Asianet News MalayalamAsianet News Malayalam

പരസ്പരമറിയാതെവന്ന് ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചവര്‍; ഈ ചെറുപ്പക്കാര്‍ മതി കേരളം കരകയറാന്‍

സംസ്ഥാനത്തെയാകെ ഉലച്ച പ്രളയത്തെ അതിജീവിക്കാന്‍ കേരളമൊന്നാകെ കൈകോര്‍ക്കുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. പരസ്പരം പേര് പോലും അറിയാത്തവര്‍ ഒരുമിച്ച് ഒരേമനസ്സോടെ കൈപിടിച്ച ദിനങ്ങളായിരുന്നു ഇക്കഴിഞ്ഞുപോയത്. കഴിഞ്ഞ മൂന്ന് ദിവസം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍റെ അനുഭവം വായിക്കാം. 

varghese antony fb post about kerala flood
Author
Kochi, First Published Aug 20, 2018, 5:26 PM IST

സംസ്ഥാനത്തെയാകെ ഉലച്ച പ്രളയത്തെ അതിജീവിക്കാന്‍ കേരളമൊന്നാകെ കൈകോര്‍ക്കുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. പരസ്പരം പേര് പോലും അറിയാത്തവര്‍ ഒരുമിച്ച് ഒരേമനസ്സോടെ കൈപിടിച്ച ദിനങ്ങളായിരുന്നു ഇക്കഴിഞ്ഞുപോയത്. കഴിഞ്ഞ മൂന്ന് ദിവസം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍റെ അനുഭവം വായിക്കാം. 

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാക്കളുടെ സംഘത്തിനൊപ്പമായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം. പരസ്പരം പേര് പോലും ചോദിക്കാൻ സമയം കിട്ടാത്തവരുടെ ഒരു സംഘം. 24 മണിക്കൂറും പ്രവർത്തിച്ച ഡസ്‌കുകളിൽ പലതിനും പെൺകുട്ടികളായിരുന്നു നേതൃത്വം. ടെക്കികൾ, ജേണലിസ്റ്റുകൾ, ഡോക്ടർമാർ, ഡ്രൈവേഴ്‌സ്, ഫാർമസിസ്റ്റുകൾ, സിനിമാ പ്രവർത്തകർ, ഹാം റേഡിയോ വിദഗ്ദ്ധർ, ചെന്നൈ ഫ്‌ളഡ് റിലീഫിൽ അംഗമായിരുന്നവർ, ഒരു ജോലിയും ചെയ്യാത്തവർ എന്നിങ്ങനെ പലതുറയിൽ പെട്ടവർ. എല്ലാവരും സ്വയം സന്നദ്ധരായി വന്നവർ. റസ്‌ക്യൂ ഓപ്പറേഷന് ഫീൽഡിൽ ഉണ്ടായിരുന്നവർക്ക് വിവരങ്ങൾ എത്തിക്കുക എന്നതായിരുന്നു പ്രാഥമികമായി ചെയ്തിരുന്നത്.

16ന് കലക്ട്രേറ്റിൽ എത്തിയ ചിലർ സർക്കാർ സംവിധാനങ്ങളോടൊപ്പം ഏത് നിലയ്ക്ക് തങ്ങൾക്ക് പ്രവർത്തിക്കാനാകുമെന്ന് അന്വേഷിച്ചപ്പോഴാണ് പത്തടിപ്പാലം കൺട്രോൾ റൂമിലേക്ക് കുറച്ച് പേർ ചെല്ലണമെന്ന് കളക്ടറുടെ ഓഫീസ് അറിയിച്ചത്. അവിടെ എത്തിയ വളണ്ടിയേഴ്സിനോട് ഇവിടെ വേണ്ടത്ര സൗകര്യമില്ല, ഹെൽപ്പ് ലൈൻ നമ്പരുകൾ കൈകാര്യം ചെയ്തും കൺട്രോൾ റൂമിനെ റെസ്‌ക്യൂ മിഷനിൽ സപ്പോർട്ട് ചെയ്തും കളക്ട്രേറ്റിൽ ഉണ്ടാകണമെന്ന് രാജമാണിക്യം ഐ.എ.എസ് ആണ് അറിയിച്ചത്. കളക്ടർ മുഹമ്മദ് സഫിറുള്ളയുടെ സാന്നിധ്യത്തിലാണ് ഇവിടെ എത്തിയവരോട് രാജമാണിക്യം ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രളയജലത്തിൽ ഒറ്റപ്പെട്ടുപോയ ആയിരങ്ങളുടെ ഡോക് ആണ് കാക്കനാട് കളക്ടറേറ്റിന്റെ വരാന്തയിലും റിസപ്ഷനിലുമായി സജ്ജമാക്കിയ ഡസ്‌കിൽ നിന്നും ഉണ്ടാക്കിയത്. കളക്ടറേറ്റിലെ ഓഫീസുകളിൽ നിന്നും മേശകൾ ലഭിക്കാതിരുന്നതിനാൽ പുറമേ നിന്നും കൊണ്ടുവന്നായിരുന്നു പ്രവർത്തനം. ലാപ്‌ടോപ്പുകൾ അവരവർതന്നെ കൊണ്ടുവന്നു. വിവിധയിടങ്ങളിൽ നിന്നും ഒരേ സമയം ആക്‌സസ് ചെയ്യാമായിരുന്ന ഡോക്കുമെന്റ് ഫീൽഡിൽ പ്രവർത്തിച്ചിരുന്ന ഏജൻസികൾക്ക് വഴികാട്ടിയായി. ദുരന്തത്തിന്റെ ആദ്യ ദിവസം ഹെൽപ് ലൈൻ നമ്പറുകളിൽ വരുന്ന കോളുകൾ എടുക്കാൻ ആളുകൾ ഉണ്ടായിരുന്നില്ല എന്നതായിരുന്നു അവസ്ഥയെങ്കിൽ പിന്നീട് അവിടെ ഊഴമിട്ട് കുട്ടികൾ നിന്ന് വിവരങ്ങൾ ശേഖരിച്ചു. അടിയന്തര ശ്രദ്ധ കിട്ടേണ്ട വിഷയങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ വയർലസിൽ സന്ദേശങ്ങൾ കൈമാറി. സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാക്കളുടെ സംഘത്തിന് മാർഗ നിർദ്ദേശങ്ങളുമായി ഒപ്പം നിന്നു.

