Asianet News MalayalamAsianet News Malayalam

യൂറോപ്യന്‍ സ്വപ്നവുമായി പോവുന്ന അഭയാര്‍ത്ഥികള്‍ക്കെന്ത് സംഭവിക്കുന്നു?

തങ്ങള്‍ക്കായി പരവതാനി വിരിച്ചിരിക്കുന്നു എന്ന് വിശ്വസിച്ചായിരിക്കണം ഇവര്‍ മഹാസമുദ്രം താണ്ടുന്നത്. മുനമ്പം മനുഷ്യക്കടത്ത് ചര്‍ച്ചയാകുമ്പോള്‍ യൂറോപ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് അളകനന്ദ എഴുതുന്നു. 

Reality behind European migrants article by alakananda
Author
Thiruvananthapuram, First Published Jan 21, 2019, 7:52 PM IST

മുനമ്പം മനുഷ്യക്കടത്ത് രാജ്യത്ത് വലിയ ചര്‍ച്ചയാവുകയാണ്. മനുഷ്യക്കടത്ത് ഏജന്‍റുമാരുടെ മോഹവലയത്തില്‍വീണ് മുനമ്പത്തുനിന്ന് ബോട്ടില്‍ ഓസ്‌ട്രേലിയക്കടുത്ത ദ്വീപിലേക്ക് യാത്രതിരിച്ചവര്‍ എത്രപേരെന്ന് പോലും വ്യക്തമല്ല. നേവിയുടെയും മറ്റ് സുരക്ഷാവിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ചാണ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയുള്ള ഇവരുടെ സാഹസിക യാത്ര. തങ്ങള്‍ക്കായി പരവതാനി വിരിച്ചിരിക്കുന്നു എന്ന് വിശ്വസിച്ചായിരിക്കണം ഇവര്‍ മഹാസമുദ്രം താണ്ടുന്നത്. മുനമ്പം മനുഷ്യക്കടത്ത് ചര്‍ച്ചയാകുമ്പോള്‍ യൂറോപ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് അളകനന്ദ എഴുതുന്നു. 

Reality behind European migrants article by alakananda

യൂറോപ്പെന്ന സ്വപ്നവുമായി ഒരുപാട് പേര്‍ ഇറങ്ങിത്തിരിക്കാറുണ്ട്. അതിന് നിയമാനുസൃതമല്ലാത്ത വഴികള്‍ തേടിപ്പോകുന്നവരും ധാരാളം. ലക്ഷങ്ങള്‍ നല്‍കിയാല്‍ സഹായിക്കാന്‍ മനുഷ്യക്കടത്തുകാരുമുണ്ട്. ഇന്ത്യന്‍ തീരങ്ങളില്‍നിന്നടക്കം ബോട്ടുകളില്‍ കയറി യാത്രതിരിക്കുന്നവര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് ചുരുക്കം. പലപ്പോഴും ഏതെങ്കിലുമൊരു രാജ്യത്തിന്റെ നാവികസേന പിടികൂടും, തിരിച്ചയക്കും. ഇനി ഉദേശിക്കുന്ന തീരത്ത് അടുത്താല്‍ തന്നെ അവിടെ അഭയം കിട്ടണമെന്നില്ല. അവരുടെ ഓഫ്ഷോര്‍ കേന്ദ്രങ്ങളിലാവും എത്തിപ്പെടുക. 

