Asianet News MalayalamAsianet News Malayalam

ഈശ്വരാ, ഗ്രാമര്‍!

അങ്ങനെയിരിക്കെ എന്റെ പ്രിയ കൂട്ടുകാരന്‍ ഹരി ഒരു വാര്‍ത്തയുമായിട്ടെത്തി. ട്യൂഷന്‍ സെന്ററില്‍ ഗ്രാമറിന്റെ വെക്കേഷന്‍ ക്ലാസ്സ് തുടങ്ങുന്നു. നമുക്ക് പോയാലോ ?

my teacher sheeba vilasini
Author
Thiruvananthapuram, First Published Nov 21, 2017, 8:16 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്

my teacher sheeba vilasini

നമ്മുടെ മലയാളം മീഡിയം സ്‌കൂളുകള്‍ക്ക് പൊതുവെ ഒരു കുഴപ്പമുണ്ട്. ഗ്രാമര്‍, പ്രത്യേകിച്ച് ഇംഗ്ലീഷ് ഗ്രാമര്‍ ശരിക്ക് പഠിപ്പിക്കില്ല. അതു കൊണ്ട് തന്നെ is ,was , been being .... തുടങ്ങിയ സാധനങ്ങളൊക്കെ എവിടെ കൊണ്ട് വെയ്ക്കണമെന്ന് എന്നെ പോലെയുള്ള ഗ്രാമര്‍ വിരോധികള്‍ക്ക് ഒരു ചോദ്യചിഹ്നം തന്നെയാണ്. പൊട്ടക്കണ്ണന്റെ മാവേല്‍ ഏറ് പോലെയാണ് പലപ്പോഴും ഇംഗ്ലീഷ് ഗ്രാമറിന്റെ മാര്‍ക്ക് .

ഇംഗ്ലീഷ് സെക്കന്റ് പേപ്പറാണ് ഏറെ രസം. ഒരു കഥയുടെ ഏതെങ്കിലും കുറച്ചു ഭാഗം തരും. അത് നല്ലൊരു കഥയാക്കി നാമകരണ ചടങ്ങു നടത്തി അവതരിപ്പിച്ചെടുക്കേണ്ടത് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ കടമയാണ്. വിഷയം എന്താണങ്കിലും One day എന്നോ Once upon a time എന്നോ എഴുതി തുടങ്ങും.  കഥയെഴുതി ഇരുപത്തിയെട്ടും, മാമോദീസയും വേണ്ടി വന്നാല്‍ ഉപനയനവും നടത്തും. പക്ഷെ കുഴപ്പം എന്താണന്നു വെച്ചാല്‍ കഥ നടന്നത് ഇന്നാണോ ഇന്നലയാണോ അതോ ഇനി നാളെയാണോ എന്നറിയാന്‍ കഴിയാത്ത വിധത്തില്‍ ടെന്‍സ് എല്ലാം വാരിക്കോരി ഒഴിച്ച് പരുവക്കേടാക്കിയ അവസ്ഥയിലായിരിക്കും മിക്കവരുടെയും കഥ .

പാഠഭാഗങ്ങള്‍ പഠിച്ച് മാര്‍ക്ക് വാങ്ങുന്നതു കൊണ്ട് മാത്രം തോല്‍വി അറിയാതെ മുന്നോട്ട് പോകുന്ന കാലം. ക്ലാസ്സില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് പ്രത്യേക ബാഡ്ജ് ഉണ്ട്. എങ്ങനെയെങ്കിലും ഇതൊന്ന് നേടിയെടുക്കാമെന്ന് വെച്ചാലോ, എല്ലാം ഒത്തുവന്നാലും ഇംഗ്ലീഷ് ഗ്രാമറിന്റെ നിസ്സഹകരണം കാരണം ബാഡ്ജ് വേറെ ആരുടെയെങ്കിലും നെഞ്ചത്തിരുന്ന് എന്റെ നേരെ കൊഞ്ഞനം കുത്തും .

