Asianet News MalayalamAsianet News Malayalam

ഭക്ഷണത്തിന് മതമുണ്ടോ?

എനിക്കും ചിലത് പറയാനുണ്ട്: രസ്‌ന എം പി എഴുതുന്നു

Speak up Rasna MP on religion of food
Author
Thiruvananthapuram, First Published Sep 16, 2019, 7:42 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Speak up Rasna MP on religion of food

ജാതിയും മതവും മലയാളിയുടെ തീന്മേശമേല്‍  വരെ എത്തി നില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചിരിക്കുന്നത് എന്ന് വളരെ വ്യക്തമായ തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഭക്ഷണ കാര്യത്തില്‍ ഒട്ടും തന്നെ ചെറുതല്ലാത്ത ഒരു പങ്ക് മതത്തിനും മത നിയമങ്ങള്‍ക്കും ഉണ്ടെന്ന് നേരില്‍ ബോധ്യമായത്.

വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ ഒരു കോളേജില്‍ ബി എഡ് കോഴ്‌സ് ചെയ്യുകയാണ് ഇപ്പോള്‍. ഒരു മാസത്തിലധികമായി  കോളേജിനടുത്തുള്ള ഒരു വീട് വാടകക്കെടുത്താണ് ഞങ്ങള്‍ മൂന്നാല് പേര്‍ താമസിക്കുന്നത്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍, അക്കൂട്ടത്തില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും എല്ലാം ഉള്‍പ്പെടും. പേരാമ്പ്ര ടൗണില്‍ നിന്നും പത്തു കിലോമീറ്ററോളം മാറിയുള്ള കോഴിക്കോടിന്റെ പ്രധാനപ്പെട്ട മലയോര  മേഖലകളില്‍ ഒന്നാണ്  ഇവിടം. സാധനങ്ങള്‍ വാങ്ങാനും മറ്റും ടൗണിലെത്തിപ്പെടുക എന്നത് തീര്‍ത്തും പ്രയാസകരമാണ്. ക്രിസ്ത്യന്‍ മത വിശ്വാസികള്‍ കൂടുതലായുള്ള ഇവിടെ നിന്നും,  മണിക്കൂറുകള്‍ ഇടവിട്ട്, കൃത്യമായ ഇടവേളകളില്‍ മാത്രം ഉണ്ടാവാറുള്ള  ബസ് സര്‍വീസാണ് ടൗണിലെത്തിച്ചേരാനുള്ള ഏക ആശ്രയം .എന്നിരിക്കിലും  ഒരു വിധം അവശ്യസാധനങ്ങള്‍ എല്ലാം തന്നെ ഇവിടുത്തെ കടകളില്‍  ലഭ്യമാവാറുണ്ട്.

വീട് വാടകക്കെടുത്തു താമസിക്കുന്നതിനാല്‍ ഭക്ഷണം സ്വന്തമായി പാചകം ചെയ്ത് വേണം കഴിക്കാന്‍. കോളേജ് കഴിഞ്ഞു വന്നാല്‍ പിന്നെ പാചകത്തിന്റെ തിരക്കിലാണ്. പാചക കലയെക്കുറിച്ചു അത്ര വലിയ ധാരണയൊന്നുമില്ലാത്തതു കൊണ്ടും ചിലവ് ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി കൊണ്ടും അറിയാവുന്ന രീതിയില്‍ എന്തൊക്കെയോ വച്ചുണ്ടാക്കി കഴിക്കാറാണ് പതിവ്. ഒരു മാസത്തിനുള്ളില്‍ ഉള്ളിയും തക്കാളിയും കിഴങ്ങും എല്ലാം ആയി മാറി ഞങ്ങളുടെ മുഖ്യ  ഭക്ഷണം. സ്വാഭാവികമായും ദിവസങ്ങള്‍ കഴിയും തോറും ഭക്ഷണത്തോട് വല്ലാത്ത മടുപ്പ് തോന്നിത്തുടങ്ങി. അപ്പോഴാണ് ഞങ്ങള്‍ ട്യൂഷന്‍ എടുക്കുന്ന വകയില്‍ കുറച്ചു കാശ് കയ്യില്‍ വന്നുപെട്ടത്.. എന്നാല്‍ പിന്നെ ഒരു ദിവസത്തേക്ക് അങ്ങ് ലാവിഷാക്കാം എന്നോര്‍ത്ത്  യു ട്യൂബിലോ മറ്റോ നോക്കി ചിക്കന്‍ ബിരിയാണി പരീക്ഷിക്കാം എന്ന് തീരുമാനിച്ചു. എന്തൊക്ക ചേരുവകള്‍ വേണം എന്നെല്ലാം വീട്ടില്‍  വിളിച്ചു ചോദിച്ചു മനസിലാക്കി. ഇനി ചിക്കന്‍ വാങ്ങിക്കണം. ജംഗ്ഷനില്‍ കണ്ട ഒരു കടയില്‍ ഞങ്ങള്‍ മൂവര്‍ സംഘം കയറി. 

