അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.

മദ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും ലഹരിയെ പ്രണയത്തോടുപമിച്ചുമൊക്കെ നിരവധി ഗസലുകള്‍ വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ അക്ബര്‍ അലഹാബാദിയുടെ 'ഹംഗാമയ്ക്ക് ' ഒരു വിശേഷസ്ഥാനമാണുള്ളത്. കാരണം, പ്രത്യക്ഷത്തില്‍ മദിരയെപ്പറ്റി എന്ന് തോന്നാമെങ്കിലും, ഈ ഗസല്‍ മദ്യത്തെപ്പറ്റിയോ മദ്യപാനത്തെപ്പറ്റിയോ അല്ല. എന്ന് മാത്രവുമല്ല, അതെഴുതിയ കവി തന്റെ ആയുഷ്‌കാലത്തില്‍ മദ്യം കൈകൊണ്ടൊന്നു തൊട്ടിട്ടുപോലുമില്ല!

ബ്രിട്ടീഷ് രാജ് നിലവിലുള്ള കാലം. മുസ്‌ലിംകള്‍ക്കായി പാകിസ്ഥാനെന്ന ആശയവുമായി ലീഗ് മുന്നോട്ടുവന്നപ്പോള്‍, ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിച്ചു നിര്‍ത്താന്‍ ആഗ്രഹിച്ച മതേതരവാദികളില്‍ ഒരാളായിരുന്നു അക്ബര്‍ അലഹബാദി എന്ന കവിയും.  അദ്ദേഹത്തിന്റെ ഈ രാഷ്ട്രീയ നിലപാടു തന്നെയാണ് ഈ ഗസലിന്റെ പ്രേരണയും. ഹിന്ദുക്കളും മുസ്‌ലിംകളും വിഭജനത്തിന്റെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്ന ഒരു കാലമായിരുന്നു അത്. അങ്ങനെയിരിക്കേ, ഒരു മുസ്‌ലിം, ഹിന്ദുക്കളോട് അടുപ്പം കാട്ടുന്നതില്‍ കുപിതരായ ചില യാഥാസ്ഥിതിക മുസ്ലിംകള്‍, അക്ബര്‍ അലഹബാദിയെ ഹിന്ദുക്കള്‍ കള്ളുകൊടുത്ത് വശത്താക്കിയതാണ് എന്ന് പറഞ്ഞുപരത്തി. മുസ്‌ലിംകള്‍ക്ക് മദ്യം ഹറാമാണല്ലോ.

മദ്യലഹരിയില്‍ ഭ്രമിച്ചാണ് അക്ബര്‍ അലഹബാദി കാഫിറുകള്‍ക്കായി അഹോരാത്രം വാദിക്കുന്നതെന്നായി അപവാദം പറച്ചില്‍. ആ ആരോപണത്തില്‍ മനംനൊന്ത അക്ബര്‍, അതിനൊട് പ്രതികരിച്ചത് പക്ഷേ, ഈ മനോഹരമായ ഗസല്‍ എഴുതിയാണ്. 'ഹംഗാമാ ഹേ ക്യൂം ബര്‍പാ.. ഥോഡീ സി ജോ പീ ലീ ഹേ. ഡാക്കാ തോ നഹീ ഡാലാ.. ചോരീ തോ നഹീ കീ ഹേ'' - ''എന്തിനാണെല്ലാരും കിടന്നിങ്ങനെ ബഹളം കൂട്ടുന്നത്, ഞാനിത്തിരി കുടിച്ചെന്നല്ലേയുള്ളൂ.. കട്ടിട്ടൊന്നുമില്ലല്ലോ, ഞാനാരെയും കൊള്ളയടിച്ചിട്ടുമില്ലല്ലോ'' എന്ന്.

അര്‍ത്ഥവിചാരം  

താഴെ കൊടുത്തിരിക്കുന്ന വരികള്‍ ഗസലിന്റെ ഭാഗമല്ല. എന്നാലും ഒരു 'ഐസ് ബ്രേക്കര്‍' എന്ന നിലയില്‍ ഗുലാം അലി ഈ വരികള്‍ പാടിത്തുടങ്ങാറുണ്ട്, ഹംഗാമയിലേക്ക് കടക്കും മുമ്പ്.

मैं तेरी मस्त-निगाही का भरम रख लूँगा
होश आया भी तो कह दूँगा मुझे होश नहीं

ये और बात है साक़ी की, मुझे होश नहीं;
वरना मैं कुछ भी हूँ, एहसान-फरामोश नही!

മേം തേരി മസ്ത് നിഗാഹീ കാ
ഭരം രഖ് ലൂംഗാ.
ഹോഷ് ആയാ തോ ഭി കെഹ് ദൂംഗാ
കെ മുജെ ഹോഷ് നഹി..

