അനവധി ഓണങ്ങളില്‍ ഒരു കേരളം

ഓണംകേറാമൂലകളിലേക്ക് ഓണമെത്തിയിട്ട് എത്രകാലമായിട്ടുണ്ടാവും? ഓണംവന്നിട്ടും ഉണ്ണി പിറന്നിട്ടും കോരന് കഞ്ഞി കുമ്പിളില്‍തന്നെ എന്ന അവസ്ഥയില്‍നിന്ന് കാണം വിറ്റും ആളുകള്‍ ഓണമുണ്ടുതുടങ്ങിയിട്ട് എത്രകാലം? 

ഈ പഴമൊഴികള്‍ ഓണച്ചൊല്ല് എന്നതിനെക്കാള്‍ സാമൂഹികജീവിതത്തിന്റെ വ്യത്യസ്തകാലങ്ങളെ ഓര്‍മപ്പെടുത്തുന്നു. ജീവിതത്തിന്റെ അവികസിതമായ സാമൂഹിക, സാമ്പത്തിക, ജാതിനിലയെയാണ് ഓണംകേറാമൂലയും കോരന്റെ നിസ്സഹായതയും വരഞ്ഞിടുന്നത്. അവിടെനിന്ന് കാണംവിറ്റും ഓണമുണ്ണണം എന്ന ഒഴിച്ചുകൂടാനാവാത്ത ആഘോഷാവസ്ഥയിലേക്കുള്ള മാറ്റത്തില്‍ കേരളത്തിന്റെ സാമൂഹികസാമ്പത്തികവര്‍ഗ പരിണാമത്തിന്റെ ചരിത്രമുണ്ട്. 

പലകാലങ്ങളിലൂടെ കൊരുത്തെടുത്ത് ഇന്നും തുടരുന്ന ഒരുപാട് അടരുകളുള്ള അനവധി ഓണങ്ങളുടെ സാമൂഹികവും സാംസ്‌കാരികവും വാണിജ്യപരവുമായ ഏകത്വമാണ് ഇന്നത്തെ ഓണം. ഓണാഘോഷങ്ങളുടെ നാനാത്വത്തില്‍ അലിഞ്ഞുചേര്‍ന്നുനില്‍ക്കുന്ന പൗരാണിക / പ്രാചീന ബിംബങ്ങളാണ് മഹാബലിയും വാമനനും.

പലകാലങ്ങളിലൂടെ കൊരുത്തെടുത്ത് ഇന്നും തുടരുന്ന ഒരുപാട് അടരുകളുള്ള അനവധി ഓണങ്ങളുടെ സാമൂഹികവും സാംസ്‌കാരികവും വാണിജ്യപരവുമായ ഏകത്വമാണ് ഇന്നത്തെ ഓണം.

ഓണം എന്ന ഏകമുഖാഘോഷത്തിന്റെ ബഹുമുഖ ചരിത്രം എങ്ങനെയാവും രൂപപ്പെട്ടുവന്നിട്ടുണ്ടാവുക? 
ഓണം പ്രാചീനമായ ഒരാഘോഷമാണെന്നാണ് പറഞ്ഞുപോരുന്നത്. ഈ പ്രാചീനതക്ക് ഏതറ്റംവരെ നീളമുണ്ടാകും എന്ന് കണ്ടെത്തിയിട്ടില്ല. വാമൊഴിയുടെ പ്രാചീനതയോളം, അല്ലെങ്കില്‍ പുരാണങ്ങളുടെ, ഇതിഹാസങ്ങളുടെ കുറെക്കൂടി സമീപ പ്രാചീനതയോളം, അല്ലെങ്കില്‍ അതിനുമപ്പുറത്തേക്ക്. ഇവിടെ പ്രാചീനത എന്നത് പാരമ്പര്യത്തിന്റെ അഭിമാനകല്‍പനയാണ്. പ്രാചീനതയുടെ അറ്റമേറുംതോറും പാരമ്പര്യത്തിന്റെ അഭിമാനപരത ഉയരും. പാരമ്പര്യമുള്ള ഒരു സമൂഹമായി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ സമൂഹമനസ്സ് നടത്തുന്ന സ്വപ്നാടനമാണ് പ്രാചീനതയുടെ അറ്റം. അതില്‍ പലകാലങ്ങളിലായി കൊരുത്തുചേര്‍ത്ത വിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും ശീലങ്ങളുടെയും രുചികളുടെയും അഭിരുചികളുടെയും പരമ്പരകളുണ്ടാകും. സ്വാതന്ത്ര്യാനന്തരം മലയാളികള്‍ വാഴുന്നിടമായി കേരളം സങ്കല്‍പിക്കപ്പെടുകയും മലയാളിയുടെ 'പൊതു' ആഘോഷമായി, ദേശീയോത്സവമായി ഓണം മാറുകയും ചെയ്യുന്നത് സമീപകാലത്താണ്.

നമ്മുടെ കാലാവസ്ഥയിലും പരിസ്ഥിതിയിലും കാര്‍ഷികജീവിതത്തിലും ചാക്രികമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ് ഓണത്തിന്റെ ഐതിഹ്യം വിശദീകരിക്കുന്നത്.

ചരിത്രത്തിലെ ഓണം
സംഘകാലം മുതല്‍ മലയാളക്കരയില്‍ ഓണം ആഘോഷിച്ചിരുന്നതായി ചില പണ്ഡിതര്‍ പറയുന്നു. എന്നാല്‍, സംഘകാലം എന്ന കാലംതന്നെ പില്‍ക്കാല ചരിത്രം ചോദ്യംചെയ്യുന്നു. പഴന്തമിഴ് പാട്ടുകളിലെ പത്തുപാട്ടില്‍പെടുന്ന മധുരൈകാഞ്ചി എന്ന പാട്ടില്‍ ഓണം എന്നൊരു പദമുണ്ട്.  മായോന്‍ എന്ന ദേവന്റെ ജന്മനാളായ ഓണം എന്നാണ് പരാമര്‍ശം. ഇന്ന് നാം ആഘോഷിക്കുന്ന ഓണത്തിന്റെ പുരാവൃത്തവുമായി ഇതിന് ബന്ധമൊന്നുമില്ല.

