രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

First Published 8, Mar 2018, 9:27 PM IST
Shamna Kolakkodan on women nights
Highlights
  • സ്ത്രീകള്‍ രാത്രികള്‍
  • ഷംന കോളക്കോടന്‍ എഴുതുന്നു

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.എം എസ് ഡബ്ലിയു പഠന കാലത്ത് ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായി NG0 കളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. ജോലി കഴിഞ്ഞ് ബസിറങ്ങി ഊട്ടുവഴിയില്‍ കൂടി നടന്ന് റെയില്‍വേ ട്രാക്കും വലിയൊരു വയലും കടന്ന് 20 മിനുട്ട് നടന്നിട്ടു വേണമായിരുന്നു ഹോസ്റ്റലിലെത്താന്‍. ദൂരസ്ഥലങ്ങളിലാണ് ജോലിയെന്നതിനു പുറമെ ഫീല്‍ഡിലും പോവേണ്ടതിനാല്‍ 7 മണിക്ക് മുന്‍പ് ഒരിക്കലും തിരിച്ചെത്താനാവുമായിരുന്നില്ല. ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഞങ്ങള്‍ അഞ്ചു പേരും വിവിധ ഗ്രൂപ്പുകളിലായതിനാല്‍ നേരത്തെ എത്തുന്നതിനനുസരിച്ച് ബസ് സ്റ്റോപ്പില്‍ മറ്റുള്ളവര്‍ക്കായി കാത്തിരിക്കുകയും എല്ലാവരുമെത്തിക്കഴിഞ്ഞു ഒരുമിച്ച് ഹോസ്റ്റലിലേക്ക് പോവുകയുമായിരുന്നു പതിവ്. 

റെയില്‍വേ ട്രാക്കിനോടടുത്തുള്ള കലുങ്കിനടുത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യമുള്ളതായിരുന്നു ഇങ്ങനെ കൂട്ടം ചേര്‍ന്ന് പോവാനുള്ള കാരണം. ആറു മണിക്ക് ശേഷം അങ്ങാടിയില്‍ ഏറെ നേരം ഒറ്റയ്ക്ക് കാത്തുനില്‍ക്കുന്ന പെണ്‍കുട്ടിയേയും അതിലും വൈകിവരുന്ന മറ്റു പെണ്‍കുട്ടികളെയും നാട്ടുകാര്‍ക്ക് തീരെ ബോധിക്കുന്നുണ്ടായിരുന്നില്ല. ചോദിച്ചവരോട് കാര്യം ധരിപ്പിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. 'രാത്രിയില്‍ എന്തു പഠിപ്പാ നിനക്കൊക്കെ?' എന്നായിരുന്നു മറുചോദ്യം.

ഒരുപാട് വൈകുന്ന ദിവസങ്ങളില്‍  കോളെജിനടുത്ത്  താമസിക്കുന്ന സഹപാഠികളായ ആണ്‍കുട്ടികള്‍ ഞങ്ങളുടെ കൂടെ വരാറുണ്ടായിരുന്നു. ഇതിനെക്കുറിച്ചുള്ള നാട്ടുകാരുടെ സംശയങ്ങള്‍ക്ക് മുനയൊടിച്ചുള്ള മറുപടി പറഞ്ഞതിന്റെ പേരില്‍ കോളേജ് അധികൃതരില്‍ നിന്നും നടപടി നേരിടേണ്ടി വന്നവരില്‍ ഒരാളാകേണ്ടി വന്നതില്‍ ഞാനിന്നും അഭിമാനിക്കുന്നു.  ഞങ്ങള്‍ക്ക് ശേഷം കടന്നു വന്ന പെണ്‍കുട്ടികള്‍ക്ക് ഇതിനേക്കാള്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ കഴിഞ്ഞു എന്നതാണ് അത് കൊണ്ടുണ്ടായ നേട്ടം.

