ലിയോനാർഡോ ഡാവിഞ്ചിയുടെ "മോണാലിസ"  ലോകപ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും മഹത്തരമായ കലാസൃഷ്ടികളിൽ ഒന്നാണ് അത്. എന്നാൽ മോണാലിസയെ റുബിക്സ് ക്യൂബ് കൊണ്ട് പുനരാവിഷ്കരിച്ചാലോ? ഒരു ഫ്രഞ്ച് കലാകാരനാണ് അത്തരമൊരു പരീക്ഷണത്തിന് മുതിർന്നത്. 2005 ൽ ഇതിഹാസ ഫ്രഞ്ച് തെരുവ് കലാകാരൻ ഇൻ‌വേടറാണ് റുബിക്സ് ക്യൂബുകൾ കൊണ്ട്‌ മോണാലിസയെ ഉണ്ടാക്കിയത്.  'റൂബിക് മോണാലിസ' എന്നുവിളിക്കുന്ന അത് ഈ മാസം അവസാനം പാരീസിൽ ലേലത്തിൽ വയ്ക്കുമ്പോൾ അതിൻ്റെ വില 166,000 ഡോളർ വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിന്റേജ് പിക്സലേറ്റഡ് വീഡിയോ ഗെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഇത് നിർമ്മിച്ചത്. 330 റുബിക്സ് കട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കിയ അത് ഇപ്പോൾ പാരീസിലെ ആർട്ട്‌ക്യൂറിയൽ ലേലശാലയിൽ പ്രദർശിപ്പിച്ചിരിക്കയാണ്. ഈ കലാസൃഷ്ടി "ലോകത്തിലെ ഏറ്റവും പ്രശസ്തമായ പെയിന്റിംഗിൻ്റെ ആധുനിക പതിപ്പായി" കണക്കാക്കപ്പെടുന്നു. ഇൻ‌വേടർ 2004 ലാണ് ആദ്യമായി ചിത്രവും റുബിക് ക്യൂബുകളും സമന്വയിപ്പിച്ചുള്ള പുതിയ കലാസൃഷ്ടിക്ക് തുടക്കം കുറിച്ചത്. റൂബിക്യുബിസം എന്ന് അറിയപ്പെടുന്ന ഇത് ലോകമെമ്പാടുമുള്ള അനേകായിരങ്ങളെയാണ് ആകർഷിക്കുന്നത്.  "നിങ്ങൾ‌ക്ക് വിശദാംശങ്ങൾ‌ കാണേണ്ട ആവശ്യമില്ല. അതിൻ്റെ സ്ഥാനവും, രൂപവും കാണുമ്പോൾ തന്നെ ഇത് മോണാലിസയാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. അതാണ് അതിൻ്റെ മാന്ത്രികത," ആർ‌ട്ട്ക്യൂറിയലിൻ്റെ നഗര കലാ വിഭാഗം മേധാവി അർനൗഡ് ഒലിവക്സ് 'റൂബിക് മോണാലിസ'യെ കുറിച്ച് പറഞ്ഞു.

റൂബിക്യുബിസവുമായി ബന്ധപ്പെട്ട് 2007 ൽ ലേലം ഹൗസ് പറഞ്ഞത്: നിങ്ങൾ അടുത്ത് നിന്ന് നോക്കുമ്പോൾ കുറെ ചതുരങ്ങൾ മാത്രമാണ് കാണാൻ കഴിയുക. എന്നാൽ നിങ്ങൾ ദൂരേക്ക് മാറി നിന്ന് നോക്കുമ്പോൾ മുഖം തെളിഞ്ഞു വരും. നിങ്ങൾ കൂടുതൽ അകലെ നിൽക്കുമ്പോൾ അത് കൂടുതൽ വ്യക്തമാകും." ഇൻ‌വേടർ അനവധി ചിത്രങ്ങളാണ് ഈ രീതിയിൽ ഉണ്ടാക്കിയിട്ടുള്ളത്.

500 വർഷങ്ങൾക്ക് മുൻപ് ലിയോനാർഡോ വരച്ചതാണ് മൊണാലിസ. പാരീസിലെ ലൂവ്രെയിൽ പ്രദർശനത്തിന് വച്ചിരിക്കുന്ന അത്, ലോകത്തിലെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന കലാസൃഷ്ടിയാണ്.