'നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി. ലബനീസ് റസ്‌റ്റോറന്റിലെ സുന്ദരനായ ആ ഇറാനിയെക്കുറിച്ച് ആമി അലവി എഴുതുന്നു

വിദൂരതയില്‍ മറഞ്ഞുപോയ ഇത്തരമൊരാള്‍ നിങ്ങളുടെ ഉള്ളിലുമില്ലേ? ഉണ്ടെങ്കില്‍, അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.


എന്നിട്ടും മറന്നില്ല, എന്റെ സ്വപ്നങ്ങള്‍ നിനക്ക് തീറെഴുതുവാന്‍.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു രാത്രിയില്‍ ദുബായിയുടെ മണ്ണിലേക്കിറങ്ങുമ്പോള്‍ ആ പേരോര്‍മിപ്പിക്കാന്‍ പറ്റിയ മുഖങ്ങളൊന്നും എന്റെ  പക്കലുണ്ടായിരുന്നില്ല. ഒഴിവുകാലത്തിന്റെ മൗനത്തിലേക്കും അലസതയിലേക്കും ആലസ്യങ്ങളിലേക്കും ചടഞ്ഞിരിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത നഗരമായിരുന്നു അത്.  

ഫെബ്രുവരിയിലെ മഞ്ഞ് വീണ രാത്രിയില്‍ ഞങ്ങള്‍ നഗരം കാണാനിറങ്ങിയതായിരുന്നു. കറക്കത്തിനൊടുവില്‍ വിശപ്പ് അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരുന്നത് കൊണ്ട് വഴിയില്‍ കണ്ട ഒരു ലെബനീസ് റസ്‌റ്റോറന്റില്‍  കയറി.

ഏറെ വലുതൊന്നുമല്ല. ഒരു ചെറിയ കട. രാത്രി ഏറെ വൈകിയിരുന്നു. അവരുടെ ജോലി  സമയമൊക്കെ കഴിഞ്ഞിരുന്നു. അവിടത്തെ ഉടമസ്ഥന്‍ ഇല്ലെന്ന് പറഞ്ഞിട്ടും  അകത്തുണ്ടായിരുന്ന ജോലിക്കാരന് ഞങ്ങളെ  വിശന്നു വിടാന്‍ സങ്കടം. അതുകൊണ്ട് അയാള്‍ ഞങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കി തരാന്‍ തയ്യാറായി.

മട്ടന്‍ കബാബ്, റൊട്ടി, മട്ടന്‍ കറി...

കൂട്ടത്തിലുള്ളവര്‍ ഉടമസ്ഥനോട് കഥ പറഞ്ഞിരിക്കുമ്പോള്‍  ഞാനയാളുടെ കൂടെ കൂടി.

നല്ല ചെമ്പന്‍ കണ്ണുകള്‍. നര കയറി തുടങ്ങിയ നീളന്‍ മുടിയും താടിയും. തക്കാളി കവിളും തെളിഞ്ഞ ചിരിയും. വിരലുകളൊക്കെ നല്ല ഭംഗി. ഭയങ്കര ഗൗരവം. ആകെയൊരു വൃത്തിക്കാരന്‍.

റൊട്ടിയുണ്ടാക്കാന്‍ എന്നെക്കൂടി പഠിപ്പിക്കാമോ എന്ന് ഞാനെന്റെ മുറി ഹിന്ദിയില്‍  ചോദിച്ചു.

നിങ്ങള്‍ മലബാറീസിന് ഇതൊക്കെ  ഇഷ്ടാണോ എന്നയാള്‍ അറബിച്ചുവയുള്ള ഇംഗ്ലീഷില്‍ മറുപടി നല്‍കി.

എനിക്കിഷ്ടമാണെന്നു ഞാന്‍ കണ്ണടച്ചു.

ഞങ്ങള്‍ കുറേ സംസാരിച്ചു. 

മാവ് കുഴച്ചു.

ചിരിച്ചു...

ഭാഷയുടെ പരിമിതി മാറി നിന്നു.

