Asianet News MalayalamAsianet News Malayalam

എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

Nee Evideyaanu Abhyuth A
Author
Thiruvananthapuram, First Published Jul 14, 2017, 7:04 PM IST

Nee Evideyaanu Abhyuth A

തണുത്തുറഞ്ഞ സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷണറിന്റെ താഴെ, സൂര്യന് മേലെയും  താഴെയും  എന്ത് ചോദിച്ചാലും എടുത്തുകാട്ടുന്ന ഗൂഗിള്‍ വിരല്‍ത്തുമ്പത്തുണ്ടായിട്ടും, ഫേസ് ബുക്കിലോ ലിങ്ക്ഡിനിലോ  ഒന്ന് പേരടച്ചു തിരഞ്ഞാല്‍  ഒരു പക്ഷെ മുഖം  തെളിഞ്ഞു  വന്നേക്കും എന്നറിഞ്ഞിട്ടും, ഓര്‍മകളുടെ ചാര  നിറമുള്ള തിരശീല  വലിച്ചിട്ടു അതിനു പിന്നില്‍ അവനെ  നിര്‍ത്താന്‍ മാത്രമേ  ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ. വീണ്ടും തിരഞ്ഞു  ചെല്ലുമ്പോള്‍ അതൊരു  ബുദ്ധിമുട്ടായി തോന്നിയാലോ  എന്നൊരു വെറും ഈഗോ  വീണു മൂടി കിടക്കുന്ന തോന്നലിന്റെ പേരില്‍, ഓര്‍ത്തിട്ടും  മറന്നു പോയൊരു  സുഹൃത്ത്.

രാജ്യാന്തര കുത്തകപ്പണിയിലെ ആദ്യത്തെ ദിവസം, ശ്വാസം വിടാതെ 'കട്ട' ഫോര്‍മലായി കഴുത്തിലെ കോണക വാലിന്റെ മെഷര്‍മെന്റ് ശരിയാക്കി നില്‍ക്കുമ്പോഴാണ്  അവനെ ആദ്യമായിട്ട് കാണുന്നത്. 

'ഉന്നൈ മുമ്പ് പാതിര്‌ക്കെ?' എന്നൊരു മെനകെട്ട തമിഴ് മലയാളം ബ്ലെണ്ടും പറഞ്ഞാണ്  കേറി വന്നത്. കൈ  കൊടുത്ത. ചായയും കുടിച്ചു. അപരിചിതത്വം  അരക്കെട്ടുറപ്പിച്ചു പിരിഞ്ഞപ്പോള്‍  ആ വലിയ കണ്ണാടി കൂടാരത്തില്‍ അവനെ ഇനി  കാണില്ല എന്നാണ്  വിചാരിച്ചത്! പക്ഷെ  വീണ്ടും കണ്ടു. സ്വന്തമായി ഒരു കാര്‍ വാങ്ങണം എന്ന ജീവിതാഭിലാഷവുമായി നടക്കുന്ന ഒരു പാവം  മധുരക്കാരന്‍ പയ്യന്‍!

അവന്‍ പ്രഖ്യാപിച്ചു: 'ഒരു മലയാളി പൊണ്ണെ ടെറിബിളാ ലവ് പണ്ണി കല്യാണം പണ്ണീക്കണം' 

അവന്‍ എന്നെ  അവന്റെ ഒരു  വല്യ  സുഹൃത്തായി കണ്ടു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. രണ്ടു മൂന്നു കൂടിക്കാഴ്ചകള്‍  കൊണ്ട് ഞാന്‍ അവന്റെ 'മച്ചാന്‍ ' ആയി. എന്റെ തമിഴ് ടീച്ചറായി.

ഒരു ഞായറാഴ്ച കാലത്ത്, ശീലക്കേടിന്റെ സുകൃതം കൊണ്ട് എട്ടു മണിക്ക് എഴുന്നേറ്റ് വീടിന്റെ മുന്നിലിരുന്നു മാതൃഭൂമി മാന്തുമ്പോഴാണ് ഗേറ്റിനുമുകളില്‍  വെളുക്കെ ചിരിച്ച്  ആശാന്‍ പ്രത്യക്ഷപ്പെട്ടത്. 

'ഡേയ് , മ്യൂസിയം പോലാമാടാ?'

അതൊരു തലവേദനയായി. എങ്കിലും നല്ല സ്വഭാവത്തിന്റെ കൂടുതല്‍ കൊണ്ട് തനിച്ചു നടന്നിരുന്ന എനിക്ക് ഏക കൂട്ടായിരുന്നു അവന്‍.അവന് എന്ത് കണ്ടാലും അത്ഭുതമാണ്!  എന്റെ  വെടി വെട്ടം  കേട്ട് കണ്ണ്  മിഴിച്ചിരിക്കുന്നവനെ കണ്ടു  സഹതപിക്കാനേ എനിക്ക്  കഴിഞ്ഞിരുന്നുള്ളൂ.