എട്ടാം ശതകത്തിലെ ആഴ് വാര്‍കൃതികളിലാണ് തിരുവോണത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. പെരിയാഴ് വാര്‍ പാടുന്ന പാട്ടില്‍ താന്‍ തിരുമാളിന്റെ (വിഷ്ണു) ജന്മനാളാഘോഷിക്കുകയാണെന്ന് ഒരു പരാമര്‍ശമുണ്ട്. മറ്റൊന്ന് തിരുമങ്കൈ ആഴ് വാരുടെ പരാമര്‍ശമാണ്. അതും വിഷ്ണുവിന്റെ തിരുനാള്‍ കൊണ്ടാടിയതിനെപ്പറ്റിയാണ്. ആഴ് വാന്മാര്‍ വൈഷ്ണവരായിരുന്നു. ഒമ്പതാം ശതകത്തില്‍ സ്ഥാണുരവി പെരുമാളിന്റെ പതിനേഴാം ഭരണവര്‍ഷത്തില്‍ ഓണത്തിന് ഊരുടയോരെ (ഊരാളര്‍) ഊട്ടുന്നതിന്റെ പരാമര്‍ശം തിരുവാറ്റുവായ് ക്ഷേത്രലിഖിതത്തില്‍നിന്ന് കണ്ടത്തെിയിട്ടുണ്ട്. 

പുഞ്ചപ്പാടാകാരത്ത് ചേന്നന്‍ ചങ്കരന്‍ ആവണി ഓണമാടാന്‍ കൊടുത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രമാണമാണ് ഈ ലിഖിതം. ഊരുമുറയനുസരിച്ച് ഓണത്തിന് ഊരാളരെ ഊട്ടണമെന്ന് ലിഖിതം നിഷ്‌കര്‍ഷിക്കുന്നു.(രാജന്‍ ഗുരുക്കള്‍. ഓണത്തിന്റെ ചരിത്രവത്കരണം.ദേശാഭിമാനി.1992. സെപ്റ്റംബര്‍.9) 

സാമൂഹിക സാമ്പത്തിക ജാതി അധികാരവുമായി ബന്ധപ്പെടുത്തി കാണാവുന്ന ഒന്നാണ് ഈ ലിഖിതം. സാമൂഹിക ആത്മീയമേഖലകളില്‍ ബ്രാഹ്മണ്യം ആധിപത്യം നേടുന്നതിന്റെ മറ്റൊരു തെളിവാണ് തൃക്കാക്കരയില്‍നിന്ന് ലഭിച്ച ലിഖിതം. ഭാസ്‌കരരവി പെരുമാളിന്റെ നാല്‍പത്തിരണ്ടാം ഭരണവര്‍ഷത്തില്‍ (എ.ഡി.1004) ഇരുപത്തിയെട്ടുദിവസം നീണ്ടുനിന്ന ഓണാഘോഷത്തിന്റെ പരാമര്‍ശമുണ്ട്. ഇതില്‍ പൂരാടംമുതല്‍ ഉത്രാടംവരെയുള്ള നാളുകളില്‍ ബ്രാഹ്മണരെയും ശ്രീ വൈഷ്ണവരെയും ഊട്ടാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

''വാസ്തവത്തില്‍ അടുത്തകാലംവരെ സമൂഹത്തിന്റെ താഴത്തേട്ടുകളില്‍ ഓണം ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഭൂ ഉടമയുടെ പടിക്കല്‍ കാത്തുകെട്ടിക്കിടന്ന് എച്ചിലെടുക്കാതെ സ്വന്തമായി സദ്യവെച്ചുണ്ടിരുന്നില്ല."

കഥയില്‍നിന്ന് കാര്യത്തിലേക്ക്
മഹാബലി കഥയാണ് ഓണത്തിന്റെ ഐതിഹ്യം. വിഭവസമൃദ്ധമായ ഒരു കാലത്തിന്റെ സ്മരണകള്‍ക്കൊപ്പം ക്ഷാമകാലത്തിന്റെ അന്ത്യവും മഹാബലിയുടെ ഐതിഹ്യത്തിലുണ്ട്. കാര്‍ഷിക ഭൂമിശാസ്ത്രപ്രധാനമായ ദേശത്തിന്റെ അനുഭവത്തെയാണ് ഈ ഐതിഹ്യം വിശദീകരിക്കുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കര്‍ക്കടകത്തിന്റെ അന്ത്യവും ചിങ്ങത്തിന്റെ കാര്‍ഷികസമൃദ്ധമായ വരവുമാണ് അതിന്റെ അനുഭവം. 

നമ്മുടെ കാലാവസ്ഥയിലും പരിസ്ഥിതിയിലും കാര്‍ഷികജീവിതത്തിലും ചാക്രികമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ് ഓണത്തിന്റെ ഐതിഹ്യം വിശദീകരിക്കുന്നത്. മിഥുനം, കര്‍ക്കടകമാസത്തിലെ കോരിച്ചൊരിയുന്ന മഴയും വിളയില്ലാക്കാലവും തൊഴില്‍നഷ്ടവും സൃഷ്ടിക്കുന്ന വറുതിയുടെ നീണ്ട കാലത്തിന്റെ സങ്കടങ്ങളെ കഴുകിക്കളഞ്ഞുകൊണ്ടാണ് ചിങ്ങത്തിന്റെ വരവ്. കാര്‍ഷികക്ഷേത്ര കേന്ദ്രിതമായിരുന്ന സാമൂഹികവ്യവസ്ഥയില്‍ അത് ഉണര്‍വിന്റെ കാലമായി. ജന്മികുടിയാന്‍ ബന്ധങ്ങളില്‍ അധിഷ്ഠിതമായിരുന്ന കാര്‍ഷികവ്യവസ്ഥയില്‍ വിളവെടുപ്പിന്റെ ഈ ഉത്സവവും ജന്മിയിലും കുടിയാനിലും വ്യത്യസ്തമെങ്കിലും സന്തോഷം നിറച്ചു. ഭൂ ഉടമകള്‍ക്കും കൃഷിനടത്തിക്കൊടുത്തിരുന്ന കാരാളര്‍ക്കും പാട്ടക്കാര്‍ക്കും ആണ്ടോടാണ്ട് പൊലിച്ചുവരുന്ന ഉത്സവമായിരുന്നു ഓണം. 

