Asianet News MalayalamAsianet News Malayalam

തീമഴ തീര്‍ന്നു, ജീവിതം തിരികെപ്പിടിക്കാന്‍ പരസ്‍പരം ചേര്‍ത്തുനിര്‍ത്തി മനുഷ്യര്‍...

"വളരെയധികം സഹായവും പിന്തുണയും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. എല്ലാവരും പരസ്പരം സഹകരിക്കുന്നു. ധാരാളം നല്ല ആളുകൾ ഉണ്ടിവിടെ" ഫിലിപ്പ് റാവനൽ പറഞ്ഞു.

The surviving story of Autralian bushfire victims
Author
Australia, First Published Jan 22, 2020, 2:56 PM IST

ഓസ്‌ട്രേലിയയെ ഒന്നാകെ വിഴുങ്ങിയ തീമഴയിൽ പൊലിഞ്ഞത് അനേകായിരം ജീവനുകളാണ്. ഇപ്പോഴും അതിൻ്റെ രൗദ്രത പലയിടത്തും അടങ്ങിയിട്ടില്ല. നാല് അഗ്നിശമനാ സേനാംഗങ്ങളടക്കം മുപ്പതോളം പേരെയും എണ്ണിയാൽ ഒടുങ്ങാത്ത ജീവിവർഗ്ഗങ്ങളെയും അത് കൊന്നൊടുക്കി. ഓസ്‌ട്രേലിയയിലുടനീളമുള്ള 10 ദശലക്ഷം ഹെക്ടറിലധികം ഭൂമിയും അതിൻ്റെ സംഹാരതാണ്ഡവത്തിൽ കത്തിനശിച്ചു. പലർക്കും സ്വന്തം വീടും, കൃഷിയിടവും, വേണ്ടപ്പെട്ടവരെയും നഷ്ടമായി. പക്ഷേ, ഇന്നവർ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കുകയാണ്. അവരുടെ മനോബലവും, ഒന്നിനും കീഴടങ്ങാത്ത പോരാട്ടവീര്യവും, അവരെ തിരികെ ജീവിതത്തിലേക്ക് പിച്ചനടത്തുകയാണ്.    

ഒരു കറുത്ത തുണികൊണ്ടു മൂടുംപോലെ ആകാശം കനത്തപ്പോൾ, നാടുംകാടും ഒരുപോലെ എരിഞ്ഞടങ്ങിയപ്പോൾ, പട്ടണങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവർ മറ്റുപലയിടത്തേക്കും പലായനം ചെയ്യാൻ തുടങ്ങി. എന്നാൽ, കോബാർഗോയിലെ ആയിരത്തിൽ താഴെവരുന്ന ആളുകൾ തങ്ങളുടെ നഗരം ഉപേക്ഷിക്കാൻ ഒരുക്കമായിരുന്നില്ല. മറ്റ് സ്ഥലങ്ങളിലേക്ക് മാറാനുള്ള പൊലീസിൻ്റെ ഉത്തരവ് ലംഘിച്ച് അവർ അവിടെ കൂടാരങ്ങളും, കാരവനുകളും സ്ഥാപിച്ചു. അവിടെ ആ അതിജീവത്തിൻ്റെ പാതയിൽ ഒരു പുതിയ സമുദായം രൂപപ്പെടുകയായിരുന്നു. പ്രകൃതി കുടിയൊഴിപ്പിച്ച മനുഷ്യരെല്ലാം ചേര്‍ന്ന് അവിടെ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ആരംഭിച്ചു. 

