ഇന്ന് ലോകത്തെ പല ലാബുകളിലും കൊറോണ വൈറസിനെ തുരത്താനുള്ള വാക്‌സിൻ കണ്ടെത്താനുള്ള തിരക്കിലാണ്. എന്നാൽ അമേരിക്കയിലെ പ്രശസ്തമായ ഒരു സിഗരറ്റ് നിർമാണ കമ്പനി ഇതിനെതിരായ വാക്‌സിൻ കണ്ടെത്തി എന്ന് അവകാശപ്പെട്ടു മുന്നോട്ട് വരികയാണ്. അതും പുകയിലച്ചെടികളില്‍ നിന്നാണ് അവർ വാക്‌സിൻ ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബെൻസൺ & ഹെഡ്ജസ്, ലക്കി സ്ട്രൈക്ക് സിഗരറ്റ് തുടങ്ങിയ പ്രശസ്തമായ സിഗരറ്റുകൾ നിർമിക്കുന്ന കമ്പനിയാണ് പുകയില സസ്യങ്ങളിൽ നിന്ന് കൊറോണ വൈറസിനെ നിയന്ത്രിക്കുന്ന വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെടുന്നത്.

യുകെ ഗവൺമെന്റിന്റെ പിന്തുണ ലഭിക്കുകയാണെങ്കിൽ ജൂൺ മുതൽ ആഴ്ചയിൽ മൂന്ന് ദശലക്ഷം ഡോസുകൾ വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ബ്രിട്ടീഷ് അമേരിക്കൻ ടോബാകോ കമ്പനി (ബാറ്റ്) അറിയിച്ചു. ഇതുവരെ തെളിയിക്കപ്പെടാത്ത വാക്സിൻ ഇപ്പോൾ മൃഗങ്ങളിൽ പരീക്ഷിക്കുകയാണ്. എത്രയും വേഗം മനുഷ്യരിൽ ഇത് പരീക്ഷിച്ച് വിജയിച്ചാൽ മാത്രമേ ജൂണിൽ ഇത് പുറത്തിറക്കാൻ പറ്റൂ. പകർച്ചവ്യാധിയോട് പോരാടുന്നതിന് കമ്പനിയുടെ 65.5 ബില്യൺ ഡോളർ മൂല്യമുള്ള വിഭവങ്ങൾ ഉപയോഗിച്ച് വാക്‌സിൻ നിർമ്മിച്ചതായി ബാറ്റ് പറഞ്ഞു. ലണ്ടൻ ആസ്ഥാനമായ കമ്പനി പണമൊന്നും വാങ്ങാതെ തന്നെ ടെസ്റ്റുകൾ സർക്കാരിന് വിൽക്കുമെന്നും കൂട്ടിച്ചേർത്തു. നിലവിൽ ലോകാരോഗ്യ സംഘടന നിയമപ്രകാരം സർക്കാരുമായി ഇടപാട് നടത്തുന്നതിൽ നിന്ന് പുകയില സ്ഥാപനങ്ങൾക്ക് വിലക്കുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ബാറ്റ് പറഞ്ഞു.

പുകയില പ്ലാന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് യു‌എസിലെ ബാറ്റിന്റെ അനുബന്ധ സ്ഥാപനമായ കെന്റക്കി ബയോപ്രോസസിംഗ് (കെ‌ബി‌പി) ആണ് ഈ വാക്സിൻ വികസിപ്പിച്ചത്. വാക്സിൻ ഉൽ‌പാദിപ്പിക്കുന്നതിനായി, കെന്റക്കി ബയോപ്രോസസിംഗ് കൊറോണ വൈറസിന്റെ ജനിതക ശ്രേണിയിലെ ഒരു ഭാഗം ക്ലോൺ ചെയ്യുകയും സസ്യങ്ങളിലേക്ക് കുത്തിവയ്ക്കുകയും ചെയ്തു. ഇതിൽനിന്ന് അവ ഒരു ആന്റിജനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആന്റിജൻ എന്നത് ശരീരത്തിൽ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നതും വൈറസുകളെ പ്രതിരോധിക്കാൻ ആവശ്യമായതുമായ ഒരു വസ്തുവാണ്. ഇതിനുശേഷം ഈ ആന്റിജനുകൾ വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ച് ശരീരത്തിൽ  വാക്സിനായി ഉപയോഗിക്കുന്നു. 

ഈ ആന്റിജൻ  ശരീരത്തിൽ രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുകയും, വൈറസുകളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് അവർ അവകാശപ്പെട്ടുന്നത്. ഇത് ഇപ്പോൾ എലികളിൽ പരീക്ഷിക്കുകയാണ്. പരമ്പരാഗത രീതികളേക്കാൾ ചെടിയിൽ നിന്നുള്ള വാക്സിനുകൾക്ക് ധാരാളം ഗുണങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പരമ്പരാഗത വാക്സിനുകളിൽ ബാക്ടീരിയ കോശങ്ങളുടെയോ യീസ്റ്റിന്റെയോ സംസ്കാരങ്ങളിൽ നിർമ്മിക്കുന്ന ആന്റിജനുകൾ കാണപ്പെടുന്നു, അവ ശീതീകരികരിച്ച് സൂക്ഷിക്കുകയും ശേഖരിക്കപ്പെടാൻ മാസങ്ങളെടുക്കുകയും ചെയ്യുന്നു. എന്നാൽ ചെടികളിൽനിന്ന് ഉണ്ടാക്കുന്ന വാക്സിനുകൾ വളരാൻ ആഴ്ചകൾ മാത്രമേ എടുക്കൂ, മാത്രമല്ല ഊഷ്മാവിൽ നിലനിൽക്കാൻ അതിന് കഴിയുകയും ചെയ്യും. കൂടാതെ അവ സൃഷ്ടിക്കാൻ ചെലവും കുറവാണ്. ഇത് ആദ്യമായല്ല അവർ ഇത്തരമൊരു കാര്യം ചെയ്യുന്നത്. മുൻപ് 2014 -ൽ എബോളയ്‌ക്കായി ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിക്കാൻ ഇവർക്കായിട്ടുണ്ട്.