ജന്മിക്ക് ഓണം സമൃദ്ധിയുടേതെങ്കില്‍ കുടിയാന്റെ ഓണം വിശപ്പാറ്റലിന്റെയും തൊഴില്‍ദിനങ്ങളുടെ വീണ്ടെടുപ്പിന്‍േറതുമായിരുന്നു.നാടോടിവാങ്മയങ്ങളിലും അനുഷ്ഠാനങ്ങളിലും കടന്നുവരുന്ന ഓണത്തിന്റെ അംശങ്ങള്‍ ഏറക്കുറെ പ്രാദേശികമായിരുന്നു. ഓണംകൊള്ളല്‍, ഓണപ്പൊട്ടന്‍, കുമ്മാട്ടി എന്നിങ്ങനെ ഓരോരോ ദേശത്തിന്റെയും ഭൂതകാലത്തിന്റെ ഓര്‍മകള്‍കൊണ്ടാടുന്ന നാടോടിവരവുകള്‍. 

പഴന്തമിഴ്പാട്ടില്‍ മായോന്റെ ജന്മദിനമായി ഓണത്തെ പരാമര്‍ശിക്കുന്നതിനെ തുടര്‍ന്ന്  ഓണം പലമാതിരി ആഘോഷിക്കപ്പെട്ടു. പില്‍ക്കാല പഴന്തമിഴ് പാട്ടുകാലത്തെ മറവന്മാര്‍ നൃത്തംചവിട്ടിയാണ് ഓണമാഘോഷിച്ചത്. ആഴ്വാര്‍ സന്ന്യാസിമാര്‍ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമായി പിറന്നാള്‍ ആഘോഷിച്ചു. നാടോടി ഓണത്തിന്റെ മറ്റൊരു തലമാണ് ആഴ്വാന്മാരുടെ ഓണം. അതില്‍തന്നെ ആഘോഷത്തിന്റെയും അനുഷ്ഠാനത്തിന്റെയും വ്യത്യസ്തതലങ്ങള്‍ നിലനില്‍ക്കുന്നു. 

നാടോടി വാങ്മയ ചരിത്രത്തില്‍നിന്ന് ലിഖിതചരിത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഓണാഘോഷത്തിന്റെ കേന്ദ്രസ്ഥാനത്ത് ബ്രാഹ്മണര്‍ കടന്നുവരുന്നു. ക്ഷേത്രസമൂഹം ബ്രാഹ്മണരെ ഊട്ടിയും അവര്‍ക്ക് കൂത്ത് നടത്തിയുമാണ് ഓണംകൊണ്ടാടിയത്. കീഴാള ജനതയുടെ ജീവിതത്തില്‍ ഓണത്തിന് സ്ഥാനമുണ്ടായിരുന്നതായി കരുതാനാവില്ല. മാത്രവുമല്ല, നാടുവാഴിവ്യവസ്ഥയില്‍ അവര്‍ അവരുടെ അധ്വാനമിച്ചം ജന്മിക്കോ ക്ഷേത്രത്തിനോ കാഴ്ചവെച്ചോ ബ്രാഹ്മണര്‍ക്ക് സദ്യകൊടുത്തോ ആണ് ഓണം ആഘോഷിച്ചത്. 

''വാസ്തവത്തില്‍ അടുത്തകാലംവരെ സമൂഹത്തിന്റെ താഴത്തേട്ടുകളില്‍ ഓണം ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഭൂ ഉടമയുടെ പടിക്കല്‍ കാത്തുകെട്ടിക്കിടന്ന് എച്ചിലെടുക്കാതെ സ്വന്തമായി സദ്യവെച്ചുണ്ടിരുന്നില്ല. കാണം വിറ്റും ഓണമുണ്ണണം എന്ന ചൊല്ലൊക്കെ ശരി. സത്യത്തില്‍ കാണക്കാര്‍ക്കും ഏതെങ്കിലും പടിക്കല്‍ സര്‍വാണികൂടാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അന്തരാള ജാതിക്കാര്‍ അമ്പലങ്ങളില്‍ ഊട്ടിന്റെ ബാക്കികൊണ്ട് തൃപ്തിപ്പെട്ടു. സാധാരണ നായന്മാര്‍ ഇല്ലങ്ങളിലെ ബാക്കികൊണ്ടും''(രാജന്‍ഗുരുക്കള്‍). 

അപ്പോഴും ഭൂതകാലത്തെവിടെയോ സമൃദ്ധമായിരുന്ന ഒരു നഷ്ടകാലത്തെ വര്‍ത്തമാനത്തിലേക്ക് ആവാഹിച്ചുകൊണ്ടുവന്ന് ജനം വറുതിമറന്നു.
മഹാബലിയുടെ വരവ് പോയകാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു സൂചനമാത്രമാണ്. മാവേലിയും വാമനനും ഐതിഹ്യങ്ങളില്‍നിന്ന് പലമാതിരി മാറിമറിഞ്ഞു. നിരവധി സ്വഗതാഖ്യാനങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും കഥകള്‍ തലമുറകളിലേക്ക് പകരുന്നു. ഓരോ പറച്ചിലും അതത് കാലത്തിന്റെ ജീവിതാവസ്ഥയോട് ബന്ധപ്പെട്ടിരിക്കും.  സാമൂഹികതാല്‍പര്യങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍, ചുറ്റുപാടുകള്‍, ഇതര സമുദായങ്ങളുമായുള്ള ഇടപാടുകള്‍, ബന്ധുത്വം തുടങ്ങി ഓരോ കാലത്തെയും അത് പ്രതിഫലിപ്പിക്കും. 

