കൊറോണ വൈറസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടു എന്ന് ആശ്വസിച്ചിരിക്കുമ്പോള്‍, ഏഷ്യൻ രാജ്യങ്ങളിൽ വീണ്ടും അവയുടെ സാന്നിധ്യം... അതോടെ അവിടെ ജനങ്ങൾ വീണ്ടും ഭീതിയുടെ നിഴലിലാണ്. പരിഭ്രാന്തിയിലായ ആളുകൾ തിരക്കുപിടിച്ച് വീണ്ടും അതിർത്തി അടയ്ക്കുകയും, അടച്ചുപൂട്ടൽ പോലുള്ള നടപടികളിലേക്ക് പോവുകയും ചെയ്യുന്നു. സ്ഥിരീകരിച്ച കേസുകളുടെ ദൈനംദിന എണ്ണം വീണ്ടും ഉയരാൻ തുടങ്ങുകയും, ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ പുതിയ കേസുകൾ ഉയർന്നു വരുന്നതും ജനങ്ങളെ ഭയപ്പെടുത്തുന്നു. മുൻപത്തെ പോലെ ഇത് സമൂഹ വ്യാപനത്തിന് വഴിയൊരുക്കുമോ എന്ന ഭീതിയിലാണ് അവിടങ്ങളിലെ ജനങ്ങൾ. മുൻപത്തെ വീഴ്ചയിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ കരുതലോടെ, ഗൗരവത്തോടെ രാജ്യങ്ങൾ ഈ പകർച്ച വ്യാധിയുടെ ആക്രമണത്തെ വീറോടെ പിടിച്ചു കെട്ടാൻ പരിശ്രമിക്കുകയാണ് ഇപ്പോൾ.  

ഒരു വാക്സിൻ ഉണ്ടാകുന്നതുവരെ ദൈനംദിന ജീവിതം എങ്ങനെ സാധാരണ നിലയിലേക്ക് എത്തുമെന്ന് അറിയാൻ പ്രയാസമാണെന്ന് മാനിറ്റോബ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ മൈക്രോബയോളജി, പകർച്ചവ്യാധികളുടെ ഡിപ്പാർട്ട്മെന്റിന്റെ അസിസ്റ്റന്റ് പ്രൊഫസറും കാനഡ റിസർച്ച് ചെയറുമായ ജേസൺ കിന്ദ്രചുക് പറഞ്ഞു. സാമൂഹിക അകലം പാലിക്കൽ നടപടികൾ നടപ്പിലാക്കിയും, വ്യാപന ശൃംഖലകളെ നിയന്ത്രിച്ചും ഈ വൈറസിനെ എങ്ങനെ ഇല്ലാതാക്കാമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. വൈറസ് ബാധിച്ച ആദ്യത്തെ നഗരങ്ങളിൽ ഒന്നായ ഹോംകോങ് ഇതിനകം തന്നെ സ്കൂളുകളും ചില കെട്ടിടങ്ങളും പാർക്കുകളും അടച്ചുവെങ്കിലും ഒരു പൂർണ്ണ ലോക്ക്ഡൗൺ ഇപ്പോഴും നടപ്പാക്കിയിട്ടില്ല. വിദേശയാത്രികരുടെ പ്രവേശനം, ഒത്തുചേരലുകൾ തുടങ്ങിയവ നിരോധിച്ചും, പരിശോധന ശക്തിപ്പെടുത്തിയും, ക്വാറന്റൈൻ കേന്ദ്രങ്ങൾ തുറന്നും, പാലിക്കാത്തതിന് ജയിൽ ശിക്ഷ വിധിച്ചും അവർ ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. കൂടാതെ ആളുകൾ നിർബന്ധമായും ഐസൊലേറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.  

