കൊവിഡ് 19 സാമൂഹിക വ്യാപനം തടയാൻ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രങ്ങളാണ് കൈക്കൊണ്ട് വരുന്നത്. ലോക്ക് ഡൌണ്‍ പാലിക്കാത്ത ജനങ്ങള്‍ക്കെതിരെ പട്ടിക്കൂട്ടിൽ അടക്കുക, ജയിലിൽ തള്ളുക, വെടിവച്ചിടുക തുടങ്ങിയ ക്രൂരമായ ശിക്ഷാരീതികളും പല രാജ്യങ്ങളും നടപ്പിലാക്കി. എന്നാൽ, ഒരു രാജ്യം മാത്രം ഇതിലൊന്നും ഒരു കാര്യവുമില്ല എന്ന മട്ടിൽ ഇത്തരം ഒരു നിയന്ത്രണവും ഇല്ലാതെ തന്നെ പകർച്ച വ്യാധിയെ തടയാൻ നോക്കി. സ്വീഡനാണ് ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറായത്. എന്നാൽ, അവരുടെ അനുമാനം തെറ്റിയോ എന്നൊരു സംശയം ഉയര്‍ന്നിരിക്കുകയാണ്.  സ്കാൻഡിനേവിയയിലെ മറ്റെവിടെയേക്കാളും വേഗത്തിലാണ്  സ്വീഡനിൽ ആളുകൾക്ക് അസുഖം ബാധിക്കുന്നത്. കൊവിഡ് -19 കൈകാര്യം ചെയ്യുന്നതിലുള്ള വിവാദപരമായ അവരുടെ സമീപനം തിരുത്താൻ ഇപ്പോൾ സർക്കാർ തയ്യാറാവുകയാണ്. 

മഹാമാരിയുടെ കാര്യത്തിൽ കാത്തിരുന്ന് കാണാം എന്ന സമീപനമായിരുന്നു സ്വീഡൻ സ്വീകരിച്ചത്. എന്നാൽ, രാജ്യത്തിന്റെ ഈ സമീപനത്തിനെ കുറിച്ച്  ഡോക്ടർമാർക്കും അക്കാദമിക് വിദഗ്ധർക്കും ഇടയിൽ കടുത്ത വിമർശനമാണ് നിലനിൽക്കുന്നത്. ഡെൻമാർക്കും നോർവേയും അതിർത്തികൾ അടച്ച് നിവാസികൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോഴും, സ്വീഡന്‍ അതൊന്നും ചെയ്തിരുന്നില്ല. സ്വീഡിഷ് സോക്കർ പോലുള്ള പ്രധാന പരിപാടികൾ മാറ്റിവയ്ക്കുകയും സർവകലാശാലകൾ അടയ്ക്കുകയും മാത്രമാണ് അവർ ചെയ്തത്. അല്ലാത്തപക്ഷം അവർ അവരുടെ നിത്യേനയുള്ള ജീവിതവുമായി മുന്നോട്ട് പോയി. അതിർത്തികളും, മിക്ക കഫേകളും, റെസ്റ്റോറന്റുകളും, ഷോപ്പുകളുമെല്ലാം അപ്പോഴും തുറന്ന് തന്നെ കിടന്നു. കൊച്ചുകുട്ടികളെ പോലെ പേടിച്ച് ബഹളം വയ്ക്കാതെ മുതിർന്നവരെപ്പോലെ പെരുമാറാനാണ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വെൻ രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചത്. രോഗത്തെ സംബന്ധിച്ച് പരിഭ്രാന്തി പരത്തുന്ന കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. 

