കൊവിഡ് 19 -ന്റെ വ്യാപനം തടയാൻ സർക്കാർ നമ്മുടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. പല രാജ്യത്തും ഇതുപോലെ നിയന്ത്രണങ്ങളുണ്ട്. സർക്കാരുകൾ വളരെ കടുപ്പിച്ചുതന്നെയാണ് നിയമം ലംഘിക്കുന്നവരെ  കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതും. നിർദേശനങ്ങൾ പാലിക്കാത്തവർക്ക് കടുത്ത ശിക്ഷകളാണ് ഓരോ രാജ്യത്തും നൽകുന്നത്. ഫിലിപ്പീൻസും കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സമാനമായ ഒരു സമീപനമാണ് കൈകൊണ്ടിരിക്കുന്നത്. 

മയക്കുമരുന്ന് നിയന്ത്രിക്കാൻ ക്രൂരമായ തന്ത്രങ്ങൾ പയറ്റിയ ഒരു രാജ്യമാണ് ഫിലിപ്പീൻസ്. ഇപ്പോൾ ലോക്ക്ഡൌൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് തീർത്തും അപമാനകരവും, അധിക്ഷേപകരവുമായ ശിക്ഷകളാണ് രാജ്യം നൽകുന്നത്. നിയമം ലംഘിക്കുന്നവരെ ഇടുങ്ങിയ നായക്കൂടുകളിൽ പൂട്ടിയിടുകയോ, നട്ടുച്ച സമയത്ത് കഠിനമായ ചൂടിൽ ഇരിക്കാൻ നിർബന്ധിക്കുകയോ ചെയ്യുന്നതായി പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു. ചൈനയിൽ, നിയമലംഘകരെ തൂണുകളിൽ കെട്ടിയിട്ടാണ് അടിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ, തെരുവിൽ പുഷ്-അപ്പുകൾ ചെയ്യാൻ നിർബന്ധിക്കുന്നതും, നിയമലംഘകരെ പൊലീസ് മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളും പ്രചരിച്ചിട്ടുണ്ട്.

എന്നാൽ, ഫിലിപ്പീൻസിൽ നിയന്ത്രണങ്ങളുടെ പേരിൽ നിരവധി ക്രൂരതകളാണ് അരങ്ങേറുന്നതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് മനുഷ്യാവകാശ സംഘടനയിൽനിന്ന് ആഹ്വാനം ലഭിക്കുകയുണ്ടായി. മനിലയിൽ നിന്ന് 55 മൈൽ തെക്ക് സാന്താക്രൂസ് നഗരത്തിൽ, ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ അഞ്ചുപേരുടെ ഒരു സംഘത്തെ ഇതുപോലെ പട്ടിക്കൂട്ടിൽ പൂട്ടിയിടുകയുണ്ടായി. അതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. ഉദ്യോഗസ്ഥനായ ഫ്രെഡറിക് അംബ്രോസിയോ ഗ്രൂപ്പിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ലോക്കൽ അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്ട് ചെയർമാനായ അംബ്രോസിയോ അവരോട് നിയമം പാലിച്ചില്ലെങ്കിൽ വെടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും 30 മിനിറ്റ് കൂട്ടിൽ പൂട്ടിയിട്ടതായും പറയപ്പെടുന്നു. പിന്നീട് വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, അംബ്രോസിയോ തന്റെ പ്രവർത്തനത്തിന് ക്ഷമ ചോദിക്കുകയുമുണ്ടായി.  

മനില മേഖലയിലെ ഒരു നഗരമായ പാരാകാക്കിൽ ലോക്ക്ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ ആളുകളെ ഉച്ചയ്ക്ക് സൂര്യന് താഴെ കൊടുംചൂടിൽ ഒരു ബാസ്കറ്റ്ബോൾ കോർട്ടിന് നടുവിൽ ഇരിക്കാൻ നിർബന്ധിച്ചു എന്നൊരു വാർത്തയും വന്നിരുന്നു. അതുപോലെ മനിലയുടെ വടക്ക് ഭാഗത്തുള്ള ബുലാക്കൻ പ്രവിശ്യയിൽ മറ്റൊരു കേസിൽ ലോക്ക്ഡൗൺ ചെക്ക് പോയിന്‍റില്‍ നിർത്താതെ പോയ ഒരു ബൈക്ക് യാത്രികനെ പൊലീസ് വെടിവച്ചു കൊന്നുവത്രെ. എന്നാൽ, വെടിവച്ച് കൊല്ലുന്നതിനുമുമ്പ് ഇയാളുമായി സംഘട്ടനം നടന്നുവെന്നും അയാൾ വെടിയുതിർത്തപ്പോൾ സ്വരക്ഷക്കായി വെടിവയ്ക്കുകയായിരുന്നുവെന്നും, സംഭവസ്ഥലത്ത് നിന്ന് പിസ്റ്റൾ കണ്ടെടുത്തുവെന്നുമായിരുന്നു സംഭവത്തെ കുറിച്ച് പൊലീസിന്റെ വിശദീകരണം.  

50 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന പ്രധാന ഫിലിപ്പൈൻ ദ്വീപായ ലുസോണും തലസ്ഥാനമായ മനിലയും മാർച്ച് 16 മുതൽ പൂർണ്ണമായ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയുണ്ടായി. നിയമങ്ങൾ ലംഘിച്ചതിന് നൂറുകണക്കിന് ആളുകളെയാണ് അവിടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫിലിപ്പീൻസിൽ നിലവിൽ  COVID-19 സ്ഥിരീകരിച്ച എണ്ണൂറിലധികം രോഗികളാണ് ഉള്ളത്. 54 മരണങ്ങളും നടന്നു.