Asianet News MalayalamAsianet News Malayalam

ഐടി രംഗത്ത് സംഭവിക്കുന്നതെന്ത്?

Whats happening in IT sector by namath
Author
Thiruvananthapuram, First Published May 11, 2017, 1:13 AM IST

Whats happening in IT sector by namath

ടെക്കികള്‍ അറിയാന്‍ അക്കരെനിന്നും  ചില വിപല്‍ സൂചനകള്‍!

ഐടി രംഗത്ത് ഭയങ്കരമാന ആശങ്കയെന്ന് ഇന്നലെയൊരാള്‍.  ഐടി ഭയക്കാര്‍മേഘങ്ങളെന്നു തലവാചകം ടൈപ്പ് ചെയ്യുമ്പോള്‍ മനസ്സിലാക്കേണ്ടത് വളരെ പ്രാഥമികമാണ്. അടിസ്ഥാനപരമായി ഐടി ഭയത്തെക്കാള്‍ അതു  ഒരു സാമ്പത്തിക വ്യവസ്ഥയുടെ, ടാഗും ക്യൂബിക്കിളും ഇല്ലാത്ത സാധാരണക്കാരന്റെ  കഞ്ഞികുടി മുട്ടുമോ എന്ന ഭയമാണ്. പലരും പ്രതിസന്ധി കാണുന്നു, ചിലരു കേള്‍ക്കുന്നു, ചിലരു വായിക്കുന്നു, ചിലര്‍ പ്രതിസന്ധികളനുഭവിക്കുന്നു.  

കഴിഞ്ഞ ഒരു പത്തു പതിനഞ്ച് വര്‍ഷമായതേയുളളു കേരളത്തില്‍ ഐടിക്കുഞ്ഞുങ്ങള്‍ ബാംഗ്ലൂര്‍ ഷട്ടിലടി തുടങ്ങിയിട്ട്. ടാഗ് തൂക്കിയിട്ട്. ഡിഎസ്എലാറു വാങ്ങാനും ഇഎംഐ അടയ്ക്കാനും തുടങ്ങിയിട്ട്.  പതിനഞ്ചു വര്‍ഷം കൊണ്ടുണ്ടായ അവസ്ഥയാണ് മേല്‍ചൊന്ന ഭയം.  പതിനഞ്ചു  വര്‍ഷത്തിനു മുന്‍പെന്തായിരുന്നു?  ആയിരത്തിത്തൊളളായിരത്തി അറുപത്തിമൂന്നില്‍ ടാറ്റ സോഫ്റ്റ് വെയറുണ്ടാക്കാന്‍  തുടങ്ങിയിട്ടും  കോഴഞ്ചേരിയിലും  ഓടനാവട്ടത്തും പിളേളരു ടാഗു തൂക്കുന്നത് രണ്ടായിരം കഴിഞ്ഞായിരുന്നു.  കാരണം ലളിതം.  നരസിംഹറാവുവിനു മുന്‍പ്  ലൈസന്‍സി രാജായിരുന്നു. ലൈസന്‍സി രാജ് മറികടന്ന് ഉദാരസമ്പദ് വ്യവസ്ഥ കൊണ്ടു വന്നതിലാണ് ആരും നേരെ ചൊവ്വേ അനുസ്മരിക്കുക പോലും ചെയ്യാത്ത അതിമാനുഷന്റെ പ്രസക്തി.  ബാക്കി വളര്‍ച്ചയെല്ലാം  ആ  അസ്തിവാരത്തിലുളളതാണ്.

പത്തു പതിനഞ്ച് വര്‍ഷമായതേയുളളു കേരളത്തില്‍ ഐടിക്കുഞ്ഞുങ്ങള്‍ ബാംഗ്ലൂര്‍ ഷട്ടിലടി തുടങ്ങിയിട്ട്

