Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഹീറോ ശക്തിമാൻ അല്ല.. പിന്നെ ആരാണ്?

കൂടുതൽ ആഗോളവൽക്കരിക്കപ്പെട്ട, സാങ്കേതികമായി പുരോഗമിച്ച ലോകത്ത്, ഇന്ത്യയിലെ കുട്ടികൾ പാശ്ചാത്യ സൂപ്പർഹീറോകളെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി.

India's super hero, Nagraj
Author
India, First Published Feb 26, 2020, 12:48 PM IST
  • Facebook
  • Twitter
  • Whatsapp

തൊണ്ണൂറുകളുടെ അവസാനത്തില്‍ കുട്ടികളെ ഹരം കൊള്ളിച്ച ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നായിരുന്നു ശക്തിമാന്‍. അന്ന് ഇന്നത്തെ പോലെ കേബിളും, അനവധി കാര്‍ട്ടൂണുകളൊന്നും ഇല്ലായിരുന്നു. ശക്തിമാന്റെ പരമ്പര കാണാനായി കുട്ടികള്‍ അക്ഷമയോടെ ഞായറാഴ്ചകളില്‍ കാത്തിരിക്കുമായിരുന്നു. അയണ്‍ മാനും, സ്‌പൈഡര്‍ മാനും ഒക്കെ വരുന്നതിന് മുന്‍പ് തന്നെ ഇന്ത്യക്കാരുടെ സ്വന്തം സൂപ്പര്‍ ഹീറോ ആയിരുന്നു ശക്തിമാന്‍. എന്നാല്‍ ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ശക്തിമാന്‍ ആയിരുന്നോ? അല്ലെന്ന് വേണം പറയാന്‍. അത് 1986 ല്‍ രാജ് കോമിക്സ് പുറത്തിറക്കിയ നാഗരാജ് എന്ന സൂപ്പര്‍ ഹീറോവായിരുന്നു. അതാരാ എന്നല്ലേ?

പാമ്പുകള്‍ സിരകളിലൂടെ ഒഴുകുന്ന, സയനൈഡിനേക്കാള്‍ മാരകമായ വിഷമുള്ള പാമ്പുകളുടെ രാജാവാണ് നാഗരാജ്. അവന്റെ വിഷത്തിന് ലോഹത്തെ പോലും ഉരുക്കാന്‍ ശക്തിയുണ്ട്. അവന് സ്വന്തം ഇഷ്ടത്തിന് പാമ്പുകളെ നിയന്ത്രിക്കാന്‍ കഴിയും. അവന്റെ വിഷത്തിന് ഒരു നിമിഷത്തിനുള്ളില്‍ ഒരാളെ നശിപ്പിക്കാനോ, സുഖപ്പെടുത്താനോ കഴിയും. അന്താരാഷ്ട്ര ഭീകരതയ്ക്കെതിരെ പോരാടിയ അയാളാണ് ഇന്ത്യയിലെ ആദ്യത്തെ, ഏറ്റവും ദൈര്‍ഘ്യമേറിയ സൂപ്പര്‍ഹീറോ.

രാജ് കോമിക്സിന്റെ സ്ഥാപകനായ രാജ്കുമാര്‍ ഗുപ്തയും, മക്കളായ മനോജ് ഗുപ്ത, മനീഷ് ഗുപ്ത, സഞ്ജയ് ഗുപ്ത എന്നിവരുമാണ് ഈ കോമിക്സ് ആവിഷ്‌കരിച്ചത്. അതിന്റെ ആദ്യ പതിപ്പ് എഴുതിയത് പരശുരാം ശര്‍മയും. പച്ചനിറത്തിലുള്ള, പേശികളുള്ള, പാമ്പുകളെ ആഭരണമായി അണിഞ്ഞിരുന്ന നാഗരാജ് എല്ലാവരെയും ആകര്‍ഷിച്ചു. 'എന്റെ ബന്ധു അടുത്തുള്ള ഒരു സ്റ്റോറില്‍ നിന്ന് പ്രതിദിനം ഒരു രൂപ വാടകയ്ക്ക് എടുത്ത് നാഗരാജ് വായിക്കുന്നത് കണ്ടപ്പോഴാണ് ഞാനും ആദ്യമായി അത് വാങ്ങി വായിക്കുന്നത്,'' ദില്ലി ആസ്ഥാനമായുള്ള എഴുത്തുകാരന്‍ കൃഷ്തി ചൗധരി പറയുന്നു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കഥപറയുന്ന നാഗരാജിനെ ആളുകള്‍ക്ക് വേഗത്തില്‍ ഇഷ്ടമാകാന്‍ തുടങ്ങി. ഇന്ത്യന്‍ സംസ്‌കാരത്തിലും, പുരാണത്തിലും വേരൂന്നിയതാണ് നാഗരാജിന്റെ കഥ.

