സിഗ്മണ്ട് ഫ്രോയ്‍ഡിനെ കുറിച്ച് ഒരാമുഖത്തിൻ്റെ ആവശ്യമില്ല. മനഃശാസ്ത്രത്തിൻ്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ സിദ്ധാന്തങ്ങളെ പരാമർശിക്കാതെ മനുഷ്യമനസ്സിനെക്കുറിച്ച് സംസാരിക്കുന്നത് അസാധ്യമാണ്. എന്നിരുന്നാലും അദ്ദേഹത്തിൻ്റെ ചില നിരീക്ഷണങ്ങൾ അംഗീകരിക്കാൻ നമുക്ക് അല്പം ബുദ്ധിമുട്ടുതോന്നാം. വളരെ വിചിത്രമായ സിദ്ധാന്തങ്ങളുടെ ഒരു വലിയ ശേഖരം തന്നെയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കൊച്ചുകുട്ടികൾക്കും ലൈംഗിക വികാരങ്ങൾ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശ്വാസം.  അതുപോലെതന്നെ ചെറുപ്പക്കാരായ ആൺകുട്ടികൾക്ക് അവരുടെ അമ്മമാരോട് വല്ലാത്ത ആകർഷണം തോന്നുമെന്നും, പെൺകുട്ടികൾക്ക് അവരുടെ പിതാക്കന്മാരോട് വല്ലാത്ത ആകർഷണം തോന്നുമെന്നും അദ്ദേഹം വിശ്വസിച്ചു. പെൺകുട്ടികളുടെ ഈ ആകർഷണത്തെ 'എലക്ട്ര കോംപ്ലക്സ്' എന്നും, ആൺകുട്ടികളുടെ ഈ സ്വഭാവ സവിശേഷതയെ 'ഈഡിപ്പസ് കോംപ്ലക്സ്' എന്നും അദ്ദേഹം പേരിട്ടു വിളിച്ചു.

എന്നാൽ, അദ്ദേഹമുണ്ടാക്കിയെടുത്ത പല സിദ്ധാന്തങ്ങളും ഉരുത്തിരിഞ്ഞത് അദ്ദേഹത്തിൻ്റെ ജീവിതത്തിൽനിന്ന് തന്നെയായിരുന്നുവെന്നാണ് പ്രശസ്ത സാഹിത്യ നിരൂപകനായ ഫ്രെഡറിക് ക്രൂസ് പറയുന്നത്. ക്രൂസ്, ഫ്രോയ്‍ഡിനെ കുറിച്ചെഴുതിയ ജീവചരിത്രത്തിൽ അദ്ദേഹത്തെ പ്രിയപ്പെട്ടവരെ, സുഹൃത്തുക്കളെ, സഹപ്രവർത്തകരെ, എല്ലാവരെയും എളുപ്പം മടുക്കുന്ന, നുണപറയുന്ന, വഞ്ചിക്കുന്ന, വ്യഭിചരിക്കുന്ന, കുട്ടികളെ വെറുക്കുന്ന, പണത്തെ ആരാധിക്കുന്ന എന്നുവേണ്ട എല്ലാരീതിയിലും നീചനായ ഒരാളായാണ് ചിത്രീകരിച്ചിരിക്കുന്നത്. Freud: The Making of an Illusion എന്ന ആ പുസ്തകത്തിൽ 1884 -നും 1900 -നും ഇടയിൽ ഫ്രോയ്‍ഡ് കാണിച്ച മണ്ടത്തരങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ തന്‍റെയീ പുസ്‍തകത്തിലുണ്ടെന്നാണ് ക്രൂസ് തന്നെ പറയുന്നത് . മുമ്പത്തെ ജീവചരിത്രകാരന്മാർക്ക് ലഭ്യമല്ലാത്ത അനവധി രേഖകൾ  ക്രൂസിന് ലഭ്യമായിരുന്നു. ഫ്രോയ്‍ഡും അദ്ദേഹത്തിൻ്റെ പ്രതിശ്രുത വധു മാർത്ത ബെർണാസും തമ്മിലുള്ള വിപുലമായ ആദ്യകാല കത്തിടപാടുകൾ ആ കാലത്താണ് പുറത്തിറങ്ങിയത്. അതിൽ ഫ്രോയ്‍ഡിൻ്റെ  സ്വഭാവ വൈകല്യങ്ങളും, ലൈംഗിക ചൂഷണ മനോഭാവവും, കൊക്കെയ്ൻ പതിവായി ഉപയോഗിക്കുന്ന ശീലവും പുറംലോകത്തിന് വെളിപ്പെട്ടു.കുട്ടികളിൽ എങ്ങനെ ലൈംഗികത വളരുന്നുവെന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ അദ്ദേഹം കൊണ്ടുവന്നെങ്കിലും, യഥാർത്ഥത്തിൽ, അദ്ദേഹത്തിൻ്റെ  ജീവിതകാലത്ത് ഒരു കുട്ടിയെ മാത്രമാണ് അദ്ദേഹം ചികിത്സിച്ചിട്ടുള്ളത് എന്നതാണ് സത്യം. അദ്ദേഹത്തിൻ്റെ ചില ആശയങ്ങൾ യഥാർത്ഥമായിരുന്നു. എന്നാൽ, ചിലത് കടമെടുത്തവയാണ്. എതിരാളികളിൽ നിന്ന് ആശയങ്ങൾ കടമെടുത്ത അദ്ദേഹം അവയെ സ്വന്തം കണ്ടുപിടിത്തങ്ങളായി പരിഗണിക്കുകയും ചെയ്‍തു.  

