മാതാപിതാക്കളെ തെരഞ്ഞെടുക്കാൻ ആർക്കും കഴിയില്ല. നിർഭാഗ്യവശാൽ ചിലർക്ക് ചരിത്രത്തിലെതന്നെ ഏറ്റവും ഭീകരരായ സ്വേച്ഛാധിപതികളുടെയോ, കുപ്രസിദ്ധരായ വ്യക്തികളുടെയോ, മക്കളായി ജനിക്കേണ്ടി വരുന്നു. അവർ ജീവിക്കുന്ന കാലംവരെയും മാതാപിതാക്കളുടെ ദുഷ്‌പ്പേര് അവരെ പിന്തുടരുന്നു. ചില സന്ദർഭങ്ങളിൽ, അവരുടെ ഇരുണ്ട ഭൂതകാലത്തിൽനിന്ന് രക്ഷപ്പെടാൻ ആവുന്നതെല്ലാം ആ കുട്ടികൾ ചെയ്യുന്നു. പലരുടെയും ജീവിതം വലിയ മനസികസമ്മർദ്ദവും, പരാജയവും നിറഞ്ഞതായിരുന്നു. ആ അച്ഛന്മാരൊന്നും ഒരുതരത്തിലും അടുപ്പമോ, സ്നേഹമോ കാണിക്കാത്തവരായിരുന്നു.  

മുസ്സോളിനി

യുദ്ധകാല ഫാസിസത്തിലെ ഹിറ്റ്‌ലറുടെ പങ്കാളിയായിരുന്നു മുസ്സോളിനി. ആദ്യ ഭാര്യയെ അയാള്‍ 1914 -ൽ ട്രെന്റോയിൽ വച്ചാണ് വിവാഹം കഴിക്കുന്നത്, പേര് ഐഡാ ഡാൽസര്‍. അടുത്ത വർഷം ആ ദമ്പതികൾക്ക് ഒരു മകനുണ്ടാകുന്നു. അവന് ബെനിറ്റോ ആൽബിനോ മുസ്സോളിനി എന്ന് പേരുമിട്ടു. 1922 -ൽ മുസ്സോളിനി അധികാരത്തിൽ വന്നു. അതോടെ ഐഡായും ബെനിറ്റോയും ഒരു ശല്യമായി മുസ്സോളിനിക്ക് തോന്നി. ശല്യമൊഴിവാക്കാൻ അയാൾ ആ അമ്മയെയും, മകനെയും ഓരോ അഭയകേന്ദ്രങ്ങളിൽ കൊണ്ടുപോയി തള്ളി. ഇരുവരും അവിടെ കിടന്നു ദാരുണമായി മരണമടയുകയായിരുന്നു.

അതിനിടയിൽ മുസ്സോളിനി 1910 മുതൽ തൻ്റെ യജമാനത്തിയായിരുന്ന റേച്ചൽ ഗൈഡിയെ വിവാഹം കഴിച്ചു. റച്ചേലിൽ മുസ്സോളിനിക്ക് അഞ്ച് കുട്ടികൾ  ജനിച്ചു. രണ്ട് പെൺമക്കൾ: എഡ്ഡ (1910-1995), അന്ന മരിയ (1929-1968); മൂന്ന് ആൺമക്കൾ: വിറ്റോറിയോ (1916-1997), ബ്രൂണോ (1918-1941), റൊമാനോ (1927-2006).

1910 -ൽ ജനിച്ച എഡ്ഡ ഒരു വിമതയായിരുന്നു, ‘അഭികാമ്യമല്ലാത്ത പുരുഷന്മാരുമായി’ മദ്യപിക്കുകയും സാഹോദര്യമുണ്ടാക്കുകയും ചെയ്തിരുന്നു അവരെന്നാണ് ആരോപിക്കപ്പെടുന്നത്. ഒടുവിൽ 1930 -ൽ അവള്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തപ്പോൾ മുസ്സോളിനി ആശ്വസിച്ചു. ഒരു പ്രഭുവായിരുന്ന കൗണ്ട് സിയാനോയെയാണ് എഡ്ഡ ഭർത്താവായി സ്വീകരിച്ചത്. സിയാനോ ഒരിക്കലും വിശ്വസ്‍തനായ ഒരു ഭർത്താവല്ലായിരുന്നിട്ടുപോലും എഡ്ഡ അയാളെ പിന്തുണച്ചു. വരാനിരിക്കുന്ന യുദ്ധത്തിൽ ഹിറ്റ്‌ലറെ പിന്തുണയ്ക്കാൻ മുസ്സോളിനി ആഗ്രഹിച്ചു, സിയാനോ അതിനെ എതിര്‍ത്തിരുന്നു.  

