Asianet News MalayalamAsianet News Malayalam

ആശുപത്രികളിൽ മൃതദേഹം സൂക്ഷിക്കാനിടമില്ല, ഇക്വഡോറിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ ശരീരമുപേക്ഷിക്കപ്പെടുന്നു?

ഈ കേസുകളിൽ ഭൂരിഭാഗവും ഗുവയാക്വിൽ സ്ഥിതിചെയ്യുന്ന ഗ്വായാസ് പ്രവിശ്യയിലാണ്. വരും മാസങ്ങളിൽ 2,500 മുതൽ 3,500 വരെ ആളുകൾ അവിടെ മരിക്കുമെന്നാണ് അവർ ഭയക്കുന്നതെന്ന്, മരിച്ചവരെ അടക്കുന്ന ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ ജോർജ്ജ് വാറ്റഡ് പറഞ്ഞു.

In Ecuador, the dead bodies are rotting
Author
Ecuador, First Published Apr 5, 2020, 12:22 PM IST

ഹോസ് ഫ്രാൻസിസ്കോ വർഗ്ഗീസ് കഴിഞ്ഞ ഞായറാഴ്ചയാണ് തന്റെ വീടിന്റെ രണ്ടാം നിലയിൽ കിടന്ന് മരിച്ചത്. താഴത്തെ നിലയിലെ ഒരു കിടപ്പുമുറിയിൽ, വർഗ്ഗീസിന്റെ മരുമകളായ കാർമെനും അവളുടെ രണ്ട് ഇളയ പെൺമക്കളും ഉണ്ടായിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്നു കാർമെൻ അപ്പോൾ. അധികൃതരോട് വർഗ്ഗീസിന്റെ ശവശരീരം മറവ് ചെയ്യാനായി അവർ പലതവണ അപേക്ഷിച്ചു. എന്നിട്ടും അഞ്ച് ദിവസത്തോളം അദ്ദേഹത്തിന്റെ ശരീരം അവിടെ തന്നെ കിടന്നു. തനിക്കും കൊറോണ വൈറസ് ഉണ്ടാകുമോ എന്ന ഭയപ്പാടിലായിരുന്നു കാർമെൻ.  

ഇക്വഡോറിലെ ഏറ്റവും വലിയ നഗരമാണ് ഗ്വായാക്വിൽ. അവിടെ വീടുകൾക്കുള്ളിലും നടപ്പാതകളിലും ആശുപത്രികളിലും അസുഖം ബാധിച്ച രോഗികളുടെ കുത്തൊഴുക്കാണ്. ലാറ്റിൻ അമേരിക്കയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് രോഗികളുള്ള സ്ഥലമാണ് അത്. അവിടെ ആശുപത്രികളിലും വീടുകളിലും നൂറുകണക്കിന് ശരീരങ്ങൾ അഴുകുകയാണ്. പകർച്ചവ്യാധിയെ തുടർന്ന് വീടുകളിൽ ശവസംസ്കാരം നടത്താൻ വീട്ടുകാർ ഭയക്കുന്നു. അതുകൊണ്ടുതന്നെ അവിടെ സർക്കാരാണ് മൃതദേഹങ്ങൾ മറവ് ചെയ്യുന്നത്. പക്ഷേ, അവർക്ക് കൈകാര്യം ചെയ്യാവുന്നതിലും കൂടുതൽ വേഗത്തിലാണ് ആളുകൾ അവിടെ മരിച്ച് വീണുകൊണ്ടിരിക്കുന്നത്.  

ഈ കഴിഞ്ഞ ദിവസങ്ങളിലായി ഗ്വായാക്വിലിലെ തെരുവുകളിൽ കുടുംബങ്ങൾ മൃതദേഹങ്ങൾ വലിച്ചെറിയുന്നതിന്റെയും ബോഡി ബാഗുകൾ നിറച്ച ആശുപത്രി മുറികളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് അധികൃതരും സമ്മതിക്കുന്നു. കൊളംബിയൻ വാർത്താ ചാനലായ എൻ‌ടി‌എൻ‌24 -ന് നൽകിയ അഭിമുഖത്തിൽ ഗുവാക്വിൽ മേയർ സിന്ധ്യ വിറ്റെരി പറഞ്ഞത് ഇങ്ങനെയാണ്: “സർക്കാറിനോട് കുന്നുകൂടുന്ന മൃതദേഹങ്ങൾ മറവ് ചെയ്യാനായി ഞങ്ങൾ ആവശ്യപ്പെടുകയാണ്." താത്കാലികമായി മരിച്ചവരെ സൂക്ഷിക്കാൻ നഗരത്തിന് ചുറ്റും നിരവധി ഷിപ്പിംഗ് കണ്ടെയ്നറുകൾ സ്ഥാപിക്കുമെന്ന് അടുത്ത ദിവസം വിറ്റെരി പറഞ്ഞു. മാഡ്രിഡിൽ നിന്ന് വന്ന ഒരു വിമാനത്തെ ലാൻഡ് ചെയ്യാൻ അനുവദിക്കാത്തതിന്റെ പേരിൽ കഴിഞ്ഞ മാസം വലിയ രീതിയിൽ വിമർശനം നേരിടേണ്ടി വന്ന വ്യക്തിയാണ് വിറ്റെരി. അവർക്കും അടുത്തകാലത്തായി കൊവിഡ് സ്ഥിതീകരിക്കുകയുണ്ടായി.  

