തം കൈപ്പിടിയിലൊതുക്കി. സ്വന്തം പാര്‍ട്ടിക്കാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് യൂറോപ്യന്‍ യൂണിയനുമായി കരാറിന്റെ കരട് രേഖ തയ്യാറാക്കി. തെരേസ മേയുടെ നടപടികളില്‍ പ്രധിഷേധിച്ച് ബ്രെക്സിറ്റ് മന്ത്രി ഡൊമിനിക് റാബ് ഉള്‍പ്പെടെ ഏഴു മന്ത്രിമാര്‍ രാജിവെച്ചു. നിരവധി എംപിമാര്‍ പ്രധാനമന്ത്രിയെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്ന് പാര്‍ട്ടി കമ്മിറ്റിയോട് ആവശ്യപ്പെട്ടു. 

രണ്ടു ദിവസം മുന്‍പ് ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന്  ടോറി പാര്‍ട്ടി എംപിമാരും തെരേസ മേയ്ക്കെതിരെ ശക്തമായി ആഞ്ഞടിച്ചു. ബ്രെക്സിറ്റിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായുള്ള ആ രാജ്യദ്രോഹ കരാര്‍ അംഗീകരിക്കാനാവില്ലെന്ന് സ്വന്തം പാര്‍ട്ടിയിലെ എംപി മാരും, ബ്രെക്സിറ്റ് കരാര്‍ 'അന്ധകാരതിലേക്കുള്ള എടുത്തു ചാട്ടമാണെന്ന്" പ്രതിപക്ഷ നേതാവ്  ജെറെമി കോര്‍ബിനും പ്രസ്താവിച്ചു. അതോടൊപ്പം ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ തങ്ങളുടെ 10 എംപിമാരുടെ പിന്തുണയോടെ താങ്ങിനിര്‍ത്തുന്ന വടക്കന്‍ അയര്‍ലന്റ് പാര്‍ട്ടിയായ  ഡി യു പി കൂടി ഈ കരാറിനെ എതിര്‍ത്തു പരസ്യമായി രംഗത്തുവന്നതോടെ തെരേസ് മേയ്ക്കുള്ള കുരുക്ക് വീണ്ടും ശക്തമായി. 
how brexit drama changing Briton

ഡിസംബര്‍ 11ന് ബ്രെക്സിറ്റ് ബില്ലില്‍ വോട്ടെടുപ്പ് തീരുമാനിച്ചിരുന്നത്   അവസാന നിമിഷം മാറ്റിവച്ചു; ഇനിയെന്ന് നടക്കുമെന്ന്  ആര്‍ക്കും അറിയില്ല. 650 എം.പിമാരുള്ള സഭയില്‍ 318 എം.പി മാരാണ് ടോറി പാര്‍ട്ടിക്കുള്ളത്. ഇതില്‍ 117 അംഗങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസം രേഖപ്പെടുത്തി വോട്ടു ചെയ്തു. ഇവരെല്ലാം  ഇതിനകം തന്നെ കരാറിനെ എതിര്‍ത്ത് വോട്ടു ചെയ്യുമെന്ന് പ്രസ്താവിച്ചുകഴിഞ്ഞു.   പാര്‍ലമെന്റിലെ വോട്ടിങ്ങില്‍ കരാര്‍ പരാജയപ്പെട്ടുകഴിഞ്ഞാല്‍ പ്രധാനമന്ത്രി ഉടനടി രാജി വെയ്ക്കുമോ,   ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാരിനെ പ്രതിപക്ഷ പാര്‍ടികള്‍  അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുമോ?    ബ്രിട്ടീഷ്‌ രാഷ്ട്രീയം  ഈ  ചോദ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു.  കാലഹരണപ്പെട്ട  കരാറും അതിന്റെ സരംക്ഷണത്തിനായി ഓടി നടക്കുന്ന പ്രധാനമന്ത്രി തെരേസ മെയ്‌  സര്‍ക്കാരും പുതുവത്സരം  കടക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒപ്പം സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി, താന്‍  പോലും അംഗീകരിക്കാത്ത  ബ്രെക്സിറ്റ് എന്ന ഭൂതത്തെ ജനങ്ങള്‍കിടയിലേക്ക് തള്ളിവിട്ട്, തമ്മിലടിപ്പിച്ച്,   രാഷ്ട്രീയ വനവാസത്തിനു പോയ മുന്‍ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിന്റെ നടപടിയും ചോദ്യം ചെയ്യപ്പെടുന്നു.
how brexit drama changing Briton

2019, മാര്‍ച്ച്‌ 29ന്  ബ്രെക്സിറ്റിന് തുടക്കം കുറിക്കും. വെറും മൂന്ന് മാസങ്ങള്‍ക്കുള്ളില്‍  ബ്രിട്ടന്റെ നാല് അതിരുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേര്‍തിരിക്കപ്പെടും. യൂറോപ്യന്‍ യൂണിയനിലെ മറ്റു 27 രാജ്യങ്ങളും  ഒറ്റക്കെട്ടായി ബ്രിട്ടനെ നേരിടുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ മൂന്നിലൊന്ന്  അംഗങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നു, ഒപ്പം പ്രതിപക്ഷ പാര്‍ട്ടികളും.  ബ്രിട്ടീഷ്‌ രാഷ്ട്രീയത്തിലെ അനിശ്ചിതതത്തിന്റെ നാള്‍വഴികള്‍ എങ്ങനെ നീങ്ങുന്നുവെന്ന് കാത്തിരുന്ന് കാണാം. 

Follow Us:
Download App:
  • android
  • ios