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന അഭയാര്‍ത്ഥിപ്രവാഹമാണ്. നിയമപരമായും അല്ലാതെയും എത്തുന്നവര്‍ക്ക് പതുക്കെയാണെങ്കിലും അഭയം നല്‍കുകയായിരുന്നു മുന്‍പ് രാജ്യങ്ങളുടെ രീതി. സംഘര്‍ഷപ്രദേശങ്ങളായ പലസ്തീന്‍, ലബനണ്‍ എന്നിവിടങ്ങളില്‍നിന്നൊക്കെ അഭയാര്‍ത്ഥികള്‍ സാധാരണം. പക്ഷേ  ഭീകരവാദം എന്ന ആഗോളഭീഷണി മാറിചിന്തിക്കാൻ യൂറോപ്യൻ രാജ്യങ്ങളെ പ്രേരിപ്പിച്ചു. സിറിയൻ സംഘർഷത്തെത്തുടർന്ന് അഭയാർത്ഥികൾ ഒരു പ്രവാഹമായപ്പോൾ അത് അവർക്ക് ഭാരവുമായി. പല രാജ്യങ്ങളിലും വലതുപക്ഷം ആധിപത്യമുറപ്പിച്ചതും അഭയാർത്ഥിവിരുദ്ധ വികാരത്തിന് കാരണമായി. അങ്ങനെയാണ് ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ ഓഫ്ഷോർ കേന്ദ്രങ്ങൾ തുടങ്ങിയത്. 

ആയിരത്തോളം കുട്ടികൾ ഇവിടെ പീഡനത്തിനിരയായിട്ടുണ്ട്.

ഓഫ് ഷോർ കേന്ദ്രങ്ങള്‍ എന്ന ഇടത്താവളം

കടൽവഴിയും കരവഴിയും അനധികൃതമായി എത്തുന്ന അഭയാർത്ഥികളെ താൽകാലികമായി പാർപ്പിക്കാനുള്ള സ്ഥലം, അതാണ് ഓഫ് ഷോർ സെന്റേഴ്സ്. ഓസ്ട്രേലിയൻ ഓഫ്ഷോർ കേന്ദ്രങ്ങളിലൊന്ന് പസഫിക് ദ്വീപായ നൗറു(NAURU)വിലാണ്, മറ്റൊന്ന് പാപ്വ ന്യു ഗിനിയിലെ മനുസ് ദ്വീപും(MANUS). നൗറു എന്ന കൊച്ചുദ്വീപ് അങ്ങനെയൊരു കേന്ദ്രമാണ്, ആഭ്യന്തരോത്പാദനത്തിൽ ഒരുകാലത്ത് സൗദി അറേബ്യയുടെ മാത്രം പിന്നിലായിരുന്ന നൗറു ഇന്ന് ഓസ്ട്രേലിയയുടെ ദയവിലാണ് പിടിച്ചുനിൽക്കുന്നത്. കടൽകടന്ന് എത്തുന്നവരെ പിടികൂടി ഇവിടേക്ക് അയക്കുകയാണ് പതിവ്. 

2013ൽ സഖ്യസർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് അഭയാർത്ഥിപ്രശ്നം സൈന്യത്തിന് കൈമാറിയത്. കടലിൽ പട്രോളിംഗ് നടത്തുന്ന സൈന്യം അനധികൃത ബോട്ടുകൾ പിടികൂടി തിരിച്ചയക്കും. ഇന്തോനേഷ്യവഴിയാണ് ഈ പ്രവാഹം എത്തുന്നത്. അപകടകരമായ യാത്രയിൽ മരിച്ചിട്ടുള്ളത് ആയിരങ്ങളാണ്. സൈന്യത്തെ വെട്ടിച്ച് എത്തുവന്നരെയാണ് ഓഫ്ഷോർ കേന്ദ്രത്തിലേക്ക് മാറ്റുക. അഭയത്തിനായുള്ള അപേക്ഷ പരിഗണിക്കുന്നത് അവിടെയാണ്. ഓസ്‌ട്രേലിയയില്‍തന്നെ അഭയം കിട്ടണമന്ന് നിർബന്ധമില്ല, കംബോഡിയയിൽവരെ ആകാം. അപൂർവം ചിലപ്പോൾ അമേരിക്കയിലും. വർഷങ്ങളായി നൗറു, മനുസ് കേന്ദ്രങ്ങളിൽ തുടരുന്നവരുമുണ്ട്. പാപ്വ ന്യു ഗിനിയിലെ സുപ്രീംകോടതി അഭയാർത്ഥികളെ തടവിലെന്നപോലെ പാർപ്പിക്കുന്നതിനെതിരെ ഉത്തരവിട്ടിരുന്നു. പക്ഷേ രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ തുടങ്ങിയ ക്യാമ്പുകളിലേക്ക് മാറാൻ അഭയാർത്ഥികളും തയ്യാറാവുന്നില്ല, നാട്ടുകാരുടെ ശത്രുതയാണ് പേടിക്ക് കാരണം. 

