Asianet News MalayalamAsianet News Malayalam

'ഞാനൊരു ഡോക്ടറാണ്, ഇങ്ങനെയൊരു മനുഷ്യാവകാശലംഘനം സിറിയയിലല്ലാതെ ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല...'

ഇഡ്‌ലിബിൽ കുഞ്ഞുങ്ങൾ നരകിക്കുകയാണ്. റഷ്യൻ, സിറിയൻ ഭരണകൂടങ്ങളുടെ ബോംബുകൾ എപ്പോൾ വേണമെങ്കിലും അവരുടെമേൽ വീഴാം.

The worst humanitarian crisis of Syrian refugees
Author
Syria, First Published Jan 31, 2020, 3:47 PM IST
  • Facebook
  • Twitter
  • Whatsapp

(ഇതൊരു ഡോക്ടറുടെ അനുഭവക്കുറിപ്പാണ്. യുഎസ്സിലെ ഡോക്ടറും മെഡ് ഗ്ലോബലിന്‍റെ പ്രസിഡന്‍റുമായ സഹേര്‍ സഹ്‍ലോള്‍ സിറിയയില്‍ താന്‍ പ്രവര്‍ത്തിച്ചതിന്‍റെ അനുഭവം വിവരിക്കുകയാണിവിടെ. മെഡ് ഗ്ലോബലിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അദ്ദേഹം സിറിയയിലെ ഇഡ്‍ലിബിലെത്തിച്ചേര്‍ന്നത്. ഇന്‍ഡിപെന്‍ഡന്‍റില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്‍റെ സ്വതന്ത്ര പരിഭാഷ) 

ഇഡ്‌ലിബിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി ഉയർത്തിയ 1,150 ക്യാമ്പുകളിലൊന്നിലെ ചെളി നിറഞ്ഞ വയലിൽ ഞാൻ നിന്നു. മഴ ആർത്തു പെയ്യുന്നുണ്ടായിരുന്നു. ഞാൻ നിൽക്കുന്ന ചെളിക്ക് രണ്ടടി ആഴമുണ്ടായിരുന്നു. ജനുവരിയിൽ ഇവിടെ വളരെ തണുപ്പാണ്, പക്ഷേ കുട്ടികൾ സാദാ ഷൂസും സ്ലിപ്പറുകളുമാണ് ധരിച്ചിരുന്നത്. എൻ്റെ മെഡിക്കൽ ദൗത്യത്തിന് മൂന്നാഴ്ച മുമ്പ്, സിറിയൻ പൗരന്മാരുടെ മറ്റൊരു വലിയ കുടിയൊഴിപ്പിക്കൽ നടന്നിരുന്നു. കഠിനമായ കാലാവസ്ഥയിൽ ആളുകൾ ഈ കൂടാരങ്ങൾക്കുള്ളിൽ എങ്ങനെ താമസിക്കുന്നുവെന്ന് ഞാൻ അത്ഭുതപ്പെട്ടു. 10 വയസ്സുള്ള അലി എന്ന കുട്ടി എന്നോട് പറഞ്ഞു, അവന് ചൂടുള്ള ഒരു വീട്ടില്‍ താമസിക്കാന്‍ കൊതിയാണെന്ന്. പക്ഷേ, അവന്‍റെ ആ പ്രതീക്ഷയും മോഹവും ഒരു വിദൂര സാധ്യതയായിട്ടാണ് എനിക്ക് തോന്നിയത്. 

ഒൻപതുവർഷത്തെ കഷ്ടപ്പാടുകൾക്കുശേഷം, അന്താരാഷ്ട്ര സമൂഹവും, ഐക്യരാഷ്ട്രസഭയും സിറിയൻ ജനതയെ ഉപേക്ഷിച്ചതായി എനിക്ക് തോന്നി. അഭയാർത്ഥികളെ സംരക്ഷിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ഏജൻസിയാണ് യുഎൻ‌എച്ച്‌സി‌ആർ. സാധാരണയായി യുഎൻ‌എച്ച്‌സി‌ആർ നൽകാറുള്ള ഊഷ്മളതയുള്ള കൂടാരങ്ങൾ പോലും, ഞാൻ അവിടെ കണ്ടില്ല. കഴിഞ്ഞമാസം മാത്രം 165,000 കുട്ടികളടക്കം 359,000 ആളുകളാണ് വഴിയാധാരമായത്. 2019 മേയ് മുതൽ അറുപതിലധികം ആശുപത്രികളിൽ ബോംബാക്രമണവും നടന്നു. 

