Asianet News MalayalamAsianet News Malayalam

ഈ മനോഹര വസ്ത്രങ്ങള്‍ ഉണ്ടാക്കിയത് മാലിന്യത്തില്‍നിന്നാണ്!

പഴയ പഞ്ചസാര ചാക്കുകൾ ഉപയോഗിച്ച് മൊബൈൽ ജാക്കറ്റുകളും, പോളിയെത്തിലീൻ ബാഗുകൾ ഉപയോഗിച്ച് റീസൈക്കിൾ ചെയ്ത ജാക്കറ്റുകളും, പാൽ പാക്കറ്റുകളിൽനിന്ന് പെൻസിൽ കേസുകളും ഇവിടെ ഉണ്ടാക്കുന്നു. 

waste turned into clothes Juliet
Author
Uganda, First Published Jan 21, 2020, 6:21 PM IST


ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നാണ് പ്ലാസ്റ്റിക് മാലിന്യം. എല്ലാ വാര്‍ത്തയും ഒന്നുവിടാതെ വായിക്കുന്ന നമ്മള്‍, എന്നാല്‍ അതിനുവേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കാറില്ല എന്നതാണ് വാസ്തവം. പ്രളയം വീട്ടുപടിക്കല്‍ എത്തിനില്‍ക്കുമ്പോഴും ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ എന്ത് നടക്കാനാണ് എന്ന മുടന്തന്‍ ന്യായം പറഞ്ഞു നമ്മള്‍ തടിതപ്പാന്‍ നോക്കും. എന്നാല്‍ ഒരാള്‍ വിചാരിച്ചാല്‍ പലതും നടക്കുമെന്ന് തെളിയിക്കുയാണ് മാലിന്യത്തില്‍നിന്ന് വസ്ത്രങ്ങള്‍ ഉണ്ടാകുന്ന, ജൂലിയറ്റ് നമുജ്ജു.

വെറും 23 വയസ്സ് മാത്രമുള്ള ജൂലിയറ്റ്, ഇന്ന് ലോകമറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനറാണ്. ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് അവര്‍ ഫാഷന്‍ ലോകത്ത് പുതിയ തരംഗം സൃഷ്ടിക്കുകയാണ്. അത് മാത്രമല്ല, മാലിന്യങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ ഉണ്ടാക്കാന്‍ ജൂലിയറ്റിനെ സഹായിക്കുന്നത് ശാരീരിക വൈകല്യമുള്ള ആളുകളാണ്. കേള്‍വിശക്തി നഷ്ടപ്പെട്ടവരും, കാഴ്ച മങ്ങിയവരും അടക്കം ജീവിതത്തിന്റെ പരീക്ഷണത്തില്‍ കാലിടറിവീണ അനേകം ആളുകള്‍ക്ക് ഒരു പ്രതീക്ഷയാണ് കിമൂലി ഫാഷിനബിലിറ്റി എന്ന ഈ സ്ഥാപനം.

പ്രകൃതി സംരക്ഷണത്തിനോടൊപ്പം ഈ സ്ഥാപനം അനേകം ആളുകള്‍ക്ക് പുതിയ ജീവിതം കൂടി തുറന്നുകൊടുക്കുകയാണ്. ഉഗാണ്ടയില്‍ ഭിന്നശേഷിക്കാരെ ഇപ്പോഴും ശപിക്കപ്പെട്ടവരായിട്ടാണ് കണക്കാക്കുന്നത്. ആളുകളുടെ പരിഹാസം ഭയന്ന് പുറത്തിറക്കാന്‍ മടിച്ച് അവര്‍ വീടിനുള്ളില്‍ തന്നെ കഴിഞ്ഞു കൂടുന്നു. ഇരുളടഞ്ഞ അവരുടെ ജീവിതം ആ നാലുചുമരുകളില്‍ ഒതുങ്ങിപ്പോകാതിരിക്കാന്‍ ജൂലിയറ്റ് അവരെ വസ്ത്ര നിര്‍മ്മാണം പരിശീലിപ്പിച്ചു. തയ്ക്കാനും, പുതിയ രീതിയില്‍ വസ്ത്രം രൂപകല്‍പന ചെയ്യാനും അവരെ പഠിപ്പിച്ചു. അങ്ങനെ അവരുടെ ജീവിതത്തിന് പുതിയ അര്‍ത്ഥവും, മാനവും നല്‍കാന്‍ ജൂലിയറ്റിന് കഴിഞ്ഞു. നിലവില്‍ 500 പേരോളം അവിടെ ജോലി ചെയ്യുന്നുണ്ട്. 2024 ആകുമ്പോഴേക്കും ഇത് ആയിരമാക്കാനാണ് അവരുടെ പദ്ധതി.

