നഗരങ്ങൾ എല്ലാം കോൺക്രീറ്റ് കാടുകളായി മാറുന്ന ഈ കാലഘട്ടത്തിൽ, വിശാഖപട്ടണത്തെ ഒരു വീട് മറ്റുള്ളവയിൽ നിന്ന് തീർത്തും വേറിട്ടുനിൽക്കുന്നു. 'തത്തകളുടെ കൊട്ടാരം' എന്നാണ് ഈ വീട് അറിയപ്പെടുന്നത് തന്നെ. അതിൽ പച്ചപ്പ് നിറഞ്ഞ ചെടികളും, മരങ്ങളും, പക്ഷികളുമുണ്ട്. എന്നാൽ, ഏറ്റവും അതിശയകരമായ കാര്യം അതൊന്നുമല്ല. നൂറുകണക്കിന് തത്തകളാണ് ദിവസവും ലക്ഷ്‍മിനാരായണ റെഡ്ഡിയുടെ വസതിയിൽ എത്തുന്നത്. വിശാഖപട്ടണത്തെ മഡിലാപാലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വീട് നഗരത്തിലെ പക്ഷിപ്രേമികളുടെ പ്രധാന ആകർഷണമായി മാറുകയാണ്.  

കൃത്യമായി ഒരു സമയം പറയുകയാണെങ്കിൽ രാവിലെ ആറുമണിക്കും, ഉച്ചക്ക് ഒരു മണിക്കും, വൈകിട്ട് നാല് മണിക്കും അദ്ദേഹം വീടിന്റെ ടെറസിൽ പക്ഷികൾക്ക് തീറ്റ ഇട്ട് കൊടുക്കുന്നു. ഇത് കൊത്തിത്തിന്നാൻ നൂറുകണക്കിന് കിളികൾ വരുന്നു. അക്കൂട്ടത്തിൽ പ്രാവുകളും മറ്റിനം പക്ഷികളുമുണ്ട്. എന്നിരുന്നാലും തത്തകളാണ് അധികവും. ഒരുനിമിഷം, ടെറസിൽ ഉടനീളം ഒരു പച്ചപ്പരവതാനി വിരിച്ചതുപോലെ തോന്നിപ്പോകും, അത്ര മനോഹരമാണ് ആ കാഴ്ച. കഴിഞ്ഞ 14 വർഷമായി ലക്ഷ്‍മിനാരായണ റെഡ്ഡി പക്ഷികളെ ഊട്ടുന്നു. അരി കൊത്തിത്തിന്നാനായി  പറന്നിറങ്ങുന്ന അവയെ കാണാൻ അയൽക്കാരും നാട്ടുകാരും വരും. 'വാസ്‍തവത്തിൽ, പക്ഷികൾ വരുന്ന സമയം ഓർത്ത് വച്ച് വരുന്നവരാണ് അധികവും. ഈ പക്ഷികളായ കൂട്ടുകാര്‍ നമ്മുടെ ടെൻഷനെയെല്ലാം ഇല്ലാതാക്കും. മനസ്സ് ശാന്തമാകും അവയെ കണ്ടാൽ' ഡയാലിസിസ് ടെക്നീഷ്യനായി ജോലി ചെയ്‍തിരുന്ന ലക്ഷ്‍മിനാരായണ റെഡ്ഡി പറഞ്ഞു. 
 

തുടക്കത്തിൽ, ചില തത്തകൾ അദ്ദേഹത്തിന്റെ പറമ്പിലെ മരങ്ങളിൽ കൂടുണ്ടാക്കിയിരുന്നു. ഭക്ഷണം തേടി കിളികൾ മറ്റൊരിടത്തും അലയേണ്ടെന്ന് കരുതി അദ്ദേഹം അരിയും പച്ചക്കറികളും തന്റെ വീടിന്റെ പരിസരത്ത് തന്നെ വച്ചു കൊടുത്തു. കാലക്രമേണ കൂടുതൽ കൂടുതൽ കിളികൾ അവിടേയ്ക്ക് ഭക്ഷണത്തിനായി വരാൻ തുടങ്ങി. പിന്നീട് തത്തകൾ അവിടത്തെ സ്ഥിരം അതിഥികളായി. കിളികൾക്ക് തീറ്റയായി അഞ്ച് കിലോ അരി നൽകിക്കൊണ്ടാണ് റെഡ്ഡി തന്റെ ഒരുദിവസം ആരംഭിക്കുന്നത്. വീടിന്റെ പ്രധാന വാതിൽ തുറന്നയുടനെ, കിളികൾ അദ്ദേഹത്തിന്‍റെ അടുത്തേയ്ക്ക് പറന്നടുക്കും. ഇത് വളരെ സുഖകരമായ ഒരു തുടക്കമാണെന്ന് റെഡ്ഡി പറയുന്നു. തത്തയെ പരിപാലിക്കുന്നതിൽ ഒരു പക്ഷിപ്രേമി കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ സൈല കുമാരിയും അദ്ദേഹത്തിനൊപ്പം ചേരും. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴും റെഡ്ഡിയെ സ്വാഗതം ചെയ്യാൻ തത്തകൾ അവിടെയുണ്ടാകും. ജോലി കഴിഞ്ഞ് ക്ഷീണിച്ചു വന്നിരുന്ന ആ ദിനങ്ങളിൽ അവയെ കാണുമ്പോൾ വല്ലാത്ത ഒരാശ്വാസമായിരുന്നു എന്നദ്ദേഹം പറയുന്നു. 

പക്ഷികളെ സ്നേഹിക്കുന്നുണ്ടെങ്കിലും, അവയെ കൂട്ടിലിട്ട് വളർത്തുന്നത് അത്ര നല്ലൊരു കാര്യമായി അദ്ദേഹം കാണുന്നില്ല. thehansindia -യോട് സംസാരിച്ച റെഡ്ഡി പറഞ്ഞു: “പക്ഷികളെ കൂട്ടിലിട്ട് വളർത്തുന്നത് അവരുടെ സ്വാതന്ത്ര്യത്തെ വെട്ടിക്കുറയ്ക്കുന്നതിന് തുല്യമാണ്. ജൈവവൈവിധ്യത്തെ സംരക്ഷിക്കാൻ ആദ്യമായി സസ്യജന്തുജാലങ്ങളെ നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്. മലിനീകരണത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്രകൃതിയെ വേണ്ടരീതിയിൽ പരിപാലിച്ചേ മതിയാകൂ. പക്ഷികളും, വളർത്തുമൃഗങ്ങളും തിരക്കേറിയ ആധുനിക ജീവിതത്തിലെ സമ്മർദ്ദത്തെ മറികടക്കാൻ നമ്മളെ സഹായിക്കുന്നു." പക്ഷികളും മനുഷ്യരും ഒരേ മനസ്സോടെ ഈ വീട്ടിൽ ഒത്തൊരുമിച്ച് ജീവിക്കുന്നു.