പ്രവാസിയുടെ ഭാര്യ വെറും ഉടല്‍ മാത്രമാണോ? സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്തായി  പ്രചരിപ്പിക്കപ്പെടുന്ന ചില തരം താഴ്ന്ന ട്രോളുകളും തമാശകളും  അത്തരം ഒരു അധമബോധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിനിമയിലും സാഹിത്യത്തിലുമൊക്കെ ഒരു കാലത്തു നിറഞ്ഞു നിന്ന അത്തരമൊരു പ്രചാരണം കുറേ കാലമായി അങ്ങനെ കാണാറില്ലായിരുന്നു. ആ പൊതുബോധം നിരന്തരം ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ്, മുഖ്യധാരാ ഇടങ്ങളില്‍ അവ അരങ്ങൊഴിഞ്ഞത്. എന്നാല്‍, പുതിയ കാലത്തിന്റെ ബദല്‍ മാധ്യമമായി രംഗത്തുവന്ന സോഷ്യല്‍ മീഡിയയുടെ പ്രചാരത്തോടെ  പഴയ വികലവീക്ഷണം പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്ന  മട്ടാണ്.  ട്രോളുകളും വീഡിയോകളും, പോസ്റ്റുകളും തമാശയുടെ മുഖംമൂടിയിട്ട വഷളത്തരവുമായി അത്തരം പ്രചാരണങ്ങള്‍ വീണ്ടും ശക്തമായിട്ടുണ്ട് . സാങ്കേതികതയുടെ പുതുകാലവും അങ്ങേയറ്റം ജീര്‍ണ്ണമായ ഇത്തരം സങ്കല്‍പ്പനങ്ങളാണ് കൊണ്ടു നടക്കുന്നത് എന്നത് തീര്‍ച്ചയായും പ്രതിരോധിക്കപ്പെടേണ്ടത് തന്നെയാണ്.

സോഷ്യല്‍ മീഡിയയുടെ പ്രചാരത്തോടെ  പഴയ വികലവീക്ഷണം പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്ന  മട്ടാണ്.  

സോഷ്യല്‍ മീഡിയാ പ്രതിനിധാനങ്ങള്‍
യൂട്യൂബില്‍ തിരഞ്ഞാല്‍, പ്രവാസിയുടെ ഭാര്യമാര്‍ എന്ന പേരില്‍ അനേകം അശ്ലീല   വീഡിയോകള്‍ സമൃദ്ധം. ഷോര്‍ട്ട് ഫിലിമുകളിലും നിറം പിടിപ്പിച്ച ഓഡിയോ ട്രാക്കുകളിലും മിക്ക  ഓണ്‍ലൈന്‍ പത്ര വാര്‍ത്തകളിലുമെല്ലാം പ്രവാസികളുടെ ഭാര്യമാര്‍ ലൈംഗിക ബിംബങ്ങളായി മാത്രം ചിത്രീകരിക്കപ്പെടുന്നു. ഗള്‍ഫ് മേഖലയിലെ പ്രവാസികളുടെ ഭാര്യമാരാണ് പ്രധാനമായും ഇത്തരമൊരു ഇമേജിലേക്കു തളക്കപ്പെടുന്നതെന്നുള്ളത്  ശ്രദ്ധേയമാണ് .

