Asianet News MalayalamAsianet News Malayalam

ആയിരങ്ങളെ ഒരു ദയവുമില്ലാതെ കുടിയൊഴിപ്പിക്കുന്ന നൈജീരിയൻ സർക്കാർ

അവർ കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ വീടും സ്വത്തും ഒരു ദയവുമില്ലാതെ നശിപ്പിക്കുകയാണ് സർക്കാർ.

Thousands have been evacuated by Nigerian government
Author
Nigeria, First Published Feb 6, 2020, 1:02 PM IST

ലാഗോസ് ലഗൂണിലെ ഒരു പ്രധാന വിനോദസഞ്ചാര ദ്വീപാണ് ടാർക്വ ബേ. ഏകദേശം 4,500 ഓളം ആളുകളാണ് അവിടെ താമസിക്കുന്നത്.  2020 ജനുവരി 21 അവർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമായിരുന്നു. അന്ന് കാലത്ത് അവർ എഴുന്നേറ്റത് വെടിയൊച്ചകൾ കേട്ടിട്ടാണ്. പുറത്തിറങ്ങി നോക്കിയ അവരെ സ്വാഗതം ചെയ്തത് തോക്കേന്തിയ നൈജീരിയൻ നാവികസേന ഉദ്യോഗസ്ഥരാണ്. അവിടുത്തെ നിവാസികളോട് അവരുടെ സാധനങ്ങൾ പായ്ക്ക് ചെയ്ത് ഉടൻ തന്നെ സ്വന്തം വീടുകളിൽനിന്ന് ഇറങ്ങിപ്പോകണമെന്ന്  ഉദ്യോഗസ്ഥർ ഉത്തരവിട്ടു. പേടിച്ചു വിറച്ച ആളുകൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു. എന്നാൽ നിമിഷനേരത്തിനുള്ളിൽ വലിയ ബുൾഡോസറുകൾ വന്ന് അവരുടെ വീടുകൾ പൊളിച്ചു നീക്കാൻ തുടങ്ങി.

''ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം സ്വന്തം വീടും ഇടവും നഷ്ടമായി തെരുവിൽ ഇറങ്ങേണ്ടി വരുന്ന അവസ്ഥ ചിന്തിയ്ക്കാൻ സാധിക്കാത്തതാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സർക്കാർ അവരെ കുടിയൊഴിപ്പിച്ചത്.  കൂടുതൽ ഭയാനകമായ കാര്യം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ്. 2019 ഡിസംബർ മുതൽ രണ്ട് ഡസൻ ചേരികളാണ് സർക്കാർ ഉദ്യോഗസ്ഥർ നിർദ്ദയം കുടിയൊഴിപ്പിച്ചത്.'' ജസ്റ്റിസ് ആൻഡ് എംപവർമെന്റ് ഓർഗനൈസേഷൻ (ജെഇഐ) പറയുന്നു. പാവപ്പെട്ടവർക്കും, ചേരിനിവാസികൾക്കും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സംഘടനയാണ് ജെ‌ഇ‌ഐ. നൈജീരിയയിലെ സ്ലം ഫെഡറേഷൻ്റെ കണക്കനുസരിച്ച് അവിടെ  2.3 ദശലക്ഷത്തിലധികം ആളുകളെയാണ് കഴിഞ്ഞ ഇരുപത് വർഷത്തിനിടെ സർക്കാർ വീടുകളിൽ നിന്ന് ബലമായി ഇറക്കിവിട്ടത്.