പിത്രോഡ സായ്പ്  ഈ വീടിന്റെ ഐശ്വര്യം
അതിനു മുമ്പെന്തായിരുന്നു ഐടി  അവസ്ഥ?  ടാറ്റക്കാരും മുംബൈ സീപ്‌സിലെ ബാക്കി  കമ്പനികളും ഐടിയിലെന്തു ചെയ്യുകയായിരുന്നു? രാജീവ് ഗാന്ധി  വന്നപ്പോ കൂടെ താടിം ധരിച്ചൊരു മനുഷ്യന്‍ കൂടെ വന്നാരുന്നു.  സാം പിത്രോഡ. സകല ഐടിക്കാരും  പിത്രോഡ സായ്പ്  ഈ വീടിന്റെ ഐശ്വര്യമെന്നു ബോര്‍ഡ് വെച്ചാലും  പോര.  ഐടി വളരാനുളള  ഇന്‍ഫ്ര ഉണ്ടാക്കിയിട്ടത് ആ മനുഷ്യനാണ്.  പിത്രോഡ സായ്പിനെതിരെ  മുദ്രാവാക്യമുണ്ടായിരുന്നു. എല്‍ഐസിയാണോ  അതോ ബിഎസ്എന്‍എല്‍ ആണോ  അതോ ബാങ്കാണോ എന്ന് കൃത്യമായി ഓര്‍മ്മയില്ല. കമ്പ്യൂട്ടര്‍ വത്കരണത്തിനെതിരെ മുദ്രാവാക്യവുമുണ്ടായിരുന്നു. അന്നു മുദ്രാവാക്യം വിളിച്ച ഒരു കഥാപാത്രം കഴിഞ്ഞ തവണ പാസ് പോര്‍ട്ടില്‍ കാണിച്ചത് ഇരുപത്തിഏഴു രാജ്യങ്ങളുടെ വിസ സ്റ്റാമ്പാണ്.  തിരിച്ച് കമ്പ്യൂട്ടര്‍ വ്യാപകമാകുന്നതിനു മുമ്പത്തേക്ക്.

എല്‍ഐസി കമ്പ്യൂട്ടര്‍വത്കരണത്തിനു പ്രതിഷേധമുണ്ടാവുന്ന കാലത്തും ടാറ്റക്കാരന് സോഫ്റ്റ് വെയറുണ്ടാക്കിയാല്‍ അതു  കയറ്റുമതി ചെയ്തു തന്നെ ആവണം. കാര്യം പ്രാദേശിക വിപണിയില്ല. അക്കാഡമിക്  എലീറ്റിലല്ലാതെ കമ്പ്യൂട്ടറും. അതും  അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി. ലാപ്‌ടോപ്പ് പോയിട്ടു പിസി പോലുമിറങ്ങുന്നത് എണ്‍പതുകളിലാണ്.   അറുപത്തിമൂന്നു മുതല്‍ രണ്ടായിരം വരെ നടക്കാത്ത എന്തതിശയമാണ് രണ്ടായിരത്തില്‍ സംഭവിച്ചത് ? പ്രെയിസ് ദ കമ്പ്യൂട്ടര്‍ എന്നു പറയാന്‍ ഏതു തിരുപ്പിറവി? ടൈപ്പ് റൈറ്ററിനു തത്തുല്യം ഗള്‍ഫിലെ അറബിക്കമ്പ്യൂട്ടറുകളില്‍ ഫോക്കസ് ചെയ്തിരുന്ന കമ്പ്യൂട്ടര്‍ പഠിത്തം ദിശമാറാന്‍ കാര്യമെന്ത് ?  

പിത്രോഡ സായ്പിന്റെ ടെലിഫോണ്‍ വിപ്ലവത്തിന്റെ ഗുണം കൊയ്തത് ശരിക്കും ഐടി യാണ്.

വൈ റ്റുകെ
ഉത്തരം രണ്ടായിരം എന്ന വാക്കില്‍ തന്നെയുണ്ട്. ഐബിഎം എണ്‍പതുകള്‍ മുതല്‍ പെഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വില്‍ക്കുന്നു. രണ്ടായിരമാകുമ്പോഴേക്കും തദ്ദേശീയ വിപണിയും ജീവിതവും കമ്പ്യൂട്ടര്‍വത്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എണ്‍പതു മുതല്‍ വ്യാപകമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ രണ്ടായിരമെന്ന വര്‍ഷം പലപ്പോഴും  വിസ്മരിക്കപ്പെട്ടു പോയി. മാടക്കട മുതല്‍ സ്‌പേസ് ഷിപ്പു വരെയുളള പ്രോഗ്രാമുകളെ രണ്ടായിരം സേഫാക്കുന്ന പരിപാടിയായിരുന്നു വൈ റ്റുകെ. അതായിരുന്നു പൊതുജനത്തിനു ആദ്യമായി ദൃശ്യമായ കമ്പ്യൂട്ടര്‍ ഓളം.  