സരിത എസ് നായര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ഗള്‍ഫുകാരന്റെ ഭാര്യ' എന്ന ഷോര്‍ട് ഫിലിം കാണുക. ഇത്തരമൊരു ബിംബവത്കരണത്തെ ഖണ്ഡിക്കുന്നു എന്ന മട്ടിലാണ് ആ ഷോര്‍ട്ട് ഫിലിമിന്റെ നില്‍പ്പ്. എന്നാല്‍, ആ ഷോര്‍ട് ഫിലിമിന്റെ ട്രെയ്‌ലറിലും പരസ്യത്തിലും ഉപയോഗിച്ചിരിക്കുന്നത്, ആ സമയത്തു വിവാദമായിരുന്ന, സരിതയുടേത് എന്ന് പറയപ്പെടുന്ന വാട്‌സാപ്പ് ക്ലിപ്പുകളുടെ ഇമേജുകള്‍  ആയിരുന്നു.  വ്യത്യസ്ത വീക്ഷണം മുന്നോട്ടുവെക്കുന്നുവെങ്കിലും, 'ഗള്‍ഫുകാരന്റെ  ഭാര്യ' എന്ന സ്റ്റീരിയോ ടൈപ്പ്  അഥവാ ഗള്‍ഫുകാരന്റെ ഭാര്യയുടെ ഉടല്‍, തന്നെയാണ് ആ ചിത്രവും കൈകാര്യം ചെയ്യുന്നത് എന്നു തന്നെ  നിരീക്ഷിക്കേണ്ടി വരും. 

എന്ത് കൊണ്ടാണ് സമൂഹത്തിലെ ഒരു വിഭാഗം സ്ത്രീകള്‍ മാത്രം ഇങ്ങനെ ടാര്‍ജറ്റ് ചെയ്യപ്പെടുന്നത്? 

 

ട്രെയ്‌ലറിലും പരസ്യത്തിലും ഉപയോഗിച്ചത്, സരിതയുടേത് എന്ന് പറയപ്പെടുന്ന വാട്‌സാപ്പ് ക്ലിപ്പുകളുടെ ഇമേജുകള്‍  ആയിരുന്നു.

ആണ്‍​ കാഴ്ചകളിലെ സ്ത്രീ
പുരുഷ കേന്ദ്രീകൃതമായ ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ സ്ത്രീ ലൈംഗികതയ്ക്ക് സ്വയം പ്രതിനിധാനം സാധ്യമല്ലാതെ വരിക സ്വാഭാവികമാണ് .ഇവിടെ സ്ത്രീയെ നിര്‍ണയിക്കുന്നത് സ്ത്രീയുടെ വ്യക്തിത്വത്തെക്കാളുപരി പുരുഷന്റെ കാഴ്ച എന്ന  ഘടകമാണ്. ആണ്‍ കാഴ്ചകള്‍ രൂപീകരിക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി  നിലനിര്‍ത്തപ്പെടേണ്ടുന്ന ഉടലിലും 'പാതിവ്രത്യത്തിനും'മേല്‍ സമൂഹത്തിനുണ്ടാവുന്ന ഉത്കണ്ഠതന്നെയാണ് ഇത്. ഫ്രോയിഡ് 'ഇരുണ്ട ഭൂഖണ്ഡ'മെന്നു വിളിച്ച പെണ്ണുടലിനു മേല്‍ സ്ഥാപിക്കപ്പെടുന്നത് ഈ സാമൂഹികമായ ഉല്‍ക്കണ്ഠ തന്നെ.

പ്രവാസിയുടെ ഭാര്യ, പുരുഷന്റെ, വര്‍ഷങ്ങള്‍ നീളുന്ന അസാന്നിധ്യത്തില്‍ ലൈംഗികമായി വളരെ വേഗം വഴിപ്പെടാനിടയുണ്ടെന്ന പൊതുബോധമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. അവളുടെ കാമനകള്‍ തന്നോടായാല്‍ കുഴപ്പമില്ല, മറ്റൊരുവനോടായാല്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന പുരുഷാധിപത്യ വ്യവസ്ഥയുടെ കപട ലിംഗാധിപത്യ ചിന്താഗതിയാണ് ഈ നിരീക്ഷണം സാദ്ധ്യമാക്കുന്നത്. പ്രവാസിയുടെ ഭാര്യയുടെ ഉടല്‍ എന്നത് ഒരു സമൂഹത്തിന്റെ ഉത്തരവാദിത്വമായി മാറുന്നതും അതുകൊണ്ടു തന്നെയാണ്.