മറ്റെല്ലാ പ്രദേശങ്ങളെയും പോലെ കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ഇക്വഡോർ ഏറ്റവും കർശനമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. സർക്കാർ എല്ലാ അന്തർദേശീയ, അന്തർസംസ്ഥാന യാത്രകളും നിർത്തലാക്കുകയും രാജ്യവ്യാപകമായി ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും പകച്ച വ്യാധിയെ തടുക്കാൻ അവർക്കായില്ല. ഒരു രാജ്യത്തിന്റെ ആരോഗ്യ, സുരക്ഷാ ഉപകരണങ്ങൾ ആ മഹാമാരിയുടെ മുൻപിൽ തകരുമ്പോൾ വല്ലാത്ത പ്രതിസന്ധിയിൽ അകപ്പെടുകയാണ് സർക്കാർ.  

വ്യാഴാഴ്ചയോടെ ഇക്വഡോറിൽ 3,163 കൊറോണ വൈറസ് കേസുകളും 120 മരണങ്ങളും സ്ഥിരീകരിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ കേസുകളിൽ ഭൂരിഭാഗവും ഗുവയാക്വിൽ സ്ഥിതിചെയ്യുന്ന ഗ്വായാസ് പ്രവിശ്യയിലാണ്. വരും മാസങ്ങളിൽ 2,500 മുതൽ 3,500 വരെ ആളുകൾ അവിടെ മരിക്കുമെന്നാണ് അവർ ഭയക്കുന്നതെന്ന്, മരിച്ചവരെ അടക്കുന്ന ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ ജോർജ്ജ് വാറ്റഡ് പറഞ്ഞു.  ഈ ആഴ്ച ആദ്യം തന്നെ ടാസ്‌ക് ഫോഴ്‌സിനെ നയിക്കാൻ അദ്ദേഹത്തെ നിയോഗിച്ചപ്പോൾ, ഗ്വാക്വിലിൽ ഒരു വലിയ ശ്മശാനം പണിയാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ പിന്നീട് അധികാരികൾ അതിൽനിന്ന് പിന്മാറുകയായിരുന്നു. “മരിക്കുന്ന എല്ലാവർക്കും മാന്യമായ ഒരു കുഴിമാടം ഉണ്ടായിരിക്കണം” വൈസ് പ്രസിഡന്റ് ഓട്ടോ സോനെൻഹോൾസ്‌നർ പറഞ്ഞു. എന്നാൽ ഇപ്പോൾ അത് പലർക്കും അപ്രാപ്യമാണെന്ന് തോന്നുന്നു.

പരിശോധന വളരെ പരിമിതമാണെന്നതിനാൽ, കൊറോണ വൈറസ് മൂലം ആരെല്ലാം മരിക്കുന്നുവെന്ന് വ്യക്തമല്ല. കഴിഞ്ഞ വാരാന്ത്യത്തിൽ വർഗ്ഗീസിന് ചുമയും ശ്വാസതടസ്സവും ഉണ്ടായിരുന്നതായി കാർമെൻ പറഞ്ഞു. അവർ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വലിയ തിരക്കായിരുന്നതിനാൽ അകത്തേക്ക് പോലും അവർക്ക് കടക്കാൻ കഴിഞ്ഞില്ല. ഒരു ദിവസത്തിനുള്ളിൽ വർഗ്ഗീസ് മരിക്കുകയും ചെയ്തു. കാർമെന്റെ അടുത്ത് താമസിക്കുന്ന ഒരാളും ഇപ്പോൾ കൊവിഡ് -19 ന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. 

ശവശരീരങ്ങൾ ഇങ്ങനെ അഴുകുന്നത് കാണേണ്ടിവരുന്നതിന്റെ ദേഷ്യവും, വേദനയും ഗ്വാക്വിലിലുടനീളമുള്ള വീടുകളിൽ പ്രകടമാണ്. ആ മഹാമാരിയുടെ മുൻപിൽ പകച്ച് നിൽക്കുകയാണ് അവർ. അടർന്നു വീഴുന്ന ഇലകൾ കണക്കെ സമയം ചെല്ലുന്തോറും അടിഞ്ഞുകൂടുന്ന ശവശരീരങ്ങൾ മറവ് ചെയ്യാൻ ഒരുവഴിയും കാണാതെ ഉഴറുകയാണ് അവിടെ സർക്കാർ. 

Follow Us:
Download App:
  • android
  • ios