കയറി ചെന്ന പാടെ കടക്കാരന്‍ ചേട്ടന്‍ ഞങ്ങളെ ഒന്ന് മാറി മാറി നോക്കി.

'ചേട്ടാ ചിക്കന് എന്താ വില?'

'ഃഅല്ല, നിങ്ങളിലാര്‍ക്കാണ് ചിക്കന്‍ വേണ്ടത?്'- വില പറയും മുന്നേ  മറുചോദ്യം.

ആദ്യമായിട്ടാണ് വില ചോദിക്കുമ്പോള്‍ ഇങ്ങനെയൊരു മറുചോദ്യം കേള്‍ക്കുന്നത്. ആര്‍ക്കായാലും ചോദിച്ചത് ചിക്കന്‍ അല്ലേ. ആരാ എന്താ എന്നൊക്കെ അറിഞ്ഞിട്ടല്ലല്ലോ തൂക്കി നല്‍കേണ്ടത്? പിന്നെ എന്തിനാ ഇയാള്‍ ഇങ്ങനെ ചോദിക്കുന്നെ?

'ചേട്ടാ ഞങ്ങള്‍ക്ക് തന്നെ. ഞങ്ങള്‍ ഇവിടെ ഹോസ്റ്റലിലാണ്'

'നിങ്ങള്‍ക്ക്ന്ന് പറഞ്ഞ ഈ കുട്ടിക്കും വേണോ?'

കൂട്ടത്തില്‍ ഒരു മതത്തിന്റെ ചിഹ്നങ്ങള്‍ പേറിയ കൂട്ടുകാരിയെ നോക്കി അയാള്‍ ചോദിച്ചു.

എന്താണ് ഇയാള്‍ ഉദ്ദേശിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും ഞങ്ങള്‍ക്ക് മനസിലായില്ല.

'എന്താ അങ്ങനെ ചോദിക്കുന്നേ? ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചാണ് താമസം. എല്ലാവര്‍ക്കും കൂടി കഴിക്കാനാണ്'

'നിങ്ങള്‍ക്ക് വേണമെങ്കില്‍ തരാം. പക്ഷേ ഈ കുട്ടിക്ക് കഴിക്കാന്‍ വേണമെങ്കില്‍ തരാന്‍ പറ്റില്ല'

അപ്പോഴും കാര്യം എന്താണെന്ന് മനസിലാവുന്നില്ല.

'അതെന്താ ചേട്ടാ തരാത്തേ'

'ഞാന്‍ ഒരു ക്രിസ്ത്യനാണ്. ഞാന്‍ അറുത്ത കോഴീനെ അവര്‍ക്ക് കഴിക്കാന്‍ പറ്റില്ല. അവര്‍ വേറെ രീതിക്കാണ് കൊല്ലുന്നത്. സ്വന്തം മതക്കാര്‍ കൊന്ന കോഴീനെ മാത്രേ അവര്‍ക്കു തിന്നാവൂ.. '

ഇത് കേട്ടപ്പോള്‍ ശെരിക്കും എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍. അവളുടെ മതം ആണ് പ്രശ്‌നം. തലയില്‍ നിന്നും മാറി കിടക്കുന്ന ഷാള്‍ കാരണമാവാം എന്റെ ഐഡന്റിറ്റി പുള്ളിക്ക് വ്യക്തമായിട്ടില്ല. ഞങ്ങള്‍ പരസ്പരം നോക്കി. ആറ്റുനോറ്റൊരു ബിരിയാണി ഉണ്ടാക്കാന്‍ കൊതിച്ചു വന്നതാണ്..
ഈ കാട്ടു മുക്കിലാണെങ്കില്‍ ഇനി അടുത്തൊന്നും ചിക്കന്‍ സ്റ്റാള്‍ ഉണ്ടാവാനും വഴിയില്ല.

'ഡീ.. എനിക്ക് പ്രശ്‌നം ഇല്ല. നിനക്ക് പ്രശ്‌നം ഉണ്ടോ? സ്വന്തം മതക്കാര്‍ കൊന്ന കോഴീനെ തിരഞ്ഞു ഇനി ടൗണ്‍ വരെ പോയി വരാന്‍ സമയമില്ല. നേരം ഇരുട്ട് പരക്കാനായിരിക്കുന്നു'.