എന്നാല്‍ ഒരു പ്രവാസിയുടെ ഭാര്യയുടെ യഥാര്‍ത്ഥ ജീവിതാവസ്ഥകളെ ക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം ?

ജീവിതം എന്നാല്‍ കാത്തിരുപ്പു മാത്രമായി ചുരുങ്ങി പോയവര്‍.

പൊരുതി നില്‍ക്കുന്നവള്‍
ആയുസ്സു മുഴുവനും കുടുബത്തിനു വേണ്ടി എരിഞ്ഞു തീരുന്നവരാണ്  പ്രവാസികള്‍. അതേ പോലെ, ജീവിതം കരഞ്ഞും കരയാതെയും, തുറന്നൊന്നു ചിരിക്കുക പോലും ചെയ്യാനാവാതെ  ജീവിതം തള്ളി നീക്കുന്നവരാണ് ഓരോ  പ്രവാസിയുടെ ഭാര്യയും. ജീവിതം എന്നാല്‍ കാത്തിരുപ്പു മാത്രമായി ചുരുങ്ങി പോയവര്‍. ജീവിതത്തിലെ സന്തോഷങ്ങളെ പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിടേണ്ടി വരുന്ന അവരുടെ ധര്‍മ സങ്കടങ്ങള്‍ ആരോര്‍ക്കാനാണ്?

കുഞ്ഞുങ്ങളുടെ ജനനം, വളര്‍ച്ചയുടെ ഘട്ടങ്ങള്‍, പഠനം, രോഗങ്ങള്‍, അതിലെ ആധികള്‍,സാമ്പത്തിക കാര്യങ്ങള്‍, വീടുപണി അങ്ങനെ ചെറുതും വലുതുമായ എന്തൊക്കെയാണ് അവരുടെ ജീവിതത്തെ വരിഞ്ഞുമുറുക്കുന്നത്. .ജീവിതത്തിന്റെ  ഓരോ നിര്‍ണായക ഘട്ടങ്ങളെയും ഒറ്റയ്ക്ക് തന്നെ കൈകാര്യം ചെയ്തു കൊണ്ടാണ് അവര്‍  മുന്നോട്ടു പോകുന്നത്. കൂട്ടുകുടുംബങ്ങളിലെ അന്തരീക്ഷത്തില്‍ പലപ്പോഴും അവരുടെ ഉത്തരവാദിത്തങ്ങള്‍ പതിന്‍മടങ്ങാവുന്നു. ഒറ്റയ്ക്കാണെങ്കില്‍ സുരക്ഷിതത്വത്തിന്റെ പ്രശ്‌നങ്ങള്‍ നിരവധി. ശാരീരികവും, മാനസികവുമായ പിന്തുണ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ വൈകാരികമായി ഒറ്റപ്പെട്ടു പോകുന്ന ഒരുവളുടെ മാനസിക സംഘര്‍ഷം അനുഭവിച്ചു തന്നെ അറിയേണ്ടതുണ്ട്. പ്രവാസിയുടെ ഭാര്യയുടെ ലൈംഗികമായ നിരാശകളെക്കുറിച്ച് കഥ മെനയുന്നവര്‍  ജീവിതത്തിലെ കടമകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും ഇടയില്‍  ജീവിക്കാന്‍ തന്നെ മറന്നു പോകുന്ന ഭൂരിഭാഗം സ്ത്രീകളുടെയും മാനസികവും ആരോഗ്യപരവുമായ നിരാശകളെക്കുറിച്ച് ചിന്തിക്കാന്‍ പോലും മിനക്കെടാറില്ല. പെണ്ണുടലെന്നാല്‍ ലൈംഗികത മാത്രമല്ലല്ലോ.