യേ ഓർ ബാത് ഹേ സാകീ 
കെ മുഝേ ഹോഷ് നഹി 
വർനാ മേ കുച്ച് ഭി ഹൂം 
എഹ്സാൻ ഫറാമോഷ് നഹി 

നിന്റെ കണ്ണുകളിലെ ലഹരിയുടെ  
വിലകെട്ടുപോകാതെ ഞാന്‍
കാത്തുകൊള്ളാം..
എനിക്ക് ബോധം വന്നാലും
ഞാനവരോട് പറഞ്ഞുകൊള്ളാം
ഒരു ബോധവുമില്ലെന്ന്..!

ഞാന്‍ ഇപ്പോള്‍ തികഞ്ഞ ലഹരിയിലാണ്
അത് വേറെ കാര്യം,
പക്ഷേ, മറ്റെന്തൊക്കെയായാലും 
ഞാൻ ഒരിക്കലുമൊരു 
നന്ദികെട്ടവനല്ലെന്നു നീ ഓര്‍ക്കണം,..!

I

हंगामा है क्यूँ बरपा, थोड़ी सी जो पी ली है
डाका तो नहीं डाला, चोरी तो नहीं की है

ഹംഗാമാ ഹേ ക്യൂം ബര്‍പാ
ഥോഡീ സി ജോ പീ ലീ ഹേ,
ഢാക്കാ തോ നഹീ ഡാലാ
ചോരീ തോ നഹീ കീ ഹേ...

എന്തിനാണെല്ലാരും കിടന്നിങ്ങനെ
ബഹളം കൂട്ടുന്നത്,
ഞാനിത്തിരി കുടിച്ചെന്നല്ലേയുള്ളൂ..
കട്ടിട്ടൊന്നുമില്ലല്ലോ, ഞാനാരെയും
കൊള്ളയടിച്ചിട്ടുമില്ലല്ലോ..'

കഠിനപദങ്ങള്‍

( ഹംഗാമാ - ബഹളം, ബര്‍പാ - എല്ലായിടത്തും, എങ്ങും,
ഥോഡീ സി - കുറച്ച്, ഢാക്കാ ഡാല്‍നാ- കൊള്ളയടിക്കുക)

II

उस मय से नहीं मतलब, दिल जिस से है बेगाना
मक़सूद है उस मय से, दिल ही में जो खिंचती है

ഉസ് മേ സെ നഹീ മത്ലബ്
ദില്‍ ജിസ് സേ ഹോ ബേഗാനാ.
മക്‌സൂദ് ഹേ ഉസ് മേ സേ
ദില്‍ ഹീ മേ ജോ ഖിച്തീ ഹേ..

ഒരാളെ നമ്മളറിയാത്തൊരാളായി മാറ്റുന്ന
മദിരയില്‍ എനിക്ക് താത്പര്യമില്ല.
ഹൃദയത്തിനുള്ളില്‍ നിന്നും ഊറിവരുന്ന
മധുവിലാണ് യഥാര്‍ത്ഥലഹരി..

കഠിനപദങ്ങള്‍

( മേ- മദിര, മത്‌ലബ് - താത്പര്യം, ബേഗാനാ - അപരിചിതന്‍,
മക്‌സൂദ് - പ്രധാനം, ഖിച്‌നാ - ഊറിവരിക)

III

सूरज में लगे धब्बा, फ़ितरत के करिश्मे हैं
बुत हम को कहें काफ़िर, अल्लाह की मर्ज़ी है

സൂരജ് മേ ലഗേ ധബ്ബാ
ഫിത്‌റത്ത് കെ കരിഷ്മാ ഹേ
ബുത്ത് ഹം കൊ കഹേ കാഫിര്‍
അല്ലാഹ് കി മര്‍സീ ഹേ

സൂര്യനിലും കളങ്കമുണ്ടെന്നത്
പ്രകൃതിയുടെ അതിശയങ്ങളിലൊന്നാണ്.
ഈ വിഗ്രഹങ്ങള്‍ തന്നെ ഇന്നെന്നെ
കാഫിറെന്ന് വിളിക്കുന്നെങ്കില്‍,
അതും അല്ലാഹുവിന്റെ വിധിയാണ്..

കഠിനപദങ്ങള്‍

( ധബ്ബാ- കളങ്കം, ഫിത്‌റത്ത്-പ്രകൃതി,
കരിഷ്മാ- അത്ഭുതം, ബുത്ത് - ശിലാ, മര്‍സീ - ഇഷ്ടം, വിധി)

IV

നാതജുര്‍ബാകാരീ സേ
വായിസ് കി യേ ബാതേം ഹേ..
ഇസ് രംഗ് കൊ ക്യാ ജാനേ
പൂഛോ തോ കഭീ പീ ഹേ..

നിങ്ങളുടെ മുല്ലമാര്‍ പറയുന്നതൊക്കെയും
നേര്‍പരിചയമില്ലായ്മയുടെ പോഴത്തങ്ങളാണ്..
ഈ മദിരയുടെ നിറം, അവരെങ്ങനെ അറിയും
ഒന്നു ചോദിക്കൂ, അവരോട്
ഒരിക്കലെങ്കിലും ഇത്
കുടിച്ചു നോക്കിയിട്ടുണ്ടോയെന്ന്..?

