Asianet News MalayalamAsianet News Malayalam

ആലിംഗനത്തിന്റെ ജലഭാഷ!

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ​രോഷ്‌ന ആര്‍ എസ് എഴുതുന്നു
rain notes Roshna RS

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.
rain notes Roshna RS

മഴയില്‍ നിന്ന് വെയിലിലേക്കോ തിരികെ മഴയിലേക്കു തന്നെയോ നടന്നടുക്കാനുള്ള സമയമായാണ് ഞാന്‍ കഴിഞ്ഞ കാലങ്ങളെ നോക്കിക്കാണുന്നത്. കോരിച്ചൊരിയുന്ന കര്‍ക്കിടകത്തില്‍ ജനിച്ചതിനാലാവണം ഒരുപക്ഷേ മഴയോടിത്ര മുഹബത്ത്. ചിലപ്പോഴൊക്കെ തൊട്ടുതലോടിയകന്ന്, മറ്റുചിലപ്പോള്‍ മുഖത്തുനോക്കി കൊഞ്ഞനംകുത്തി ഇതൊന്നുമല്ലെങ്കില്‍ കുത്തിനോവിച്ച് കടന്നു പോയ കുറെ മഴക്കാലങ്ങളുണ്ട് ഉള്ളില്‍. റോഡില്‍ കുത്തിയൊലിക്കുന്ന ചെളിവെള്ളത്തിലൂടെ പുള്ളിക്കുട ചൂടി നടന്നിരുന്നൊരുവളുണ്ട്. പുതിയ കുപ്പായത്തില്‍ ചെളിതെറിപ്പിച്ചകന്ന വണ്ടിയെ മിഴിച്ചുനോക്കി കരഞ്ഞവളുണ്ട്.  ആശ്വസിപ്പിക്കാനായെന്നവണ്ണം അവളുടെ കരച്ചിലിന്റെ അതേ താളത്തില്‍ കരഞ്ഞൊഴിഞ്ഞ മഴയുണ്ട്. 

'ഇവിടെ മേല്‍ക്കൂരകള്‍ ചോര്‍ന്നൊലിക്കുന്നില്ല എന്നാല്‍ ഇവിടെ മഴ പെയ്യുമ്പോള്‍ ആ ആളൊഴിഞ്ഞ വീടിനെ മഴ നനച്ചു കുതിര്‍ക്കുന്നത് ഞാന്‍ കാണുന്നു.ആ പഴയ വീട് തകര്‍ന്നു വീഴുന്ന ശബ്ദം കേള്‍ക്കുന്നു അവിടെ എന്റെ നായ്ക്കുട്ടി തനിച്ച് കിടക്കുന്നു' എന്ന, പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ വരികളോര്‍ക്കുമ്പോള്‍ പഴയ തറവാടോര്‍മ്മകളില്‍ എന്റെ മഴക്കാലങ്ങള്‍ പുനര്‍ജ്ജനിക്കുന്നു. ഓടിനിടയിലൂടെ ചോര്‍ന്നൊലിച്ച് ഉണരുംമുമ്പേ വിളിച്ചുണര്‍ത്തി പല്ലിളിച്ചുകാട്ടിയ മഴ,തണുപ്പ് കനക്കുമ്പോള്‍ വല്ലപ്പോഴും കയറിവരുന്ന ഇഴജന്തുക്കള്‍,ചുവരരികുചേര്‍ന്ന് മുറിയിലേക്കൊലിച്ചിറങ്ങുന്ന വെള്ളം, മുറ്റത്തുനിറഞ്ഞു കിടക്കുന്ന വെള്ളത്തില്‍ കാണാറുള്ള മീനുകള്‍...ഇവിടെ മഴപെയ്യുമ്പൊള്‍ ആ ആളൊഴിഞ്ഞ വീടിനെ മഴനനച്ചു കുതിര്‍ക്കുന്നതും ആ പഴയ വീടും ഒരുനാള്‍ തകര്‍ന്നു വീഴുമെന്നതും എന്നെയും അലോസരപ്പെടുത്തുന്നു.

ജൂണില്‍ സ്‌കൂളുതുറന്ന്, പുറത്ത് മഴപെയ്യുമ്പോള്‍ മനസ്സിനകത്ത് ഒരു പുതുമഴയിങ്ങനെ പെയ്തിറങ്ങും .ബെഞ്ചിലും ബ്രൗണ്‍പേപ്പറിട്ടു പൊതിഞ്ഞ പുസ്തകക്കെട്ടിലും ചാറ്റല്‍മഴപ്പാടുകള്‍ തിളങ്ങിനില്‍ക്കും.