രക്ഷിക്കാൻ വൈകുമെങ്കിൽ അൽപം വെള്ളമോ ഭക്ഷണമോ തരുമോ എന്ന ചോദ്യമായിരുന്നു ഹെൽപ് ലൈൻ ഡസ്‌കിൽ നിരന്തരമായി കിട്ടിക്കൊണ്ടിരുന്നത്. ഇതിനിടെ രക്ഷപെടുത്തിയവരെ താമസിപ്പിച്ച ക്യാമ്പുകളുടെ ആധികാരിക വിവരങ്ങൾ പോലീസ് കൈമാറി. രണ്ടാം ദിവസം ക്യാമ്പുകളിലേക്ക് ഭക്ഷണമെത്തിക്കാനായി മറ്റൊരു വിഭാഗം രൂപീകരിക്കപ്പെട്ടു. നിരവധി ക്യാമ്പുകളിലേക്ക് അന്ന് പോലീസ് വാഹനത്തിൽ ഭക്ഷണവും വെള്ളവും എത്തിച്ചു. സ്വയം സന്നദ്ധരായി വന്ന വാഹന ഉടമകളും ഇതിൽ പങ്കെടുത്തു. അന്ന് വൈകിട്ട് പതിനായിരത്തോളം ഭക്ഷണപ്പൊതികളാണ് പലയിടങ്ങളിൽ നിന്ന് ശേഖരിച്ച് ക്യാമ്പുകളിൽ എത്തിച്ചത്.

മൂന്നാംദിവസം നേവി നടത്തിയ എയർഡ്രോപ്പിംഗിൽ കളക്ടറേറ്റിലെ സംഘത്തിന് സഹായങ്ങൾ നൽകാൻ കഴിഞ്ഞു. അതിന് വേണ്ട ഡോക്യൂമെന്റ് ഒരു സംഘം ഉണ്ടാക്കി. മറ്റൊരു സംഘം ഇതിനായി ഭക്ഷണവും വെള്ളവും കിറ്റുകളിലാക്കി. ഒറ്റപ്പെട്ടവരെ ജിയോപൊസിഷനിംഗ് നടത്തി ആ വിവരം നേവി പൈലറ്റുമാർക്ക് നേരിട്ട് കൈമാറാനും കഴിഞ്ഞു. ഇതിനിടെ മന്തി തോമസ് ഐസക്കും പി.ടി.തോമസ് എം.എൽ.എയും റിലീഫ് സെന്റർ സന്ദർശിച്ച് യുവാക്കൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. മൂന്നാം ദിവസം വൈകിട്ട് ഈ പ്രവർത്തനങ്ങൾ നിർത്തേണ്ടി വന്നു. (അതിന്റെ കാരണങ്ങൾ വെള്ളമിറങ്ങിയ ശേഷം പറയുന്നതാകും ഉചിതമെന്ന് കരുതുന്നു.)

ഇപ്പോഴും ഫോണിലേക്ക് ഒറ്റപ്പെട്ട് പോയവരുടെ വിവരങ്ങളുമായി പലരും വിളിക്കുന്നുണ്ട്. ക്യാമ്പുകളിൽ നിന്ന് ഭക്ഷണത്തിനും അവശ്യവസ്തുക്കൾക്കുമായി നിലക്കാതെ കോളുകൾ വരികയാണ്. ഇവയെല്ലാം കോർഡിനേറ്റ് ചെയ്ത കുട്ടികൾക്കാണ് കോളുകൾ കൂടുതൽ വരുന്നത്. എന്ത് പറയണമെന്ന് കുട്ടികൾ ചോദിക്കുന്നു. വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവുമായി കടവന്ത്രയിലേക്കോ പത്തടിപ്പാലത്തെ കളക്ടറുടെ ക്യാമ്പ് ഓഫീസിലേക്കോ ചേല്ലാൻ പറയാനേ നിവൃത്തിയുള്ളുവെന്ന് മറുപടി പറഞ്ഞു. വില്ലേജ് ഓഫീസറെ എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ ക്യാമ്പ് ഇൻചാർജുകളും ദുരന്തത്തിൽ പെട്ടവരും വിഷമിക്കുന്നുണ്ട്. എല്ലാം മുങ്ങിയിടത്ത് നിന്ന് വില്ലേജ് ഓഫീസ് കണ്ടുപിടിക്കാനാകാത്ത സ്ഥിതിയിലാകും അയാൾ.

ഏത് 'ചുവപ്പ്' നാടയിട്ട് വരിഞ്ഞാലും ഈ നാട് ഈ ദുരന്തത്തെ അതിജീവിക്കുക തന്നെ ചെയ്യും.

Follow Us:
Download App:
  • android
  • ios