ഇഡ്‌ലിബിൽ നാല് ദശലക്ഷം ആളുകളും, 1,150 -ലധികം അഭയാർഥിക്യാമ്പുകളും ഉണ്ട്. അവരിൽ പകുതിപേരും സിറിയയിലെ മറ്റ് പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നവരാണ്. ഇതിനകം 3.9 ദശലക്ഷം അഭയാർഥികൾക്ക് ആതിഥേയത്വം വഹിക്കുന്ന തുർക്കി അതിർത്തി അടച്ചുപൂട്ടി. പോകാൻ മറ്റൊരിടമില്ലാതെ എതിരെവരുന്ന ബോംബാക്രമണത്തിൽ നിന്നും, മറ്റ് ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ട് ഓടാനാകാതെ ഇഡ്‌ലിബിൽ തന്നെ അവർ അടിഞ്ഞുകൂടുന്നു. അങ്ങനെ, ഇഡ്‌ലിബ് ഒരു വലിയ തടങ്കൽപ്പാളയമായി മാറുകയാണ്.   

ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും, അമേരിക്കൻ പൊതുജനങ്ങളുടെ പിന്തുണ അറിയിക്കാനും ഞാൻ ചിക്കാഗോയിൽ നിന്ന് ഇഡ്‌ലിബിലേക്ക് വന്നു. എൻ്റെ സംഘടനയായ മെഡ്‌ഗ്ലോബലിനൊപ്പം ഞാൻ നിരവധി ദുരന്ത മേഖലകൾ സന്ദർശിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവർക്കും അഭയാർഥികൾക്കും ഞങ്ങൾ സൗജന്യ വൈദ്യസഹായം നൽകുന്നു. യെമൻ, കൊളംബിയ, ഗാസ, ഗ്രീസ്, ഇറാഖ്, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിൽ നിന്ന് ബംഗ്ലാദേശിലെ റോഹിംഗ്യൻ പ്രതിസന്ധി വരെയുള്ള മെഡിക്കൽ മിഷനുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. എന്നാൽ, ഏറ്റവും വലിയ ദുരിത ഭൂമി ഇഡ്‌ലിബിലാണ്. എന്നിട്ടും ആളുകളുടെയും, ആശുപത്രികളുടെയും, കുട്ടികളുടെയും, സംരക്ഷണം ഉറപ്പുവരുത്തേണ്ട അന്താരാഷ്ട്ര മാനുഷിക നിയമം എല്ലാ ദിവസവും അവിടെ ലംഘിക്കപ്പെടുന്നു. ഏത് സാഹചര്യത്തിലായാലും ഇത് അനുവദിക്കാൻ പാടില്ല. 

ഇഡ്‌ലിബിൽ കുഞ്ഞുങ്ങൾ നരകിക്കുകയാണ്. റഷ്യൻ, സിറിയൻ ഭരണകൂടങ്ങളുടെ ബോംബുകൾ എപ്പോൾ വേണമെങ്കിലും അവരുടെമേൽ വീഴാം. ഇഡ്‌ലിബിലെ കുട്ടികളുടെ ദുരിതത്തിൻ്റെ  ആഘാതത്തെക്കുറിച്ചുള്ള ഒരു സമീപകാല റിപ്പോർട്ടായ 'സേവ് ദി ചിൽഡ്രൻ' വളരെ ഭയാനകമായ സ്ഥിതിവിവരക്കണക്കുകളാണ് പുറത്തുവിട്ടത്. 'കഴിഞ്ഞ ഒരു വർഷത്തിൽ റഷ്യൻ / സിറിയൻ ബോംബാക്രമണങ്ങളിൽ എല്ലാ ദിവസവും ഒരു സിറിയൻ കുട്ടി വീതം കൊല്ലപ്പെടുന്നു. 2018 -ൽ കൊല്ലപ്പെട്ടതിനേക്കാൾ ഓരോ മാസവും കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം 2019 -ൽ വളരെ കൂടുതലാണ്, പ്രതേകിച്ച് 2019 ജൂലൈയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത്' റിപ്പോർട്ടിൽ പറയുന്നു. 

പ്രാദേശിക സിറിയൻ എൻ‌ജി‌ഒകൾക്ക് ചെയ്യാവുന്നതിലും അധികമാണ് കാര്യങ്ങൾ. പ്രത്യേകിച്ചും യുഎൻ ഏജൻസികൾ ആളുകൾക്ക് സഹായം നൽകുന്നതിൽ നിന്നും താൽക്കാലികമായി പിന്മാറിയതിന് ശേഷം. അതിർത്തി കടന്നുള്ള സഹായം 2020 ജനുവരി 10 മുതൽ പുനരാരംഭിച്ചെങ്കിലും, സുരക്ഷാ കൗൺസിൽ അത് നൽകുന്ന ആക്സസ് പോയിന്റുകളുടെ എണ്ണം കുറയ്ക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എൻ്റെ അനുമാനത്തിൽ, യുഎന്നിന് പ്രവർത്തനക്ഷമമായ ഒരു പദ്ധതിയുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ വിനിയോഗിക്കാനായി അടിയന്തര ഫണ്ട് ഉണ്ടായിരിക്കണം. എന്നാൽ, യുഎൻ ഉദ്യോഗസ്ഥർ സംരക്ഷിക്കേണ്ട, മാനുഷിക സഹായം നൽക്കേണ്ട ഭൂരിപക്ഷം ആളുകൾക്കും സഹായം നൽകുന്നതിൽ പരാജയപ്പെടുന്നു.