ഹോംകോങ് യൂണിവേഴ്സിറ്റിയിലെ പബ്ലിക് ഹെൽത്ത് സ്കൂളിലെ എപ്പിഡെമിയോളജിസ്റ്റ് പ്രൊഫ. ബെൻ കൗളിംഗ് പറഞ്ഞു, ഇതുവരെ പകർച്ചവ്യാധിയെ തടഞ്ഞുവെന്ന് ഹോംകോങ്ങിന് അവകാശപ്പെടാമെങ്കിലും, അവിടെ വരുന്ന യാത്രക്കാർ ഇതിന് ഭീഷണിയാണ്. പ്രാരംഭ ഘട്ടത്തിൽ ഒരു ദിവസം 11 -ൽ കൂടുതൽ കേസുകൾ ഉണ്ടായിരുന്നില്ല അവിടെ. ആയിരക്കണക്കിന് ആളുകൾ വിദേശത്തു നിന്ന് വീട്ടിലേക്ക് വന്നതിന് ശേഷം ഈ സംഖ്യ ഇപ്പോൾ പതിവായി 50 -ന് മുകളിലാണ്, മാത്രമല്ല നഗരത്തിന്റെ ആരോഗ്യ സംവിധാനം തകരാറിലുമാണ്. തായ്‌വാൻ ലോകത്തിലെ ഏറ്റവും വിജയകരമായി ഈ മഹാമാരിയെ നിയന്ത്രിച്ച ഒരു രാജ്യമാണ്. അവർ വിദേശത്ത് നിന്ന് വരുന്നവർക്ക് വിലക്ക് ഏർപ്പെടുത്തുന്നു. മാത്രമല്ല അതിന്റെ അണുബാധ നിരക്ക് ഇപ്പോഴും കുറവാണ്. ഏകദേശം 330 കേസുകളാണ് ഇതുവരെയായി രേഖപ്പെടുത്തിയത്.  സിംഗപ്പൂർ മികച്ച ഒരു ഉദാഹരണമായി കണക്കാക്കപ്പെടുന്നവെങ്കിലും, ഇപ്പോൾ അവിടെ രണ്ടാമതും കേസുകൾ രേഖപ്പെടുത്തി തുടങ്ങിയിരിക്കയാണ്. വർദ്ധിച്ചുവരുന്ന സാമൂഹിക അലംബാവം സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്നുവെങ്കിലും ആളുകൾ അത് പാലിക്കാൻ മടിക്കുകയാണ് അവിടെ. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെയാണ് സിംഗപ്പൂരിൽ നാല് മരണങ്ങളും ആയിരമോ അതിൽ കൂടുതലോ സ്ഥിരീകരിച്ച കേസുകളും ഉണ്ടായത്.   

വീട്ടിൽ താമസിക്കാനുള്ള ഉത്തരവുകൾ ലംഘിച്ചതിന് പിഴയും ജയിൽ ശിക്ഷയും സിംഗപ്പൂർ നടപ്പിലാക്കുന്നുണ്ട്. എല്ലാ അന്താരാഷ്ട്ര ഹ്രസ്വകാല സന്ദർശകരെയും യാത്രാമാർഗങ്ങളും നിരോധിച്ചു. ബഹുജന സമ്മേളനങ്ങൾ, ആരാധനാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവ റദ്ദാക്കി. രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ ദീർഘകാല പാസ് ഹോൾഡർമാർക്കും അനുമതി ആവശ്യമാണെന്ന് ഈ ആഴ്ച പ്രഖ്യാപിക്കുകയും സ്റ്റേ-ഹോം ഓർഡറുകൾ ലംഘിച്ച ഒരു പൗരന്റെ പാസ്‌പോർട്ട് റദ്ദാക്കുകയും ഉണ്ടായി.  

ജപ്പാനിലെ ദൈനംദിന കേസ് റിപ്പോർട്ടുകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി സാവധാനത്തിൽ ഉയരുകയാണ്. ഒരുകാലത്ത് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണ കൊറിയ. എന്നാൽ കടുത്ത നിയന്ത്രണങ്ങളിലൂടെ പകർച്ച വ്യാധിയെ നിയന്ത്രിക്കാൻ അവർക്കായി എന്ന് പറയുന്നു. രണ്ടാമത്തെ തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, ചില ആരോഗ്യ വിദഗ്ധർ രാജ്യത്ത് പ്രവേശന നിരോധനം നീട്ടണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ചൈനയിലെ മെയിൻ ലാൻഡിൽ ഈ രോഗം മൂലം ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോൾ വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിയ ആളുകളെയും വിദേശികളെയും കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്.  

ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിലെ ഒരു പഠനം അനുസരിച്ച്, വുഹാനിലെ കടുത്ത നിയന്ത്രണങ്ങൾ രോഗത്തിന്റെ വ്യാപനം തടയാൻ സഹായിച്ചുവെന്നും എന്നാൽ വീണ്ടും അവയുടെ സാന്നിധ്യം ഇപ്പോൾ കാണുന്നുവെന്നും കണ്ടെത്തിയിരുന്നു. ചൈനയിലെ പ്രധാന പ്രദേശങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും പറയപ്പെടുന്നു. മിക്കവാറും എല്ലാം വിദേശത്തു നിന്ന് വരുന്നവരാണ്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതല്ലെന്നും, മറച്ചു വയ്ക്കാനുള്ള ഒരു ശ്രമം നടക്കുന്നുവെന്നും ചൈനയെ കുറിച്ച് ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും, ഒരിക്കൽ മഹാമാരിയുടെ പിടിയിൽനിന്നും രക്ഷപ്പെട്ടു എന്നാശ്വസിച്ച രാജ്യങ്ങളിൽ വീണ്ടും അവയുടെ കടന്ന് കയറ്റമുണ്ടാകുന്നുണ്ട്. ഇതില്ലാതാകുന്നതുവരെ അല്ലെങ്കില്‍ വാക്‌സിൻ കണ്ടെത്തുന്നതുവരെ നിയന്ത്രണങ്ങളാലും സാമൂഹ്യ അകലവും ശുചിത്വവും പാലിച്ചും അതിനെ നേരിട്ടേ മതിയാകൂ.

(കടപ്പാട്: ദ ഗാര്‍ഡിയന്‍)