Asianet News MalayalamAsianet News Malayalam

കുഞ്ഞുങ്ങള്‍ മരിച്ചുവീണുകൊണ്ടിരുന്ന നാട്, ഒടുവില്‍ മലയാളി ഡോക്ടര്‍ ദമ്പതിമാര്‍ മാറ്റിയെടുത്തത് ഇങ്ങനെ...

ചികിത്സ ലഭിക്കാൻ ആളുകൾ കഷ്ടപ്പെടുന്നത് കണ്ട അവർ രാജ്യത്തിന്റെ പല ഗ്രാമങ്ങളും താലൂക്കുകളും സന്ദർശിച്ച് എത്രത്തോളം ആളുകൾ ചികിത്സകിട്ടാതെ ബുദ്ധിമുട്ടുന്നുവെന്ന് പരിശോധിക്കാൻ തീരുമാനിച്ചു.

The Doctor couple who treated tribal people
Author
Tamil Nadu, First Published Apr 2, 2020, 3:11 PM IST

തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ ഗോത്രവർഗ്ഗക്കാരായ സമൂഹമാണ് ലംബാടി. കൽറയൻ, സിറ്റേരി മലനിരകളുടെ താഴ്‌വാരത്തിനടുത്ത് താമസിക്കുന്ന ഈ വിദൂര ഗോത്ര സമൂഹം പുറംലോകവുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. മഴയെ ആശ്രയിച്ചുള്ള കൃഷിയിലൂടെ ജീവിതം നയിക്കുന്നവരായിരുന്നു ഇവര്‍. ദാരിദ്ര്യവും, ദുരിതങ്ങളും, രോഗങ്ങളും നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. മാത്രവുമല്ല യാതൊരു ആധുനിക ചികിത്സാ സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നില്ല. ഡോക്ടർമാരോ, ക്ലിനിക്കുകളോ ഇല്ലാത്ത അവിടെ, ആർക്കെങ്കിലും രോഗം വന്നാൽ 50 കിലോമീറ്റർ സഞ്ചരിച്ച് സേലത്തോ ധർമ്മപുരിയിലോ വരണമായിരുന്നു. എന്നാൽ, ആ ഗോത്രസമുദായത്തിന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കി അവരെ സഹായിക്കാന്‍ ഒടുവിൽ രണ്ട് ഡോക്ടർമാർ അവിടെ എത്തി. 

അവർ ആ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. തങ്ങളുടെ അധ്വാനം കൊണ്ട് ആളുകളുടെ ജീവിത നിലവാരം അവർ മികച്ചതാക്കി. അവിടെയുള്ള രണ്ട് ലക്ഷം ആളുകൾക്ക് താമസിക്കാനും മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കാനും അന്തസ്സുള്ള ജീവിതം നയിക്കാനും അവരുടെ പരമ്പരാഗത കരകൗശലത്തിന് അംഗീകാരം നേടികൊടുക്കാനും അവർക്ക് ഉപജീവന മാർഗ്ഗം നൽകാനും ആ ദമ്പതികൾക്കായി. കേരളത്തിൽനിന്നുള്ള ഡോ. എം റെജി, ഡോ. ലളിത റെജി എന്നിവരുടെ നിസ്വാർത്ഥ സേവനമാണ് ആ നാടിനെ ദുരിതക്കയത്തിൽനിന്ന് കൈപിടിച്ചുയർത്തിയത്.   

റെജിയും, ലളിതയും പഠനം പൂർത്തിയാക്കിയശേഷം ഗാന്ധിഗ്രാമിലെ ഒരു ആശുപത്രിയിലാണ് ആദ്യമായി ജോലിയ്ക്ക് കയറിയത്. അവിടെ വയറിളക്കം, ബാല്യകാല ന്യുമോണിയ തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി മൈലുകൾ സഞ്ചരിച്ച ആളുകള്‍ വരുന്നത് അവർ കണ്ടു. ചികിത്സ ലഭിക്കാൻ ആളുകൾ കഷ്ടപ്പെടുന്നത് കണ്ട അവർ രാജ്യത്തിന്റെ പല ഗ്രാമങ്ങളും താലൂക്കുകളും സന്ദർശിച്ച് എത്രത്തോളം ആളുകൾ ചികിത്സകിട്ടാതെ ബുദ്ധിമുട്ടുന്നുവെന്ന് പരിശോധിക്കാൻ തീരുമാനിച്ചു. അത്തരമൊരു യാത്രയിലാണ് അവർ ലംബാടി ആദിവാസി സമൂഹത്തിൽ വന്നുചേർന്നത്.  അവിടെ അവരെ ഞെട്ടിച്ച കാര്യം ഗ്രാമത്തിൽ ആയിരം കുഞ്ഞുങ്ങൾക്കിടയിൽ 150 കുഞ്ഞുങ്ങൾ വീതം മരിച്ചുവീണുകൊണ്ടിരുന്നു എന്നതാണ്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശിശുമരണ നിരക്കായിരുന്നു!

