ലോഹം കണ്ടെത്തുന്നതിനൊക്കെ എത്രയോ മുമ്പുതന്നെ, പ്രകൃതിയിൽ നിന്ന് കണ്ടെടുത്ത പല വസ്തുക്കളും നിർമാണത്തിന് ഉപയോഗിച്ചു തുടങ്ങിയിരുന്നു മനുഷ്യൻ. കല്ലും മരവും ഒക്കെ ആ പട്ടികയിൽ പെടും. അതിന്റെ ആദ്യലക്ഷണങ്ങൾ ചികഞ്ഞു ചെന്നാൽ നമ്മളെത്തുക ഒരു പക്ഷേ, ശിലായുഗത്തിലായിരിക്കും. ആദ്യത്തെ ഉളിയും അറക്കവാളും ഒക്കെ ഉണ്ടാക്കിയത് കല്ലിൽ നിന്നും എല്ലിൽ നിന്നുമൊക്കെയാണ്. അത് ആശാരിപ്പണി അഥവാ കാർപെന്ററി എന്ന പ്രൊഫഷണൽ തൊഴിലിലേക്ക് വികസിച്ചത് കോപ്പർ അഥവാ ചെമ്പ് എന്ന ലോഹത്തിന്റെ കണ്ടുപിടുത്തത്തിന് ശേഷവും. സാഹിത്യത്തിൽ മരപ്പണിയെപ്പറ്റിയുള്ള ആദ്യ പരാമർശങ്ങൾ ഒരുപക്ഷെ ബൈബിളിൽ ആയിരിക്കും കാണുക. നോഹയുടെ പെട്ടകവും മറ്റും നിർമിക്കപ്പെട്ടതാണല്ലോ. യേശു തന്നെ ഒരു ആശാരിയായിരുന്നു എന്നും പറയുന്നുണ്ട്. ദാവീദിന്റെ കൊട്ടാരം പണിഞ്ഞ ആശാരിമാരെപ്പറ്റിയും പരാമർശങ്ങൾ കാണാം. 

അത്തരത്തിൽ ലോകത്തിലെ ഏറ്റവും പഴയ മരപ്പണി ഏതെന്ന് കണ്ടെത്താനുള്ള നിരന്തരമായ അന്വേഷണങ്ങൾലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്നതാണ്. അതിനിടെയാണ്  കിഴക്കൻ യൂറോപ്പിൽ നിന്ന് ഏറെ യാദൃച്ഛികമായി അങ്ങനെ ഒന്ന് കണ്ടെത്തിയിരിക്കുന്നത്. അവിടെ ഒരു റോഡുണ്ടാക്കുന്നതിനിടെ അബദ്ധവശാൽ കണ്ടെത്തിയ കിണറിന്റെ ചതുരത്തിലുള്ള ചുറ്റുമതിൽ തീർത്ത ഓക്കുമരത്തിന്റെ പാളികൾ കാർബൺ ഡേറ്റിങ് നടത്തിയ പുരാവസ്തുഗവേഷകർ തിരിച്ചറിഞ്ഞത് ഏറെ സന്തോഷകരമായ ഒരു വസ്തുതയാണ്. ലോകത്തിൽ ഇന്നോളം കണ്ടെടുക്കപ്പെട്ടതിൽ വെച്ച് ഏറ്റവും പുരാതനമായ മരപ്പണിയാണ് ആ കിണറിന്റെ പാളികളിൽ നടത്തപ്പെട്ടിരിക്കുന്നത്.

ഈ കിണർ പണിതിരിക്കുന്നത് നിയോലിത്തിക് കാലത്താണ്.  ഏതാണ്ട് ഏഴായിരം വർഷത്തെ പഴക്കമെങ്കിലും കാണും ഈ മരപ്പണിക്ക്. കൃത്യമായിപ്പറഞ്ഞാൽ, 5256 BC യിൽ.  അന്ന് ജീവിച്ചിരുന്ന കർഷകരാണ് ഓക്ക് മരം ഉപയോഗിച്ച് ചതുരാകൃതിയിലുള്ള ഈ കിണർ നിർമ്മിച്ചത്.  കിണറിന്റെ ചുറ്റുമതിൽപ്പാളികൾ തീർക്കാനുപയോഗിച്ച ഓക്കുമരത്തിലെ റിങ്ങുകൾ പരിശോധിച്ചാണ് ഗവേഷകർ കൃത്യമായ പഴക്കം കണ്ടെത്തിയത്. ഇങ്ങനെ മരത്തിന്റെ റിങ്ങുകളെ പഠിച്ചുകൊണ്ടുള്ള കാർബൺ ഡേറ്റിംഗ് സങ്കേതം അറിയപ്പെടുന്നത് 'ഡെൻഡ്രോക്രോണോളജി' (Dendrochronology) എന്നാണ്. ഈ സങ്കേതം ഉപയോഗിച്ച് കൃത്യമായ പഴക്കം കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കമുള്ള മരപ്പണിയാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ചെക്ക് റിപ്പബ്ലിക്കിലെ ഓസ്ട്രോവിനടുത്ത് ഡി 35 മോട്ടോർവേയുടെ നിർമാണ വേളയിലാണ്, തികച്ചും യാദൃച്ഛികമായി, 140 സെന്റിമീറ്റർ ഉയരവും, 80  ചതുരശ്ര സെന്റീമീറ്റർ വിസ്താരവുമുള്ള  ഉള്ള ഈ കിണർകണ്ടെത്തിയത്. ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസസ് വഴിയാണ്  പുരാവസ്തു ഗവേഷകർ തങ്ങളുടെ കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുന്നത്. 

 കിണറിൻ്റെ നിർമ്മാണ ശൈലിയും, ആകൃതിയും അത് നിർമ്മിക്കാൻ ഉപയോഗിച്ച ആയുധങ്ങളും അവരുടെ  മരപ്പണിയിലുള്ള അസാമാന്യ കഴിവിനെ സൂചിപ്പിക്കുന്നു എന്ന് ലേഖനം പറയുന്നു. നിയോലിത്തിക് കാലത്ത് ജീവിച്ചിരുന്ന മനുഷ്യർക്ക്, ഇത്തരത്തിലുള്ള തച്ചുവേലകൾ  ചെയ്യാൻ വേണ്ട സാങ്കേതിക വൈദഗ്ധ്യമൊന്നും ഇല്ലെന്നുള്ള, ഇന്നോളമുള്ള  ധാരണകളെയാണ് ഈ കണ്ടെത്തൽ പൊളിച്ചടുക്കിയിരിക്കുന്നത്.

"ഈ കിണർ നൂറ്റാണ്ടുകളായി വെള്ളത്തിനടിയിലായിരുന്നു. അത്‌കൊണ്ടാണ് ഇതിന് കേടുപാടുകൾ സംഭവിക്കാതിരുന്നത്. ഇനിയിപ്പോൾ കിണറിനെ വറ്റിക്കാൻ നോക്കിയാൽ ചിലപ്പോൾ അത് നശിച്ചേക്കും," പാർ‌ഡ്യൂബിസ് സർവകലാശാലയുടെ റീസ്റ്റോറേഷൻ വകുപ്പിലെ കരോൾ ബയർ പത്രക്കുറിപ്പിൽ പറഞ്ഞു. മരം ഉണക്കിയെടുക്കാനും, അത് നശിക്കാതിരിക്കാൻ പഞ്ചസാര ഉപയോഗിച്ച് അതിൻ്റെ കോശങ്ങളെ ശക്തിപ്പെടുത്താനുമുള്ള ഒരു പ്രക്രിയ വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് അവിടത്തെ ഗവേഷകർ.