അങ്ങനെ ഭൂമിയില്‍ സ്വര്‍ഗം നിര്‍മിക്കാന്‍ ശ്രമിച്ച അസുരനായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വൈഷ്ണവനായ വാമനനെ പിന്നീട് ആരാധിച്ച് തുടങ്ങുന്നു. തൃക്കാക്കര വാമനമൂര്‍ത്തിയെ ആരാധിക്കുന്ന സമ്പ്രദായത്തില്‍ ഈ വൈരുധ്യമാണുള്ളത്.

ഈ ലിഖിതവും അലിഖിതവുമായ ചരിത്രവും മിത്തും പുനരാനയിക്കപ്പെടുമ്പോള്‍ അവയില്‍ പൊതുവായ ഭൂതകാല/ പാരമ്പര്യ/ ചരിത്രമുള്ള ഒരു ഹിന്ദുസമൂഹമാണ് ദൃശ്യമാകുന്നത്. ചെറു ദേശീയതകള്‍, സംസ്‌കാരങ്ങള്‍, ന്യൂനപക്ഷ മതജാതികള്‍, കീഴാളര്‍, സ്ത്രീകള്‍ തുടങ്ങി നിരവധി മേഖലകള്‍ ഈ സമീപനങ്ങള്‍ക്ക് പുറത്താണ്. അവരുടെ ആദര്‍ശങ്ങളും ത്യാഗങ്ങളും അവഗണിക്കപ്പെടുകയോ വരേണ്യ പാരമ്പര്യങ്ങളുടെ നിഴലായി സങ്കല്‍പിക്കപ്പെടുകയോ ചെയ്യുന്നു.  

വാമനന്‍ എന്ന വൈഷ്ണവമിത്തിന്റെ ദയാവായ്പില്‍ ആണ്ടോടാണ്ട് നാട് സന്ദര്‍ശിക്കുന്ന വിനീതദാസനായി മഹാബലി മാറുന്നതിന്റെ വൈരുധ്യം പാരമ്പര്യവത്കരണവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ബ്രാഹ്മണാരാധനയുടെ മാത്രം ഭാഗമായിരുന്ന വാമനമൂര്‍ത്തി വിശ്വാസത്തിന്റെ പൊതുബിംബമായി മാറുന്നതില്‍ ഈ പാരമ്പര്യപ്പെടലുണ്ട്. ഇത് ദേശീയതയുടെ സ്വത്വനിര്‍മിതിയുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. പൗരാണികവും പാവനവുമായ ഒരിന്ത്യന്‍ ബൃഹത് പാരമ്പര്യത്തെ, അതിന്റെ സനാതനധര്‍മത്തെ പുനരാനയിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വരേണ്യപുനരുത്ഥാനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പലതിനെയും ഒഴിവാക്കിയും പലതും പെരുപ്പിച്ച് കാട്ടിയുമാണ് ഇത് സാധ്യമാക്കിയത്. 

ഇന്ത്യയെ രാമരാജ്യമായി (വൈഷ്ണവ) സങ്കല്‍പിക്കുന്ന മതകേന്ദ്രീകൃത ദേശമായല്ല ഇവിടെ രാഷ്ട്രം സങ്കല്‍പിക്കപ്പെടുന്നത്. മറിച്ച്, മതത്തെ പുതിയ കാലത്തിന് അനുരൂപമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളായിരുന്നു അത്. ദാസ്യമനോഭാവം സ്വാംശീകരിച്ച മാവേലി ശരീരങ്ങളായാണ് സമകാലിക പൗരസമൂഹം സങ്കല്‍പിക്കപ്പെട്ടത്. ബ്രാഹ്മണ്യവും അധികാരരാഷ്ട്രീയവും തമ്മില്‍ സാധ്യമാകേണ്ട കൊടുക്കല്‍വാങ്ങലുകളുടെ പ്രതീകാത്മകമായ ആവിഷ്‌കാരമായും വാമനപുനരുത്ഥാനത്തെ വായിക്കാം.

ബ്രാഹ്മണ്യവും അധികാരരാഷ്ട്രീയവും തമ്മില്‍ സാധ്യമാകേണ്ട കൊടുക്കല്‍വാങ്ങലുകളുടെ പ്രതീകാത്മകമായ ആവിഷ്‌കാരമായും വാമനപുനരുത്ഥാനത്തെ വായിക്കാം.

മലയാളി ദേശീയതയും ഓണവും
ആണ്ടോടാണ്ട് കൊയ്ത്തുകഴിഞ്ഞ പാടം കടന്നുവരുന്ന കുമ്മാട്ടിയും ഓണപ്പൊട്ടനും കുമ്മിയും പുലിക്കളിയുമെല്ലാം അതത് പ്രദേശത്തിന്റെ കാര്‍ഷിക, തൊഴില്‍ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. ചിങ്ങമാസത്തിലാണ് ഇവയെല്ലാം നടന്നുവന്നിരുന്നത്, ഓണത്തോടനുബന്ധിച്ച്. അതിലപ്പുറം ഈ ആഘോഷങ്ങള്‍ക്കൊന്നും മഹാബലി വാമന ഐതിഹ്യവുമായി ബന്ധമുണ്ടായിരുന്നില്ല. ജനതയുടെ മറ്റനവധി അനുഷ്ഠാനങ്ങളില്‍ ഒന്നായി തിരുവോണനാളില്‍ മാവേലിയെ വരവേറ്റു. ജന്മിനാടുവാഴി ബ്രാഹ്മണ ഭൂപ്രഭുക്കളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് മറ്റനേകം ആഘോഷസന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നുമാത്രമായി അവരും ഓണം ആഘോഷിച്ചു. 