ഇത് അവിടെ ഇപ്പോൾ ഒരു സ്ഥിരം സംഭവമായി തീർന്നിരിക്കയാണ്. 2017 ൽ വാട്ടർഫ്രണ്ട് ചേരിയായ ഒട്ടോഡോ ഗബാമിൽ നിന്ന് 30,000 പേരെയാണ് ലാഗോസ് സർക്കാർ പുറത്താക്കിയത്. അതിനിടെ നടന്ന സംഘർഷത്തിൽ കുറഞ്ഞത് 15 പേരോളം മരണപ്പെട്ടിരുന്നു. ലോകത്തിൽ കുടിയൊഴിപ്പിക്കലുകൾ പലയിടത്തും നടക്കുന്നുണ്ട്. അതൊരു വലിയ കാര്യമല്ല. അങ്ങനെ പുറത്താക്കിയവരെ മറ്റൊരു സ്ഥലത്ത് മാറ്റി പാർപ്പിക്കുകയോ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകുകയോ ചെയ്യാറുണ്ട്. എന്നാൽ ഇവിടെ ഇങ്ങനെ കുടിയൊഴിക്കപ്പെട്ടവർക്ക് പലപ്പോഴും നഷ്ടപരിഹാരമോ പുനരധിവാസത്തിനുള്ള പദ്ധതികളോ ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. അവർക്ക് അവരുടെ ഭാവി എന്താകുമെന്നോ അടുത്തതായി എന്ത് സംഭവിക്കുമെന്നോ അറിയില്ല.  അവർ കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ വീടും സ്വത്തും ഒരു ദയവുമില്ലാതെ നശിപ്പിക്കുകയാണ് സർക്കാർ. കൂടാതെ ഇത്തരം കുടിയൊഴിപ്പിക്കലുകളിൽ പലർക്കും സ്വന്തം കുടുംബങ്ങളും നഷ്ടമാകുന്നു. പുതിയ താമസസൗകര്യം ഉണ്ടാക്കാനുള്ള പരക്കം പാച്ചലിൽ കുട്ടികളെ പലപ്പോഴും ബന്ധുവിൻ്റെ വീടുകളിലോ മറ്റോ താമസിപ്പിക്കേണ്ടി വരുന്നു.

ദ്വീപ് നിവാസികൾ എണ്ണ കടത്തിനും പൈപ്പ് ലൈന്‍ നശീകരണത്തിനും കുപ്രസിദ്ധരാണ് എന്നാണ് കുടിയൊഴിപ്പിക്കലിന് കാരണമായി സർക്കാർ പറയുന്നത്. അവർ ദ്വീപിലുടനീളം കടന്നുപോയ പൈപ്പ് ലൈനുകൾ നശിപ്പിക്കുക മാത്രമല്ല, പൈപ്പ് ലൈനിലേക്ക് പൈപ്പുകൾ ബന്ധിപ്പിക്കുകയും അതത് വീടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു എന്നാണ് സർക്കാർ വാദിക്കുന്നത്. എന്നിരുന്നാൽ പോലും കുറച്ചു പേർ ചെയ്യുന്ന കുറ്റത്തിന് ഒരു സമൂഹത്തെ മുഴുവൻ തെരുവിൽ ഇറക്കുന്നത് ന്യായമല്ല.

ജെ‌ഇ‌ഐയുടെ കോ ഡയറക്ടർ ആൻഡ്രൂ മക്കി പറയുന്നത്: “ആ സമുദായങ്ങളിൽ ആയിരക്കണക്കിന് ആളുകൾ താമസിച്ചിരുന്നു. സർക്കാർ ചെയ്യേണ്ടത് കുറ്റവാളികളാണെന്ന് വിശ്വസിക്കുന്ന ആളുകളെ അറസ്റ്റ് ചെയ്ത വിചാരണ ചെയ്യുകയാണ്. ക്രിമിനൽ നിയമം പ്രവർത്തിക്കേണ്ടത് അങ്ങനെയാണ്. ” ഇതൊന്നും പോരാതെ, കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന ജലനിരപ്പ്, മോശം ശുചിത്വം തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് നിവാസികളെ അവിടെ നിന്ന് കുടിയൊഴിപ്പിക്കാൻ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് സർക്കാർ. പക്ഷേ അതെല്ലാം മുട്ടാപോക്കാണ് എന്നാണ് മക്കി പറയുന്നത്. ഒരാളെ ഭവനരഹിതരാക്കി കൊണ്ട് അയാളുടെ സുരക്ഷ നിങ്ങൾക്ക് എങ്ങനെ നോക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു.