ഫ്രോയ്‍ഡിൻ്റെ കുട്ടിക്കാലത്ത്, കുടുംബം വിയന്നയിലെ ഒരു താഴ്ന്ന ജൂത പാർപ്പിടത്തിലേക്ക് താമസം മാറിയപ്പോൾ, സമ്പത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ദാഹവും അദ്ദേഹത്തിൽ വളർന്നു. മാതാപിതാക്കൾ അകലെയായിരിക്കുമ്പോൾ  ഇളയ സഹോദരങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. കൗമാരക്കാരനായ ഫ്രോയ്‍ഡ് അനുജത്തിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ക്രൂസ് തൻ്റെ പുസ്തകത്തിൽ അനുമാനിക്കുന്നു. അദ്ദേഹം തൻ്റെ അമ്മയുമായി പ്രണയത്തിലായിരുന്നു. പിന്നീട് തൻ്റെ സുഹൃത്തായ വിൽഹെം ഫ്ലൈസിനോട് ആ കാര്യം തുറന്നു പറഞ്ഞിരുന്നുവെന്നും പുസ്‍തകത്തില്‍ പറയുന്നു. 'എൻ്റെ കാര്യമെടുത്താൽ എനിക്ക് അമ്മയോട് പ്രണയമായിരുന്നു, അച്ഛനോട് വല്ലാത്ത അസൂയയും തോന്നിയിരുന്നു. എല്ലാവരുടെയും കുട്ടിക്കാലം അങ്ങനെയാണ് എന്നാണ് ഞാൻ കണക്കാക്കുന്നത്' അദ്ദേഹം സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്ന് ക്രൂസെഴുതുന്നു. അദ്ദേഹത്തിൻ്റെ സിദ്ധാന്തങ്ങൾ കൂടുതലും അദ്ദേഹത്തിൻ്റെ സ്വന്തം അനുഭവങ്ങളായിരുന്നു. അത് എല്ലവരുടെയും ചിന്തകളായി അദ്ദേഹം കണക്കാക്കിയെന്നാണ് ക്രൂസിന്‍റെ ആക്ഷേപം.