പാകിസ്താനിയുടെ ഒരു ഛായയുമില്ലല്ലോ എന്നിടയില്‍ ഞാന്‍ തൊടുത്തു. പാസ്‌പോര്‍ട്ടില്‍ മാത്രം പാകിസ്താനി ആയവര്‍ക്ക് ഛായ ഉണ്ടാകില്ല എന്നയാള്‍ ചിരിച്ചു.

ശരിക്കും അയാള്‍ ഇറാന്‍  പൗരനാണ്.

യുദ്ധകാലത്തു  അവിടത്തെ പാസ്‌പോര്ട്ട് ഉപേക്ഷിച്ചു പാകിസ്ഥാനി പാസ്‌പോര്‍ട്ട് എടുത്തതാണ്. ഇവിടെ ഒരു ഒളിച്ചുകളി താമസമാണ്. അയാള്‍ ഇറാനി ആണെന്ന് ആര്‍ക്കുമറിയില്ല. 

അയാള്‍ക്ക് ഉഗ്രന്‍ പേരായിരുന്നു. അബ്ദുള്ള ജാന്‍.

ജാനെന്നാല്‍  ജീവന്‍. ആരുടെയൊക്കെ  ജീവനാണ് എന്ന് ഞാന്‍ ചോദിച്ചു. 

മറുപടിയായി ഉമ്മയെയും സഹോദരിയെയും കുറിച്ച് പറഞ്ഞു.

അയാളുടെ വേദനകള്‍ പറഞ്ഞു.

അലച്ചലിന്റെ നാളുകള്‍ പറഞ്ഞു. 

വിദ്യഭ്യാസമുണ്ടായിട്ടും ഇവിടെ  നില്‍ക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥ പറഞ്ഞു.

കണ്ണീര്‍ ധാരയായി ഒഴുകി. 

തീര്‍ത്തും അപരിചിതയായ  എന്നോടൊരാള്‍  ഹൃദയം തുറക്കുന്നത് കണ്ട് ഞാന്‍ അന്തം വിട്ടു.

സാഹചര്യം മാറ്റാനായി മാത്രം  എന്തേ  വിവാഹിതനായില്ല  എന്ന് ചോദിച്ചു ? എന്നെയാര് കല്യാണം കഴിക്കാനാണെന്ന്  അയാള്‍ നിരാശപ്പെട്ടു.

നിങ്ങള്‍ നല്ല സുന്ദരനാണല്ലോ എന്ന് ഞാന്‍ ചിരിച്ചു.

'നീയായിരുന്നെങ്കില്‍ എന്നെ വിവാഹം ചെയ്യുമായിരുന്നോ.. ?'

എന്റെ ഉത്തരം വേദനിപ്പിക്കരുതെന്നെനിക്കു  നിര്‍ബന്ധമുണ്ടായിരുന്നു.

ഉറപ്പായും. നിങ്ങള്‍ സുന്ദരനേക്കാള്‍ ഉപരിയായി  നല്ല മനുഷ്യനാണ്.  ഞാന്‍   സംശയിക്കാതെ  മറുപടി നല്‍കി.

പിന്നീട് ഞാനയാള്‍ക്കു  മട്ടന്‍ കറി ഉണ്ടാക്കുന്ന വിധം കാണിച്ചു കൊടുത്തു.

രുചിച്ചു കൊള്ളാമെന്നു അയാള്‍ പുരികക്കൊടി ഉയര്‍ത്തി. 
  
രുചികരമായ കബാബിന്റെ മണം.സ്‌പെഷല്‍ കൂട്ടുകള്‍ പറഞ്ഞു തന്നു. പിന്നെ  സ്‌നേഹത്തോടെ അയാള്‍ ഞങ്ങള്‍ക്ക് വിളമ്പി തന്നു. ഞങ്ങള്‍ കഴിക്കുന്നത് ആസ്വദിച്ചു കണ്ടു നിന്നു. ഉഗ്രന്‍  എന്ന് ഞാനയാള്‍ക്കു കൈ കൊടുത്തു.