ഇരുട്ടു മുറുകുന്ന ഒരു  ശുഭസായാഹ്നത്തില്‍ ശംഖുമുഖത്തു മീന്‍ മണമുള്ള കാറ്റേറ്റ്  ഇരുന്നപ്പോള്‍  അവന്‍ പ്രഖ്യാപിച്ചു: 'ഒരു മലയാളി പൊണ്ണെ ടെറിബിളാ ലവ് പണ്ണി കല്യാണം പണ്ണീക്കണം' 

(എന്റെ തല മണ്ണില്‍ കുത്തണം)

പിന്നീടങ്ങോട്ട് അതായി ജോലി. ഓഫീസില്‍ കണ്ടതും റോഡില്‍ കണ്ടതുമായ എല്ലാ സ്‌ത്രൈണ സൗന്ദര്യത്തെയും പ്രഥമദൃഷ്ട്യാ ഇഷ്ടപ്പെട്ട്, എങ്ങനെ അവരെ പ്രണയിപ്പിച്ചെച്ചെടുക്കാം എന്ന് വേവലാതിപ്പെട്ട്, അടുത്ത പെണ്ണിനെകാണുമ്പൊ ആദ്യത്തതിനെ വിട്ട്, ആകെ  ബഹളം!

മൊത്തത്തില്‍ ജയലക്ഷ്മിയില്‍ സാരിയെടുക്കാന്‍ പോകുന്ന പെണ്ണുങ്ങള്‍ അനുഭവിക്കുന്ന ഒരു തരം 'സ്ഥല ജല വിഭ്രമം'! 

മുതലെടുപ്പിന്റെ  സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ആയ എനിക്ക്  ആശാന്‍ ഒരു എ ടി  എം മെഷീന്‍ ആയി മാറിയത് ഈ കാലഘട്ടത്തിലാണ്. 

മൊബൈല്‍ പിന്നീട് ഓഫായിരുന്നു. മറ്റു നമ്പരൊന്നും വാങ്ങി വെച്ചതും ഇല്ല.

നനഞ്ഞ മണ്ണ് കുഴിക്കുന്നതു സാരമില്ലെന്ന് വെക്കാം, ഞാന്‍ ബോര്‍ വെല്‍ കുത്തുമെന്നായപ്പോള്‍  അവന്‍ പറഞ്ഞു: 'ഇതെല്ലം സെരി വരാത്  മച്ചാ. അമ്മാ  എന്നാ സോള്‍രാറോ അതയേ സെയ്‌വോം'.

(അങ്ങനെ  അത് തീരുമാനം  ആയി എന്നോടാ  കളി!)

ഒരിക്കല്‍  മധുരയ്ക്ക് പോകാന്‍  രണ്ടു ടിക്കറ്റും കൊണ്ട് വന്നു. ഒന്ന് എനിക്കാണ്.

'ഒന്ന് പോടപ്പാ, നാട്ടില് നൂറു പണിയുള്ളപ്പഴാണ്'. ഞാന്‍  ഒഴിവാക്കാന്‍ നോക്കി. പക്ഷെ  വിടുന്ന മട്ടില്ല. പിടിച്ച പിടിയാലേ എന്നെ അവന്‍ അടുത്ത ദിവസം  വൈകുന്നേരത്തെ ബസ്സില്‍  കയറ്റി  ഇരുത്തി. പക്ഷെ ആ യാത്ര പോയിരുന്നില്ലെങ്കില്‍ വലിയ നഷ്ടമായേനെ എന്ന് പിന്നീടുള്ള   ദിവസങ്ങളില്‍  എനിക്ക് തോന്നി. അവന്റെ  വീട്ടില്‍ എനിക്ക് രാജകീയ വരവേല്‍പ്പ്. 

നല്ല വാക്ക് മാത്രം പറയുന്ന മനുഷ്യര്‍. 

എപ്പോഴും ചിരിച്ചു മാത്രം  സംസാരിക്കുന്നവര്‍.  

എന്നെ അവനു ഇല്ലാത്ത പോയ ഒരു കൂടപ്പിറപ്പെന്ന  പോലെ അവര്‍ കാണുന്നുണ്ടെന്നു തോന്നി.

 എനിക്ക്  എന്നോട് തന്നെ കുറെയേറെ പുച്ഛം തോന്നി. ഒരു നല്ല  ചങ്ങാതി ആണെന്ന് പോലും ഞാന്‍ അവനെ കണ്ടിരുന്നെന്ന് തോന്നിയിട്ടില്ല.