കൊക്കെയ്ൻ ഒരു മെഡിക്കൽ മരുന്നായി അംഗീകരിച്ചിരുന്ന സമയമായിരുന്നു അത്. അദ്ദേഹം ആജീവനാന്ത മയക്കുമരുന്നിന് അടിമയായിരുന്നു. അത് കൂടാതെ അതിൻ്റെ ഗുണങ്ങളെ കുറിച്ച് അദ്ദേഹം നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. മൈഗ്രെയ്ൻ, ദഹനക്കേട്, വിഷാദം, ക്ഷീണം, മറ്റ് രോഗങ്ങൾക്ക് മരുന്നായി അദ്ദേഹം മയക്കുമരുന്ന് കഴിച്ചിരുന്നു. അതിൻ്റെ ഉപയോഗം ന്യായീകരിക്കാൻ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു. ഇത് നിരുപദ്രവകരമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരിക്കൽ ഒരു സുഹൃത്തിൻ്റെ  മോർഫിൻ ആസക്തിയെ ചികിത്സിക്കാൻ അദ്ദേഹം മയക്കുമരുന്ന് ഉപയോഗിച്ചു. ഒടുവിൽ ആ രോഗി മോർഫിനും, കൊക്കെയ്‌നും അടിമയായി തീർന്നു. എന്നാൽ, ചികിത്സ വിജയകരമായി എന്നായിരുന്നു ഫ്രോയ്‍ഡിൻ്റെ അവകാശവാദം. തൻ്റെ റിപ്പോർട്ടുകളിൽ, ഇല്ലാത്ത മറ്റ് വിജയകരമായ കേസുകളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.  യഥാർത്ഥത്തിൽ, ഇതിൻ്റെ അമിതമായ ഉപയോഗം നേരെ ചിന്തിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവിനെ തകർത്തിരിക്കാം എന്ന് ക്രൂസ് കരുതുന്നു.  പണക്കാരെ  ചികിത്സിക്കാൻ അദ്ദേഹം എപ്പോഴും താല്പര്യം കാണിച്ചിരുന്നു. രോഗശമനം ലഭിക്കാത്ത അവർ അദ്ദേഹത്തിന് സ്ഥിരമായ ഒരു വരുമാന മാർഗ്ഗമായിരുന്നു. അതേസമയം പാവപ്പെട്ട രോഗികളോട് അദ്ദേഹത്തിന് ഒട്ടും  സഹതാപമില്ലായിരുന്നു. മിക്ക ആളുകളെയും അദ്ദേഹം പുച്ഛത്തോടെയാണ് കണ്ടിരുന്നത്. അതുപോലെത്തന്നെ സ്ത്രീകൾ ജൈവശാസ്ത്രപരമായി താഴ്ന്നവരാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.  

ഒരിക്കൽ, എമ്മ എക്സ്റ്റെയ്ൻ എന്ന യുവതി കാലിന് വേദനയായി അദ്ദേത്തെ കാണാൻ ചെന്നു. തൻ്റെ നിലവിലെ സിദ്ധാന്തത്തിന് അനുസൃതമായി അദ്ദേഹം അവരോട് അനുഭവങ്ങൾ പങ്കുവയ്ക്കാൻ നിർബന്ധിച്ചു. ലൈംഗിക അവബോധം ഉണ്ടാകുന്നതിന് മുൻപ് ഒരു പെൺകുട്ടിയ്ക്ക് പീഡനം അനുഭവിക്കേണ്ടി വന്നാൽ, അത് അടിച്ചമർത്തിവയ്ക്കുകയും അതുവഴി മാനസിക ആഘാതം ഉണ്ടാവുകയും ചെയ്യുമെന്ന്  അദ്ദേഹം വിശ്വസിച്ചു.  എന്നാൽ, അത്തരം ഒരു നിമിഷം രണ്ടാമതും ഉണ്ടായാൽ, ആ ഓർമ്മ വീണ്ടും ഉണരുകയും, അത് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം അനുമാനിച്ചു. ഏതായാലും ചികിത്സിക്കാന്‍ വന്ന പെണ്‍കുട്ടിയോട് നിരവധി മണിക്കൂർ സംസാരിച്ചതിനുശേഷം, ഒരു കടയുടമ ഒരിക്കൽ ആ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ആ പെൺകുട്ടിയെ കൊണ്ടുതന്നെ അദ്ദേഹം സമ്മതിപ്പിച്ചു.

അതേസമയം, 'മൂക്ക്, മറ്റ് അവയവങ്ങളുടെയും, അസുഖങ്ങളുടെയും നിയന്ത്രണ കേന്ദ്ര’മാണ് എന്ന സിദ്ധാന്തവുമായി ഫ്രോയ്‍ഡ് യോജിച്ചിരുന്നു. കുട്ടിയുടെ കാലുവേദനയ്ക്ക് അദ്ദേഹം കണ്ടെത്തിയ ചികിത്സയോ? പാവപ്പെട്ട പെൺകുട്ടിയുടെ മൂക്കിൽ നിന്ന് അസ്ഥി ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യൽ. എന്നാൽ, അതിനുശേഷം എമ്മയ്ക്ക് കഠിനമായ രക്തസ്രാവമുണ്ടായി. അവളുടെ രക്തസ്രാവം ‘ലൈംഗികാഭിലാഷത്തിൽ നിന്നാണ് വന്നതെന്നും, അവളുടെ ആഗ്രഹങ്ങൾ രക്തത്തിലൂടെ ഒഴുകുന്നു’ എന്നുമാണ് അദ്ദേഹം ഇതിനെ വിശദീകരിച്ചത്.