ശക്തമായ മറുപടി ആവശ്യമുള്ളിടത്തൊക്കെ കൊടുക്കാറുണ്ട് എങ്കിലും ഇന്നും നാട്ടില്‍ രാത്രിയില്‍ തുറിച്ചു നോട്ടത്തെ നേരിടാതെ കടന്നു പോകാന്‍ കഴിയാറില്ല. ഇതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. നിങ്ങളാലോചിച്ചിട്ടുണ്ടോ രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി എന്ന്? സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ ഭയന്നാണ് ഒരു ചെറിയ ശതമാനം ആളുകള്‍ രാത്രിസഞ്ചാരം വിലക്കുന്നതെങ്കില്‍ അതിനിരട്ടിപ്പേര്‍ അളിഞ്ഞ സദാചാര ചിന്തകളും പേറി നടക്കുന്നവരാണ്. സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്ക് ഇന്നും മതിയായ ശിക്ഷ പോലും നടപ്പിലാക്കാതെ 'ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്ക്' എന്ന പഴമൊഴി ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകളെ രാത്രിസഞ്ചാരത്തില്‍ നിന്നും വിലക്കിയിരിക്കുകയാണിപ്പോഴും ചിലര്‍.

'ജോലി വിട്ടാല്‍ വീട്, വീട് വിട്ടാല്‍ ജോലി',
'ആ പിന്നേ.. പകലുള്ള പണിയൊക്കെ ചെയ്താല്‍ മതി..'
'ങേ.. ആണ്‍തുണയില്ലാണ്ട് ഒരു പെണ്ണ് പുറത്തിറങ്ങേ..'
'നല്ല വീട്ടിലെ പെണ്‍കുട്ട്യോള്‍ ഇരുട്ടിനു മുന്‍പേ വീട്ടീക്കേറിക്കോണം..'
'പകലുള്ള ലോകം തന്നെ ധാരാളമാണ് പെണ്ണിന്.'
'ഇത്രേം ഇരുട്ടിയിട്ട് ഓള്‍ക്കെന്താ പണി?'
'ഇതിനെയൊക്കെ അടക്കി നിര്‍ത്താന്‍ വീട്ടില്‍ നട്ടെല്ലുള്ള ആണുങ്ങളില്ലാത്തിട്ടാ..'
'രാത്രിയായാല്‍ ഇറങ്ങിക്കോളും പിഴച്ചവള്‍..'
'രാത്രയിലിവള്‍ക്കെന്തു പണിയാണ്.?
'മര്യാദക്ക് വീട്ടിലിരുന്നാല്‍ പോരെ' 

തുടങ്ങിയ വാചകങ്ങളാണ് പലപ്പോഴും കുടുംബത്തില്‍ നിന്നു പോലും പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നത്.

പണ്ട് മുതലേ രാത്രികാലം സ്ത്രീക്ക് നിഷിദ്ധമാണ്. ഇനി അഥവാ അത് സാധ്യമാവണമെങ്കില്‍ ആണ്‍തുണയില്ലാതെ പുറത്ത് പോവുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇന്നും ആളുകള്‍ക്ക് കഴിയില്ല. നമ്മുടെ വീടുകളില്‍ ആണ്‍മക്കള്‍ രാത്രിയില്‍ എത്ര വൈകിയാലും ആരും ചോദ്യം ചെയ്യാറില്ല. എന്നാല്‍ 6 മണിക്ക് ശേഷം വന്നാല്‍ പെണ്മക്കള്‍ ആര്‍ക്കൊക്കെ വിശദീകരണം കൊടുക്കണം?