തിരികെ  വന്നത് ഞാന്‍ മാത്രമായിരുന്നു. അടുത്ത രണ്ടു  ദിവസം ആ വലിയ ഓഫീസിലെ സ്ഫടികച്ചില്ലുകള്‍ വളരെ തണുത്തതായും മൊത്തത്തില്‍ ഒരു മൗനം ഘനീഭവിച്ചു  നിന്നതായും എനിക്ക് തോന്നിയിരുന്നു. അവന്‍ ഒരു പക്ഷെ എന്റെ ഉറ്റ സുഹൃത്തായി  മാറുന്നുണ്ടന്നും എനിക്ക് തോന്നിപ്പോയി ..

അവന്‍  വീണ്ടും വന്നു. അവന് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാറ് വേണമായിരുന്നു. ഞങ്ങള്‍ പലയിടത്തും പോയി നോക്കി. ഒന്നും അങ്ങനെ ഇഷ്ടപ്പെട്ടില്ല.

അങ്ങനെ ഇരിക്കെ, ഒരു  ദിവസം രാത്രി അവന്‍ എന്നെ കാണാന്‍ വന്നു. ഒരു വലിയ ഭാണ്ഡ കെട്ടും കൈയ്യിലുണ്ടായിരുന്നു. മുഖമാകെ മ്ലാനം.

'ഡേയ്, അന്ത പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കൊഞ്ചം വിട്ടിട് ഊരുക്ക്  പൊറെ'.

'എന്ത് പറ്റി ?'

'അപ്പാവുക്കു ഉടമ്പു സെറിയില്ലായ .. '

'ബാലാ..എപ്പോഴാ തിരിച്ചു ?'

'തെരിയാത് ഡാ, ലോങ് ലീവ്! '

ബസ്സില്‍ കേറിയപ്പോ പറഞ്ഞു , നല്ല കാര്‍ വല്ലോം കണ്ടാല്‍ നോക്കി വെയ്ക്കൂ, വന്നിട്ട് വാങ്ങാമെന്ന്. 

പിന്നെ, മധുരയില്‍ നിന്നും വിളിച്ചു. അച്ഛന് കൂടുതലാണ്. ചെന്നൈയില്‍ കൊണ്ട് പോകണം.

ചെന്നൈ  പോയിട്ട് തിരിച്ചു  വിളിക്കാമെന്ന്. 

പിന്നീട് അവന്‍ വിളിച്ചില്ല!

മൊബൈല്‍ പിന്നീട് ഓഫായിരുന്നു. മറ്റു നമ്പരൊന്നും വാങ്ങി വെച്ചതും ഇല്ല. ഒരിക്കല്‍ ഓഫീസില്‍  ചോദിച്ചപ്പോള്‍  അറിഞ്ഞു. രാജി കൊടുത്തുവെന്ന്. 

എന്ത് പറ്റി?.. എവിടെ പോയി ..?

തമിഴ് നാട്ടിലുള്ള ഒരു  സുഹൃത്ത്  വഴി അന്വേഷിച്ചപ്പോള്‍ , വേറെ  ഏതോ കമ്പനിയില്‍ ഓണ്‍ സൈറ്റിലാണെന്നാണ് അറിഞ്ഞത്. ഒന്ന്  അറിയിക്കാതിരിക്കാന്‍ മാത്രം , എന്ത് സംഭവിച്ചു? .ഇന്നും അറിയില്ല. 

നാളുകള്‍ നീണ്ടപ്പോള്‍ വേണമെങ്കില്‍ ഇങ്ങോട്ടു വിളിക്കട്ടെ  എന്നൊരു  ഈഗോ വളര്‍ന്നു തുടങ്ങി. പിന്നീട് മന:പൂര്‍വം മറന്നു  തുടങ്ങി. ഇപ്പോള്‍ വര്‍ഷങ്ങളായി, തിരഞ്ഞു പോയാല്‍ ഒരു പക്ഷെ  കണ്ടേക്കും. എന്നിരുന്നാലും അവന്റെ ഒരു കറുത്ത മൗനം  പോലും എന്നെ വല്ലാതെ  വേദനിപ്പിക്കുമോ എന്നൊരു  ഭയം. അവനിലേക്കും മറ്റെന്തെല്ലാം വന്നു ചേര്‍ന്നിട്ടുണ്ടാകും?

അവന്‍ തേടി നടന്നതെല്ലാം. ഒരു പക്ഷെ അതില്‍ കൂടുതല്‍.  ഞാനും മാറിയിട്ടുണ്ടാകും, ഒരുപാട് ..

ഒഴുകിപ്പോയൊരു നദി പോലെ, ഒരു  സൗഹൃദം. അതിന്റെ ശേഷിപ്പുകള്‍ ഇരു കരകളിലും കാണും.  

എങ്കിലും ചിലപ്പോ  കട്ട ഫോര്‍മലായി നില്‍ക്കുമ്പോള്‍ ഓര്‍ക്കും ആ വാചകം. 'ഉന്നൈ മുമ്പ് പാതിര്‌ക്കെ'

Follow Us:
Download App:
  • android
  • ios