കുടിയൊഴിപ്പിക്കലിൻ്റെ യഥാർത്ഥ കാരണം മറ്റൊന്നാണ് എന്നാണ് പ്രദേശവാസികൾ അവകാശപ്പെടുന്നത്. നൈജീരിയയുടെ സാമ്പത്തിക തലസ്ഥാനമാണ് ലാഗോസ്. ലാൻഡ്‌മാസിൻ്റെ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നിട്ടും പോലും രാജ്യത്തെ ഏറ്റവും വലിയ നഗര ജനസംഖ്യയുള്ള സ്ഥലമാണ് അത്. നഗരത്തിൽ ഇപ്പോൾ 21 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വാടകവീടുകൾ എളുപ്പത്തിൽ ലഭ്യമല്ല. ഈ കാരണം കൊണ്ട് തന്നെ ചേരി സമൂഹങ്ങൾ പലപ്പോഴും വാട്ടർഫ്രണ്ട് ചേരികളിൽ അഭയം പ്രാപിക്കുന്നു. എന്നാൽ ഇത്തരം വാട്ടർഫ്രണ്ട് ചേരികൾ ഭൂമാഫിയകൾക്ക് പണം ഉണ്ടാകാനുള്ള ഒരു ഉപകരണമാണ്.  

1990 ജൂലൈയിൽ, സമ്പന്നമായ വിക്ടോറിയ ദ്വീപിൻ്റെ അതിർത്തിയോട് ചേർന്ന് കിടന്നിരുന്ന 300,000 ത്തോളം വരുന്ന പാവപ്പെട്ടവരുടെ കുടിലുകൾ പുനരധിവാസത്തിനുള്ള വ്യവസ്ഥകളൊന്നുമില്ലാതെയാണ്  സർക്കാർ പൊളിച്ചുമാറ്റിയത്. മൂന്ന് പതിറ്റാണ്ടിനുശേഷം, ഈ പ്രദേശം ഇപ്പോൾ നൈജീരിയയിലെ ഏറ്റവും വിലപിടിപ്പുള്ള വിപണന കേന്ദ്രങ്ങളിലൊന്നാണ്. റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾക്ക് തളച്ചു വളരാൻ ഏറ്റവും സാധ്യതയുള്ളയിടത്തെ ചേരികൾ, സർക്കാർ ഒരു ദയയും ഇല്ലാതെ പൊളിക്കുന്നു. ഇതിനെല്ലാം പ്രധാന കാരണം ഭൂമി കൈയേറ്റമാണ്. ഭൂമാഫിയയും സർക്കാരും തമ്മിലുള്ള ഒരു ഒത്തുകളിയാണ് ഇത് എന്ന ആരോപണം ശക്തിപ്രാപിക്കുയാണ്.

തർക്വ ബേയിൽ സംഭവിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പാവങ്ങളാണ് എന്ന കാരണം കൊണ്ട് തന്നെ തിരിച്ച് ശബ്‌ദിക്കില്ല എന്ന ഉറപ്പിന്മേലാണ് ഈ ക്രൂരത. മതിയായ അറിയിപ്പോ ബദൽ താമസമോ ഒരുക്കാതെ നൈജീരിയൻ സർക്കാർ ആളുകളെ ഏറ്റവും അക്രമാസക്തമായ രീതിയിൽ കുടിയൊഴിപ്പിക്കുകയും അവരുടെ വീടുകൾ നശിപ്പിക്കുകയും ചെയ്യുന്നുവെന്നത് അംഗീകരിക്കാനാവില്ല.  

Follow Us:
Download App:
  • android
  • ios