അതിന് പകരമെന്നോണമാവണം രണ്ടാം തവണ അധികാരത്തിൽ വന്നതിനുശേഷം, മുസ്സോളിനി സിയാനോയെ രാജ്യദ്രോഹക്കുറ്റത്തിന് വധിച്ചു. ഭര്‍ത്താവിനെ കൊല്ലല്ലേ എന്ന് സ്വന്തം മകൾതന്നെ കരഞ്ഞപേക്ഷിച്ചിട്ടും അത് കേട്ടുവെന്നുപോലും നടിക്കാതെ എഡ്ഡയുടെ ഭർത്താവിനെ അയാൾ വധശിക്ഷക്ക് വിധിച്ചു. അവൾ തൻ്റെ പിതാവിനെയും മുസ്സോളിനി എന്ന പേരിനെയും അപലപിക്കുകയും സ്വിറ്റ്സർലൻഡിലേക്ക് രക്ഷപ്പെടുകയും ചെയ്തു. "നിങ്ങൾ ഇപ്പോൾ എനിക്ക് എൻ്റെ പിതാവല്ല. മുസ്സോളിനി എന്ന പേര് ഞാൻ ഉപേക്ഷിക്കുന്നു' എഡ്ഡ അദ്ദേഹത്തിന് എഴുതി. അവരുടെ ബന്ധം പിന്നീട് പൂർണ്ണമായും തകരുകയും ചെയ്തു.

ഫ്രാൻസിസ്കോ ഫ്രാങ്കോ

യുദ്ധത്തിനു മുമ്പുള്ള സ്പെയിനിലെ റിപ്പബ്ലിക്കനിസത്തെ തകർത്ത ഫ്രാങ്കോയ്ക്ക് ഒരു മകളേ ഉണ്ടായിരുന്നുള്ളൂ. കാർമെൻ ഫ്രാങ്കോ വൈ പോളോ. നാസി സഹായത്തോടെ അച്ഛൻ ജയിച്ച ക്രൂരമായ ആഭ്യന്തര യുദ്ധത്തിന് കൃത്യം പത്ത് വർഷം മുൻപ് 1926 -ലാണ് മകൾ ജനിച്ചത്. നാലു പതിറ്റാണ്ടിലേറെ നീണ്ട ഭരണത്തിൽ, ഫ്രാങ്കോ എതിർക്കുന്നവരെയെല്ലാം തകർത്തു, രാഷ്ട്രീയ ശത്രുക്കളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. എന്നാൽ, കാർമെൻ അയാൾക്ക് ജീവനായിരുന്നു. അവളുടെ ജനനം തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണെന്ന് അദ്ദേഹം പറയുമായിരുന്നു. 1975 -ൽ ഫ്രാങ്കോയുടെ  മരണശേഷം അയാളുടെ സ്മരണയ്ക്കായി തീവ്ര വലതുപക്ഷ റാലികളിൽ പങ്കെടുത്തുകൊണ്ട് ആ മകൾ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിച്ചു. അച്ഛൻ്റെ ഓർമ്മയ്ക്ക് കാർമെനിന് ജനിച്ച മകന് അയാളുടെ പേരുമിട്ടു. 1978 -ൽ സ്വിറ്റ്സർലൻഡിലേക്ക് സ്വർണാഭരണങ്ങൾ കടത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് കാർമെൻ കുറ്റക്കാരിയാണെന്നു കണ്ടെത്തി 50,000 ഡോളർ പിഴ ചുമത്തി. എന്നാൽ, ശിക്ഷ ഒരു വർഷത്തിനുശേഷം റദ്ദാക്കുകയും പിഴ അവർക്ക് തിരിച്ചു കൊടുക്കുകയും ചെയ്തു. 

ജോസഫ് സ്റ്റാലിൻ

ദശലക്ഷക്കണക്കിന് ആളുകളുടെ രക്തം കൈകളിൽ പുരണ്ട സോവിയറ്റ് യൂണിയൻ്റെ ഭരണാധികാരി. കുറഞ്ഞത് 35 ദശലക്ഷം പേരെയെങ്കിലും നിഷ്ക്കരുണം വധിച്ച ഭരണാധികാരി. അദ്ദേഹത്തിന് കുറഞ്ഞത് അഞ്ച് കുട്ടികളുണ്ടായിരുന്നു, ഒരുപക്ഷേ, അതിൽ കൂടുതൽ...