ഈ കേന്ദ്രങ്ങൾ നടത്തുന്നത് ഓസ്ട്രേലിയൻ സ‍ർക്കാർ നേരിട്ടല്ല, കരാർ കൊടുക്കുന്നതാണ്. വളരെ മോശമാണിവിടെ അവസ്ഥ . വൃത്തിയില്ല, നല്ല വെള്ളമില്ല, ചികിത്സയുമില്ല. മരിക്കുന്നവരുടെ കണക്ക് പുറംലോകം അറിയില്ല. പക്ഷേ അവിടത്തെ ക്യാമ്പുകളിൽകഴിയുന്ന അഭയാർത്ഥിക്കുട്ടികൾ സ്വയം മുറിവേൽപ്പിക്കാനും ആത്മഹത്യചെയ്യാനും തുടങ്ങിയിരിക്കുന്നു.

കുട്ടികളുടെ മാനസിക നില തെറ്റുന്നതിൽ അത്ഭുതമില്ല, ആയിരത്തോളം കുട്ടികൾ ഇവിടെ പീഡനത്തിനിരയായിട്ടുണ്ട്. സുരക്ഷാജീവനക്കാരോ മറ്റ് താമസക്കാരോ ആണ് പ്രതികൾ. പക്ഷേ അതിനും നടപടിയുണ്ടാവാറില്ല. സ്വയം മുറിവേൽപ്പിക്കുക, ആത്മഹത്യക്ക് ശ്രമിക്കുക ഇതൊക്കയാണ് ഇവിടുത്തെ കുട്ടികളുടെ രീതി. അതും എട്ടും പത്തും വയസുള്ള കുട്ടികൾ. പീഡനമോ ജീവിതത്തിലെ അവസ്ഥയോ കാരണം ഉൾവലിയുന്നതും കുട്ടികളുടെ പതിവായിരിക്കുന്നു. അപകടകരമായ മാനസികനിലയാണിത്. ആഹാരവും വെള്ളവും വേണ്ടെന്നുവയ്ക്കുന്നതുവരെ എത്തുന്ന മാനസികാവസ്ഥ.  ഇറാൻ, ഇറാഖ്, ലബനൺ എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളാണ് കൂടുതലും, രോഹിംഗ്യകളുമുണ്ട്. അതിലൊരു ഇറാനി ആൺകുട്ടി പല തവണ പീഡിപ്പിക്കപ്പെട്ടുവെന്ന കേസ് ഇപ്പോൾ ഓസ്ട്രേലിയൻ കോടതിയിൽ നടക്കുകയാണ്. സന്നദ്ധസംഘടനകൾക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നതിലും കൂടുതലാണ് കുട്ടികളുടെ എണ്ണവും പ്രശ്നങ്ങളും. 

ഈ സാഹചര്യം ഒന്നും മനസ്സിലാക്കാതെയാണ് മനുഷ്യക്കടത്തുകാരുടെ വാക്ക് വിശ്വസിച്ച് യൂറോപ്യൻ സ്വപ്നവുമായി അഭയാർത്ഥികൾ യാത്രതിരിക്കുന്നത്