ജാതിമത ബന്ധങ്ങളുടെ ഘടനയെ പൂര്‍ണമായി പിന്തള്ളുന്ന ജനകീയതയൊന്നും അനുഷ്ഠാനതലത്തില്‍ ഓണത്തിന് അവകാശപ്പെടാനില്ല. ഹൈന്ദവമിത്തിന്റെയും അനുഷ്ഠാനങ്ങളുടെയും സാംസ്‌കാരികമുദ്രകള്‍ പതിഞ്ഞതാണവ.

പിന്നീട് എപ്പോഴാണ് ഓണം ഒരു ജനകീയ ആഘോഷമായി രൂപംമാറുന്നത്? 

അത് പൊതുദേശ നിര്‍മിതിയുമായും പൊതു ഭൂതകാലവുമായും ബന്ധപ്പെട്ടതാണ്. സാമൂഹികപരിണാമത്തിന്റെ വ്യത്യസ്ത ബലതന്ത്രങ്ങളുടെ സംഘര്‍ഷം ഇതില്‍ പ്രധാനപ്പെട്ടതാണ്. അധിനിവേശ ഭരണകൂടത്തിന്റെ സാമ്പത്തികസാമൂഹികനയങ്ങളുടെ ഫലമായുണ്ടായ കാര്‍ഷികനീതി ഒരേ ജാതിസമൂഹത്തിലെതന്നെ ഇടത്തട്ടുകാരായ കുടിയാന്മാരുടെ ഒരു സമ്പന്നവര്‍ഗത്തെ സൃഷ്ടിച്ചു. ഈ സമ്പന്നവര്‍ഗമാണ് പിന്നീട് ഇംഗ്‌ളീഷ് വിദ്യാഭ്യാസം നേടി മുന്നോട്ടുവരുന്നത്. നായര്‍തറവാടുകളിലെ ഇളമുറക്കാര്‍ക്കും വിദ്യാഭ്യാസം നേടിയവര്‍ക്കും പുതിയ അവസരങ്ങള്‍ ലഭിച്ചുതുടങ്ങുന്നതും കാരണവന്മാരും ഇളയതലമുറയും തമ്മിലുള്ള സംഘര്‍ഷവും തറവാടുകളുടെ ശൈഥില്യവും ചെറുകുടുംബങ്ങളുടെ രൂപപ്പെടലുകളും ഈ പരിണാമത്തിന്റെ സൃഷ്ടിയാണ്.

വിദ്യാഭ്യാസം നേടി മറ്റു തൊഴില്‍ ജീവിതസാഹചര്യത്തില്‍ പുലരാന്‍ അവസരം ലഭിച്ച അവരുടെ സാമൂഹികവീക്ഷണവും ജീവിതരീതികളും വ്യത്യസ്തമാകുന്നു. നിലനില്‍ക്കുന്ന സാമൂഹികസ്ഥാപനങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആത്മവിമര്‍ശപരമായി പുന:പരിശോധിക്കാന്‍ പാശ്ചാത്യചിന്തകളുമായുള്ള അടുപ്പം അവരെ പ്രേരിപ്പിച്ചു. ഉപരിശ്രേണിയിലേക്കുള്ള തങ്ങളുടെ മുന്നേറ്റത്തെ തടയുന്ന സാമൂഹിക ഗാര്‍ഹിക ബന്ധങ്ങളെ ഉടച്ചുവാര്‍ക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിലാണ് ഈ നവീകരണങ്ങള്‍ കേന്ദ്രീകരിച്ചത്. ഒമ്പതാം ശതകംമുതല്‍ നായര്‍സമുദായം പിന്തുടര്‍ന്നുവന്ന മാതൃദായക്രമത്തില്‍ അധിഷ്ഠിതമായ കുടുംബഘടനയും വിവാഹസമ്പ്രദായവും അവ ഉയര്‍ത്തിയ അസ്വസ്ഥതകളുടെയും ഫലമായി നായര്‍ തറവാടുകളുടെ ശൈഥില്യം സംഭവിക്കുന്നു. ഇത് ഭൂബന്ധങ്ങളിലും കാര്‍ഷിക സാമ്പത്തികഘടനയിലും വലിയ മാറ്റങ്ങളുണ്ടാക്കി. പുതിയ തൊഴില്‍ സാമ്പത്തിക കുടുംബ ജാതി നിലയുമായി ചേര്‍ന്ന ഒരു മധ്യവര്‍ഗത്തിന്റെ ഉദയമായിരുന്നു അത്. തറവാടുകള്‍ ചെറുകുടുംബങ്ങളായി. ഇത് പൊതു ആഘോഷങ്ങളുടെയും കൂടിച്ചേരലുകളുടെയും സന്ദര്‍ഭങ്ങള്‍ അനിവാര്യമാക്കി. എല്ലാവര്‍ക്കും ഒരുമിച്ച് പങ്കിടാന്‍ കഴിയുന്ന ആഘോഷങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഈ ചെറു കുടുംബവ്യവസ്ഥ വലിയ പങ്കുവഹിച്ചു. 

ബ്രാഹ്മണ നാടുവാഴിത്ത വ്യവസ്ഥയില്‍നിന്ന് വ്യത്യസ്തമായി മധ്യവര്‍ഗ ചെറുകുടുംബങ്ങളുടെ ആഘോഷമായി ഓണം മാറുന്നത് ഈ കാലംമുതലായിരിക്കണം. കുടുംബങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന സ്വകാര്യ ആഘോഷങ്ങള്‍ക്ക് പുറത്തേക്ക് ഓണത്തെ ജനകീയ ഉത്സവമാക്കി മാറ്റുന്നതില്‍ ഈ പുതിയ മധ്യവര്‍ഗത്തിന് വന്നുചേര്‍ന്ന തുറന്ന സാമൂഹിക ജീവിതം വലിയ പങ്കുവഹിച്ചു.