മെഡ്‌ഗ്ലോബൽ, ഒരു കൂട്ടം മാനുഷിക സംഘടനകളുമായി സഹകരിച്ച്, ദുരന്തസാഹചര്യങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ഇഡ്‌ലിബിൽ കുടിയൊഴിപ്പിക്കപ്പെട്ട 1.2 ദശലക്ഷം സിറിയൻ പൗരന്മാർക്കൊപ്പം നിൽക്കുന്നു. പുതുതായി കുടിയൊഴിപ്പിക്കപ്പെട്ട 359,000 -ത്തോളം ആളുകളെ സന്ദർശിക്കാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സിനോട് ഞങ്ങൾ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. 

യുഎന്നും ഗുട്ടെറസ്സും ദുരന്തസാഹചര്യത്തോട് വളരെ മന്ദഗതിയിലാണ് പ്രതികരിക്കുന്നത്. ന്യൂയോർക്ക് സിറ്റിയിലെ യുഎൻ ഓഫീസിൽ ഇരുന്നു ഖേദം പ്രകടിപ്പിച്ചത് കൊണ്ടായില്ല, മറ്റ് ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചതുപോലെ ഇഡ്‌ലിബും അദ്ദേഹം സന്ദർശിക്കണം. അത് അദ്ദേഹത്തിൻ്റെ കടമയാണ്. സിറിയയിലും, ഇഡ്‌ലിബിലും സംഭവിക്കുന്നത് യുഎൻ ചരിത്രത്തിലെ കർക്കശവും, കാലഹരണപ്പെട്ടതുമായ വ്യവസ്ഥയുടെ വൻ പരാജയമാണ്.

മൂന്നാഴ്ച മുമ്പ് മറാത്ത് അൽ-നുമാനിൽ നിന്ന് കുടുംബത്തോടൊപ്പം നാടുകടത്തപ്പെട്ട പ്രാദേശിക ശിശുരോഗവിദഗ്ദ്ധനാണ് ഡോ. ലൂബ്ന സാദ്. സ്വന്തം നഗരത്തെ കുടിയൊഴിപ്പിക്കുന്നതിൻ്റെ ഭയാനകമായ അവസ്ഥയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. "അടിസ്ഥാന ആവശ്യങ്ങൾ ഇല്ലാത്ത താൽക്കാലിക ഷെൽട്ടറുകളിലാണ് മിക്കവരും താമസിക്കുന്നത്. തണുപ്പിൽ തീകായാനുള്ള ഡീസൽ ഇന്ധനം പോലും വിരളവും ചെലവേറിയതുമാണ്. കുടുംബങ്ങൾ തണുപ്പിൽ നിന്ന് രക്ഷനേടാനായി പ്ലാസ്റ്റിക് ബാഗുകളും എല്ലാത്തരം വസ്തുക്കളും കത്തിക്കുന്നു. ഈ സാഹചര്യത്തിൽ കുട്ടികൾ വല്ലാതെ പരിഭ്രാന്തരാകുന്നു” ഡോ. ലൂബ്ന പറഞ്ഞു.

ഞാൻ പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടു. മാനസിക ആഘാതവും, പോഷകാഹാരക്കുറവും കാരണം കുട്ടികളെ മുലയൂട്ടാൻ കഴിയാത്ത സ്ത്രീകളും അവിടെയുണ്ട്. നാടുകടത്തപ്പെട്ട കുട്ടികൾക്ക് കഠിനമായ ശൈത്യകാലത്തെ അതിജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. 

ഇതൊക്കെയാണെങ്കിലും, ആളുകൾ വളരെ ധൈര്യത്തോടെയാണ് അതിനെ നേരിടുന്നത്. അവർക്കറിയാവുന്ന ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ അവർ ദുരന്തത്തെ നേരിടുന്നു. ഡീസൽ ഇന്ധനത്തിനുപകരം സ്റ്റവ് ചൂടാക്കാൻ കംപ്രസ്സ് ചെയ്ത ഒലിവ് കുഴികളും നട്ട് ഷെല്ലുകളും അവർ ഉപയോഗിക്കുന്നു. അതുമാത്രമല്ല,  പ്ലാസ്റ്റിക് ബാഗുകൾ, പഴയ ഷൂസുകൾ, സ്ലിപ്പറുകൾ എന്നിവപോലും ഉപയോഗിച്ച് അവർ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ തേടുന്നു. ഒരു ഡോക്ടർ എന്ന നിലയിൽ ഇത് ആശങ്കാജനകമാണ്. പ്ലാസ്റ്റിക് പുക ശ്വസിക്കുന്നത്  ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. 

