മരിയ കോണ്‍സിക്കാവോ. 172 കുട്ടികളുടെ അമ്മയാണവര്‍. പക്ഷെ അവരാരും മരിയയുടെ സ്വന്തമല്ല. അവരുടെ ഭാഷയും, വീടും, മതവും എല്ലാം വ്യത്യസ്തമാണ്. എങ്കിലും ഒരുകാര്യം അവരെ പരസ്പരം ചേര്‍ത്ത് നിര്‍ത്തുന്നു. മരിയയുടെ കളങ്കമില്ലാത്ത സ്‌നേഹം. 

എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായിരുന്നു മരിയ. ബംഗ്ലാദേശിലേക്കുള്ള ഒരു യാത്ര അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. ജോലിയുടെ ഭാഗമായി 2005 ല്‍ മരിയ ബംഗ്ലാദേശിലെ ധാക്ക സന്ദര്‍ശിക്കാനിടയായി. അവിടെ തെരുവില്‍ ഭിക്ഷാടനം നടത്തുന്ന കുട്ടികളെ അവര്‍ കാണാനിടയായി. ആ കുഞ്ഞുങ്ങളുടെ മുഖം അവരുടെ മനസ്സില്‍ വല്ലാതെ പതിഞ്ഞു. അവരുടെ ജീവിതം എന്താണെന്നറിയാന്‍ മരിയ നിശ്ചയിച്ചു. അങ്ങനെ ഒരു ഡ്രൈവറുടെ സഹായത്തോടെ മരിയ ഈ കുട്ടികള്‍ താമസിച്ചിരുന്ന ചേരികളില്‍ പോയി. അവിടെ എത്തിയ അവര്‍, ശരീരം മറക്കാന്‍ തുണിപോലുമില്ലാത്ത, ഭക്ഷണം കഴിക്കാനില്ലാത്ത ഒരുപാട് കുട്ടികളെ കാണാന്‍ ഇടയായി. ഇത് മരിയയെ മനസ്സിനെ വല്ലാതെ ഉലച്ചു. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മരിയ തീരുമാനിച്ചു.

തിരിച്ചെത്തിയ അവര്‍ സുഹൃത്തുക്കളില്‍നിന്നും, പരിചയക്കാരില്‍നിന്നും സംഭാവനകള്‍ വാങ്ങി, ധാക്കയില്‍ പോകുമ്പോഴൊക്കെ അവിടത്തെ കുട്ടികള്‍ക്കായി ചിലവഴിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമായ ഫലമില്ല എന്ന് മനസിലാക്കിയ അവര്‍, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ തീരുമാനിച്ചു. അവരെ ഈ പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും നരകത്തില്‍നിന്ന് രക്ഷിക്കാന്‍ അത് മാത്രമേ ഒരു വഴിയുള്ളു എന്നവര്‍ മനസിലാക്കി. അങ്ങനെ ഒരു സ്‌കൂള്‍ ആരംഭിക്കാന്‍ അവര്‍ പദ്ധതിയിട്ടു. ഇതിനായി ലോകത്തിന്റെ നാനാഭാഗത്തു നിന്നും പണം ശേഖരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. താമസിയാതെ ഏറ്റവും നല്ല അധ്യാപകരെ വച്ച് മരിയ ഒരു സ്‌കൂള്‍ ആരംഭിച്ചു. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് നല്ല ആഹാരം നല്‍കാനായി ഒരു പോഷകാഹാര വിദഗ്ധനെയും നിയമിച്ചു. ജീവിതത്തില്‍ ആദ്യമായി, കുട്ടികള്‍ സന്തോഷത്തോടെ സ്‌കൂളില്‍ പഠിക്കാന്‍ ചേര്‍ന്നു. തെരുവില്‍ യാചിച്ചും, മറ്റ് കഠിനമായ ജോലികള്‍ ചെയ്തും മനംമടുത്ത അവര്‍ക്ക് ഒരു പുതിയ ജീവിതം നേടിക്കൊടുത്തു മരിയ. അങ്ങനെ ആദ്യമായി ആ കുട്ടികള്‍ സന്തോഷവും സമാധാനവും എന്തെന്ന് അറിയാന്‍ തുടങ്ങി. പക്ഷെ അത് അധികകാലം നീണ്ടുനിന്നില്ല. 