ഒരുപാട് സ്ത്രീകളുടെ വിശ്വാസത്തിന്‍മേല്‍ അടര്‍ത്തിമാറ്റാനാവാത്ത വിധം അള്ളിപ്പിടിച്ചു നില്‍ക്കുന്ന ഒന്നാണ് ആര്‍ത്തവ സമയത്തെ രാത്രികാല സഞ്ചാരവിലക്ക്. ആര്‍ത്തവ രക്തത്തിന്റെ മണം പിടിച്ച് പാമ്പ് വരുമെന്ന ശാസ്ത്രീയമായി യാതൊരു അടിത്തറയും ഇല്ലാത്ത വാദങ്ങള്‍ ഇന്നും മുറുകെപ്പിടിക്കുന്നവര്‍ ഏറെയാണ്. പണ്ടൊക്കെ നാടകം കാണാനും സിനിമ കാണാനും പെണ്ണുങ്ങള്‍ കൂട്ടമായി പോവാറുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. കാലം കടന്നു പോയപ്പോള്‍ സ്ത്രീയുടെ ഈ സഞ്ചാരസ്വാതന്ത്ര്യം എവിടെ വെച്ചാണവള്‍ക്ക് നഷ്ടപ്പെട്ടത്.? 

ഒന്നും നഷ്ടപ്പെട്ടിട്ടില്ല, പ്രതികരണ ശേഷിയുള്ള സ്ത്രീകളുണ്ടെങ്കില്‍ ഏതു നേരവും ഇടങ്ങളും നമ്മുടേതുമാവും. ഈയടുത്തിറങ്ങിയ ഒരു സിനിമയില്‍ നടന്‍ സലിം കുമാറിന്റെ കഥാപാത്രത്തിന്‍റെ ഒരു മാസ്സ് ഡയലോഗ് ഉണ്ട്. "ഏതാണാ സമയം? ഏത് സമയമാണ് ഒരു പെണ്‍കുട്ടിക്ക് അസമയം?" ഇതിനൊന്നും നമ്മുടെ നാട്ടില്‍ കൃത്യമായി ഉത്തരം പറയാനറിയുന്നവരുണ്ടാവില്ല. കാരണം അങ്ങനൊരു സമയമില്ല. നാട്ടുകാരു കൂടി സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം മെനഞ്ഞുണ്ടാക്കിയ വിലക്കാണീ അസമയം. സ്ത്രീകളെ അക്രമണങ്ങളില്‍ നിന്നും രക്ഷിക്കാനെന്ന പൊള്ളയായ വാദങ്ങള്‍ നിങ്ങള്‍ മുന്നോട്ടു വെച്ചേക്കാം. പക്ഷെ പകല്‍ സമയം പോലും പിച്ചിച്ചീന്തപ്പെടുന്നുണ്ടല്ലോ പെണ്‍ശരീരങ്ങള്‍.  നമുക്ക് ചോദിക്കാം, രാത്രിയെങ്ങനെ സ്ത്രീക്ക് മാത്രം നിഷിദ്ധമായി? ഒരായിരം സദാചാര കുറ്റാന്വേഷണങ്ങളുടെ അകമ്പടിയോടെയല്ലാതെ അവളെ വഴി നടക്കാനനുവദിക്കാറുണ്ടോ നമ്മുടെ നാട്ടുകാര്‍? ഇല്ല എന്നു തന്നെയല്ലേ ഉത്തരം?

ജോലിക്കായാലും പഠനത്തിനായാലും രാത്രിയും അവള്‍ക്ക് വേണ്ടി വന്നേക്കാം. അതെല്ലാം നല്ല മാറ്റത്തിന്റെ തുടക്കമായി കണ്ട് നമുക്കും സ്ത്രീ സൗഹൃദ സമൂത്തിന്റെ ഭാഗമാവാം. നമ്മുടെ പെണ്‍മക്കള്‍ വളരട്ടെ, പകലും രാത്രിയുമൊക്കെ ആവോളം കണ്ട്. നേരവും ഇടങ്ങളും നമ്മുടേതു കൂടിയാണ് പെണ്ണുങ്ങളേ. 

ഒന്നുകൂടി ഉച്ചത്തില്‍ വിളിച്ചു പറയാം,  "നേരങ്ങളെല്ലാവരുടേതുമാണ്, നേര് മരിക്കുവോളം..ധൈര്യവും തന്റേടവും ബോധവുമുള്ള പെണ്ണിന് ഇരുട്ടിനെ പേടിയില്ല യുവര്‍ ഓണര്‍.."

loader