ഒരിക്കൽ കറാച്ചിയിൽ നിന്നും ദില്ലിയിലേക്ക് പറന്നുയർന്ന പി ഐ എ വിമാനം പാതി ദൂരമെത്തിയപ്പോഴാണ് വിമാനത്തിൽ സുപ്രസിദ്ധ ഗസൽ ഗായകൻ  ജഗ്‌ജിത് സിങ്ങുമുണ്ടെന്ന് കാബിൻ ക്രൂ  തിരിച്ചറിയുന്നത്. അവർ അദ്ദേഹത്തോട് അവരുടെ പ്രിയപ്പെട്ട  ഗസലുകളിൽ ചിലത് പാടാൻ അപേക്ഷിച്ചു. അദ്ദേഹം ഒരു മടിയും കൂടാതെ ആ അഭ്യർത്ഥന സ്വീകരിച്ച് പാടിത്തുടങ്ങി. പാട്ടിൽ ലയിച്ചിരുന്നുപോയ കാബിൻ ക്രൂ വിമാനം  ദില്ലി വിമാനത്താവളത്തിന് മുകളിലെത്തിയിട്ടും ലാൻഡ് ചെയ്യാൻ  തയ്യാറായില്ല.അവർ കൺട്രോൾ ടവറിനെ വിവരമറിയിച്ചശേഷം, അദ്ദേഹം തന്റെ ആലാപനം മുഴുമിക്കും വരെ  വിമാനത്താവളത്തിന് ചുറ്റും ആകാശത്ത്  വട്ടമിട്ട്  പറന്നുകൊണ്ടിരുന്നു. 

ജഗ്‌ജിത് സിംഗിന്റെ ആലാപനം കേട്ടുതുടങ്ങിയാൽ എങ്ങുനിന്നെന്നറിയാതെ ഒരു ശാന്തത വന്നു നിറയുകയാണ് പിന്നെ  മുറിക്കുള്ളിൽ

പാക്കിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലും ജഗ്‌ജിത് സിങ്ങിന് നിരവധി ആരാധകരുണ്ട്. പ്രത്യേകിച്ചും പഴയതലമുറക്കാർ. ജഗ്‌ജിത് സിംഗിന്റെ ആലാപനം കേട്ടുതുടങ്ങിയാൽ എങ്ങുനിന്നെന്നറിയാതെ ഒരു ശാന്തത വന്നു നിറയുകയാണ് പിന്നെ മുറിക്കുള്ളിൽ.കണ്ണടച്ച് ആ വരികൾക്കൊത്ത് ചുണ്ടനക്കുന്ന ഒരുപാടുപേരെ നമുക്ക്  കാണാനാവും.  ഇന്ന് ജഗ്‌ജിത് സിങ്ങിന്റെ ജന്മദിനമാണ്. 

ഉർദു ഗസൽ ആലാപനം പൊതുവെ പാക്കിസ്ഥാനികളുടെ  കുത്തകയാണ്. വിരലിലെണ്ണാവുന്ന ഇന്ത്യക്കാർ മാത്രമേ ഗസലിൽ പ്രസിദ്ധി നേടിയിട്ടുള്ളൂ. പാക്കിസ്ഥാനികളായ മെഹ്‌ദിയും ഗുലാം അലിയും ബീഗം അക്തറും ഇക്‌ബാൽ ബാനോവും ഫരീദാ ഖാനവുമൊക്കെ അടക്കിവാഴുന്ന ഗസൽ രംഗത്ത് ഇന്ത്യക്ക് അഭിമാനപൂർവം ഉയർത്തിപ്പിടിക്കാവുന്ന ഒരു പേരാണ് ജഗ്‌ജിത്തിന്റെത്. ദശാബ്ദങ്ങളായി നമ്മൾ മനസ്സിലെങ്കിലും മൂളിക്കൊണ്ടിരിക്കുന്ന നിരവധി അനശ്വരമായ ഗസലുകൾക്ക് ശബ്ദം പകർന്നിരിക്കുന്നത് ജഗ്‌ജിത് സിങ്ങാണ്.   