ഈ അയഞ്ഞ മനോഭാവത്തിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിലും, ദേശീയതലത്തിലും കടുത്ത വിമർശനങ്ങളാണ് ഭരണകൂടത്തിന് നേരിടേണ്ടി വന്നത്. ഇത്തരം സമീപനത്തിലൂടെ പൗരന്മാരുടെ ജീവൻ സർക്കാർ അപകടത്തിലാക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു.   
യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ വളരെ പതുക്കെയാണ് ഈ മഹാമാരിയോട് പ്രതികരിച്ചതെന്നും, ഇപ്പോൾ അത് കൂടുതൽ അപകടത്തിലേക്ക് പോയ്കൊണ്ടിരിക്കയാണെന്നുമാണ് മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്. എന്നാൽ, സർക്കാർ അയഞ്ഞിടത്ത് ജനങ്ങൾ കാര്യങ്ങൾ ഏറ്റെടുത്തു. സ്റ്റോക്ക്ഹോമിലെ പൊതുഗതാഗത കമ്പനി യാത്രക്കാരുടെ എണ്ണത്തിൽ 50% ഇടിവ് രേഖപ്പെടുത്തി. നിയമത്തിന്റെ സഹായമില്ലാത്ത അവിടെ ജനങ്ങൾ സ്വയം സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.  

പല അയൽരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വീഡൻ ഇതുവരെ ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടില്ല. പകരം, സർക്കാർ ജനങ്ങളോട് സ്വയം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ആരോഗ്യ അധികാരികളുടെ ശുപാർശകൾ പാലിക്കാനും ആവശ്യപ്പെടുകയായിരുന്നു. വളരെ കുറച്ച് നിയന്ത്രണങ്ങൾ മാത്രമാണ് ഇത്രകാലമായിട്ടും സർക്കാർ കൊണ്ടുവന്നത്. 70 വയസ്സിനു മുകളിലുള്ളവരോടും, ലക്ഷണങ്ങൾ കാണിക്കുന്നവരോടും മാത്രം വീടുകളിൽ തുടരാൻ ഭരണകൂടം ആവശ്യപ്പെട്ടു. മാർച്ച് പകുതി മുതൽ അടച്ചിട്ടിരിക്കുന്ന സെക്കൻഡറി സ്കൂളുകളും സർവകലാശാലകളും വിദൂര വിദ്യാഭ്യാസം വാഗ്ദാനം ചെയ്തു.  “എന്തെങ്കിലും ലക്ഷണങ്ങളുള്ള” ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വൈറസിന്റെ ലക്ഷണങ്ങളുള്ള ആളുകൾ സ്വയം ഐസൊലേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും അധികാരികൾ ആവർത്തിച്ചു. കൂടാതെ 50 -ലധികം ആളുകള്‍ ഒത്തുചേരുന്നത് സർക്കാർ നിരോധിക്കുകയും ചെയ്തു. മുൻപ് ഇത് 500 ആയിരുന്നു. അതുപോലെ തന്നെ വൃദ്ധസദനങ്ങൾ സന്ദര്‍ശിക്കുന്നതും വിലക്കിയിട്ടുണ്ട്. 

സ്മാർട്ട്‌ഫോൺ ലൊക്കേഷൻ ഡാറ്റയുടെ വിശകലനത്തിൽ, മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ആളുകൾ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് കുത്തനെ ഇടിഞ്ഞപ്പോൾ, സ്വീഡനിൽ ഇപ്പോഴും നല്ല രീതിയിൽ ഈ പ്രവണത കാണാമെന്ന് കണ്ടെത്തുകയുണ്ടായി. എന്നാൽ, ഇപ്പോൾ അവിടെ കാര്യങ്ങൾ അത്ര പന്തിയല്ല. ജനങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്വീഡൻ സ്വീകരിച്ച ഈ തുറന്ന സമീപനം തീ പോലെ പകർച്ചവ്യാധി പടർന്ന് കയറാൻ കരണമായി എന്നാണ് പറയുന്നത്. ഇപ്പോൾ വൃദ്ധസദനത്തിലെ മറ്റും വൈറസ് പടരുന്നതിന്റെ സൂചനകൾ വന്നു തുടങ്ങി. പ്രധാനമായും തലസ്ഥാനത്ത്. കൂടാതെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും മാസ്ക് പോലുള്ള സംരക്ഷണ ഉപകരണങ്ങളുടെ അഭാവവും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. രാജ്യത്തെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 7,200 -ൽ അധികം COVID-19 കേസുകളും 477 മരണങ്ങളും സ്വീഡനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനിയെങ്കിലും പറ്റിയ തെറ്റുകൾ മനസ്സിലാക്കി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ആ മഹാമാരിയുടെ പിടിയിൽ നിന്ന് രാജ്യത്തിനെ രക്ഷിക്കാൻ ഭരണകൂടത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.