കഠിനപദങ്ങള്‍

( നാതജുര്‍ബാകാരീ - പരിചയക്കുറവ്, വായിസ് - പുരോഹിതന്‍, മുല്ല )

V

हर ज़र्रा चमकता है, अनवर-ए-इलाही से
हर साँस ये कहती है, कि हम हैं तो ख़ुदा भी है

ഹര്‍ സര്‍റ ചമക്താ ഹേ
അന്‍വാര്‍-എ-ഇലാഹീ സേ
ഹര്‍ സാസ് യെ കെഹതീ ഹേ
ഹം ഹേ തോ ഖുദാ ഭീ ഹേ..

ഓരോ മണല്‍ത്തരിയും
ദൈവത്തിന്റെ തേജസ്സിനാല്‍
തിളങ്ങുന്നതു നോക്കൂ..
എന്റെ ഓരോ വീര്‍പ്പും പറയുന്നു,
ഞാനുണ്ടെങ്കില്‍, ഒപ്പം ദൈവവുമുണ്ടെന്ന്

കഠിനപദങ്ങള്‍

(സര്‍റ - മണല്‍ത്തരി, ചമക്‌നാ- തിളങ്ങുക,
അന്‍വാര്‍-എ-ഇലാഹീ - ദൈവതേജസ്സ്)

കവി പരിചയം
അക്ബര്‍ അലഹാബാദി 1846 നവംബര്‍ 16-ന് സയീദ് അക്ബര്‍ ഹുസ്സൈന്‍ എന്ന പേരില്‍ അലഹബാദിന് അടുത്തുള്ള ബാരയില്‍ ജനിച്ചു. അച്ഛന്‍, തഫസ്സുല്‍ ഹുസൈന്‍ മൗലവി തഹസില്‍ദാറായിരുന്നു. അമ്മ ഒരു ജന്മി കുടുംബാംഗം.  കുട്ടിക്കാലത്ത് അച്ഛന്‍ വീട്ടിലിരുത്തി പഠിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം റെയില്‍വേ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗുമസ്തനായി ആദ്യ നിയമനം. അവിടെയിരുന്നുകൊണ്ട് ബാരിസ്റ്റര്‍ പട്ടത്തിനു പഠിച്ച പിന്നീട് മുന്‍സിഫും, സെഷന്‍സ് ജഡ്ജുമായി വിരമിച്ചു. നീതിന്യായരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തിന് ഖാന്‍ ബഹാദൂര്‍ പദവി ലഭിച്ചു. 1903-ല്‍ വിരമിച്ച ശേഷം 1921-ല്‍ മരിക്കും വരെ അലഹബാദിലായിരുന്നു വാസം.

നര്‍മ്മത്തിന്  പ്രസിദ്ധനായിരുന്നു അക്ബര്‍ അലഹബാദി. ഇന്ന് ഒരു പക്ഷെ മദ്യപാനികള്‍ ഏറ്റവും ആഘോഷമാക്കുന്ന 'ഹംഗാമ' പോലെ ഒരു ഗസല്‍, മദ്യം കൈകൊണ്ടു തൊട്ടിട്ടുപോലുമില്ലാത്ത അദ്ദേഹം എഴുതിയതുതന്നെ അദ്ദേഹത്തിന്റെ വ്യംഗത്തിന് ഉദാഹരണമാണ്.

ഇങ്ങനെ ഒരു ഗസല്‍ എഴുതിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി മറ്റൊരു ഷേര്‍ ആയിരുന്നു,

ദുനിയാ മേം ഹൂം, ദുനിയാ കാ തലബ്ഗാര്‍ നഹി
ബാസാര്‍ മേം ഹൂം, ഖരീദാര്‍ നഹി..!

അതായത്, ഈ ലോകത്ത് ജീവിക്കുന്നുണ്ട്, പക്ഷേ ഐഹിക സുഖങ്ങളില്‍ മയങ്ങിപ്പോയവനല്ല. അങ്ങാടിയിലാണെങ്കിലും, ഞാനൊന്നും വാങ്ങാന്‍ വന്നവനല്ല..!

സമൂഹത്തിന് നേരെ കണ്ണാടി പിടിച്ചുകൊടുക്കുന്ന കവിതകളായിരുന്നു അദ്ദേഹത്തിന്റേത്.
 
രാഗവിസ്താരം

ആദ്യമായി ഈ ഗസല്‍ ആലപിച്ചത് മെഹ്ദി ഹസനാണെങ്കിലും, ഗുലാം അലി, ദര്‍ബാരി കാനഡയില്‍ ചിട്ടപ്പെടുത്തിയ ഈ ഗസലിന്റെ വേര്‍ഷനാണ് ഏറെ ജനപ്രിയമായത്. 

 

1 : ചുപ്‌കേ ചുപ്‌കേ രാത് ദിൻ... 

2 : 'ഏക് ബസ് തൂ ഹി നഹി' 

3: യേ ദില്‍ യേ പാഗല്‍ ദില്‍ മേരാ

4: ഹസാറോം ഖ്വാഹിഷേം ഐസീ

5: 'രൻജിഷ് ഹീ സഹീ'