കംബോഡിയയില്‍ അവസാനിക്കും ചില സ്വപ്‌നങ്ങള്‍

കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെ അവസ്ഥയും മോശംതന്നെയാണ്. എണ്ണത്തിൽ കുറവാണിവിടെയുള്ള അഭയാർത്ഥികൾ. ആരും ഓസ്ട്രേലിയൻ സർക്കാരിന്റെ കണക്കുകളിൽ വരുന്നില്ല, നൗറു എന്ന ദ്വീപിന്റേയും കണക്കുകളിൽ ഇവരില്ല. യാത്രാരേഖകൾ ഉണ്ട് ചിലർക്ക്, പക്ഷേ അതുപയോഗിച്ച് എവിടെയും യാത്രചെയ്യാൻ പറ്റില്ല. ഒന്നും ചെയ്യാനില്ലാതെ, കിട്ടുന്ന ഭക്ഷണം കഴിച്ച്, ഒരു ലക്ഷ്യവുമില്ലാതെ കഴിഞ്ഞുകൂടുന്ന കുറേ മനുഷ്യർ. അഞ്ച് വർഷം പൂർത്തിയയവരെ നൗറു പുറത്താക്കും. പിന്നെ അവരെ സ്വീകരിക്കാൻ തയ്യാറായിട്ടുള്ള രാജ്യം കംബോഡിയയാണ്. അഭയാർത്ഥികളുടെ യൂറോപ്യൻ സ്വപ്നം അതോടെ അവസാനിക്കുമെന്ന് ചുരുക്കം. 

2001ലാണ് ഈ അഭയകേന്ദ്രപരീക്ഷണം തുടങ്ങിയത്. ടാംപ പ്രതിസന്ധി(TAMPA) എന്നറിയപ്പെടുന്ന സംഭവത്തിനുശേഷം. മുങ്ങുന്ന ബോട്ടിൽനിന്ന് 400 അഫ്ഗാൻ അഭയാർത്ഥികളെ രക്ഷിച്ച നോർവീജിയൻ കപ്പലിന് ഓസ്ട്രേലിയ പ്രവേശനം അനുവദിച്ചില്ല, അതാണ് ടാംപ പ്രതിസന്ധി എന്നറിയപ്പെടുന്നത്. അഭയാർത്ഥികളുമായി വേറെയും ബോട്ടുകൾ വരാൻതുടങ്ങിയിരുന്നു, അങ്ങനെയാണ് നൗറുവിൽ ഓഫ്ഷോർ കേന്ദ്രം തുടങ്ങിയത്. PACIFIC SOLUTION എന്നറിയപ്പെട്ട പരിഹാരം. അഭയംതേടി വരുന്നവരെ നിരുത്സാഹപ്പെടുത്തുക ആയിരുന്നു ലക്ഷ്യം. ആദ്യത്തെ ക്യാമ്പ് 2007വരെ തുടർന്നു. കുറ്റവാളികളോ ഭീകരവാദികളോ അല്ലെന്ന് ഉറപ്പായപ്പോൾ അന്നുണ്ടായിരുന്ന അഭയാർത്ഥികൾക്ക് ഓസ്ട്രേലിയയിൽ അഭയം നൽകി. പിന്നെ എണ്ണംകൂടി, കുടിയേറ്റവിരുദ്ധ സർക്കാരും കൂടിയായപ്പോൾ പിന്നെ എത്തിയവരെല്ലാം ഇവിടെത്തന്നെ അടിഞ്ഞുകൂടി.