ഇതിന് സമാന്തരമായി കേരളത്തിലെ ജാതിബന്ധങ്ങളിലും ഭൂബന്ധങ്ങളിലും മാറ്റം സംഭവിക്കുന്നുണ്ട്. ജന്മികുടിയാന്‍ കെട്ടുപാടുകളില്‍നിന്ന് കര്‍ഷകര്‍ മുക്തരായിത്തുടങ്ങുകയും അവര്‍ക്ക് ജാതീയമായ തൊഴില്‍സമ്പ്രദായത്തിന് പുറത്ത് മറ്റു തൊഴിലിടങ്ങളും കൂലിവേലകളും ലഭ്യമാവുകയും ചെയ്യുന്നു. ഭൂ ഉടമയുടെ കൃഷിയിടത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞവരും ജാതിത്തൊഴില്‍ മാത്രം ചെയ്തിരുന്നവരും ഈ പുതിയ തൊഴില്‍സാമ്പത്തികമേഖലയില്‍ എത്തിപ്പെടുന്നു. ചെറുകിട തൊഴില്‍മേഖലകളുടെ വികാസത്തോടെ സ്വതന്ത്ര കൂലിവേലക്കാരുടെ എണ്ണം പെരുകി. ജാതികളുടെ കലരല്‍ ഇതില്‍ ഒരു പ്രധാനഘടകമാണ്. പലഭൂതകാലങ്ങളുടെ, പലപല ഓര്‍മകളുടെ, അനുഭവങ്ങളുടെ, അനുഷ്ഠാനങ്ങളുടെ, ആഘോഷങ്ങളുടെ, ശീലങ്ങളുടെ, രുചികളുടെ, അഭിരുചികളുടെ കലരല്‍ ജാതിതൊഴില്‍ ശ്രേണിയില്‍ അടിത്തട്ടില്‍ കഴിഞ്ഞിരുന്നവര്‍ക്കും സാമൂഹികമായ പുതിയ തുറസ്സുകള്‍ സാധ്യമാക്കി. ഈ പുതിയ സാമൂഹികാന്തരീക്ഷത്തില്‍ എല്ലാവര്‍ക്കും പൊതുവായുള്ള ആഘോഷങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രസക്തിയേറി. ഓണം ജനകീയവത്കരിക്കപ്പെട്ടു തുടങ്ങിയത് അങ്ങനെയാണ്. 

ഈ ജനകീയതയില്‍ മാവേലിക്ക് അഥവാ ഓണത്തിന്റെ പുരാവൃത്തത്തിന് ഒരു ചിഹ്നത്തില്‍ കവിഞ്ഞ അര്‍ഥവ്യാപ്തിയോ യുക്തിയോ ഇല്ല. എല്ലാവര്‍ക്കും ഒരുമിച്ച് പങ്കിടാന്‍ കഴിയുന്ന ഭൂതകാലമായി, പൊതുപാരമ്പര്യമായി, പൈതൃകമായി സാര്‍വത്രികമായി അത് സ്വാംശീകരിക്കപ്പെട്ടു. ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിലൂടെ കേരള സംസ്ഥാനം രൂപപ്പെടുന്നതിനൊപ്പം, മലയാളി പൊതുബോധത്തിന്റെ നിര്‍മിതിക്കൊപ്പം ഓണം മലയാളി സ്വത്വത്തിന്റെ തനിമയുടെ ഭാഗമായി.  ക്രമേണ ഭരണകൂടത്തിന്റെ മുന്‍കൈയില്‍ ഓണം ദേശീയോത്സവമായിത്തീരുന്നു. 

ജാതിമത ബന്ധങ്ങളുടെ ഘടനയെ പൂര്‍ണമായി പിന്തള്ളുന്ന ജനകീയതയൊന്നും അനുഷ്ഠാനതലത്തില്‍ ഓണത്തിന് അവകാശപ്പെടാനില്ല. ഹൈന്ദവമിത്തിന്റെയും അനുഷ്ഠാനങ്ങളുടെയും സാംസ്‌കാരികമുദ്രകള്‍ പതിഞ്ഞതാണവ. എന്നാല്‍, ഐതിഹ്യവും അനുഷ്ഠാനങ്ങളും ജനകീയ ആഘോഷങ്ങളുടെ പശ്ചാത്തലം മാത്രമാണ്. ഓരോ ദേശത്തിന്റെയും സാംസ്‌കാരികവും സാമൂഹികവും ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ നിലകളനുസരിച്ച് ഓണം പലതാണ്.

ഇന്ന് ദേശീയോത്സവമായും ടൂറിസം വാരാഘോഷമായും പ്രവാസി കൂട്ടായ്മകളായും ജലോത്സവങ്ങളായും ഓണങ്ങള്‍ കൊണ്ടാടുന്നു. എല്ലാവര്‍ക്കും പലതാണ് ഓണം.  മാവേലി, തൃക്കാക്കരയപ്പന്‍, പൂക്കളം, ഓണപ്പാട്ടുകള്‍, ഓണക്കോടി, ഓണസദ്യ എന്നിങ്ങനെ ആവര്‍ത്തിക്കുന്ന കുറെ ചിഹ്നങ്ങള്‍ക്കുമേല്‍ പലനിലകളില്‍ പടുത്തുയര്‍ത്തിയ പരസ്പരം ബന്ധമില്ലാത്ത അനേക ആഘോഷങ്ങളുടെ സഞ്ചയമെന്ന് ഓണത്തെ വിശേഷിപ്പിക്കാം. 

ഓണവും മാവേലിയുടെ ഐതിഹ്യവും കേരളം എന്ന ഉപദേശീയതക്ക് പൊതുവായ ഭൂതകാലം സങ്കല്‍പിക്കുകയായിരുന്നു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സന്ദിഗ്ധതകളെയും അത് സാധ്യമാക്കുന്ന പുത്തന്‍ ഉണര്‍വുകളെയും ഇടങ്ങളെയും പിടിച്ചെടുക്കുന്ന ദേശസ്വത്വത്തിന്റെ അടയാളമായി അത് കൊണ്ടാടപ്പെടുന്നു. കേരളം എന്ന പ്രാദേശിക വൈരുധ്യങ്ങളും നാനാത്വവും ഈ ആഘോഷങ്ങളില്‍ ഏകീകരിക്കപ്പെടുന്നു. ഒരു പൊതു ഭൂതകാലത്തെ സ്വാംശീകരിക്കുന്നതിലൂടെ പൗരാണികവും പാവനവുമായ പാരമ്പര്യത്തിലേക്ക് മലയാളി ജനത കണ്ണിചേര്‍ക്കപ്പെടുക കൂടിയാണ്. അതിനാല്‍ പാരമ്പര്യത്തിന്റെ അഭിമാനബോധവും ഇതില്‍ കലര്‍ന്നിരിക്കുന്നുണ്ടാവാം.