The surviving story of Autralian bushfire victims

തീപിടുത്തത്തിൽ സകലതും നഷ്ടമായ ഒരാളാണ് റോഡ് ഡൺ. അദ്ദേഹത്തിൻ്റെ വീടും, കാറും എല്ലാം ആ തീ പൂർണ്ണമായും തുടച്ചുനീക്കി. എന്നാൽ, ഇത്രയൊക്കെ നഷ്ടം സഹിച്ചിട്ടും, അദ്ദേഹത്തിന് അതിൽ പരാതിയില്ല, പരിഭവമില്ല. "ഞാൻ ഭാഗ്യവാനാണ്. ലോകത്തിലേറ്റവും മനോഹരമായ സ്ഥലത്താണ് ഞാൻ ജീവിക്കുന്നത്. ഇതിൻ്റെ മനോഹാരിത ഇവിടത്തെ ജനങ്ങളാണ്. ഇത്ര വലിയ ആഘാതം നേരിട്ടിട്ടും, ഞങ്ങൾ പതറാതെ നില്കുന്നത് പരസ്പരമുള്ള സ്നേഹത്താലും, സഹകരണത്താലുമാണ്" ഡൺ പറഞ്ഞു. അദ്ദേഹം രണ്ടാഴ്ചയായി  താമസിക്കുന്നത് കടം വാങ്ങിയ ഒരു കാരവാനിലാണ്. ധരിച്ചിരിക്കുന്നത് ഒരു സുഹൃത്ത് നല്‍കിയ കോട്ടാണ്. ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികൾ നമ്മളെ മറ്റൊരാളാക്കും. സ്നേഹത്തിൻ്റെയും, കരുതലിൻ്റെയും വില അപ്പോഴാണ് നമ്മൾ തിരിച്ചറിയുക. 

ആ കാരവൻ്റെ മുന്നിൽ ഉലാത്തുമ്പോൾ, ജീവൻ പണയപ്പെടുത്തിയും തന്നെ ആ തീ പിടുത്തത്തിൽ നിന്ന് രക്ഷിക്കാൻ ഓടിവന്ന ഒരു സുഹൃത്തിനെ അദ്ദേഹം ഓർത്തു. 70 കിലോമീറ്റർ അകലെയുള്ള ഒരു പട്ടണത്തിൽ നിന്നുള്ള അപരിചിതർ അദ്ദേഹത്തിനും ഭാര്യക്കും കയറിക്കിടക്കാൻ ഒരു കാരവൻ സമ്മാനിച്ചതും അദ്ദേഹം ഓർത്തു. "ആ കൂടാരം ഞങ്ങളെ രക്ഷിച്ചു" 62 -കാരനായ ഡൺ പറഞ്ഞു. ആളുകളുടെ നല്ലമനസ്സ് തന്നെ ഏറെ സന്തോഷവാനാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അവിടെ എത്തിപ്പെട്ടവരെല്ലാം ചേര്‍ന്ന് അവിടെ ഒരടുക്കളയും, അലക്കാനുള്ള സൗകര്യവും, ഒരു ഭക്ഷണ വിതരണ സ്ഥാപനവും ഉണ്ടാക്കി. പകൽ ട്രക്കുകളിൽ വെള്ളവും, ഭക്ഷണവും, മൃഗങ്ങളുടെ തീറ്റയും കൊണ്ടുവരും. രാത്രികളിൽ അവർ ഒത്തുചേരും. “ഒരു സമൂഹമായി തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ, ഇത് നിയമത്തിന് എതിരാണ് എന്ന് ഞങ്ങൾക്കറിയാം. എന്നിരുന്നാലും ഇത് ഞങ്ങളെ ഒന്നിച്ചു നിർത്തുന്നു...” ജില്ലയിലെ മുൻ മേയർ ടോണി അല്ലൻ പറഞ്ഞു.

പുസ്തകശാലകൾക്കും, നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾക്കും, വാർഷിക നാടോടി ഉത്സവത്തിനും പേരുകേട്ടതാണ് കോബാർഗോയിൽ. അവിടേക്ക് ലോകത്തെ എല്ലായിടത്തുനിന്നും സംഭാവനകൾ എത്തുന്നു. ഈ സാധനങ്ങൾ സ്വീകരിക്കുന്നതിനായി അവിടെ കടകൾ തുറന്നിട്ടുണ്ട്. കടകളിൽ 'എല്ലാവർക്കും സ്വാഗതം' എന്ന് എഴുതി വച്ചിരിക്കുന്നത് കാണാം. അവിടെ വസ്ത്രങ്ങളും, ലിനനും, പുതപ്പുകളും ലഭ്യമാണ്. 