ഭര്‍ത്താവിന് കിട്ടുന്ന ഹ്രസ്വമായ അവധിക്കാലങ്ങള്‍ക്കു വേണ്ടി മാത്രം ജീവിച്ചു മരിച്ചു പോയവര്‍ എത്രയോ ഉണ്ട് ഈ കൂട്ടത്തില്‍

അകലങ്ങള്‍ എത്ര ചുരുങ്ങി
സോഷ്യല്‍ മീഡിയ ഉണ്ടാവുന്നതിനു മുന്‍പും ഇവിടെ പ്രവാസികളും അവരുടെ ഭാര്യമാരും ഒക്കെ ഉണ്ടായിരുന്നു. ആ  കാലഘട്ടത്തില്‍ യാത്രാ അസൗകര്യങ്ങള്‍, അവധി ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍, ആശയ വിനിമയ ഉപാധികളുടെ അഭാവം എന്നിങ്ങനെ അനവധി കാര്യങ്ങളാല്‍ പ്രവാസികളും ഭാര്യമാരും തമ്മിലുള്ള ബന്ധം എന്നത്  മാസത്തില്‍ കിട്ടുന്ന ഒന്നോ രണ്ടോ കത്തുകള്‍, മണിയോര്‍ഡര്‍ എന്നിങ്ങനെ ചുരുക്കം ചില സന്തോഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്നു. വര്‍ഷങ്ങള്‍ നീളുന്ന കാത്തിരിപ്പായിരുന്നു അത്തരം ബന്ധങ്ങളെ സുദൃഢമാക്കിയിരുന്നത്. പഴയ കാലത്ത് ഒരു സാധാരണ പ്രവാസിയുടെ വീട്ടമ്മയായ ഭാര്യക്ക് പുറംലോകം തന്നെ വിരളമായ കാഴ്ചയായിരുന്നു.

ഭര്‍ത്താവിന് കിട്ടുന്ന ഹ്രസ്വമായ അവധിക്കാലങ്ങള്‍ക്കു വേണ്ടി മാത്രം ജീവിച്ചു മരിച്ചു പോയവര്‍ എത്രയോ ഉണ്ട് ഈ കൂട്ടത്തില്‍. അല്ലെങ്കില്‍ മാനസിക പിന്തുണ കുടുബങ്ങളില്‍ നിന്ന് പോലും കിട്ടാതെ പോയ എത്രയോ പേര്‍. ഒരു കുടുബത്തില്‍ രണ്ടു പേര്‍ ചെയ്യുന്ന ഉത്തരവാദിത്വങ്ങള്‍ ഒറ്റയ്ക്ക് ചുമലിലേറ്റി നടത്തുന്ന ഓട്ടപാച്ചില്‍ മാത്രമാണ് അവര്‍ക്കു ജീവിതം. വര്‍ക്കിംഗ് വുമണ്‍ ആണെങ്കില്‍ പറയുകയും വേണ്ട. ഇതിനിടയില്‍ സദാചാരനോട്ടങ്ങള്‍, നിയമങ്ങള്‍ തുടങ്ങിയവ വേറെയും.

അവള്‍ നിരന്തരം  നിരീക്ഷിക്കപെടുകയും തെറ്റിദ്ധരിക്കപ്പെടുകയും  ചെയ്യുന്നു.