പില്‍ക്കാല മലയാളി ജീവിതത്തില്‍ കേരളം എന്ന ദേശസ്വത്വം കൂടുതല്‍ അനിവാര്യമായിത്തീര്‍ന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കുടിയേറ്റവും പ്രവാസവുമാണ്. ഒരുപക്ഷേ, കേരളത്തിലേതിനെക്കാള്‍ വൈകാരിക തീവ്രതയോടെയാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളി സമൂഹം ഓണം ആഘോഷിക്കുന്നത്. കേരളീയ സ്വത്വബോധത്തിന്റെ ഒരു മൗലികാംശമായി ഓണം മാറിക്കഴിഞ്ഞു.  കുടിയേറ്റവും പ്രവാസവും സൃഷ്ടിച്ച ദേശസ്വത്വപ്രതിസന്ധിയെ ഇത്തരം ജനകീയാഘോഷത്തിലൂടെ അവര്‍ മറികടക്കുന്നു. അങ്ങനെ ഓണത്തെ സ്വത്വത്തിന്റെയും ദേശസ്വത്വത്തിന്റെയും ദേശീയതയുടെയും ചിഹ്നമായി മലയാളി സ്വാംശീകരിച്ചു.

മാവേലി, തൃക്കാക്കരയപ്പന്‍, പൂക്കളം, ഓണപ്പാട്ടുകള്‍, ഓണക്കോടി, ഓണസദ്യ എന്നിങ്ങനെ ആവര്‍ത്തിക്കുന്ന കുറെ ചിഹ്നങ്ങള്‍ക്കുമേല്‍ പലനിലകളില്‍ പടുത്തുയര്‍ത്തിയ പരസ്പരം ബന്ധമില്ലാത്ത അനേക ആഘോഷങ്ങളുടെ സഞ്ചയമെന്ന് ഓണത്തെ വിശേഷിപ്പിക്കാം. 

ഓണത്തനിമകള്‍
കായലും പുഴകളും സമൃദ്ധമാക്കിയ സമതലകേരളത്തിന്റെ ഓണസ്മൃതികള്‍ ജലയാത്രകളും വള്ളംകളിയും വൈവിധ്യമാര്‍ന്ന ഭക്ഷണശീലങ്ങളും ചേര്‍ന്നതാണ്. ഓണപ്പുടവയും മുണ്ടും നേര്യതുമൊക്കെ കേരളത്തിന്റെ ഓണത്തിന്റെ തനിമയായി കടന്നുവരുന്നുണ്ട്. കസവുമുണ്ടും പുളിയിലക്കരമുണ്ടും ചുറ്റി ഒരുനൂറ്റാണ്ടിനപ്പുറം ഒരോണക്കാലത്തേക്ക് മലയാളിക്ക് പോകാനാവില്ല. 

തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ സ്ത്രീകള്‍ മാറ് മറയ്ക്കാനുള്ള അവകാശത്തിനായി സമരം ചെയ്തത് ഒന്നര നൂറ്റാണ്ടിനപ്പുറമാണ്. 1859 ജൂലൈ 26ന് അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാള്‍ കീഴ്ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി. പുരുഷന്മാര്‍ മേല്‍വസ്ത്രം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് അമ്പതു വര്‍ഷംപോലുമായിട്ടില്ല. മുണ്ടും ജുബ്ബയും പുളിയിലക്കരമുണ്ടും നേര്യതും കസവുപുടവയുമൊക്കെ തനിമയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്.

കായലും പുഴകളും സമൃദ്ധമാക്കിയ കേരളത്തിന്റെ ഭക്ഷണം പച്ചക്കറിയും മീന്‍വിഭവങ്ങളും ചേര്‍ന്നായിരുന്നു. പിന്നീടത് പച്ചക്കറിക്ക് വഴിമാറി. തുമ്പപ്പൂ ചോറും അവിയലും കാളനും പച്ചടി, കിച്ചടി, ഓലനും ഇഞ്ചിയുമെന്നിങ്ങനെ അത് 'കേരളീയ'വും പാരമ്പര്യവും അഭിമാനചിഹ്നവുമൊക്കെയായി. 

കേരളീയ ഭക്ഷണം എന്നൊന്നുണ്ടോ? കേരളത്തില്‍ മാത്രമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നാട്യരൂപങ്ങളും നാടന്‍കലകളും വള്ളംകളിയും കഥകളിയും ഇരുപ്പുഴുക്കിന്റെ പഴയരിച്ചോറും ഇലസദ്യയും പുളിയിലക്കരമുണ്ടും കസവുവേഷ്ടിയും നാലുംകൂട്ടിയുള്ള മുറുക്കലുമൊക്കെയാണ് കേരളീയതയായി അവതരിപ്പിക്കാറുള്ളത്. കെട്ടുവള്ളവും കയറ്റുപായും കള്ളും കരിമീന്‍ കറിയും കേരളീയതയുടെ അടയാളങ്ങളായി വിനോദസഞ്ചാരകാലത്ത് പ്രചാരം നേടിയിട്ടുണ്ട്.