ആ സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് അവർക്ക് തോന്നി. എന്നാൽ കൈയിൽ അതിനുള്ള പണമുണ്ടായിരുന്നില്ല. എന്നിരുന്നാലും ആ സ്വപ്നവുമായി മുന്നോട്ട്  പോകാൻ തന്നെ അവർ തീരുമാനിച്ചു. “ഞങ്ങൾക്ക് ഭൂമി വാങ്ങാൻ പണമില്ലായിരുന്നു, അതിനാൽ ഞങ്ങൾ സർക്കാർ ഭൂമിയിൽ ഒരു ചെറിയ ക്ലിനിക് ആരംഭിച്ചു. ആദിവാസികൾ നിർമ്മിച്ച ഒരു ചെറിയ കുടിലായിരുന്നു അത്. ഞങ്ങൾ ഈ കുടിലിൽ ഇരുന്ന് മൂന്ന് വർഷത്തോളം ജോലി ചെയ്തു. തറയിൽ ഇരുന്ന് തന്നെ പ്രസവവും, ചെറിയ ശസ്ത്രക്രിയകളും നടത്തി...” ഡോ. റെജി പറഞ്ഞു.  ഇന്ന് 25 വർഷം പിന്നിടുമ്പോൾ, ആ കുടിലിന്റെ സ്ഥാനത്ത്, 35 കിടക്കകളുള്ള ഒരു ആശുപത്രിയാണ് സ്ഥിതിചെയ്യുന്നത്. ഐസിയു, വെന്റിലേറ്റർ, ഡെന്റൽ ക്ലിനിക്, ലേബർ റൂം, നവജാതശിശു റൂം, എമർജൻസി റൂം, പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു ലബോറട്ടറി എന്നിവ ഉൾക്കൊള്ളുന്ന എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടിയ ഒരു വലിയ ആശുപത്രിയാണ് ഇന്നത്. അവരുടെ നിരന്തരമായ പരിശ്രമം കാരണം, ശിശുമരണനിരക്ക് 150 -ല്‍ നിന്നും 20 ആയി കുറയ്ക്കാൻ അവർക്ക് കഴിഞ്ഞു. ഇത് ഇന്ത്യയിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണ്.

എന്നാൽ ഇതിൽ മാത്രം ഒതുങ്ങി നിൽക്കാതെ, പിന്നെയും അനവധി കാര്യങ്ങൾ ആ ഗോത്രസമൂഹത്തിനായി അവർ ചെയ്യുകയുണ്ടായി. ലംബാടി എംബ്രോയിഡറിയെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഗോത്രത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കാൻ ഈ ദമ്പതികൾ തീരുമാനിച്ചു. അവരുടെ അടുത്ത ലക്ഷ്യം ലംബാടി എംബ്രോയിഡറിയുടെ പരമ്പരാഗത കരകൗശലത്തെ പുനരുജ്ജീവിപ്പിക്കാൻ സ്ത്രീകളെ സഹായിക്കുക എന്നതായിരുന്നു. ഇതിനായി പോർഗായ് ആർട്ടിസാൻസ് അസോസിയേഷൻ അവർ ആരംഭിച്ചു. അവരുടെ പോർ‌ഗായ് ഉൽ‌പ്പന്നങ്ങൾ‌ താമസിയാതെ എല്ലാവരെയും ആകർഷിക്കാൻ തുടങ്ങി. ഫാഷൻ ഡിസൈനിംഗ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ ഇത് കാണാനായി വന്നുതുടങ്ങി. ബെംഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള അരഡസനോളം ഇന്റേണുകൾ ആദിവാസി സ്ത്രീകളുമായി പ്രവർത്തിച്ച്, ഡിസൈൻ വശങ്ങൾ മെച്ചപ്പെടുത്തുന്നതിനും ട്രെൻഡിയാക്കുന്നതിനും അങ്ങനെ അവരുടെ ഉത്പന്നങ്ങൾ കൂടുതൽ മികച്ചതാക്കാനും സഹായിച്ചു.

“ഒരു ആശുപത്രി പണിയുന്നതും പ്രവർത്തിപ്പിക്കുന്നതും മാത്രമല്ല, ജൈവകൃഷി വഴി ആരോഗ്യകരമായ രാസരഹിത ഭക്ഷണം ഉണ്ടാക്കുകയും, സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും, ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കാനും ഞങ്ങൾ ആഗ്രഹിച്ചു. അത് ഏറെകുറെ നടപ്പിലാക്കി എന്നാണ് ഞങ്ങൾ കരുതുന്നത്" ഡോ. റെജി പറഞ്ഞു. അങ്ങനെ തങ്ങളുടെ നിരന്തരമായ  അധ്വാനം കൊണ്ടും, പ്രവൃത്തികൊണ്ടും ഒരു സമൂഹത്തെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേയ്ക്ക് നയിക്കാൻ അവർക്ക് സാധിച്ചു. ഇന്നും ആ ഗ്രാമത്തിന്റെ ഉന്നമനത്തിനായുള്ള പരിശ്രമത്തിലാണവർ. 

Follow Us:
Download App:
  • android
  • ios