വേണ്ടത്ര പഠനം നടത്താതെ മറ്റുള്ളവർ കണ്ടെത്തിയ സിദ്ധാന്തങ്ങളെയെല്ലാം അദ്ദേഹം നിശിതമായി വിമർശിച്ചു എന്നാൽ സ്വയം അങ്ങനെയാണോ എന്ന് ഒരിക്കൽ പോലും ആത്മവിചാരണ ചെയ്യാൻ തയ്യാറായില്ല.  മിക്കപ്പോഴും ഒരൊറ്റ കേസുകളിൽ നിന്ന് കാര്യങ്ങൾ അദ്ദേഹം സാമാന്യവൽക്കരിക്കുകയായിരുന്നു. അദ്ദേഹം തൻ്റെ കൂടെയുള്ളവരെ എല്ലാം തഴഞ്ഞ് സ്വയം ഒരു പ്രതിഭയായി അവരോധിക്കുകയായിരുന്നു. സ്വപ്നങ്ങളുടെ വ്യാഖ്യാനത്തിൽ, അതുല്യമായ ഒരു അധികാരിയായി അദ്ദേഹം തന്നെ സ്വയം വ്യഖ്യാനിച്ചു. മനുഷ്യൻ്റെ എല്ലാ പെരുമാറ്റങ്ങളും എല്ലായപ്പോഴും ‘ഫ്രോയ്‍ഡ്’ രീതിയിൽ ആയിരുന്നുവെന്ന് തെളിയിക്കാൻ സാഹിത്യത്തിൽ നിന്നും ചരിത്രത്തിൽ നിന്നും ഉദാഹരണങ്ങൾ കണ്ടെത്തി.ഫ്രോയ്‍ഡിൻ്റെ ഭാര്യയുമായുള്ള ബന്ധം പോലും സ്വാർത്ഥമായിരുന്നു. സുന്ദരിയായ, ധീരയായ ഒരു യുവതിയായിരുന്നു മാർത്ത ബെർണേസ്. നാലുവർഷത്തെ വിവാഹനിശ്ചയവേളയിൽ അദ്ദേഹം മാർത്തയ്ക്ക് ഭ്രാന്തമായ അഭിനിവേശം നിറഞ്ഞ കത്തുകൾ എഴുതിയിരുന്നു. എന്നാൽ, വിവാഹശേഷം, അദ്ദേഹം അവരെ അവരുടെ കുടുംബത്തിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും അകറ്റി, അവരുടെ ഓർത്തഡോക്സ് ജൂത വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും ചെയ്‍തു. ആറ് കുട്ടികളെ പ്രസവിച്ചശേഷം മാർത്തയ്ക്ക് അവളുടെ സൗന്ദര്യമൊന്ന് കുറഞ്ഞു. അതോടെ ഫ്രോയിഡിന് അവരുമായുണ്ടായിരുന്ന ലൈംഗിക ജീവിതവും നിലച്ചു. അവരുടെ സഹോദരി മിന്നയുമായി അദ്ദേഹത്തിനു രഹസ്യബന്ധമുണ്ടായിരുന്നു. ഭാര്യ മരിച്ചപ്പോൾ മിന്നാ അദ്ദേഹത്തോടൊപ്പം താമസിക്കാൻ തുടങ്ങി.

'ദി മേക്കിംഗ് ഓഫ് എ ഇല്ല്യൂഷനി'ൽ നിന്ന് ഉരുത്തിരിയുന്ന ഫ്രോയ്‍ഡ്, എല്ലാവരും കരുതുന്നതുപോലെ ദയാലുവായ രോഗശാന്തിക്കാരനല്ല. മറിച്ച് ദൗര്‍ബല്ല്യവും, അത്യാഗ്രഹവും ബഹുഭാര്യത്വവും അനുകൂലിക്കുന്ന ധനികരായ രോഗികളെ പൊന്മുട്ടയിടുന്ന താറാവായി വിശേഷിപ്പിച്ച ഒരു പൊങ്ങച്ചക്കാരനായിട്ടാണ് ക്രൂസ് വിവരിക്കുന്നത്. ഫ്രോയ്‍ഡിനൊപ്പം പ്രവർത്തിച്ചിരുന്ന പല മഹാനായ വൈദ്യന്മാരെയും  മറന്നുപോയത് എത്രത്തോളം അന്യായമായ ഒന്നാണെന്നും അദ്ദേഹം തൻ്റെ പുസ്തകത്തിൽ പറയുന്നു. 

(ഫ്രെഡറിക് ക്രൂസിന്‍റെ പുസ്‍തകത്തിലുള്ള വിവരങ്ങളാണ് മേല്‍പ്പറഞ്ഞിരിക്കുന്നത്. )