സദാചാര പൊലീസിംഗ്
ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയാല്‍, രാത്രി ഒഫീഷ്യല്‍ ആവശ്യങ്ങള്‍ക്ക് ആയാല്‍ പോലും സഹപ്രവര്‍ത്തകനെ  ഫോണ്‍ ചെയ്താല്‍, സൗഹൃദത്തോടെ  അടുത്തിടപഴകിയാല്‍ ഒരേ ഓട്ടോറിക്ഷ ,ടാക്‌സി എന്നിവ  ഒന്നിലധികം തവണ  ഉപയോഗിച്ചാല്‍ ഒക്കെ തന്നെ  അവള്‍ നിരന്തരം  നിരീക്ഷിക്കപെടുകയും തെറ്റിദ്ധരിക്കപ്പെടുകയും  ചെയ്യുന്നു. രതി ചിത്രങ്ങളിലും ഓണ്‍ലൈന്‍ രതി കഥകളിലും രതി വര്‍ണ്ണനകള്‍ കുത്തി നിറച്ച മൂന്നാംകിട പുസ്തകങ്ങളിലും പ്രവാസിയുടെ ഭാര്യമാരുടെ ലൈംഗിക അസംതൃപ്തി കേന്ദ്ര കഥാപാത്രങ്ങളാവുമ്പോള്‍ ആണ്‍ കൗമാരങ്ങളുടെ ആകാംക്ഷകളും ഫാന്റസികളും,ലൈംഗിക മന:ശാസ്ത്രവും അത്തരം  വികലചിന്തകളാല്‍ അടിച്ചുറപ്പിക്കപ്പെടുമ്പോള്‍ അത് കൗമാര ബോധ്യങ്ങളെയും ധാരണകളെയും വീക്ഷണങ്ങളെയും സാരമായി ബാധിക്കുന്നു . ഇവര്‍ മുതിരുമ്പോള്‍, മാറി ചിന്തിക്കും എന്നു പ്രതീക്ഷിക്കുന്നത് പോലും അര്‍ത്ഥ ശൂന്യമാണ് .

ഒരു ശരാശരി പ്രവാസിയുടെ യഥാര്‍ത്ഥ ജീവിതാവസ്ഥകള്‍ മനസ്സിലാക്കണമെങ്കില്‍ ലേബര്‍ ക്യാമ്പുകളിലേക്ക് ചെല്ലണം. വീടുവയ്ക്കാന്‍, കടം വീട്ടാന്‍, മക്കളുടെ പഠനത്തിന്, വിവാഹത്തിന്,ചികിത്സയ്ക്കു അങ്ങനെ അനേകം ഗതികേടുകള്‍ കൊണ്ട്  മരുഭൂമിയില്‍ പൊരിവെയിലത്ത് അധ്വാനിക്കുന്ന ഭര്‍ത്താവിന്റെ പ്രവാസജീവിതത്തിന്റെ ദുരിതങ്ങളെ മനസിലാക്കുന്ന ഒരു ഭാര്യക്കും വെറും ശരീരത്തിന്റേത്  മാത്രമായ സന്തോഷങ്ങളിലേക്കു  ചുരുങ്ങാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. കേവലം ഒരു മിസ്ഡ് കാള്‍ കൊണ്ടോ, ചാറ്റ് കൊണ്ടോ  എളുപ്പത്തില്‍ വീണു പോകുന്നവര്‍ എന്ന  വികൃത  ചിന്തകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് വിപരീത ദിശയിലാണ്. ചങ്കുറപ്പുള്ള,  വ്യക്തിത്വമുള്ള, ജീവിതത്തോട് പൊരുതുന്ന പെണ്ണുങ്ങളെയെല്ലാം ഈ വികൃത ബോധത്തിന്റെ വികലധാരണകള്‍  മുറിവേല്‍പ്പിക്കുകയാണ്.
.
തൊണ്ണൂറുകളുടെ ആരംഭത്തോടെ ആശയ വിനിമയ സാദ്ധ്യതകള്‍ വര്‍ദ്ധിച്ചു. തല്‍സമയ വിനിമയങ്ങള്‍ സാധ്യമാവാന്‍ തുടങ്ങി. വീഡിയോ ചാറ്റും വോയ്‌സ് ചാറ്റും  അതിസാധാരണമായി. ശബ്ദമെന്നതും കാഴ്ചയെന്നതും സമീപസാന്നിധ്യമായി മാറി. പ്രവാസി കുടുംബങ്ങളില്‍ ബന്ധങ്ങള്‍ കൂടുതല്‍ തീവ്രമായ കാലമാണിത്.