നരസിംഹറാവുവിന്റെ ഉദാരവത്കരണത്തിനു ശേഷം ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മാണം എളുപ്പത്തിലായതു കൊണ്ട് ചെറുതും വലുതുമായ കമ്പനികള്‍ പാശ്ചാത്യവിപണിയില്‍ തത്തിക്കളിച്ചു. പിത്രോഡ സായ്പിന്റെ ടെലിഫോണ്‍ വിപ്ലവത്തിന്റെ ഗുണം കൊയ്തത് ശരിക്കും ഐടി യാണ്. അതിശയോക്തി ചാലിക്കാതെ ഒരു കമ്പ്യൂട്ടര്‍ ഇറക്കു മതി ചെയ്യാന്‍ പോലും അപേക്ഷ കൊടുത്ത് ആറു മാസം കാത്തിരിക്കേണ്ട അവസ്ഥ മാറിയതോടെ കാര്യങ്ങള്‍ ശരവേഗത്തിലായി. ബാന്‍ഡ് വിഡ്തും ഇന്‍ഫ്രാസ്‌ട്രെക്ചറുമൊക്കെ മെച്ചപ്പെട്ടു. കമ്പനികളുടെ ഫ്‌ലോറുകളില്‍ പല ടൈം സോണുകളിലെ  ക്ലോക്കുകളായി. ഐടി നഗരങ്ങളും എന്തിനു എവനേലും വെളളമടിച്ച് ഓടേക്കിടന്നാ പോലും ഐടിയെ പളളു പറയുന്ന അവസ്ഥയുമായി. ആ കുത്തൊഴുക്കിന്റെ തുടര്‍ച്ച ഏറ്റവുമവസാനം വന്നു നില്‍ക്കുന്നത് ആദ്യ ഖണ്ഡികയില്‍ പറഞ്ഞ  ഭയത്തിലാണ്.

ഇന്ത്യയിലിതു സംഭവിക്കുമ്പോള്‍ അതിന്റെ മറുപുറത്ത് വിപണികളിലെന്താണ് സംഭവിച്ചത്?

ഗോട് ബാംഗ്ലൂര്‍ഡ് 
ഇന്ത്യയിലിതു സംഭവിക്കുമ്പോള്‍ അതിന്റെ മറുപുറത്ത് വിപണികളിലെന്താണ് സംഭവിച്ചത്?  ഗോട് ബാംഗ്ലൂര്‍ഡ് എന്നൊരു പ്രയോഗമുണ്ട്  പടിഞ്ഞാറ്. ഔട്‌സോഴ്‌സിങ്ങു കാരണം തൊഴില്‍ നഷ്ടപ്പെട്ട ഏതോ രസികന്‍ കണ്ടുപിടിച്ച പ്രയോഗമാണ്. ആ  പ്രയോഗത്തിന്റെ മൂലകാരണം ഒന്ന്.  രസികനു തൊഴില്‍ നഷ്ടപ്പെട്ടു. ഹേതു എന്ത് ? ലളിതം മിസ്റ്റര്‍ വാട്‌സണ്‍. ശമ്പളം കൊടുക്കുന്നവന് അതാണ് ലാഭം. വീടുമാറി വന്ന  ലോറിയിലെ സാധനമിറക്കുന്നതിനു നോക്കു കൂലി  വാങ്ങിക്കുന്ന പോലുളള അവസ്ഥയല്ല, മറിച്ചു മുതലാളിക്കു തീരുമാനിക്കാം ലാഭപ്രസക്തി.  കഴക്കൂട്ടത്ത് സാധനമിറക്കണമെങ്കില്‍ ലാഭമാണെങ്കില്‍ ബേപ്പൂരീന്നു ഖലാസികളെ കൊണ്ടു വന്നുമിറക്കാം. നോക്കുകൂലിയില്ല. കരാറു പണിക്കു സ്ഥിരജോലികളുടെ ബാധ്യതകളുമില്ല. ലാഭച്ചോര മണത്ത മുതലാളിമാരു പൊലിപ്പിച്ചു.  ബാംഗ്ലൂര്‍ഡ് ആയവരുടെ എണ്ണം  ശതഗുണീഭവിച്ചു.