സത്യത്തില്‍ എനിക്ക് അപരിചിതരെ  പേടിയായിരുന്നു.

ആകാര രൂപം,  ഗൗരവം  ഒക്കെയുള്ളവരെ പറയുകയും വേണ്ട. 

പക്ഷേ ചില മനുഷ്യരുണ്ടല്ലോ ഇടപെടലുകള്‍ കൊണ്ട് നമ്മുടെ ഉള്ള് കീഴടക്കി കളയും.

ഗൗരവകരമായ ലോകചര്‍ച്ചകള്‍ അപ്പുറത്ത്  നടക്കുമ്പോള്‍  ഞങ്ങള്‍ രണ്ടു മനുഷ്യര്‍ നിലാവിലിരുന്നു കഥകള്‍ പറഞ്ഞു.

മരുഭൂമിയിലെ നിലാവ് തീര്‍ച്ചയായും പ്രണയമയമാണ്. 

ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി ചിരിച്ചു കൊണ്ട് കുറേ നേരമിരുന്നു.

പിന്നെ അബ്ദുള്ള  സംസാരിക്കാന്‍ തുടങ്ങി. 

ഇടയിലൊരു  പാട്ട് മൂളി.

ആദ്യമായാണ്  അറബിയില്‍  ഞാനൊരു പാട്ട് കേള്‍ക്കുന്നത്.

മധുരമായ  ആ ഗാനമൊരു പ്രണയഗീതമാവുമെന്ന്  അബ്ദുള്ളയുടെ ഭാവങ്ങളില്‍ നിന്നും  ഞാനൂഹിച്ചു. 

അറബിപ്പാട്ടുകളാണ്  ലോകത്തിലെ വന്യമായ പ്രണയഗീതമെന്ന്  അന്നേരമെനിക്ക് തോന്നി.

അല്ലെങ്കിലും  വന്യതയിലേ മധുരമുള്ളതു വിളയൂ. 

നേരം പുലരുന്നത് വരെ  ഞങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. 

അയാളുടെ  നാടിനെ പറ്റി, യുദ്ധങ്ങളെ പറ്റി, ഉത്കണ്ഠകളെ പറ്റി, പൊലിയുന്ന ജീവനുകളെ പറ്റി.


മേല്‍വിലാസമില്ലാത്ത ഇനിയെവിടെക്കും പോകാനാവാത്ത നിസ്സഹായതയെയും, സഞ്ചരിച്ച പാതകളിലെ  കാല്‍പ്പാടുകളെയും  ഉറ്റവരെയും ഓര്‍മ്മയില്‍ നിന്നുകൂടി  നിര്‍ബന്ധമായി  പടിയിറക്കേണ്ടി വന്നവന്റെ  തേങ്ങലിനേയും  ഞാനാ രാത്രി ചേര്‍ത്തു പിടിച്ചു. 

അല്‍പ്പനേരത്തേക്കെങ്കിലും  അതിനെ മായ്ച്ചു കളയാവുന്നൊരു  പുഞ്ചിരി സമ്മാനിച്ചു.

അല്ലെങ്കിലും ചിരി  ഹൃദ്യമാകുന്നത്  അത് ഹൃദയത്തില്‍ നിന്നും ആകുമ്പോഴാണ്. ഹൃദയചഷകത്തില്‍ നിന്നുള്ളതേ രുചികരമാകൂ എന്നു പറഞ്ഞതാരാണ? 

എന്റെ ജീവിതത്തിലെ സുന്ദരകരമായ രാത്രികളിലൊന്ന് തീര്‍ച്ചയായും അതായിരുന്നു.

ഉറങ്ങാന്‍ നേരം ഹോട്ടല്‍ ഉടമസ്ഥന്‍ ഞാന്‍ സൈക്കോളജിസ്‌റ് ആണോ എന്നന്വേഷിച്ചു. അഞ്ച് വര്‍ഷങ്ങളായി അവിടെ ജോലി ചെയ്തിട്ടും ആരോടും ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത അബ്ദുള്ള  ജാന്‍ എന്നോട് സംസാരിക്കുന്നത് കണ്ടിട്ടാണ് അയാള്‍ക്ക് സംശയം തോന്നിയത്.

