'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

''അച്ഛാ നിക്ക് പാട്ട് കേക്കണം...'', ''ഇന്നിനി പാട്ടില്ല നീ കിടന്നുറങ്ങ്, ശകാരം അമ്മേടെയാണ്. അല്ലേലും ഈ അമ്മ ഇങ്ങനെയാ പാട്ടും പാടി തരില്ല വഴക്കാണേൽ ഇഷ്ടം പോലെ തരേം ചെയ്യും. അമ്മ പാടണ്ട നിക്ക് അച്ഛൻ പാടിത്തരൂല്ലോ... പാടച്ഛാ.... പാട്....''

ന്റെ അച്ഛൻ ന്റെ യേശുദാസ് തന്നെയാ അച്ഛൻ പാടച്ഛാ

ഹ്... മ്.... അച്ഛൻ തൊണ്ട നേരയാക്കുന്നുണ്ട്. ഇനീപ്പോ പുറകെ പാട്ടു വരും. ''ആ ദേ.. വന്നു കണിയാങ്കണ്ടി തറവാട്ടിലെ യേശുദാസ്.. അവളും അവൾടൊരു യേശുദാസച്ഛനും.'' അമ്മ വീണ്ടും ഇടങ്കോലിട്ടു തുടങ്ങി. ''ഈ അമ്മ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ.. ന്റെ അച്ഛൻ ന്റെ യേശുദാസ് തന്നെയാ അച്ഛൻ പാടച്ഛാ...''

നിശബ്ദതയെ പാട്ടിനാൽ ഇല്ലാതാക്കി അച്ഛൻ പാടിത്തുടങ്ങി, 

"വേളിക്ക് വെളുപ്പാൻ 
കാലം താലിക്ക് കുരുത്തോല.... 
കോടിക്ക് കന്നി നിലാവ് 
സിന്ദൂരത്തിന് മൂവന്തി, 
കോലോത്തെ തമ്പ്രാട്ടിക്ക് 
മനം പോലെ മംഗല്യം.. 
മനം പോലെ മംഗല്യം...

വേറെത്ര പാട്ടുണ്ടേലും എനിക്കായുള്ള  അച്ഛന്റെ പ്ലേലിസ്റ്റിൽ എപ്പോഴും ഈ പാട്ടാണ് ആദ്യം. അച്ഛൻ പാടുമ്പോ ഞാൻ നോക്കുന്നതെപ്പൊഴും അമ്മയെയായിരിക്കും. കാരണം, ആ മുഖം കാണാൻ അപ്പോ നല്ല ഭംഗിയായിരിക്കും. കണ്ണടച്ച് അമ്മയാ പാട്ട് ചെറിയ ചിരിയുമായി കേക്കുന്നത് കാണണം.. അപ്പോ കണ്ടാ മുന്നെ അച്ഛനെ യേശുദാസെന്ന് വിളിച്ച് കളിയാക്കിയ ആളാണെന്ന് പറയുകയേ ഇല്ല. 

പണ്ട് കുഞ്ഞുന്നാളിൽ പാടിത്തരുന്ന പോലെ ഈ പാട്ട് തന്നെ പാടാൻ പറയണം

അച്ഛൻ ഈ പാട്ട് പാടി നിർത്തുന്നത് ഞാൻ കേട്ടിട്ടേയില്ല.. കാരണം അതിനുമുന്നേ തന്നെ ഞാൻ ഉറങ്ങീട്ടുണ്ടാവും.. അച്ഛനേറ്റവുമിഷ്ടപ്പെട്ട ഈ പാട്ട് പോലും പാതിയേ ഞാൻ കേട്ടിട്ടുള്ളു. അച്ഛനെനിക്ക് പാടിത്തന്ന പാട്ടുകളിലേറ്റവും പ്രിയപ്പെട്ടതും എനിക്കീ പാട്ട് തന്നെയാണ്. 

ഇന്ന് വീട്ടിലേക്ക് വിളിക്കുമ്പോ ആ പഴയ യേശുദാസിനെ ഒന്നൂടൊന്ന് ഉണർത്തണം, പണ്ട് കുഞ്ഞുന്നാളിൽ പാടിത്തരുന്ന പോലെ ഈ പാട്ട് തന്നെ പാടാൻ പറയണം.. എന്നിട്ട് എല്ലാതവണയും പോലെ പാട്ട് തീരും മുൻപേ ഉറക്കത്തിലേക്ക് ഊളിയിട്ടിറങ്ങണം. എത്ര വളർന്നാലും എത്ര ദൂരത്തായാലും അച്ഛന്റെ കുഞ്ഞു കുട്ടിയായി തിരിച്ചു വരണം.

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം