Asianet News MalayalamAsianet News Malayalam

പട്ടം പറത്തല്‍, ചരടില്‍ത്തട്ടി പ്രാണന്‍ വെടിഞ്ഞത് നൂറ്റിയമ്പതിലേറെ പക്ഷികള്‍...

പട്ടങ്ങളുടെ ചരടുകളിൽ ചില്ല് പൊടിച്ചതും പശയും കൂട്ടികുഴച്ച മിശ്രിതമാണ് തേച്ചുപിടിപ്പിക്കുന്നത്. ഇത് പക്ഷികളുടെ ശരീരത്തെ മുറിപ്പെടുത്താനും, ചിലപ്പോൾ രണ്ടാക്കാനും ശേഷിയുള്ളതാണ്.

Kite strings kill hundreds of birds in Maharashtra and Gujarat
Author
Gujarat, First Published Jan 19, 2020, 3:54 PM IST

പട്ടം പറത്തുന്നത് വളരെ രസകരമായ ഒരു വിനോദമാണ്. ഒരുപക്ഷേ, കുട്ടികളെപ്പോലെ തന്നെ മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് പട്ടം പറത്തൽ. പടിഞ്ഞാറൻ ഇന്ത്യയിൽ പലയിടത്തും ആഘോഷങ്ങളുടെ ഭാഗമായി പട്ടം പറത്തുന്ന പതിവുണ്ട്. എല്ലാവർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിൽ പങ്കെടുക്കുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഗുജറാത്തിലും, മഹാരാഷ്ട്രയിലും നടന്ന വാർഷിക ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പട്ടം പറത്തലിൽ, അതിന്റെ മൂർച്ചയുള്ള ചരടുകൾ തട്ടി 150 -ലധികം പക്ഷികളാണ് ചത്തത്. 

മുറിവേറ്റുവീണ പക്ഷിക്കളെ രക്ഷിക്കാൻ സന്നദ്ധപ്രവർത്തകർ ഓടിയെത്തിയെങ്കിലും, അവയ്ക്ക് ചികിത്സ നൽകുന്നതിന് മുൻപ് തന്നെ അവ ചാവുകയായിരുന്നു. ഇതിനുപുറമെ നൂറുകണക്കിന് പക്ഷികൾക്കാണ് പരിക്കേറ്റിട്ടുള്ളത്. പട്ടങ്ങളുടെ ചരടുകളിൽ ചില്ല് പൊടിച്ചതും പശയും കൂട്ടികുഴച്ച മിശ്രിതമാണ് തേച്ചുപിടിപിക്കുന്നത്. ഇത് പക്ഷികളുടെ ശരീരത്തെ മുറിപ്പെടുത്താനും, ചിലപ്പോൾ രണ്ടാക്കാനും ശേഷിയുള്ളതാണ്. 

ജനുവരി 14, 15 തീയതികളിൽ മഹാരാഷ്ട്രയിലും, ഗുജറാത്തിലും നടന്ന മകര സംക്രാന്തി ആഘോഷത്തിനിടയിൽ പക്ഷികളെ രക്ഷിക്കാനാവശ്യപ്പെട്ട് എഴുന്നൂറ്റിയമ്പതോളം കോളുകളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് സന്നദ്ധ പക്ഷി രക്ഷാപ്രവർത്തന സംഘത്തിൽ ജോലി ചെയ്യുന്ന ഹർഷിൽ ഷാ പറഞ്ഞു. "ഞങ്ങൾ പെട്ടെന്ന് തന്നെ കാൾ ലഭിക്കുന്നിടത്ത് എത്തിച്ചേർന്നെങ്കിലും, 20 ശതമാനം പക്ഷികളും ചരടിൽ കുരുങ്ങി അപ്പോൾ തന്നെ ചാവുകയായിരുന്നു" അദ്ദേഹം പറഞ്ഞു. മുംബൈയിലെ സബർബൻ പക്ഷി രക്ഷാ ക്യാമ്പിലും ഇതുപോലെ പരിക്കേറ്റ മൂങ്ങകൾക്കും, കുയിലുകൾക്കും, ഒരു അണ്ണാനും ചികിത്സ നൽകുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.  

ഗുജറാത്തിലെ സനന്ദ് ജില്ലയിലെ ഒരു മരത്തിന്റെ മുകളിൽ നിന്ന് പരിക്കേറ്റ ഒരു കൊക്കിനെ രക്ഷപ്പെടുത്താൻ ഒരു സന്നദ്ധപ്രവർത്തകൻ ശ്രമിക്കുന്നത്തിന്റെ ചിത്രങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ കാണാം. സൂറത്തിൽ, പട്ടത്തിന്റെ ചരടിൽ കൊരുത്തും, മേൽക്കൂരയിൽ നിന്ന് താഴെ വീണുമാണ് കൂടുതൽ പക്ഷികളും ചത്തത്. ഉയർന്ന വോൾട്ടേജ് ഓവർഹെഡ് ഇലക്ട്രിക് വയറുകളിൽ ഒരു വലിയ പട്ടത്തിന്റെ ചരട് കുരുങ്ങിയതിന് ശേഷം വടക്കൻ ലഖ്‌നൗ നഗരത്തിലെ മെട്രോ ട്രെയിൻ സർവീസുകൾ 12 മിനിറ്റ് നേരത്തേക്ക് നിർത്തിവക്കേണ്ടതായി വന്നിരുന്നു.

കഴിഞ്ഞ 10 മാസത്തിനിടെ ഇത്തരത്തിലുള്ള നാലാമത്തെ സംഭവമാണ് ഇത്. ഇത്തരത്തിൽ പശ ഒട്ടിച്ച ചരടുകൾ ഉപയോഗിക്കരുത് എന്ന നിയമം ഉണ്ടെങ്കിലും, അത് ഒരിക്കലും പാലിക്കപ്പെടുന്നില്ല. ദില്ലിയിൽ ഇത് നിരോധിച്ചിട്ടും, ഇപ്പോഴും അത് വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ് വാസ്‍തവം. പക്ഷികൾക്ക് മാത്രമല്ല അതിന്റെ മൂർച്ചയേറിയ അഗ്രം കൊണ്ട് മുറിവേൽക്കുന്നത്. ഇരുചക്ര വാഹന യാത്രികർക്ക് ഈ ചരടുകൾ തട്ടി റോഡപകടങ്ങളും ഉണ്ടാകാറുണ്ട്. 
 
 

Follow Us:
Download App:
  • android
  • ios