2008 ല്‍ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായി. ബിസിനസുകള്‍ തകര്‍ന്നു, ജോലി നഷ്ടമായി, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് കുറയാന്‍ തുടങ്ങി. മരിയയുടെ സ്‌കൂളിന്റെ വരുമാനം കുറഞ്ഞു. നിവൃത്തിയില്ലാതെ, മരിയക്ക് സ്‌കൂള്‍ അടച്ചുപൂട്ടേണ്ടതായി വന്നു. സ്‌കൂളില്‍ ജോലി ചെയ്തവര്‍ അപ്രതീക്ഷിതമായി ജോലി നഷ്ടമായപ്പോള്‍, റിക്ഷാ ഓടിക്കാനും, ദിവസ വേതനത്തിന് ജോലിചെയ്യാനുമായി പോയിതുടങ്ങി. കുട്ടികളെ പഠിപ്പിക്കാനുള്ള മരിയയുടെ ആഗ്രഹം നടപ്പിലായില്ല.

എന്നാല്‍ എളുപ്പത്തില്‍ പിന്മാറുന്ന ഒരാളായിരുന്നില്ല മരിയ. മുന്നില്‍ ഒരു വഴിയും തെളിഞ്ഞില്ലെങ്കിലും, താന്‍ ആരംഭിച്ച കാര്യങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് അവര്‍ തീരുമാനിച്ചു. കുട്ടികളെ നാട്ടിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ചേര്‍ക്കുകയും, സ്‌കൂള്‍ ഫീസ് അടയ്ക്കാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും ചെയ്തു. എന്തെങ്കിലും സാഹസികമായ കാര്യങ്ങള്‍ ചെയ്ത അവരുടെ ഈ ആവശ്യത്തെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. 

ഇതിനായി എവറസ്റ്റ് കീഴടക്കാന്‍ മരിയ തീരുമാനിച്ചു. ഒരിക്കലും പതറാത്ത ആത്മവിശ്വാസവും, നിശ്ചയധാര്‍ഢ്യവും ഉണ്ടെങ്കില്‍ സാധിക്കാത്തതായി ഒന്നുമില്ല എന്നവര്‍ തെളിയിച്ചു. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ പോര്‍ച്ചുഗീസ് വനിതയായി അങ്ങനെ മരിയ മാറി. പക്ഷെ എവറസ്റ്റ് കയറുക എന്നത് ഒരു പുതിയ കാര്യമല്ലാത്തതുകൊണ്ടുതന്നെ അതിന് വേണ്ടത്ര ജനശ്രദ്ധ നേടാനായില്ല. എന്നാല്‍ അതുകൊണ്ടൊന്നും തോറ്റു പിന്മാറാന്‍ അവര്‍ തയ്യാറായില്ല. വിശന്നു തളര്‍ന്ന ആ കുഞ്ഞുങ്ങള്‍ തെരുവില്‍ അലയുന്നത് മരിയയുടെ മനസ്സില്‍ മിന്നിമാഞ്ഞു. അവരെ വീണ്ടും തെരുവിലേക്ക് വലിച്ചെറിയാന്‍ അവര്‍ക്കായില്ല. മരിയ, പലതും പരീക്ഷിച്ചു. ഇതിനിടയില്‍ അവര്‍ ആറ് ഗിന്നസ് റെക്കോര്‍ഡുകള്‍ നേടുകയുണ്ടായി. കുട്ടികളെ സ്‌കൂളില്‍ നിര്‍ത്താനായി പിന്നെയും അവള്‍ക്ക് പണം ആവശ്യമായി വന്നു. ഇത്തവണ ഏറ്റവും കഠിനമായ കാര്യം തന്നെ ചെയ്യാന്‍ അവര്‍ തീരുമാനിച്ചു - ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുക. ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവര്‍ക്ക് അസാധ്യം എന്ന തോന്നുന്നത് പോലും ചെയ്യാന്‍ അവര്‍ തയ്യാറായി. സ്വന്തമല്ലാഞ്ഞിട്ടുപോലും കുഞ്ഞുങ്ങളോട് അവര്‍ കാണിക്കുന്ന സ്‌നേഹം എല്ലാവരെയും അത്ഭുതപ്പെടുത്തി.