എല്ലാ പ്രാവശ്യവും പ്രോഗ്രസ് കാര്‍ഡ് ഒപ്പിടാന്‍ എടുക്കുമ്പോള്‍ അച്ഛന്റെ ഒരു ചോദ്യമുണ്ട്.'എന്താ മോളേ ഇംഗ്ലീഷിനു മാത്രം കുറവ്?' പതിവുപോലെ തന്നെ എന്റെ മറുപടിയും എത്തും. 'എന്തു വേണമെങ്കിലും ഞാന്‍ പഠിക്കാം അച്ഛാ, ഗ്രാമര്‍ ഉള്ള ഇംഗ്ലീഷ് എനിക്ക് വേണ്ട'. എന്റെ വീട്ടുകാരാണങ്കിലോ അമ്പിളിഅമ്മാവനെ വരെ കൊണ്ടു തരാന്‍ തയാര്‍. പക്ഷെ ഗ്രാമറില്ലാത്ത ഇംഗ്ലീഷ് എവിടെ കിട്ടുമെന്ന് മാത്രം അവര്‍ക്കറിയില്ല. ഒന്നു രണ്ടു ട്യൂഷനൊക്കെ പരീക്ഷിച്ചെങ്കിലും കാര്യങ്ങളെല്ലാം തഥൈവ.

അങ്ങനെ ഒന്‍പതാം ക്ലാസ്സ് കഴിഞ്ഞ് നില്‍ക്കുന്ന സമയം. ഒരു ഗ്രാമറും വന്ന് അലോസരപ്പെടുത്താത്ത നല്ല ഒന്നാന്തരം അവധിക്കാലം.

അങ്ങനെയിരിക്കെ എന്റെ പ്രിയ കൂട്ടുകാരന്‍ ഹരി ഒരു വാര്‍ത്തയുമായിട്ടെത്തി. ട്യൂഷന്‍ സെന്ററില്‍ ഗ്രാമറിന്റെ വെക്കേഷന്‍ ക്ലാസ്സ് തുടങ്ങുന്നു. നമുക്ക് പോയാലോ ? എനിക്കാണെങ്കില്‍ യാതൊരു താല്‍പ്പര്യവും തോന്നിയില്ല. പോരാത്തതിന് ട്യൂട്ടോറിയലിന്റെ പ്രിന്‍സിപ്പാള്‍ ഗീതാസ് സര്‍ എന്റെ ആങ്ങളയുടെ ക്ലാസ്സ്‌മേറ്റും. കര്‍ത്താവും കര്‍മ്മവും ക്രിയയുമൊക്കെ തോന്നിയിടത്തു കൊണ്ടു വെച്ചാല്‍ വീട്ടില്‍ അറിയുമെന്നുള്ള കാര്യം ഉറപ്പ്. ഞാനാണെങ്കിലോ വീട്ടിലെ പഠിപ്പിസ്റ്റ് കുട്ടിയും. അതുകൊണ്ട് തന്നെ സ്വന്തം വില കളയാന്‍ ഞാന്‍ ഒരുക്കമേ അല്ലായിരുന്നു.

ഏതായാലും ഹരിയുടെ പ്രേരണ കൂടിയതോടെ ഒരു കൈ നോക്കാമെന്ന് ഞാനും തീരുമാനിച്ചു.അങ്ങനെ 'പാരഡൈസ് ഓഫ് എഡ്യൂക്കേഷന്‍' എന്ന ട്യൂഷന്‍ സെന്ററില്‍ ഗ്രാമര്‍ പരീക്ഷണത്തിനായി ഞാനും എത്തി. പതിവിനു വിപരീതമായി ഏറ്റവും പുറകിലെ ബഞ്ചില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു.

ദേ വരുന്നു; നല്ല മുണ്ടൊക്കെ ഉടുത്ത്, മുടിയൊക്കെ അലസമായി ഇട്ട് ചിരിച്ചു കൊണ്ട് ഒരു യുവ സുന്ദരന്‍

കുറച്ചു കഴിഞ്ഞപ്പോള്‍ ദേ വരുന്നു; നല്ല മുണ്ടൊക്കെ ഉടുത്ത്, മുടിയൊക്കെ അലസമായി ഇട്ട് ചിരിച്ചു കൊണ്ട് ഒരു യുവ സുന്ദരന്‍. പേര് സാലി രുദ്രന്‍. അച്ചുതണ്ടില്‍ ചരിഞ്ഞിരുന്ന് കറങ്ങുന്ന ഭൂമിയുടെ അതേ അവസ്ഥയില്‍ ഞാനും ഇടതു കൈ കൊണ്ട് മുഖവും താങ്ങി ഗ്രാമറിനു ചുറ്റും പരിക്രമണം നടത്തി കൊണ്ടിരുന്നു .വന്ന് കേറിയ പാടേ സാറിന്റെ ഓര്‍ഡര്‍, 'എല്ലാവരും ഊന്നുവടിയൊക്കെ എടുത്തു മാറ്റി തലയും മുഖവുമൊക്കെ നേരെ വെച്ച് നിവര്‍ന്നിരുന്നേ'. ശ്ശെടാ പണിയാണല്ലൊ .എന്ന് മനസ്സില്‍ പറഞ്ഞ് അച്ചുതണ്ടൊക്കെ എടുത്തു മാറ്റി ഞാനും നിവര്‍ന്നിരുന്നു.