യു.പി സ്‌കൂളില്‍ ഏഴാം തരത്തില്‍ പഠിക്കുമ്പോഴാണ് മഴയൊരു വില്ലനായി മാറുന്നത്. പുതിയ യൂണീഫോമില്‍ ചളിയാവാതിരിക്കാന്‍ അത്യധികം ശ്രദ്ധയോടെ നടന്നെങ്കിലും വഴുക്കിവീണ് കൂട്ടുകാരുടെ മുന്നില്‍ ചൂളിപ്പരുങ്ങി നില്‍ക്കേണ്ടിവന്നു. വീഴ്ചകാരണം കയ്യില്‍ പ്ലാസ്റ്ററിടേണ്ടി വന്നപ്പോള്‍ മഴയെ ഇത്തിരി വെറുത്തു.

വീട്ടിലെ ഏറ്റവുമിഷ്ടപ്പെട്ട ഗോള്‍ഡ്‌സ്‌പോട്ട് ചെടിയില്‍ മഞ്ഞ കായ്കളില്‍ തൂങ്ങിപ്പിടിച്ച് നിന്നിരുന്ന ഓരോ തുള്ളികളും പെയ്തു തീര്‍ന്ന മഴയുടെ ശേഷിപ്പുകളായിരുന്നു.പിന്നീട് ഹോസ്റ്റല്‍ കാലഘട്ടത്തിലും തുടര്‍ന്നും മഴ ആ പഴയ പെണ്‍കുട്ടിയുടെ വികാരങ്ങളെ തീവ്രമാക്കി.പലപ്പോഴും സന്തോഷത്തില്‍ അവള്‍ക്കൊപ്പമൊത്തുചേര്‍ന്ന് റോക്ക് ഗാനമാലപിച്ചുകൊണ്ടിരുന്നു. അത്രയേറെ സങ്കടപ്പെട്ടപ്പോള്‍ അവള്‍ക്കൊപ്പം ചിണുങ്ങിക്കരഞ്ഞു കൊണ്ടിരുന്നു. ഹോസ്റ്റല്‍ ജനാലക്കരികില്‍ നിന്ന് മഴയത്ത് വഴിയിലൂടെ ഒരുകുടക്കീഴില്‍ തോളുരുമ്മി പോകുന്ന കമിതാക്കളെ കാണുമ്പോള്‍ ആലിംഗനത്തിന്റെ ജലഭാഷയായതിനാലാവാം പ്രണയികള്‍ മഴയെ അത്രമേലിഷ്ടപ്പെട്ടു പോകുന്നതെന്നും, സമുദ്രത്തില്‍ കഴിഞ്ഞതിന്റെ ഓര്‍മ്മകള്‍ അബോധത്തില്‍ ഉണര്‍ത്തുന്നുണ്ട് മഴയെന്നുമുള്ള വരികള്‍ ഓര്‍മയിലെത്തുന്നു.അങ്ങനെ മഴക്കാലം, പതിയെ കഥയായും കവിതയായും പേരില്ലാത്ത തോന്ന്യാക്ഷരങ്ങളായും എന്റെ പുസ്തകത്താളുകളെ നനച്ചു കുതിര്‍ക്കുന്നു.

എം.ഇ.എസ് കോളേജിലെ വാകമരങ്ങളെയും അടര്‍ന്നുവീഴാറായ ഞാവല്‍പ്പഴത്തെയും ഒന്നുലച്ച് അല്ലെങ്കില്‍ തൊട്ടുതലോടി ചിലപ്പോളൊരു അലസനെ പോലെ മറ്റു ചിലപ്പോളൊരു കരുത്തനെപ്പോലെ മഴ പെയ്യുന്നു.അങ്ങനെയൊരു മഴദിവസമാണ് ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുമവര്‍ എന്നെന്നേക്കുമായി ജീവിതത്തിന്റെ പടിയിറങ്ങി വിദൂരതയിലേക്ക് പോയകന്നതും.  

കാമ്പസ്സാകമാനം കണ്ണീര്‍മഴയില്‍ മുങ്ങിയിരിക്കവെ ഒരു തോരാമഴ എവിടെയോ വിതുമ്പിക്കരയുന്നുണ്ടായിരുന്നു. ആ തോരാമഴ തീര്‍ത്ത അടയാളങ്ങള്‍ കോളേജ് വഴിക്കിടയിലടര്‍ന്നുവീണു കിടക്കുന്ന ഗുല്‍മോഹറിനും ഞാവല്‍പ്പഴങ്ങള്‍ക്കുമൊപ്പം ഒരു മഴക്കാലത്തിനിടയ്ക്ക് രക്തസാക്ഷിയാകപ്പെട്ടവരുടെ പ്രതീകങ്ങളായിത്തീര്‍ന്നിരിക്കുന്നു.

പിന്നീട് മുഖപുസ്തകത്താളുകളും സ്റ്റാറ്റസുകളും മഴപുതച്ചുറങ്ങുന്നു. പതിയെ തുടങ്ങി ഗസലായൊഴുകിയൊഴുകിയങ്ങനെ പെയ്‌തൊഴിയുന്നു.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!
 

Follow Us:
Download App:
  • android
  • ios