1948  ഫെബ്രുവരി 8-ന് രാജസ്ഥാനിലെ ശ്രീഗംഗാ നഗറിലായിരുന്നു. ജഗ്‌ജിത് സിങ്ങിന്റെ  ജനനം. ഗംഗാനഗറിലെ ഖൽസാ സ്‌കൂളിലും പിന്നീട് ജലന്ധറിലെ  DAV കോളേജിലുമായി പഠനം പൂർത്തിയാക്കിയ ജഗ്‌ജിത്, സേനിയാ ഖരാനയിലെ ഉസ്താദ് ഛഗൻലാൽ സിങ്ങിൽ നിന്നും പിന്നീട് ഉസ്താദ് ജമാൽ ഖാനിൽ നിന്നുമായി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. അദ്ദേഹം അക്കാലത്ത് ഖയാൽ, ദ്രുപദ്, ഢും‌‌രി തുടങ്ങിയ ഹിന്ദുസ്ഥാനി ശൈലികളിലെല്ലാം പ്രാവീണ്യം നേടി. ഇന്നത്തെപ്പോലെ പാട്ടുകൊണ്ട് ഉദരപൂരണം നടത്താവുന്ന അവസ്ഥയൊന്നും അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് വീട്ടുകാരിൽ നിന്നും ഒരു സർക്കാർ ജോലി നേടാനുള്ള തുടർച്ചയായ സമ്മർദ്ദം നേരിടുന്നുണ്ടായിരുന്നു ജഗ്‌ജിത്. എന്നാൽ സംഗീതത്തെ ഉപജീവനമാക്കാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം. 

വീട്ടിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾ അതിരുവിട്ടപ്പോൾ അദ്ദേഹം 1965 മാർച്ചിൽ ബോംബെ നഗരത്തിലേക്ക് പുറപ്പെട്ടുപോയി. അന്ന് ബോംബെയിൽ ബോളിവുഡ് സിനിമകൾ ധാരാളമായി  പുറത്തിറങ്ങിയിരുന്ന കാലമായതിനാൽ  ജഗ്‌ജിതിന് വെറുതെയിരിക്കേണ്ടി  വന്നില്ല. ആദ്യമാദ്യം പരസ്യ ചിത്രങ്ങൾക്ക് പിന്നണി പെടേണ്ടി വന്നെങ്കിലും താമസിയാതെ ചലച്ചിത്രങ്ങൾക്ക് പിന്നണി പാടാനുള്ള അവസരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അങ്ങനെ ബോംബെയിൽ തട്ടിമുട്ടി ജീവിച്ചുകൊണ്ടിരിക്കെയാണ് 1969-ൽ അദ്ദേഹം ബംഗാളി പാട്ടുകാരിയായി ചിത്രാ ദത്തയെ പരിചയപ്പെടുന്നത്. അവർ തമ്മിൽ താമസിയാതെ അടുപ്പത്തിലായി. 69-ൽ ചിത്ര ആദ്യബന്ധത്തിൽ നിന്നും മോചനം നേടിയ ശേഷം ഡിസംബറിൽ അവർ തമ്മിൽ വിവാഹിതരായി. 

അവരൊന്നിച്ച് പല പാട്ടുകളും പാടി. ആ വിവാഹിത ജോഡികളുടെ പാട്ട് എല്ലാവർക്കും ഇഷ്ടമായിരുന്നു എങ്കിലും അവർ ആദ്യമായി ഒരു ആൽബം പുറത്തിറക്കാൻ പിന്നെയും ആറുവർഷം കഴിയേണ്ടി വന്നു. 1976-ലാണ്  അവരൊന്നിച്ചുള്ള ആദ്യ ആൽബമായ ' ദി അൺഫൊർഗെറ്റബിൾ ' റിലീസ് ചെയ്lതത്. അതോടെ ഇരുവരും പ്രശസ്തിയുടെ കൊടുമുടിയിലെത്തി. വൻ വിജയമായിരുന്നു ആ ആൽബം. അതിലെ 'ബാത്ത് നിക്‌ലേഗി തോ ദൂര്‍ തക്  ജായേഗി..'  എന്ന ഗസൽ ഏറെ ജനപ്രിയമായി. പിന്നീടും നിരവധി ആൽബങ്ങൾ  ഇറങ്ങി.വർഷത്തിൽ ഒരു ആൽബം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു രീതി. തന്റെ പാട്ടുകൾക്കായി ആസ്വാദകർ കാത്തിരിക്കണം എന്നദ്ദേഹം  കരുതിയിരുന്നു. അദ്ദേഹം പാടിയ ഹോപ്പ്, ഇൻ സെർച്ച്, ഇൻസൈറ്റ്, മിറാഷ്, വിഷൻസ്, കെഹ്കഷാൻ, ലവ് ഈസ് ബ്ലൈൻഡ്, ചിരാഗ്, എന്നിവയുടെ കോപ്പികൾ നിരവധി വിറ്റഴിഞ്ഞു. ലതാ മങ്കേഷ്‌കറുമൊത്ത് റെക്കോർഡ് ചെയ്ത സജ്‌ദാ എന്ന ആൽബം റെക്കോർഡിട്ട  ഒന്നാണ്. ഇക്കൂട്ടത്തിൽ എൺപതുകളിൽ സുദർശൻ ഫക്കീറിന്റെ ഗസലുകളുടെ 'ദി ലേറ്റസ്റ്റ്' എന്ന ആൽബത്തിൽ വന്ന ' വോ കാഗസ് കി കശ്തീ, വോ ബാരിഷ് കാ പാനീ..' എന്ന ഗസൽ വൻഹിറ്റായി മാറി. നിരവധി ഡിവോഷണൽ ആൽബങ്ങളും ജഗ്‌ജിത്തിന്റെ സ്വരത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 