ആദ്യത്തേത് കോൺസ്റ്റാന്റിൻ കുസാക്കോവ്,1910 -ൽ മരിയ കുസകോവയുടെ മകനായി ജനിച്ചു. 1911 -ൽ സാറിസ്റ്റ് റഷ്യയിൽ നടന്ന ആഭ്യന്തര പ്രവാസകാലത്ത് സ്റ്റാലിൻ്റെ വീട്ടുടമയായിരുന്നു മരിയ. കോണ്‍സ്റ്റാന്‍റിന്‍ അച്ഛനെ ഒരിക്കലും കണ്ടിട്ടില്ല. പക്ഷേ, മകന് നല്ലൊരു ജീവിതം നേടിക്കൊടുക്കാൻ ആ അച്ഛൻ പരിശ്രമിച്ചിരുന്നു. പിതാവിൻ്റെ വിവേകപൂർണ്ണമായ സഹായത്തോടെ കോൺസ്റ്റാന്റിൻ ലെനിൻഗ്രാഡ് സർവകലാശാലയിൽ ചേർന്നു. 1932 ൽ, സോവിയറ്റ് രഹസ്യ പൊലീസായ എൻ‌കെ‌വി‌ഡി കോൺസ്റ്റാന്റിനോട് തൻ്റെ മാതാപിതാക്കളുടെ വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്തില്ലെന്ന നിബന്ധനയിൽ ഒപ്പ് വയ്ക്കാൻ നിർബന്ധിച്ചു. കമ്യൂണിസത്തിൻ്റെ തകർച്ചയ്ക്ക് അഞ്ച് വർഷത്തിന് ശേഷം 1996 -ൽ കോൺസ്റ്റാന്റിൻ സാംസ്കാരിക മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു.

യാക്കോവ് ഡുഗാഷ്വിലി 1907 -ൽ സ്റ്റാലിൻ്റെ ആദ്യ ഭാര്യ എകറ്റെറിന സ്വാനിഡ്സെക്ക് ജനിച്ച മകനാണ്. 1943 -ൽ ജർമ്മൻ തടങ്കൽപ്പാളയത്തിൽ വെച്ചാണ് അയാൾ മരിക്കുന്നത്. സ്റ്റാലിൻ്റെ  പ്രണയഭാജനമായിരുന്നു സ്വാനിഡ്സെക്ക്. എന്നാൽ, അവരുടെ മരണശേഷം സ്റ്റാലിൻ മകനുമായി ഒരു ബന്ധവും വച്ച് പുലർത്തിയില്ല. ഒരിക്കൽ അച്ഛൻ്റെ അവഗണയിൽ മനംമടുത്ത് തോക്കുപയോഗിച്ച് സ്വയം ആത്മഹത്യ ചെയ്യാനൊരുങ്ങി യാക്കോവ്. പക്ഷേ, തലനാരിഴക്ക് രക്ഷപ്പെട്ട മകനെ കളിയാക്കികൊണ്ട് അച്ഛൻ പറഞ്ഞതിതാണ്, 'അവന് നേരെ തോക്കുപയോഗിക്കാൻ പോലും അറിയില്ല.'

1919 സ്റ്റാലിന്‍ രണ്ടാമതും വിവാഹം കഴിച്ചു. നാദെഷ്ദ അല്ലിലുയേവ എന്നായിരുന്നു അവരുടെ പേര്. എന്നാൽ മാനസികനില തകർന്ന അവർ അവസാനം ആത്മഹത്യ ചെയ്യുകയായിരുന്നു. ആ ബന്ധത്തിൽ ഒരു മകനും ഒരു മകളും അയാൾക്കുണ്ടായി. വാസിലി എന്ന മകൻ ഒരു തികഞ്ഞ മദ്യപാനിയും, ക്രൂരനുമായിരുന്നു. സ്വെറ്റ്‌ലാന അല്ലിലുയേവ എന്നായിരുന്നു മകളുടെ പേര്. അച്ഛൻ്റെ രീതികളോട് കടുത്ത എതിർപ്പ്‌ പ്രകടിപ്പിക്കുകയും അച്ഛനെ വല്ലാതെ വെറുക്കുകയും ചെയ്തിരുന്നു അവര്‍.  