The surviving story of Autralian bushfire victims

ഓസ്‌ട്രേലിയയിലെ മറ്റിടങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ സോളാർ പാനലുകൾ വൃത്തിയാക്കാനും കർഷകരുടെ വേലികൾ നന്നാക്കാനും ഗ്രാമീണ റോഡുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ഇവരെ സഹായിക്കുന്നു. "വളരെയധികം സഹായവും പിന്തുണയും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. എല്ലാവരും പരസ്പരം സഹകരിക്കുന്നു. ധാരാളം നല്ല ആളുകൾ ഉണ്ടിവിടെ" ഫിലിപ്പ് റാവനൽ പറഞ്ഞു. നൂറുകണക്കിന് ആളുകളാണ് പ്രാദേശിക പബ്ബായ ദി കോബാർഗോ ഹോട്ടലിൽ ധനസമാഹരണത്തിനായി എത്തിയത്. അവിടെ ആളുകൾ അഗ്നിശമന സേനാംഗങ്ങളെ അഭിനന്ദിക്കുകയും, ആലിംഗനം ചെയ്യുകയുമുണ്ടായി. സൈനികർ‌ കുട്ടികൾ‌ക്കും, മുൻ‌ കായിക താരങ്ങൾ‌ക്കും അവരുടെ വാഹനങ്ങൾ‌ തുറന്നുകൊടുത്തു. സ്നേഹത്തിൻ്റെ അടങ്ങാത്ത ആവേശമായി അന്നവിടം.   

പലരും പതുക്കെ നഷ്ടമായ ജീവിതം തിരിച്ചുപിടിച്ചു തുടങ്ങി. പലരുടെയും വീടുകൾ‌ ഇതിനകംതന്നെ ശരിയായി കഴിഞ്ഞു. പീറ്റർ ഹിസ്കോ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയിലേക്ക് മാറുകയാണ്, കൂടാതെ അദ്ദേഹത്തിൻ്റെ പുതുക്കിയ രണ്ടുനില വീട് തീയില്‍ വീട് നഷ്ടമായ രണ്ട് കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. "എൻ്റെ ഭാര്യക്ക് സിഡ്നിയിൽ ഒരു പുതിയ ജോലി ഉണ്ട്, അതിനാൽ ഞങ്ങൾ രണ്ട് നിലകളും ന്യായമായ വിലയ്ക്ക് വാടകയ്ക്ക് കൊടുക്കും" അദ്ദേഹം പറഞ്ഞു. ബാരി പാർക്സിന്‍ എന്ന മുൻ കശാപ്പുകാരന് തീയിൽ സ്വന്തം വീടും, വാഹനങ്ങളും നഷ്ടമായിരുന്നു. പക്ഷെ, അദ്ദേഹം വഴിയിൽ ഉപേക്ഷിക്കപ്പെട്ടില്ല, അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ അവരുടെ വീടുകളിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തു. “ഞങ്ങൾക്ക് ധാരാളം ആളുകൾ സ്ഥലങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്” അദ്ദേഹം പറഞ്ഞു.

ഒരുപക്ഷേ, ഇത് വായിക്കുന്ന പലരുടെയും മനസ്സിൽ ഓടിയെത്തുന്നത് മറ്റൊരു കാര്യമായിരിക്കും. മുൻപ് പ്രളയം നമ്മുടെ ഈ കൊച്ചു കേരളത്തെ ഒന്നാകെ മുക്കി കളഞ്ഞപ്പോഴും, നമ്മളെ അതിജീവിക്കാൻ സഹായിച്ചത്, ഈ പരസ്പര സ്നേഹവും, സഹകരണവും തന്നെയാണ്. മഴയെന്നോ, വെയിലെന്നോ നോക്കാതെ ഏത് രാത്രിയിലും നമ്മളെ സഹായിക്കാനായി ഓടിയെത്തിയ മത്സ്യത്തൊഴിലാളികളും, നമ്മുടെ അഭിമാനമായ സൈനികരും നിസ്വാർത്ഥ സ്നേഹത്തിൻ്റെ പ്രതീകങ്ങളാണ്. അന്ന് നമ്മൾ കാണിച്ച സ്നേഹവും, സഹകരണവും കാലം മറയുമ്പോൾ മറയാതിരിക്കട്ടെ.   

Follow Us:
Download App:
  • android
  • ios