Asianet News MalayalamAsianet News Malayalam

രാത്രി വീടുകളിൽ കയറി കാളിങ്ബെ‍ൽ അടിക്കുന്ന വിചിത്ര വിനോദം, ഒടുവില്‍ പ്രതി അറസ്റ്റിൽ!

മുമ്പും, ഇതുപോലും പല വീടുകളിലും പോയി അയാൾ കാളിങ് ബെൽ അടിച്ചിട്ടുണ്ട്. രാത്രികളിൽ ഇങ്ങനെ വീടുകളിൽ കയറി കാളിങ്‍ബെൽ അടിക്കുന്നത് അയാള്‍ക്കൊരു വിനോദമാണ്.

ringing calling bell at wee hours
Author
Mumbai, First Published Jan 22, 2020, 9:20 AM IST

നിങ്ങൾ എപ്പോഴെങ്കിലും ചുമ്മാ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി ആരുടെയെങ്കിലും വീട്ടിലെ കാളിങ് ബെൽ അടിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, ഈ കഥ തീർച്ചയായും വായിക്കണം. ഒരു തമാശക്കായി നമ്മൾ കാണിക്കുന്ന കാര്യങ്ങൾ നമ്മുക്ക് തന്നെ വിനയാകുന്നത് എപ്പോഴാണെന്ന് പറയാൻ സാധിക്കില്ല. ഇതുപോലെ രാത്രിയിൽ ഒരാളുടെ വാതിൽക്കൽ കാളിങ് ബെൽ അടിച്ചതിൻ്റെ പേരിൽ 37 കാരനെ മുംബൈ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുണ്ടായി.

പുലർച്ചെ രണ്ട് മണിയോടെ കാഞ്ചുർമാർഗിലാണ് സംഭവം നടന്നത്. മുംബൈയിലെ ചെമ്പൂർ പ്രദേശവാസിയായ പ്രേം ലാൽസിങ് നേപ്പാളി എന്നയാളാണ് കാഞ്ചുർമാർഗിലെ ഒരു ജ്വല്ലറി ഉടമയുടെ വീട്ടുവാതിൽക്കലെത്തി കാളിങ് ബെൽ അടിച്ചത്. അതിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച അയാളെ കെട്ടിടത്തിലെ ജീവനക്കാർ പിടികൂടി. തുടർന്ന്, പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

"അയാൾ താമസക്കാരൻ്റെ വാതിൽക്കൽ ബെൽ അടിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ, കെട്ടിടത്തിലെ മറ്റ് ജീവനക്കാർ അദ്ദേഹത്തെ പിടികൂടി. വീട്ടുകാരൻ പ്രതിയെ കണ്ടുമുട്ടിയപ്പോൾ പ്രതി അദ്ദേഹത്തെ അധിക്ഷേപിക്കാൻ തുടങ്ങി, തുടർന്നാണ് 100 ഡയൽ ചെയ്യുകയും, പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തത്" കാഞ്ചുർമാർഗ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ്  ഉദ്യോഗസ്ഥൻ പറഞ്ഞു.

ചോദ്യചെയ്യലിൽ മദ്യപിച്ചതിനാലാണ് താൻ കുറ്റം ചെയ്തതെന്ന് അയാൾ പൊലീസിനോട് പറഞ്ഞു. എന്നിരുന്നാലും, അയാൾ അത്തരമൊരു കുറ്റം ചെയ്യുന്നത് ഇതാദ്യമല്ല. മുമ്പും, ഇതുപോലെ പല വീടുകളിലും പോയി അയാൾ കാളിങ് ബെൽ അടിച്ചിട്ടുണ്ട്. രാത്രികളിൽ ഇങ്ങനെ വീടുകളിൽ കയറി കാളിങ് ബെൽ അടിക്കുന്നത് അയാൾക്കൊരു വിനോദമാണ്. 2018 സെപ്റ്റംബറിലും അയാൾക്കെതിരെ ഇതേപോലെ ഒരു കേസ് മുംബൈ പൊലീസ് ഫയൽ ചെയ്തിട്ടുണ്ട്. പക്ഷേ, കേസ് രജിസ്റ്റർ ചെയ്യാനായില്ല. കാരണം 2018 -ൽ അയാൾക്കെതിരെ പരാതി നൽകാൻ ആളുകൾ മുന്നോട്ട് വന്നില്ലായിരുന്നു. ഇപ്പോൾ, പക്ഷേ അയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തന്നെ നാട്ടുകാര്‍ നിശ്ചയിച്ചിരുന്നു. അയാൾക്കെതിരെ പൊലീസിന് നാല് സാക്ഷികളെ ലഭിച്ചിട്ടുണ്ട്, അതുകൊണ്ടു തന്നെ അന്ന് രക്ഷപ്പെട്ട പ്രേം ലാൽസിംങ് ഇപ്രാവശ്യം പൊലീസിൻ്റെ പിടിയിലാവുക തന്നെ ചെയ്തു. ഇനി അസമയത്ത് പരിചയമില്ലാത്ത വീടുകളിൽ കയറി ബെൽ അടിക്കുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കണം. 

അതുമാത്രമല്ല, അന്യരുടെ സ്വകാര്യഇടങ്ങളിലേക്ക് അനുവാദമില്ലാതെ കടന്നുചെന്നാലും പൊലീസിന്‍റെ പിടിയിലാവും. 

Follow Us:
Download App:
  • android
  • ios