ഏഴ് സമുദ്രങ്ങള്‍ക്കപ്പുറം സങ്കല്‍പ്പിക്കാനാവാത്ത ഏതോ നഗരത്തില്‍ വിരാജിക്കുന്ന വെളുത്ത സൂപ്പര്‍ഹീറോകളുടെ കഥകള്‍ മാത്രം കേട്ടിരുന്ന നമുക്ക്, നമ്മുടെ നാടിന്റെ കഥ പറയുന്ന നാഗരാജ് കുറച്ചുകൂടി അടുപ്പമുള്ള ഒരു കഥാനായകനായി മാറി. ഈ ഇന്ത്യന്‍ സൂപ്പര്‍ഹീറോയെക്കുറിച്ച് വായിച്ചപ്പോള്‍ ദില്ലി ആസ്ഥാനമായുള്ള ബാങ്ക് ഓഫീസര്‍ ശ്രീതി ചാറ്റര്‍ജിയ്ക്ക് കുറച്ചു കൂടി സ്വന്തമെന്ന തോന്നല്‍ ഉളവായി. ''അദ്ദേഹം സൂപ്പര്‍മാനും അതെ സമയം ഒരു പുരാണ കഥാപാത്രവുമായിരുന്നു,'' അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ പാമ്പുകളുടെ ഇതിഹാസങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു കഥയായിരുന്നു നാഗരാജിന്റേതെന്ന് ശ്രീതി പറഞ്ഞു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബാങ്ക് സ്ട്രാറ്റജിസ്റ്റ് സുയോഗ് സിങ്ങിനെ സംബന്ധിച്ചിടത്തോളം നാഗരാജ് സ്വന്തം വീടിനെ ഓര്‍മിപ്പിച്ചു. മാത്രമല്ല അദ്ദേഹത്തിന് ഇന്ത്യയില്‍ ചെലവഴിച്ച സമയത്തെ കുറിച്ച് ഗൃഹാതുരത ഉണ്ടാക്കാനും ആ കഥകള്‍ സഹായിച്ചു. ഇന്നും, വീട്ടിലേക്ക് മടങ്ങുമ്പോഴെല്ലാം സുയോഗ് ഒരു പകര്‍പ്പ് കൈയ്യില്‍ എടുക്കും. ''നാഗരാജിന്റെ കഥകളില്‍ ഭൗതികശാസ്ത്രത്തിന്റെ ആശയങ്ങളും ഉണ്ടായിരുന്നു,'' അദ്ദേഹം പറയുന്നു. ഇന്ത്യന്‍ കുട്ടികള്‍ക്കായി ഇന്ത്യന്‍ സൂപ്പര്‍ഹീറോകള്‍ എന്ന ആശയം കൊണ്ട് വന്നത് നാഗരാജാണ്. 

''ഞങ്ങളുടെ കുട്ടിക്കാലത്ത് ഒരു സൂപ്പര്‍ഹീറോ ഇല്ലായിരുന്നു. അതുകൊണ്ടാണ് നമ്മുടെ കോമിക്കുകളില്‍ നാഗരാജിന്റെ ആകൃതിയില്‍ ഒരു സൂപ്പര്‍ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചത്. അങ്ങനെ ഇന്ത്യക്കാര്‍ക്ക് സ്വന്തമായി ഒരു നായകനെ ലഭിച്ചു, '' രാജ് കോമിക്‌സ് സിഇഒ മനീഷ് ഗുപ്ത പറയുന്നു. ''മഹാശക്തികള്‍ സൂപ്പര്‍ഹീറോകളാകില്ല. തങ്ങളെത്തന്നെ സൂപ്പര്‍ഹീറോകളായി കാണാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് അവരുടെ യഥാര്‍ത്ഥ ശക്തി, ''അദ്ദേഹം പറയുന്നു, എല്ലായ്‌പ്പോഴും വിലപ്പെട്ട ധാര്‍മ്മിക പാഠങ്ങള്‍ പകര്‍ന്നു തരുന്നതായിരുന്നു കോമിക്കുകള്‍. 

കൂടുതല്‍ ആഗോളവല്‍ക്കരിക്കപ്പെട്ട, സാങ്കേതികമായി പുരോഗമിച്ച ലോകത്ത്, ഇന്ത്യയിലെ കുട്ടികള്‍ പാശ്ചാത്യ സൂപ്പര്‍ഹീറോകളെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങി. സിനിമകളില്‍ അവിശ്വസനീയമായ ഗ്രാഫിക്‌സ് ഉപയോഗിച്ച് വ്യത്യസ്തമായ രീതിയില്‍ അവരെ അവതരിപ്പിക്കാനും അങ്ങനെ കൂടുതല്‍ കുട്ടികള്‍ അവിടേയ്ക്ക് ആകര്‍ഷിക്കപ്പെടാനും തുടങ്ങി. ഇത് കോമിക്കിന്റെ വില്‍പ്പനയില്‍ ഇടിവുണ്ടാക്കി. മാര്‍വെലും ഡി.സിയും ഇന്ത്യയില്‍ പ്രശസ്തി നേടിയപ്പോള്‍, ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍ തുടങ്ങിയവ പാശ്ചാത്യ ഹീറോകള്‍ സൂപ്പര്‍ഹീറോ ഐക്കണുകളായി മാറിയപ്പോള്‍, നമ്മുടെ ഇന്ത്യന്‍ സൂപ്പര്‍ഹീറോകള്‍ തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞു.

Follow Us:
Download App:
  • android
  • ios