മാവോ സെതുങ്

ചെയർമാൻ മാവോയ്ക്ക് പത്തു മക്കളുണ്ടായിരുന്നു. അവരിൽ ചിലർ കുഞ്ഞായിരിക്കുമ്പോൾ തന്നെ മരിച്ചു. അദ്ദേഹത്തിൻ്റെ  ഡോക്ടർ പിന്നീട് അതിനെ കുറിച്ച് എഴുതിയതിങ്ങനെയാണ്, 'കുഞ്ഞുങ്ങൾ മരിച്ചുവീഴുമ്പോഴും അദ്ദേഹം ഒരു വികാരവും പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല.' മാവോയ്ക്ക് രണ്ടാമത്തെ ഭാര്യ യാങ് കൈഹുയിൽ മൂന്ന് ആൺമക്കളുണ്ടായിരുന്നു. യാങ് 29 വയസുള്ളപ്പോൾ അയാളെ മറക്കാൻ തയ്യാറാകാത്തതിൻ്റെ പേരിൽ തെരുവിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു. അമ്മയുടെ മരണശേഷം ആൺകുട്ടികൾ ഷാങ്ഹായിലേക്ക് മാറി. അവിടെ കമ്മ്യൂണിസ്റ്റ് ഒളിസങ്കേതത്തിലും, തെരുവുകളിലും അവർ കഴിഞ്ഞു. ഇളയ മകൻ നാലാം വയസ്സിൽ വയറിളക്കത്താൽ മരിച്ചു, മറ്റുള്ളവർ പത്രങ്ങൾ വിറ്റ്‌  ജീവിച്ചു. ഒടുവിൽ അവർ സോവിയറ്റ് യൂണിയനിൽ ചേർന്നു, അവിടെ ജോസഫ് സ്റ്റാലിൻ 10 വർഷക്കാലം മാവോയ്‌ക്കെതിരെ അധികാരത്തിനുവേണ്ടിയുള്ള കളിയില്‍ ആ മക്കളെ കരുക്കളാക്കി. മൂത്തവനായ അനീയിംഗിന് 23 വയസ്സുള്ളപ്പോൾ പിതാവുമായി വീണ്ടും ഒന്നിച്ചു, പക്ഷേ മാവോ മകനെ ഒരു തൊഴിലാളി ക്യാമ്പിലേക്ക് അയക്കുകയാണുണ്ടായത്. 

മാവോ തൻ്റെ മൂന്നാമത്തെ ഭാര്യയായ ഹെ സിസെനെ കുഞ്ഞുങ്ങളുണ്ടാക്കാൻ നിർബന്ധിച്ചിരുന്നു. കുഞ്ഞുങ്ങളുണ്ടായപ്പോൾ അവരെയും മക്കളെയും അയാൾ ഉപേക്ഷിക്കുകയും ചെയ്തു. അയാൾക്ക് രണ്ട് പെണ്മക്കളുണ്ടായിരുന്നു. അതിലൊരാളാണ് ലി നാ. അവർ അവളുടെ പിതാവിനെപ്പോലെ, ഒരു തീവ്ര കമ്യൂണിസ്റ്റായിരുന്നു. അവളെ പിന്നീട് അയാൾ അംഗീകരിച്ചു. അവളാകട്ടെ അനുസരിക്കാത്തവരെ നിഷ്ക്കരുണം വകവരുത്തി. ലി നാ ഒരു സുഹൃത്തുമായുള്ള ചെറിയ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അയാളെ പീഡന ക്യാമ്പിൽ തള്ളിയെന്നും ആരോപണമുണ്ടായിരുന്നു.  

മറുവശത്ത്, ലി നാ യുടെ സഹോദരിയായ ലി മിനിനെ, മാവോ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. അവൾ ഒരു സാധാരണ കുട്ടിയായിരുന്നു. വിനയമുള്ള, സൗമ്യയായ ഒരു മകളായിരുന്നു. എന്നാൽ, അവളോട് യാതൊരു അടുപ്പവും ആ അച്ഛൻ കാണിച്ചില്ല. ലി മിൻ പലതവണ പിതാവിൻ്റെ വീടിൻ്റെ കവാടത്തിൽ കാത്തുനിന്നു. പക്ഷേ, അയാൾ അവളെ അകത്തേക്ക് വിളിച്ചില്ല. ഇത് കടുത്ത വിഷാദരോഗത്തിലേക്ക് അവരെ തള്ളിവിട്ടു. 

മനുഷ്യരാശിയുടെ ഏറ്റവും വലിയ ദ്രോഹികളുടെ മക്കൾ അവരുടെ പാരമ്പര്യത്തിൻ്റെ ദുഷിച്ച നിഴലുകളിൽ അലഞ്ഞുനടക്കാൻ വിധിക്കപ്പെട്ടു. ലോകത്തെ വിറപ്പിച്ച പല നേതാക്കളും, സ്വന്തം മക്കളുടെ കാര്യത്തിൽ കടുത്ത നിസ്സംഗതയും, നിഷേധവുമാണ് കാണിച്ചിരുന്നത്.