അടുത്തിടെ മെഡിക്കൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി, ഇഡ്‌ലിബിലെ ഏറ്റവും വലിയ ആശുപത്രിയായ ബാബ് അൽഹാവ ആശുപത്രിയിൽ ചെന്ന് അതിൻ്റെ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥനെയും മെഡിക്കൽ സ്റ്റാഫിനെയും ഞാൻ കണ്ടു. ആശുപത്രി തുർക്കി അതിർത്തിയിലായതിനാൽ അത്  പരിരക്ഷിക്കപ്പെടുന്നു. ഇവിടം സുരക്ഷിതമായത് കൊണ്ട് തന്നെ പല ശസ്ത്രക്രിയകളും ഇവിടെയാണ്  നടക്കുന്നത്. ഇവിടെ പ്രതിവർഷം 240,000 ശസ്ത്രക്രിയകൾ നടക്കുന്നു. മെഡിക്കൽ രോഗികൾക്ക് സേവനം നൽകുന്ന ഇത് പൂർണ്ണമായും സുരക്ഷിതമാണ് എന്ന് പറയാൻ കഴിയില്ല.  

സർക്കാർ ഇതര നിയന്ത്രണ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും, നഴ്‌സുമാരും സിറിയയിൽ സുരക്ഷിതരല്ല. 2016 മുതൽ 589 ആശുപത്രികളിൽ ബോംബാക്രമണം ഉണ്ടായി. അതിൽ 914 മെഡിക്കൽ ഉദ്യോഗസ്ഥരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നു. ഇവർ ഉപദ്രവിക്കപ്പെടുന്നു, ടാർഗെറ്റു ചെയ്യപ്പെടുന്നു, വിസ്‌മൃതിയിലാണ്ട് പോകുന്നു. പക്ഷേ, അവർ നമ്മുടെ ലോക നേതാക്കൾ ഉറ്റുനോക്കുന്ന പിന്തുണയും ബഹുമാനവും ഐക്യദാർഢ്യവും അർഹിക്കുന്നവരാണ്.

ഡൊണാൾഡ് ട്രംപ് യുഎൻ‌എസ്‌സി പ്രമേയം 2254 പാലിക്കുകയും, സിറിയക്ക്‌ മുൻ‌ഗണന നൽകുകയും പ്രതിസന്ധി അവസാനിപ്പിക്കാൻ എല്ലാ നയതന്ത്ര സമ്മർദ്ദങ്ങളും പ്രയോഗിക്കുകയും വേണം. അത് മാത്രവുമല്ല പ്രാദേശിക സിറിയൻ എൻ‌ജി‌ഒകൾ വഴി സിറിയൻ കുട്ടികൾക്ക് മാനുഷിക സഹായം വർദ്ധിപ്പിക്കുകയും ചെയ്യണം അദ്ദേഹം. സിറിയൻ കുട്ടികൾ വളരെ ദുരിതം അനുഭവിക്കുന്നു. ഉത്തരവാദിത്തമുള്ള രാജ്യങ്ങൾ ഈ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് മാനുഷിക സഹായം നൽകുകയും, ഇഡ്‌ലിബിലെ ബോംബാക്രമണം തടയാൻ റഷ്യയിൽ എല്ലാ നയതന്ത്ര സമ്മർദ്ദവും ചെലുത്തുകയും വേണം.

ഇഡ്‌ലിബ് നഗരം മുതൽ തുർക്കി വരെയുള്ള ദേശീയപാതയുടെ വശത്ത് ഞാൻ സന്ദർശിച്ച ഒരു ക്യാമ്പിലെ കുട്ടികളോട് ഭാവിയിൽ എന്താകണമെന്ന് ഞാൻ ചോദിച്ചു. ചിലർ എഞ്ചിനീയറാകാനും, ചിലർ  അധ്യാപകരാകാനും, ചിലർ പ്രസിഡന്റാകാനും ആഗ്രഹിക്കുന്നു. എന്നാൽ ക്യാമ്പിലെ പകുതിയിലധികം കുട്ടികളും ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്നവരാണ്. ഇനിയും നിരാശ നൽകുന്നതിന് പകരം ആ കുട്ടികൾക്ക് പ്രദേശത്തെ മുഴുവൻ സുഖപ്പെടുത്താൻ കഴിവുള്ള ഒരു സ്രോതസ്സാകാൻ അന്താരാഷ്ട്ര സമൂഹം ഒരവസരം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Follow Us:
Download App:
  • android
  • ios