നൗറു ഇങ്ങനെയൊന്നുമായിരുന്നില്ല. ഇരുപത്തിയൊന്ന് ചതുരശ്ര കി.മീ മാത്രം വിസ്തൃതിയുള്ള ദ്വീപ് ജർമൻ കോളനിയായിരുന്നു പണ്ട്, സ്വതന്ത്രമായശേഷം ലോകത്തെ സമ്പന്നരാജ്യങ്ങളിൽ ഒന്നും. ഫോസ്‌ഫേറ്റ്(PHOSPHATE) ആണ് പ്രകൃതി ഇവർക്ക് നൽകിയ വരദാനം. അതുമുഴുവൻ ഊറ്റിയെടുത്തു അഴിമതിക്കാരായ സർക്കാരുകൾ. അങ്ങനെ ഒന്നുമില്ലാതെയായി. പിന്നെ ദാരിദ്ര്യം. കേന്ദ്രബാങ്ക് തകർന്നു, വിദേശത്തെ വസ്തുവകകളും വിമാനങ്ങളും വരെ പിടിച്ചെടുത്തു. തട്ടിപ്പുകാരുടെ കേന്ദ്രമായി, റഷ്യൻ മാഫിയയുടെ വരെ. യുഎന്നിലെ അംഗത്വവും ഇന്ന് നൗറുവിന് പണമുണ്ടാക്കാനുള്ള മാർഗമാണ്. രാജ്യങ്ങളെ അംഗീകരിക്കുന്നതിനുപകരം പണം വാങ്ങും, ജനത്തിനിന്ന് ജീവിക്കാൻ മാർഗമില്ല, നിയന്ത്രണമില്ലാത്ത ഖനനം കാരണം ശേഷിച്ചത് പാറക്കൂട്ടങ്ങളാണ്, കൃഷിക്കോ, വ്യവസായത്തിനോ എന്തിന് കായികവിനോദങ്ങൾക്കുപോലും പറ്റാത്ത പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശം. ഓസ്ട്രേലിയയും നൗറുവിനെ ഖനനത്തിലൂടെ നശിപ്പിച്ചതിന് ഉത്തരവാദിയാണ്. അത് കോടതിയിലെത്തിയപ്പോൾ നഷ്ടപരിഹാരത്തിന് ഉത്തരവായി. ഓസ്ട്രേലിയയുടെ ഓഫ്ഷോർ കേന്ദ്രമായത് താൽപര്യത്തോടെയല്ല, പക്ഷേ പറയുന്നത് കേൾക്കുകയേ നിവൃത്തിയുള്ളു ഈ ദരിദ്ര രാജ്യത്തിന്. 

വളരെ മോശമാണിവിടെ അവസ്ഥ . വൃത്തിയില്ല, നല്ല വെള്ളമില്ല, ചികിത്സയുമില്ല.

കുടിയേറ്റക്കാര്‍ അറിയുന്നോ... 'സ്റ്റോപ് ദ് ബോട്ട്‌സ്' എന്നാണ് നയം

കുടിയേറ്റത്തിലും അഭയാർത്ഥിപ്രശ്നത്തിലും നേരത്തെ തന്നെ കടുത്ത നിലപാടെടുത്ത് അതിലൂടെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട സ്‌കോട്ട് മോറിസണ്‍ ആണ് ഇപ്പോൾ ഓസ്ട്രേലിയൻ പ്രധാനമന്ത്രി. സ്‌കോട്ട് മോറിസണ്‍ മന്ത്രിയായിരുന്ന കാലത്താണ് 'സ്റ്റോപ് ദ് ബോട്ട്‌സ്' (STOP THE BOATS) എന്ന നയം രൂപപ്പെടുത്തിയത്. നിലപാടുകൾ ഒട്ടും മയപ്പെടുത്താൻ തയ്യാറല്ല സ്‌കോട്ട് മോറിസണ്‍. പക്ഷേ എതിർപ്പുകൾ കൂടിവരികയാണ് അതിനെതിരെ. അതിനെത്തുടർന്നാണ് കുട്ടികളെ ഓസ്ട്രേലിയയിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയത്. പക്ഷേ അവർക്ക് സ്ഥിരമായി താമസിക്കാൻ കഴിയില്ല. പിന്നെയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല ഇതുവരെ.

അത്തരത്തിലെ കേന്ദ്രങ്ങൾ തുറന്നാലോ എന്നാലോചിക്കുകയാണ് ഇപ്പോൾ മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളും. അനധികൃതമായി എത്തുന്ന അഭയാർത്ഥികളെ തടയാൻ ഏറ്റവും നല്ല മാർഗം ഇത്തരത്തിലെ ഓഫ്ഷോർ കേന്ദ്രങ്ങളാണെന്ന് അവരും കരുതുന്നു. ഈ സാഹചര്യം ഒന്നും മനസ്സിലാക്കാതെയാണ് മനുഷ്യക്കടത്തുകാരുടെ വാക്ക് വിശ്വസിച്ച് യൂറോപ്യൻ സ്വപ്നവുമായി അഭയാർത്ഥികൾ യാത്രതിരിക്കുന്നത്. സ്വപ്നങ്ങൾ വെറും സ്വപ്നങ്ങളായി തന്നെ ശേഷിക്കുമെന്ന് അവരറിയുന്നില്ല.

Follow Us:
Download App:
  • android
  • ios