മാലിന്യത്തെ കുറിച്ചുള്ള നാട്ടുകാരുടെ വീക്ഷണവും ഇതുമൂലം മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ജൂലിയറ്റ് പറയുന്നു. പല ഘട്ടങ്ങളായിട്ടാണ് വസ്ത്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. ആദ്യം മാലിന്യങ്ങള്‍ ശേഖരിച്ച്, തരം തിരിക്കുന്നു. തുടര്‍ന്ന് അത് തയ്ക്കുന്നു. എന്നാല്‍ മാലിന്യങ്ങളില്‍നിന്നും, ചവറില്‍നിന്നും അവര്‍ ഉണ്ടാകുന്ന വസ്ത്രങ്ങള്‍, രൂപഭംഗിയിലും, ഗുണനിലവാരത്തിലും ഒട്ടും പിന്നിലല്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് സിംഗപ്പൂരും, ജര്‍മ്മനിയിലും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും അവര്‍ നടത്തിയ ഫാഷന്‍ ഷോകള്‍. 'ഫാഷനിലൂടെ പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് എന്റെ ലക്ഷ്യം', ജൂലിയറ്റ് പറഞ്ഞു. പഴയ പഞ്ചസാര ചാക്കുകള്‍ ഉപയോഗിച്ച് മൊബൈല്‍ ജാക്കറ്റുകളും, പോളിയെത്തിലീന്‍ ബാഗുകള്‍ ഉപയോഗിച്ച് റീസൈക്കിള്‍ ചെയ്ത ജാക്കറ്റുകളും, പാല്‍ പാക്കറ്റുകളില്‍നിന്ന് പെന്‍സില്‍ കേസുകളും ഇവിടെ ഉണ്ടാക്കുന്നു. ഇത് പ്രാദേശികമായി വില്‍ക്കുന്നതിന് പുറമെ വിദേശത്തേക്കും കയറ്റി അയയ്ക്കുന്നു. 

'ഇങ്ങനെ 3000 ഉല്‍പ്പന്നങ്ങളാണ് ഞങ്ങള്‍ വിജയകരമായി പുനര്‍നിര്‍മ്മിച്ചത്. സ്പാകള്‍ വഴിയും, കോസ്‌മെറ്റിക് കമ്പനികല്‍ വഴിയും ഞങ്ങളുടെ ഉല്പന്നങ്ങള്‍ ഞങ്ങള്‍ വിറ്റഴിക്കുന്നു. 130 ഓളം യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും, ഭിന്നശേഷിക്കാര്‍ക്ക് ജീവിതവും ഇത് നല്‍കുന്നു. ജര്‍മ്മനിയില്‍ നടന്ന വസ്ത്ര പ്രദര്‍ശന പരിപാടികളില്‍നിന്ന് ഞങ്ങള്‍ക്ക് വികലാംഗരായ 250 സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനാവശ്യമുള്ള തുക സ്വരൂപിക്കാനായി'- അവര്‍ പറഞ്ഞു. 

മാലിന്യം പെറുക്കുന്ന ജോലി മിക്കവാറും ഒരറപ്പോടെയാണ് എല്ലാവരും കാണുന്നത്. പക്ഷെ അതില്‍ നിന്നാണ് ഇത്ര മനോഹരമായ വസ്ത്രങ്ങള്‍ ഉണ്ടാകുന്നതെന്ന് ആരും മനസിലാകുന്നില്ലെന്ന് അവര്‍ പറയുന്നു. 'പലപ്പോഴും ഇതിനെ കുറിച്ചറിയുമ്പോള്‍ ആളുകള്‍ മുഖം തിരിക്കും. മാലിന്യം കൈകൊണ്ടു എടുക്കാനും, അത് കഴുക്കാനും ഒക്കെ നാണക്കേട് വിചാരിക്കുന്ന ആളുകളുണ്ടാകും. പക്ഷെ അതൊന്നും ഒരു ബുദ്ധിമുട്ടായി എനിക്ക് തോന്നിയിട്ടില്ല. നിങ്ങളുടെ കൈയില്‍ അഴുക്കു പുരണ്ടാല്‍ മാത്രമേ എന്തെങ്കിലും നല്ലത് നിങ്ങള്‍ക്ക് ഉണ്ടാക്കാന്‍ സാധിക്കൂ'-ജൂലിയറ്റ് പറഞ്ഞു. 

ഒരു നാമ്പില്‍ നിന്ന് ഒരു കാട് എന്ന് പറയുംപോലെ, ആര്‍ക്കും വേണ്ടാത്ത മാലിന്യത്തില്‍നിന്നാണ് ലോകം ഉറ്റുനോക്കുന്ന നൂതന വസ്ത്ര സങ്കല്പങ്ങള്‍ ജൂലിയറ്റ് ഉണ്ടാകുന്നത്. മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവും ഉണ്ടാകും എന്ന് തെളിയുക്കുകയാണ് ജൂലിയറ്റും, അവരുടെ വിപ്ലവകരമായ ഫാഷന്‍ സ്ഥാപനവും. കാലത്തിന്റെ കുത്തൊഴുക്കില്‍ ഒളിച്ചു പോകാതെ അനേകം പേര്‍ക്ക് ഒരു കൈത്താങ്ങായി, ഒരു പ്രചോദനമായി വസ്ത്രലോകത്ത് ഒളിമങ്ങാതെ അത് നിലനില്‍ക്കുക തന്നെ ചെയ്യും.
 

Follow Us:
Download App:
  • android
  • ios