പക്ഷെ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലായിരുന്നു. തണുത്തുറഞ്ഞ വെള്ളത്തില്‍ 34 കിലോമീറ്റര്‍ നീന്തണം. അതും ജെല്ലിഫിഷിന്റെ ആക്രമണത്തെയും, എതിരെ വരുന്ന കപ്പലുകളെയും ഒഴിവാക്കികൊണ്ട് 18 മുതല്‍ 20 മണിക്കൂര്‍ വരെ തുടര്‍ച്ചയായി നീന്തുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇതിനായി വളരെ കഠിനമായി തന്നെ അവര്‍ക്ക് പരിശീലിക്കേണ്ടി വന്നു. നിരവധി മാസങ്ങളോളം, 20 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ അവര്‍ നീന്തി. ഏറ്റവും വലിയ വെല്ലുവിളിയായ തണുപ്പിനെ നേരിടാന്‍ പ്രത്യേകം പരിശീലനം നേടി. വെറ്റ് സ്യൂട്ട് പോലും ഇല്ലാതെ കുറഞ്ഞത് 18 മണിക്കൂറെങ്കിലും തണുത്ത വെള്ളത്തില്‍ അവര്‍ കഴിഞ്ഞു. അങ്ങനെ വര്‍ഷങ്ങളുടെ പരിശീലനത്തിനൊടുവില്‍ 2016 ല്‍ അവര്‍ ചാനല്‍ നീന്താന്‍ ശ്രമിച്ചു. പക്ഷേ ഏഴ് മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും നീന്തല്‍ അവസാനിപ്പിക്കേണ്ടി വന്നു അവര്‍ക്ക്. എന്നാല്‍ അവര്‍ അവരുടെ ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. ഈ വര്‍ഷം വീണ്ടും അതിനായി അവര്‍ ശ്രമിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 

ഇതിനിടയില്‍ ഒരുപാട് മാധ്യമ ശ്രദ്ധ നേടിയ മരിയ അനവധി മാരത്തോണുകളും നടത്തുകയുണ്ടായി. അവരുടെ മുന്‍കൈയിലുള്ള മരിയ ക്രിസ്റ്റീന ഫൗണ്ടേഷന്‍ യുകെയിലും, യുഎസ്എയിലും, പോര്‍ച്ചുഗലിലും രജിസ്റ്റര്‍ ചെയ്ത ഒരു ചാരിറ്റി സ്ഥാപനമാണ്. മികച്ച നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ ബംഗ്ലാദേശിലെ ചേരികളിലെ കുട്ടികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 11 വര്‍ഷമായി അവര്‍ ഇത് നടത്തുകയാണ്. ഇപ്പോള്‍ പല സര്‍വകലാശാലകളിലും അവരുടെ കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്വന്തം അമ്മമാര്‍ കുട്ടികളെ തെരുവില്‍ വലിച്ചെറിയുന്ന ഈ കാലത്തും, സ്വന്തമല്ലാത്ത ഈ കുഞ്ഞുങ്ങള്‍ക്കായി ജീവിതം പോലും ഉഴിഞ്ഞു വച്ച മരിയ എല്ലാവര്‍ക്കും ഒരു വിസ്മയമാണ്. ഇത്തരം നല്ല മനുഷ്യരാണ് ഈ ലോകത്തെ കൂടുതല്‍ സുന്ദരമാകുന്നത്.

 

മരിയയുടെ ഫൗണ്ടേഷന്റെ ഫേസ് ബുക്ക് പേജ്‌