ഗുണം പലതാണ്. ഒരു ശരാശരി ഇന്ത്യന്‍ ഐടിതൊഴിലാളി ഓഫീസ് സമയത്തെ ഉല്ലംഘിച്ചും ജോലി ചെയ്യുന്നവനാണ്. അമിതപ്രതിഫലാസക്തിയില്ലാതെ. അതാണവന്റെ യു.എസ്.പി. അതുപോലെ ഒരു തദ്ദേശീയന്‍ ജോലി ചെയ്താല്‍? ശരാശരി പാശ്ചാത്യന്‍ സ്വതേ  ആഴ്ചയില്‍ അഞ്ചു ദിവസം ജോലി ചെയ്യുന്നവനും  വര്‍ഷത്തിലൊരു മാസം വെക്കേഷനെടുക്കുന്നവനുമാണ്.  ജോലി സമയത്തിനു ശേഷം ജോലി ചെയ്യാനിഷ്ടപ്പെടാത്തവനും മറ്റാരെങ്കിലും അതു ചെയ്യുമെന്ന് പ്രതീക്ഷിക്കാത്തവനുമാണ്. നേരത്തെ പറഞ്ഞ പോലെ തൊഴിലെടുത്താല്‍ ജോലി രാജിവെച്ച് പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞു  നഷ്ടപരിഹാരത്തിനു കേസു കൊടുത്താലും തൊഴിലുടമ  ചുറ്റിപ്പോവും. കരാര് ജോലിയില്‍ അത്തരം ബാധ്യതകളേതുമില്ല.

എന്തുകൊണ്ട് ബാംഗ്ലൂര്‍ഡ് എന്നു വന്നു ? മോസ്‌കോഡ് എന്നോ പാരീസ്ഡ് എന്നോ വന്നില്ല ? ആദ്യത്തെ ഘടകം വിനിമയ നിരക്കുകളാണ്. അതാണ് ലാഭം നിശ്ചയിക്കുന്നത്. രൂപ ഡോളര്‍ വിനിമയ നിരക്കുകളെപ്പോഴും ലാഭദ്യോതകമായിരുന്നു. രണ്ടാമത്തെ ഘടകം ഭാഷ.  ഇംഗ്ലീഷ്  ദ്വീപുകളും അയര്‍ലന്റും കഴിഞ്ഞാല്‍ യൂറോപ്പിലെവിടെയും ഇംഗ്ലീഷ് സംസാരിക്കുന്നില്ല.  പഴയ കൊളോണിയല്‍ രാജ്യങ്ങളിലല്ലാതെ. പഴയ കോളണികളില്‍ സ്വയം ഒരു ഔട് സോഴ്‌സിങ്ങ് ആവശ്യമുളള വിപണിയല്ലാത്ത ആദ്യ രാജ്യം ഇന്ത്യയാണ്.  അതുകൊണ്ടാണ് ബാംഗ്ലൂര്‍ഡ് സംഭവിച്ചത്.  എല്ലാ വിജയങ്ങളും ഘടകങ്ങളുടെയും ആകസ്മികതകളുടെയും ചേരുവകളാണ്.  വൈ റ്റുകെ അത്തരമൊരു വിന്നിങ്ങ് കോമ്പിനേഷനെ ലോകത്തിനു കാണിച്ചു കൊടുത്തു. ബാംഗ്ലൂര്‍ഡ് എന്ന പ്രയോഗമുണ്ടാകാന്‍ മാത്രം ശക്തമായും സ്പഷ്ടമായും.

എല്ലാം നല്ലതായിരുന്നു. നിയതി തന്‍ തുലാസ് സാമ്പത്തികമാന്ദ്യത്തിന്റെ രൂപത്തില്‍ താഴുന്നതു വരെ