എന്നാല്‍ പോലും, താന്‍ ഏതു തരം ജീവിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്നുപോലും തിരിച്ചറിയാനാവാത്ത, പതിനെട്ടോ മറ്റോ ആവുമ്പോഴേക്കും ഭാര്യയും അമ്മയുമൊക്കെയാവുന്ന, മതത്തിന്റെയോ ,പാരമ്പര്യത്തിന്റെയോ ഒക്കെ തീവ്രമായ കെട്ടുപാടുകളില്‍  അകപ്പെട്ട്, പുറം ലോകത്തെയും ,തന്നെ  തന്നെയും ഭീതിയോടെ നോക്കി  കണ്ടു ജീവിക്കുന്ന എത്രയോ പ്രവാസികളുടെ  ഭാര്യമാര്‍ ഇപ്പോഴും  ഉണ്ടെന്നതും വിസ്മരിക്കുന്നില്ല.

അഭിമാനബോധം നിലനിര്‍ത്തുന്ന സ്ത്രീകളെ ലൈംഗികതയുടെ മാത്രം മാനദണ്ഡങ്ങള്‍ കൊണ്ട് അളക്കാതിരിക്കുക .

വേണ്ടത് തിരിച്ചറിവുകള്‍
പ്രവാസി ഇപ്പോള്‍, പുരുഷന്‍ മാത്രമല്ല.  ആ കൂട്ടത്തില്‍  എത്രയോ സ്ത്രീകളും ഉണ്ട്. എന്നാല്‍, നാട്ടിലുള്ള അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഒരിക്കലും ഇത്തരം ചാപ്പ കുത്തലുകളില്‍ പെടുന്നില്ല. പ്രവാസികളുടെ ഭാര്യമാരുടെ മേല്‍ അടിച്ചാരോപിക്കപ്പെടുന്ന അവിഹിത ബന്ധ ഘടകങ്ങളുടെ ഭാരം ഇവര്‍ക്ക് വഹിക്കേണ്ടതില്ല. ആണ്‍ബോധം നിലനിര്‍ത്തുന്ന സമൂഹം 'അവനൊരാണല്ലേ' എന്നപറച്ചിലോടെ  പലപ്പോഴും അവരെ ന്യായീകരിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീയുടെ ഉടലിനു മേല്‍ നിലനിര്‍ത്തപ്പെടുന്ന ആണധികാരത്തിന്റെ വികല രാഷ്ട്രീയം തന്നെയാണത് .

ഒരുമിച്ചു ഒരേ മുറിയില്‍ ഉറങ്ങിയാല്‍ മാത്രമല്ല നല്ല പങ്കാളിയാവുക. അതിനുമപ്പുറം മാനസികമായ പക്വതയുള്ള അടുപ്പം, തീക്ഷ്ണമായ സ്‌നേഹം എന്നിങ്ങനെ പലതുമുണ്ട്, ഉടല്‍ എന്നതിനുമപ്പുറം  ഒരു ബന്ധത്തെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍. അത് തിരിച്ചറിയാനുള്ള വിവേകം ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് ഉണ്ട്. ഒരു ജീവിതത്തെയും പുറമെ നിന്നും കണ്ടു വിലയിരുത്താതിരിക്കുക. അഭിപ്രായം പറയാതിരിക്കുക. ഒരുവന്റെ ജീവിതം അവനു മാത്രം മനസിലാകുന്ന അനുഭവമാണെന്ന് ഓര്‍ക്കുക. സാഹചര്യമാണ് ജീവിതാവസ്ഥകളെ തീരുമാനിക്കുന്നത. പ്രവാസിയുടെ ഭാര്യയെന്നാല്‍ കേവലം ഒരു ഉടല്‍ മാത്രമല്ല എന്നു മനസിലാക്കുക. പുരുഷലിംഗത്തിന്റെ സാന്നിധ്യമോ അസാന്നിധ്യമോ മാത്രമല്ല ഒരു സ്ത്രീയുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നത് എന്നു ഓര്‍ക്കുക. അതിനുമപ്പുറം, അഭിമാനബോധം നിലനിര്‍ത്തുന്ന സ്ത്രീകളെ ലൈംഗികതയുടെ മാത്രം മാനദണ്ഡങ്ങള്‍ കൊണ്ട് അളക്കാതിരിക്കുക .