എന്ത്  ചോദിച്ചാലും  ഉത്തരം  ചിരിയിലൊതുക്കും. പ്രവാസം  അയാളെ ഒരുതരത്തില്‍ ബധിരനും മൂകനുമാക്കിയിരുന്നു.

എന്നിട്ടുമെന്തുകൊണ്ടാണ്  എന്നെ കണ്ട മാത്രയില്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയതെന്ന് എനിക്കറിയില്ല. 

പോരാന്‍ നേരം ഇനി കാണാന്‍ ഇടയില്ലല്ലോ എന്നയാള്‍  സങ്കടപ്പെട്ടു. 

നിനക്ക് ഹൃദയത്തിലേക്ക് നോക്കുന്ന കണ്ണുകളുണ്ടെന്ന് അഭിനന്ദിച്ചു.

മറക്കില്ലെന്നും  നെഞ്ചില്‍  തൊട്ടു കാട്ടി ഇവിടെ  ഉണ്ടാവുമെന്നും  അയാള്‍ കണ്ണു നിറച്ചു.

എന്നെ ഓര്‍ക്കുമ്പോഴൊക്ക  മട്ടന്‍ കറി ഉണ്ടാക്കിക്കോളൂ എന്ന് ഞാന്‍ ചിരിച്ചു. 

എനിക്ക് പറയാനുള്ളതൊന്നും പറയാന്‍ കഴിഞ്ഞില്ല. അബ്ദുള്ള കേള്‍ക്കാന്‍ ആഗ്രഹിച്ചതൊന്നും കേള്‍ക്കാനും. എങ്കിലും രണ്ടു മനുഷ്യര്‍ക്ക് പറയാനുള്ളതും കേള്‍ക്കാന്‍ കൊതിച്ചതുമായ എല്ലാം ആ നിമിഷങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. 

അപൂര്‍വമായി കിട്ടിയ  പരിഗണനകളില്‍ ഒന്നായിരുന്നതുകൊണ്ട് അയാളെ ഞാനും മറക്കില്ലെന്ന് എന്റെ  കണ്ണുകള്‍  പറഞ്ഞു കാണണം. 

റൊട്ടി കാണുമ്പോള്‍ ഒക്കെ ഒരുകാരണവുമില്ലാതെ എനിക്കിപ്പോളും  നിന്നെ  ഓര്‍മ്മവരാറുണ്ട് . 

അന്നത്തെ രാത്രി. നമ്മുടെ ചിരി.

ഓര്‍മ്മകളില്‍ നിന്നു നമ്മള്‍ പലതും തുടച്ചു നീക്കാറുണ്ട്.

അങ്ങിനെ എനിക്കൊരിക്കലും തുടച്ചു നീക്കാന്‍ കഴിയാതിരുന്ന അബ്ദുള്ള ജാന്‍!

ഒരുപക്ഷേ നീ  നാട്ടിലേക്ക്  മടങ്ങി പോയിട്ടുണ്ടാവും. ഒരു കുടുംബമുണ്ടാക്കി  സുഖമായി  ജീവിക്കുന്നുണ്ടാവും.

അല്ലെങ്കില്‍  നിന്റെ  നാട്ടിലെ യുദ്ധങ്ങളില്‍ നീ മരണപ്പെട്ടിട്ടുണ്ടാവും.

അങ്ങിനെ ആലോചിക്കുമ്പോള്‍   മുമ്പ് വായിച്ചൊരു കവിത ഓര്‍മ്മ വരുന്നു. 