സാമ്പത്തികമാന്ദ്യം
എല്ലാം നല്ലതായിരുന്നു. നിയതി തന്‍ തുലാസ് സാമ്പത്തികമാന്ദ്യത്തിന്റെ രൂപത്തില്‍ താഴുന്നതു വരെ. സാമ്പത്തികമാന്ദ്യം ലാഭക്കണ്ണുകളെ കുറ്റവാളികളാക്കി. തൊഴില്‍ നഷ്ടപ്പെട്ടവര്‍ മാത്രമല്ല സര്‍ക്കാരും.  ഇന്നു കാണുന്ന ഭയം പെട്ടെന്നൊരു ദിവസമുണ്ടായി വന്നതല്ല.  വളരെ സാവകാശം വളരെ പ്രകടമായി തന്നെ  ഉണ്ടായതാണ്. ഏകദേശം ഒരു എട്ടു വര്‍ഷം മുമ്പു  വരെ  ഇംഗ്ലണ്ടിലെത്തുന്ന ഐടി ക്കാരന് കമ്പനി മാറി ജോലി ചെയ്യാമായിരുന്നു,  വേറെ ജോലിക്കു ചേരാമായിരുന്നു. വേണമെങ്കില്‍ അവിടെ തന്നെ തുടരാമായിരുന്നു. പിന്നെ അതു ഇന്റര്‍ കമ്പനി ട്രാന്‍സ്ഫറെന്ന കെണിയായി.  ഇന്ത്യന്‍ കമ്പനിക്കു  വേണ്ടി അവരുടെ മാത്രം  സൈറ്റുകളില്‍ ഒന്നോ മൂന്നോ വര്ഷത്തെ വിസ.  കൂളിങ്ങ് പീരിഡുകള്‍ സഹിതം. അതും കഴിഞ്ഞ് ഇപ്പോള്‍ ഐസിടി വിസ തന്നെ ഇല്ലാതായതോ ഇല്ലാതാവുന്നതോ ആയ  അവസ്ഥയാണ്.  കടുത്ത വിസ ഫീസും ശമ്പള നിബന്ധനകളും കാരണം കമ്പനികള്‍ക്കു തന്നെ ആകര്‍ഷകമല്ലാത്ത അവസ്ഥ. ഏറിയും കുറഞ്ഞുമിതാണ് എല്ലായിടത്തും സംഭവിക്കുന്നത്.

വിജയത്തിനു മാത്രമല്ല  പ്രതിസന്ധികള്‍ക്കും ഘടകങ്ങളും ആകസ്മികതകളുമെല്ലാമുണ്ട്.   ഇംഗ്ലീഷ് സംസാരിക്കാതിരുന്ന വലിയൊരു  ശതമാനം രാജ്യങ്ങള്‍ സര്‍ക്കാര്‍ ഭാഷയില്‍ ഊര്‍ജ്ജിത ഇംഗ്ലീഷ് പഠനം തുടങ്ങിയിട്ടു  ദശകങ്ങളായി. യൂറോപ്പിലെയും അമേരിക്കയിലെയും  യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവരില്‍ മുക്കാലേ മുണ്ടാണിയും ചൈനക്കാരും കൊറിയക്കാരുമാണ്.  യൂറോപ്യന്‍ യൂണിയനു ശേഷം  യൂറോപ്പിലും വ്യത്യാസങ്ങളുണ്ടായി. പതിയെ പക്ഷെ  സ്പഷ്ടമായും പ്രകടമായും ഓഫീസുകളിലെ  ഇന്ത്യന്‍ അനുപാതം കുറഞ്ഞുകൊണ്ടിരിക്കുന്നു. ചിലയിടത്ത് അതിവേഗം ചിലയിടത്ത് സാവകാശം.

വിദേശത്തുളള ഇന്ത്യന്‍ ഐടി തൊഴിലാളി  എപ്പോഴും ഒരൊറ്റയാണ്.  മിക്കവാറും എപ്പോഴും സ്വന്തം കമ്യൂണിറ്റിയില്‍ പരിമിതന്‍. ജോലിയെ ബാധിക്കാത്തതാണെങ്കില്‍ പോലും പലതരം വിശ്വാസങ്ങളും ഭക്ഷണശീലങ്ങളും  വസ്ത്രശീലങ്ങളും കൊണ്ടു നടക്കുന്നവന്‍. അതിനെക്കുറിച്ച് സംസാരിക്കാനും പ്രകടിപ്പിക്കാനും മടിയില്ലാത്തവന്‍. കള്‍ച്ചറലി അപ്രോപ്രിയേറ്റായി നില്ക്കുന്നത് തദ്ദേശീയന് പ്രശ്‌നമാണ്. ഇരുപതു പേരു പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ ഒരു വെജിറ്റേറിയനുളളതു കൊണ്ട്, മദ്യമാംസാദികള്‍ തിന്നര്‍മ്മാദിക്കുന്ന ലോക്കല്‍ ശീലത്തിനു പകരം ബാക്കി പത്തൊമ്പതു പേരും ശുദ്ധസസ്യവും തൈരും ഭക്ഷിക്കേണ്ട അവസ്ഥ.  തത്തുല്യ  അനിംഗ്ലീഷ് യൂറോപ്യനോ ചൈനക്കാരനോ കൊറിയക്കാരനോ അത്തരം  സാംസ്‌കാരിക അനുയോജ്യതകളുടെ പ്രശ്‌നങ്ങളുദിക്കുന്നില്ല താനും. വസ്ത്രമാണെങ്കിലും ഭക്ഷണമാണെങ്കിലും. സാംസ്‌കാരിക അനുയോജ്യതകളുടെ പ്രശ്‌നമില്ലാതെ  ഇരുപതു  പേര്‍ക്കും മദ്യമാംസം കഴിക്കാം. കഴിക്കാതിരിക്കാം.  കൃത്യസമയത്ത്  ജോലി നിര്‍ത്തി പോവാം.