1981 ലെ പ്രേം ഗീത് എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം പാടിയ ' ഹോഠോം സെ ഛൂലോ തും' എന്ന ഗസൽ അദ്ദേഹത്തിന് സിനിമയിൽ  മികച്ച ഒരു ബ്രേക്കാണ് നൽകിയത്. തുടർന്ന് അദ്ദേഹം പാടിയ അർഥ് എന്ന സിനിമയിലെ 'തും ഇത്നാ ജോ മുസ്‌കുരാ രഹേ ഹോ....', 'ഝുകീ ഝുകീ സി നസര്‍', സാഥ് സാഥിലെ 'പ്യാര്‍ മുഝ്സെ ജോ കിയാ തും നേ..',  'തും കൊ  ദേഖാ തോ, യെ ഖയാല്‍ ആയാ..'  'യേ തേരാ ഘർ, യേ മീരാ ഘർ...'എന്നീ പാട്ടുകളും  പ്രസിദ്ധമായിരുന്നു. പിന്നീട് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്  1999-ലെ ആമിർ ഖാൻ ചിത്രം 'സർഫറോഷി'ലെ 'ഹോഷ് വാലോം കോ ഖബർ ക്യാ.. ' എന്ന ഗസലിലൂടെയാണ്. ഇതിനു പുറമെ,  പ്യാര്‍ കാ പെഹ്‌ലാ ഖത് ലിഖ്നേ മേം.. ',  'തേരെ ബാരെ മേം ജബ് സോചാ നഹീ ഥാ..', ' ശാം സേ ആംഖ് മേം നമീ സീ ഹേ..'  

1988-ൽ ഗുൽസാർ സംവിധാനം ചെയ്ത മിർസാ ഗാലിബ് എന്ന ടെലിസീരിയലിൽ ഗാലിബിന്റെ അനശ്വര ഗസലുകൾക്ക് ശബ്ദം പകരാൻ ജഗ്‌ജിത് സിങ്ങ് ഒഴികെ മറ്റാരെയും ഓർക്കേണ്ട  കാര്യമുണ്ടായിരുന്നില്ല. അന്ന് ജഗ്‌ജിതും ചിത്രയും ആ സീരിയലിനുവേണ്ടി പാടിയ ഗസലുകൾ ഗാലിബിന്റെതായി റെക്കോർഡ് ചെയ്യപ്പെട്ടവയിൽ ഏറ്റവും മികച്ചതാണ്

അങ്ങനെ സ്വച്ഛന്ദമായി ഒഴുകിക്കൊണ്ടിരുന്ന അവരിരുവരും ചേർന്നുള്ള സ്വരഗംഗയുടെ ഒഴുക്ക് അവിചാരിതമായി നിലച്ചുപോവുന്നത് 1990ൽ അവരുടെ മകൻ വിവേക് ഒരു വാഹനാപകടത്തിൽ മരണപ്പെടുന്നതോടെയാണ്. അവർ പിന്നീട് ഒന്നിച്ചുപാടുകയുണ്ടായില്ല. ജഗ്‌ജിത് താമസിയാതെ വീണ്ടും പാടിത്തുടങ്ങി. 2011  സെപ്തംബർ 23ന്  ഗുലാം അലിയുമൊത്തുള്ള മുംബൈ കൺസേർട്ടിന് തൊട്ടുമുമ്പ് അദ്ദേഹത്തിന് മസ്തിഷ്കാഘാതമുണ്ടാവുകയും രണ്ടാഴ്ചയോളം ലീലാവതി ആശുപത്രിയിൽ കോമയിൽ കിടന്ന ശേഷം മരണത്തിനു കീഴടങ്ങുകയുമായിരുന്നു. 2003-ൽ സംഗീതരംഗത്തുള്ള ജഗ്‌ജിത് സിങ്ങിന്റെ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തെ രാഷ്ട്രം പദ്മ ഭൂഷൺ ആദരിച്ചിരുന്നു.