Parts of Speech എന്ന് ബോര്‍ഡില്‍ എഴുതിയിട്ട് സാര്‍ തിരിഞ്ഞ് എന്നോടൊരു ചോദ്യം. 'ഏതൊക്കെയാണെന്നു പറയു....'.

'ഈശ്വരാ, ഈ ട്യൂഷന്‍ സെന്ററിനു തീ പിടിച്ചെങ്കില്‍' എന്ന് ഞാന്‍ ചിന്തിച്ചു പോയ നിമിഷം. നിന്നിട്ട് വലിയ കാര്യമില്ലന്നു തോന്നിയതോടെ ചോദ്യം എന്നെ വിട്ട് നേരെ നവീന്റെ അടുത്തെത്തി. അവന്‍ എഴുന്നേറ്റു നിന്ന് ചറപറാന്ന് തകര്‍ക്കുന്നു. ബാഡ്ജ് അടിച്ചിടാന്‍ നോക്കിയിട്ട് നടക്കാത്ത പ്രതികാരം എനിക്ക് നവീനോട് കിടപ്പുണ്ട്. പോരാത്തതിന് ഇപ്പോള്‍ ദേ Parts of Speechഉം. സഹിക്കുന്നതിനും ഇല്ലേ ഒരു പരിധി. ഞാന്‍ ഹരിയെ നോക്കി കണ്ണുരുട്ടി .ക്ലാസ്സ് കഴിയട്ടെടാ ദുഷ്ടാ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് എന്ന ഭാവത്തില്‍. അവനാണെങ്കിലോ ഇതൊക്കെ എന്ത് എന്ന ഭാവത്തിലുള്ള ഇരുപ്പും .

രാമനും രാവണനുമൊക്കെ കൊന്നും കൊലവിളിച്ചുമൊക്കെ ദിവസങ്ങള്‍ അങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. സാലി സാറിന്റെ സ്വതസിദ്ധവും ലളിതവുമായ അവതരണ രീതിയിലൂടെ ഗ്രാമര്‍ ഓരോ കഥാപാത്രങ്ങളെ പോലെ ഹൃദയത്തിലേയ്ക്ക് പതിയെ പ്രവേശിച്ചു തുടങ്ങി. Tense എല്ലാം അതാതു കാലത്തില്‍ തന്നെ ഉറച്ചു നിന്നു. രാവണന്‍ രാമനാല്‍ തന്നെ കൊല്ലപ്പെട്ടു .അങ്ങനെ കര്‍ത്താവും കര്‍മ്മവും ക്രിയയും എല്ലാം യഥാര്‍ത്ഥ ഇരിപ്പിടങ്ങളിലെത്തി. ഞാനും പുറകിലത്തെ ബഞ്ച് ഉപേക്ഷിച്ച് മുന്‍പിലേയ്ക്ക് മാറി. ഒരദ്ധ്യാപകന്‍ എന്തായിരിക്കണമെന്ന് സാലി സാര്‍ കാട്ടിത്തന്നു. 

ഡിഗ്രികള്‍ വാരിക്കൂട്ടുന്നതിലല്ല പഠിപ്പിക്കാന്‍ അറിയുന്നവരാണ് നല്ല അദ്ധ്യാപകര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു. സാറിന് S I സെലക്ഷന്‍ കിട്ടി പോയതായി പിന്നീടറിഞ്ഞു.  എന്നെങ്കിലും ഒന്നു കാണണം എന്ന് ആഗ്രഹിച്ചതിനിടയിലാണ് ഹൃദയം പിളര്‍ക്കുന്നതു പോലെ ആ വാര്‍ത്ത എത്തിയത്. എന്റെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ വേഷങ്ങളെല്ലാം അഴിച്ചു വെച്ച് എന്നന്നേയ്ക്കുമായി യാത്രയായി.

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

മുഹമ്മദ് കാവുന്തറ: കളവ് പഠിപ്പിച്ച ടീച്ചര്‍

 സ്വാതി ശശിധരന്‍: എന്റെ ടോട്ടോചാന്‍ കുട്ടിക്കാലം!​

റെജ്‌ന ഷനോജ്: ആ പാഠം ഇന്നും ഞാന്‍ മറന്നിട്ടില്ല!
 

Follow Us:
Download App:
  • android
  • ios