ലോകം കൂടുതലിടുങ്ങുന്നു.  നിയന്ത്രണങ്ങള്‍ നേരത്തെ പറഞ്ഞ ലാഭം കുറയ്ക്കുന്നു.

ട്രംപ് കാലം
ഐടി സംഭവിക്കുമ്പോള്‍ തന്നെ മറ്റൊന്നു കൂടെ സംഭവിക്കുന്നുണ്ടായിരുന്നു. ലോകം കൂടുതല്‍ സംഘര്‍ഷഭരിതമായി. രാഷ്ട്രീയ അവസ്ഥകളും ഐടിയെന്ന  ആള്‍നീക്കത്തെ  ബാധിച്ചു തുടങ്ങിയതും അനുപാതങ്ങളെ ബാധിച്ചു.  നിയന്ത്രണങ്ങള്‍ക്ക്  കാരണങ്ങളായി.  ന്യായീകരിക്കത്തക്കതും വോട്ടു ചെയ്യുന്നവരെ വിശ്വസിപ്പിക്കാവുന്നതുമായ  കാരണങ്ങള്‍. ബ്രക്‌സിറ്റു പോലും സംഭവിച്ചത് അത്തരം കാരണങ്ങളിലാണ്. ട്രംപ് വിജയിച്ചതും. ലോകം കൂടുതലിടുങ്ങുന്നു.  നിയന്ത്രണങ്ങള്‍ നേരത്തെ പറഞ്ഞ ലാഭം കുറയ്ക്കുന്നു.  കുറഞ്ഞ ലാഭത്തിലും ബിസിനസും വിപണിയും നിലനില്‍ക്കുന്നതിനുളള മാര്‍ഗ്ഗങ്ങള്‍ തേടുന്നു.

ആ മാര്‍ഗങ്ങളെക്കുറിച്ചുളള അവ്യക്തതയാണ് ഭയം.  ഇനി വരാന്‍ പോകുന്നത് സൂപ്പര്‍ സ്‌പെഷ്യാലിറ്റികളുടെ കാലമാണ്. എംബിബിഎസ്സുകാരന്‍ ധനികനായിരുന്ന കാലം പോയി.  എംഡിയും എംഎസ്സും  ലണ്ടനീന്നു തരമാക്കുന്ന അക്ഷരങ്ങളുമൊക്കെയുണ്ടേലേ  പേഷ്യന്റ് വരൂ എന്ന  ചേലുക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റികളിലേക്ക് കാര്യങ്ങള്‍ പോകുന്നു.  ചൈനയും കൊറിയയും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം  ഐടി  പൈയുടെ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ കിണ്ണത്തപ്പത്തിന്റെ ഒരു കഷണം  തരാവുന്നതിനു പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്.  വിദ്യാഭ്യാസത്തിന്റെ നിലവാരത്തിനൊപ്പം  ഇംഗ്ലീഷിന്റെ നിലവാരവും  പറയുന്ന കാശുകൊടുത്ത് ലോകോത്തരമാക്കാന്‍ കിണയുന്നുണ്ട്.  എംബിബിഎസ്സുകാരന്റെ കാലം  മാറി സൂപ്പര്‍ സ്‌പെഷ്യാലിറ്റികളുടെ കാലം വരപ്പോത് . 

ടെക്കികള്‍ അറിയാന്‍ അക്കരെനിന്നും  ചില വിപല്‍ സൂചനകള്‍!

Follow Us:
Download App:
  • android
  • ios