കേരളത്തില്‍ നെല്‍കൃഷി ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായെങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെയും പ്രധാനഭക്ഷണം അരിയായിരുന്നില്ല. ഉയര്‍ന്ന ജാതിയില്‍പ്പെട്ട നമ്പൂതിരി, അമ്പലവാസികള്‍, നായര്‍ തുടങ്ങിയവര്‍ക്കിടയിലായിരുന്നു അരിഭക്ഷണം പതിവായിരുന്നത്. 19ാം ശതകത്തിന്റെ അന്ത്യംവരെ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ രണ്ടുനേരത്തേ ഭക്ഷണം മാത്രമായിരുന്നു പതിവ്. സാമ്പത്തികമായി പിന്നാക്കംനിന്ന നായന്മാര്‍ക്കും അവര്‍ണജാതിക്കാര്‍ക്കും ചോറ് അപൂര്‍വ ഭക്ഷണമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ചാമ, തെന, മുതിര, പയര്‍ തുടങ്ങിയ ധാന്യങ്ങളും കിഴങ്ങുവര്‍ഗങ്ങളുമായിരുന്നു സാധാരണ ജനങ്ങളുടെ ഭക്ഷണം. ഊട്ടുകളും ഊട്ടുപുരകളും ബ്രാഹ്മണര്‍ക്ക് വിരുന്നുനല്‍കുന്നതുമായി ബന്ധപ്പെട്ടാണ് വികസിച്ചുവന്നത്. ഇന്നത്തെ ഓണസദ്യയുടെ വിഭവങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണരില്‍നിന്നും കടംകൊണ്ടതാണ്.

പുരുഷന്മാര്‍ മേല്‍വസ്ത്രം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് അമ്പതു വര്‍ഷംപോലുമായിട്ടില്ല. മുണ്ടും ജുബ്ബയും പുളിയിലക്കരമുണ്ടും നേര്യതും കസവുപുടവയുമൊക്കെ തനിമയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്.

ഓണത്തിന് മീന്‍ വിളമ്പുന്ന രീതി മധ്യകേരളത്തിലെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലുണ്ട്. കോട്ടയം ജില്ലയിലെ ഒരു നാടന്‍പാട്ടിന്റെ ഉള്ളടക്കംതന്നെ ഓണക്കാലത്ത് പെയ്യുന്ന അതിശക്തമായ മഴയില്‍ പാടത്തേക്കും തോട്ടിലേക്കും പുഴയില്‍നിന്നും വെള്ളം കയറുന്നതും അതിലൂടെ കൂരി തള്ളിക്കയറിവരുന്നതും കീഴ്ജാതിയില്‍പ്പെട്ട മനുഷ്യര്‍ കൂട്ടത്തോടെ മീന്‍പിടിക്കുന്നതുമാണ്.
 

''കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
തിരിയോണം വന്നല്ലോ കുഞ്ഞാഞ്ഞേ...
കൂരിക്കറി, കൂരിക്കറി
തിരിയോണത്തിന് കൂരിക്കറി...'' 

ആ ഓണം അവര്‍ ഉത്സവമാക്കിമാറ്റുന്നത് കൂരിക്കറി പാകംചെയ്തുകൊണ്ടാണ്. എന്നിട്ടും ഓണവിഭവങ്ങളെക്കുറിച്ചുള്ള ഒരു പാചകപരിപാടിയിലും മീന്‍കറി ഇടംനേടുന്നില്ല.

ആഘോഷങ്ങളിലെ ചിഹ്നങ്ങള്‍ക്കൊന്നിനും രണ്ടോ മൂന്നോ നൂറ്റാണ്ടിനപ്പുറത്തേക്ക് ചരിത്രമില്ല. ഓണക്കാലത്ത് മധ്യകേരളത്തിലെ ആഘോഷം ജലവുമായി ബന്ധപ്പെട്ടതാണ്. ഓണം ജലഘോഷങ്ങളുടേതുകൂടിയാണ്. ചുണ്ടന്‍വള്ളങ്ങളുടെ ചരിത്രത്തിന് മാര്‍ത്താണ്ഡവര്‍മയോളം മാത്രമേ പഴക്കമുള്ളൂ. മാര്‍ത്താണ്ഡവര്‍മ ഡച്ചുകാരുമായി യുദ്ധം ചെയ്തപ്പോള്‍ നായന്മാരുടെ പടനീക്കത്തിന് കണ്ടുപിടിച്ച വാഹനമാണ് ചുണ്ടന്‍ വള്ളം. പടയാളികള്‍ക്ക് ഭക്ഷണം പാകംചെയ്യുന്നതിനായി വെപ്പുകാര്‍ സഞ്ചരിച്ച വള്ളമായിരുന്നു വെപ്പുവള്ളം. ചുണ്ടന്‍വള്ളവും വെപ്പുവള്ളവും ഇന്ന് ഓണാഘോഷത്തിന്റെ അവിഭാജ്യഘടകമാണ്.

ഈ അര്‍ഥത്തില്‍ നിരന്തരം നിര്‍മിച്ചുകൊണ്ടിരിക്കുന്ന നിരവധി ദേശത്തനിമയുടെ ആഘോഷംകൂടിയാണ് നമുക്ക് ഓണം. പ്രാചീനതയുടെ, പാരമ്പര്യത്തിന്റെ ഭാരമിറക്കിവെച്ച് ഓരോരോ കാലത്തിന്റെ, ജീവിതായോധനത്തിന്റെ, സാമൂഹികസാംസ്‌കാരിക സാമ്പത്തിക നിലയുടെ അനിവാര്യതകളെക്കൂടി സമന്വയിപ്പിച്ചുകൊണ്ടാണ് അത് വളരുന്നത്. ഓണം അനവധി ഉത്സവങ്ങളുടെ സാംസ്‌കാരിക സഞ്ചയമാണ്. ദേശങ്ങളോരോന്നിലും അവ വ്യത്യസ്തമായിരിക്കുന്നു. സഹ്യമുടിയില്‍നിന്ന് അറബിക്കടലിലേക്ക് ചാഞ്ഞിറങ്ങുന്ന ഭൂവിതാനങ്ങളിലൂടെ അനവധി ആഘോഷങ്ങളുടെ ഓര്‍മകളും വര്‍ത്തമാനവും കൂടിക്കലര്‍ന്ന് കാലം എന്നും പുതിയ ഓണങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.