'നീ മരിച്ചാല്‍  ആ വിവരം  ഞാനറിയണമെന്നില്ല
അറിഞ്ഞാല്‍ തന്നേ ദൂരെയുള്ള നിന്റെ വീട്ടിലെത്തണമെന്നില്ല
എത്തിയാല്‍ നിന്നെയൊന്ന് തൊടാന്‍ കഴിയണമെന്നില്ല
ഒന്ന് തൊട്ടാല്‍ തന്നേ പൊട്ടിക്കരയാന്‍ പറ്റണമെന്നില്ല
കരഞ്ഞാല്‍ തന്നേ ഒരാള്‍ക്കുമത്

മനസ്സിലാകണമെന്നില്ല
നീ മരിച്ചാല്‍ ഞാനെന്തിന് വരണം ?
എനിക്ക്  നീ മരിക്കുന്നില്ലല്ലോ.  '

പ്രിയപ്പെട്ട  അബ്ദുള്ളാ.

എനിക്കും നീ മരിക്കുകയില്ല. 

അറിയാമോ, ഞാന്‍ ശുഭ പ്രതീക്ഷകളുടെ രാജകുമാരിയാണ്. 

അതുകൊണ്ടുതന്നെ കാലമേറെ കഴിഞ്ഞിട്ടും ഗൃഹാതുരതയോടെ ഞാനാദിനം ഓര്ക്കാറുണ്ട്. 

നിങ്ങളുടെ ചിരിയുള്ള  മുഖം  എന്റെയുള്ളില്‍ ഇപ്പോഴുമുണ്ട്. 

ദുബായിലെ  ആ ഇടുങ്ങിയ തെരുവ്  ഏതാണെന്ന് എനിക്കിപ്പോളറിയില്ല. 

എങ്കിലും   ഓരോ  തെരുവിലും  ഞാന്‍ നിന്റെ സൗമ്യ മുഖം തേടി  അലഞ്ഞിട്ടുണ്ട്. 

ദുബായിലെ മഴയും മഞ്ഞും വെയിലും ഞാന്‍ കണ്ടു.

ഒരുപാട് മനുഷ്യരെ കണ്ടു. 

എന്നിട്ടും നിന്നെമാത്രം കണ്ടെത്താനായില്ല.

ഒരിക്കല്‍ കൂടി  അകലെ നിന്നെങ്കിലും എനിക്കാമുഖമൊന്ന് കാണണം. 

വെറുതേ വെറുതേ... 

അബ്ദുള്ളാ...

നമ്മളിനി കണ്ടുമുട്ടിയാല്‍ എരിയുന്ന നെരിപ്പോടിനു അരികിലിരുന്നു ഒരിക്കല്‍ കൂടി   നിന്നെ ഞാന്‍ പാടിപ്പിക്കും.

നമ്മള്‍ ഒരുമിച്ചു ഭക്ഷണമുണ്ടാക്കും.

ഒരേ പാത്രത്തില്‍ ഒരുമിച്ചുണ്ണുമ്പോള്‍ നമ്മുടെ  കണ്ണുകള്‍ തമ്മിലിടയും. 
  
അവിശ്വസനീയമായൊരു കാത്തിരിപ്പിന്റെ കഥ അന്നേരം ഞാന്‍ നിനക്ക് പറഞ്ഞു തരും. 

എന്തുകൊണ്ടെന്നാല്‍, ഒരിക്കല്‍, ഒരൊറ്റ ദിനം, എരിവും മധുരവുമുള്ള നിങ്ങളുടെ സ്‌നേഹം ഞാനറിഞ്ഞതാണ്. 

അബ്ദുള്ളാ, ആദമിന്റെ  തലമുറ തന്നെയാണ് നമ്മളും. ഭാഷയും ദേശവും  തമ്മിലുള്ള  അകലത്തെ കാലവും മനസ്സും  താണ്ടുമെന്ന് കരുതട്ടെ. കാത്തിരിപ്പിനത് ഒരിക്കലും  തടസ്സമല്ല. 

ഓര്‍മ്മയില്‍ നിന്നും പറിഞ്ഞു പോകാത്തവനേ...

നിന്നെ ഞാനറിയുന്നു. എന്നെപ്പോലെ! 

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​