എനിക്ക് കുഴപ്പമില്ലെന്ന് അവള്‍. കടക്കാരനോട് വീണ്ടും പറഞ്ഞു.

'ചേട്ടാ ഞങ്ങള്‍ക്ക് കുഴപ്പമില്ല. നിങ്ങള്‍ കൊന്ന കോഴിയെ തിന്നെന്ന് പറഞ്ഞു ഞങ്ങള്‍ക്കൊന്നും വരാന്‍ പോണില്ല. യാത്രക്കിടയിലും മറ്റും പുറത്തു നിന്നുള്ള ഹോട്ടലുകളില്‍ നിന്നും കല്യാണ വീടുകളില്‍ നിന്നുമെല്ലാം ചിക്കനും ചിക്കന്‍ കൊണ്ടുള്ള മറ്റു വിഭവങ്ങളും കഴിക്കുമ്പോള്‍ ഈ കോഴിയെ കൊന്നത് ആരാണെന്ന് നോക്കീട്ടല്ലല്ലോ കഴിക്കുന്നേ? ചേട്ടന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ തരണം'

'നിങ്ങക്ക് ബുദ്ധിമുട്ടില്ലെങ്കിലും നാട്ടിലുള്ളവര്‍ അറിഞ്ഞാല്‍ അത് പ്രശ്‌നമാണ്. തരാന്‍ പറ്റില്ല'

മറുപടി പറയാന്‍ വാ തുറന്നെങ്കിലും വാക്കുകള്‍ പുറത്തു വരുന്നില്ല. ജീവിതത്തിലാദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. എന്ത് മറുപടി  പറയാനാണ്. ആര് അറുത്താലും ഇല്ലാതാവുന്നത് ഒരേ  ജീവനാണ്. കഴുത്തില്‍ കത്തി വെക്കുന്നവന്റെ  മതം നോക്കിയിട്ടല്ല ഒരു ജീവിയും പിടയുന്നത്. ആര് തലയറുത്താലും അനുഭവിക്കുന്നത് ഒരേ വേദനയാണ്.. ഒലിച്ചിറങ്ങുന്നത് ഒരേ ചോരയാണ്.

ഉള്ളില്‍ നിന്ന് രണ്ട് പോര്‍ക്കോഴികള്‍ കൂകിയിറങ്ങി വരുന്നു. അവര്‍ പരസ്പരം ചീര്‍ത്തു നേര്‍ക്കുനേര്‍ പാഞ്ഞടുക്കുന്നു. പരസ്പരം കൊത്തിപ്പറിക്കുന്നു. ശക്തമായ പോരിനൊടുവില്‍ ഒന്ന് ചോരയൊലിച്ചു തളര്‍ന്നു വീഴുന്നു.

'വാ പോവാം'

തിരികെ ഹോസ്റ്റലിലെത്തിയപ്പോള്‍ നാട്ടിലുള്ള ചില സുഹൃത്തുക്കളോട് വിളിച്ചു കാര്യം പറഞ്ഞു.. അപ്പോഴാണ് കൂടുതല്‍ ഞെട്ടിപ്പോയത്. കടക്കാരന്റെ നല്ല മനസ്സിനെ അവര്‍ മനസ്സറിഞ്ഞു അഭിനന്ദിക്കുന്നു.  അറിയാതെ പോലും ഒരു അവിശ്വാസി അറുത്ത കോഴി ഞങ്ങളുടെ വയറ്റിലേക്കെത്തിയില്ലല്ലോ. മറ്റു മതങ്ങളുടെ നിയമങ്ങളെ അയാള്‍ തിരസ്‌കരിച്ചില്ലല്ലോ.

കൂടുതലൊന്നും അവരോടു പറയാന്‍ തോന്നിയില്ല. ആരുടേയും മത വിശ്വാസത്തെ ഹനിക്കേണ്ടതില്ലെന്നത് ശരി തന്നെ. എന്നാലും ഒരാളുടെ വിശ്വാസമില്ലായ്മയെയും വിലക്കെടുക്കേണ്ടതില്ലേ എന്നൊരു  മറു ചോദ്യം ചോദിച്ച് അയാളുടെ അന്യ മതസ്‌നേഹത്തിനു മുന്നില്‍ കത്തിയണഞ്ഞു പോയ ഞങ്ങളുടെ വിശപ്പിനു പ്രണാമമര്‍പ്പിച്ച കൂട്ടുകാരോട് സലാം  പറഞ്ഞു ഫോണ്‍ വെച്ചു.

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios