Asianet News MalayalamAsianet News Malayalam

ചരിത്രത്തിലെ സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീകള്‍; തീവ്രപ്രണയം പങ്കിടുന്ന ഈ ചിത്രങ്ങള്‍ പറയുന്നത്

1800 -ൻ്റെയും 1900 -ൻ്റെയും തുടക്കത്തിൽ പരസ്യമായി പരസ്‍പരം പ്രണയിക്കാൻ ചങ്കൂറ്റം കാണിച്ച സ്ത്രീകളുടെ വേറിട്ട മുഖമാണ് ഇതിലൂടെ പ്രകടമാകുന്നത്.

women who challenged conventions
Author
UK, First Published Jan 25, 2020, 11:46 AM IST
  • Facebook
  • Twitter
  • Whatsapp

കേരളത്തിൽ ഈ അടുത്ത കാലത്തായി രണ്ടു പുരുഷന്മാർ തമ്മിലുള്ള വിവാഹ ചിത്രങ്ങൾ സാമൂഹ്യ മാധ്യങ്ങളിൽ വളരെ വൈറലായിരുന്നു. പിന്നീട് വീണ്ടും രണ്ടുപേര്‍ കൂടി വിവാഹം കഴിച്ചു. ആളുകൾ ആ ചിത്രങ്ങളെ കൗതുകത്തോടെയാണ് സ്വീകരിച്ചത്. കേരളത്തെ സംബന്ധിച്ചിടത്തോളം അതൊരു വലിയ മാറ്റമായിരുന്നു. കാലങ്ങളായി സ്വവർഗ്ഗ രതിയെ 'അത്ര സ്വാഭാവികമല്ല' എന്നാണ് ആളുകള്‍ കണ്ടിരുന്നത്. പാപത്തിൻ്റെ, അവഹേളനത്തിൻ്റെ, വെറുപ്പിൻ്റെ കടുംചായങ്ങൾ പൂശി അവയെ വികൃതമാക്കാൻ നമ്മുടെ 'സന്മാർഗ്ഗികത' നമ്മെ പ്രേരിപ്പിച്ചു. സമൂഹത്തിൻ്റെ ക്രൂരതയെ ഭയന്ന് തൻ്റെ ലൈംഗികത മറച്ചുവക്കേണ്ടി വന്നിരുന്നു പലർക്കും. അവസാനം സ്വന്തം ജീവിതം വരെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന കടുത്ത നിരാശയിലേക്ക് അവർ കൂപ്പുകുത്തുമായിരുന്നു.

പക്ഷേ, ഈ വികാരങ്ങൾ എല്ലാകാലത്തുമുണ്ടായിരുന്നു. സ്വവർഗരതിയെ വിലക്കപ്പെട്ട ഒന്നായി കരുതിയിരുന്ന ഒരു കാലഘട്ടത്തിൽ പകർത്തിയ ഈ ശ്രദ്ധേയമായ ചിത്രങ്ങൾ അതിൻ്റെ തെളിവുകളാണ്. പത്തൊൻപതാം നൂറ്റാണ്ടിലെയും, ഇരുപതാം നൂറ്റാണ്ടിലെയും സ്ത്രീ സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുന്നതാണ് ഈ ചിത്രങ്ങൾ. വളരെ അടുത്ത് ഇടകലർന്ന് ചുംബിക്കുകയും, ആലിംഗനം ചെയ്യുകയും, പരസ്‍പരം ചാരിയിരിക്കുകയും ചെയ്യുന്ന, വളരെ അടുപ്പം പുലര്‍ത്തുന്ന സ്ത്രീകളെ ഇതിൽ കാണാം. 1800 -ൻ്റെയും 1900 -ൻ്റെയും തുടക്കത്തിൽ പരസ്യമായി പരസ്‍പരം പ്രണയിക്കാൻ ചങ്കുറ്റം കാണിച്ച സ്ത്രീകളുടെ വേറിട്ട മുഖമാണ് ഇതിലൂടെ പ്രകടമാകുന്നത്.

വിക്ടോറിയൻ കാലഘട്ടത്തിലും, ഇരുപതാം നൂറ്റാണ്ടിലും ഇത്തരം ഇണക്കങ്ങളുടെ കഥ പറയുന്ന ചിത്രങ്ങൾ അസാമാന്യ ധൈര്യത്തിൻ്റെ ഒരു പ്രകടനം തന്നെയായിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിൽ ഒരു പുരുഷന് മറ്റൊരു പുരുഷനോട് സ്നേഹം തോന്നുന്നത് നിയമത്തിൻ്റെ മുന്നിൽ കുറ്റകരമായിരുന്നു. എന്നാൽ, സ്ത്രീകൾ തമ്മിലുള്ള ലൈംഗികത പലപ്പോഴും നിയമത്തിൻ്റെ കണ്ണിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ കലകളിൽ പോലും സ്വവർഗ്ഗ ലൈംഗികതയുടെ പ്രകടനം കാണാം. എന്നിരുന്നാലും പരസ്യമായ  ലൈംഗിക പ്രകടനങ്ങളെ ഒരിക്കലും ആ കാലഘട്ടം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അത്തരം പഴയ ചിത്രങ്ങൾ മിക്കവയും കുടുംബാംഗങ്ങൾ തന്നെ നശിപ്പിച്ചിരിക്കാം. എന്നാൽ, ശേഷിച്ച  ഈ ചിത്രങ്ങൾ കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നത് അസാധാരണമാണ്. ഇംഗ്ലണ്ടിലും വെയിൽസിലും രണ്ട് സ്ത്രീകൾ ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമല്ലെങ്കിലും, സ്വവർഗ ദമ്പതികളെ വലിയ തോതിൽ സമൂഹം എതിർത്തിരുന്നു.

women who challenged conventions1940 -കളിൽ ആലിംഗനം ചെയ്യുന്ന രണ്ട് സ്ത്രീകൾ. സ്ത്രീകൾ തമ്മിലുള്ള പ്രണയം നിഷിദ്ധമായി കണക്കാക്കപ്പെട്ടിരുന്ന ഒരു സമയത്താണ് സ്ത്രീ പ്രണയത്തെ ഒപ്പിയെടുക്കുന്ന മനോഹരമായ ഈ ചിത്രം എന്നത് ശ്രദ്ധേയമാണ്.

women who challenged conventionsവിലക്കപ്പെട്ട പ്രണയം: 1890-ലെ  ഈ ചിത്രം വികാരാധീനരായി ആലിംഗനം ചെയ്യുന്ന രണ്ട് സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നു. ഇവർ തമ്മിൽ ബന്ധമുണ്ടോ, അതോ പ്രണയിനികളാണോ എന്നൊന്നും വ്യക്തമല്ലെങ്കിലും, സ്ത്രീകൾ തമ്മിൽ ആർദ്രവും, ആഴത്തിലുള്ളതുമായ ഒരു ബന്ധം ഉണ്ടെന്ന് ഈ ചിത്രം വ്യക്തമാക്കി തരുന്നു.

women who challenged conventionsഡൊറോത്തി പുട്ട്നാമും, ലോയിസ് മെർസറും: 1930 -കളിൽ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചപ്പോൾ എടുത്ത ചിത്രമാണ് ഇതെന്നാണ് കരുതുന്നത്. രണ്ട് സ്ത്രീകളും 50 വർഷത്തിലേറെ കാലം പങ്കാളികളായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത്, ഡൊറോത്തി കാലിഫോർണിയയിലെ വിമൻസ് ആംബുലൻസ് ആൻഡ് ട്രാൻസ്പോർട്ട് കോർപ്സിൽ (W.A.T.C.C.) സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട്, വ്യോമസേനയിൽ ഒന്നാം ലഫ്റ്റനന്റ് പദവിയിലേക്ക് ഉയർന്നു.

women who challenged conventionsവാരിപ്പുണർന്നിരിക്കുന്ന രണ്ട് സ്ത്രീകളുടെ 1910 -ൽ നിന്നുള്ള ഈ ഫോട്ടോ പിന്നീട് ഒരു അറയിൽനിന്നും കണ്ടെത്തിയതാണ്. ഇതിൻ്റെ പിന്നിൽ എഴുതിയിരുന്നത് ഇങ്ങനെയാണ് 'ആന്റ്റി മേരിയും അവരുടെ 'സുഹൃത്ത്' റൂത്തും, 1910.' സുഹൃത്തിനെ കോട്ട്സിൽ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ ബന്ധത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞുതരുന്നു.

women who challenged conventions

 

അമേരിക്കന്‍ നടിയായ ചാര്‍ലെറ്റ് കുഷ്മെനും ബ്രിട്ടീഷ് എഴുത്തുകാരി മെറ്റില്‍ഡാ ഹെയ്‍സും. 1858 -ലെ ചിത്രമാണിത്. 10 വര്‍ഷക്കാലം ഇരുവരും ബന്ധത്തിലായിരുന്നുവെന്നാണ് പറയുന്നത്. 

women who challenged conventions

 

1880 -ല്‍ എടുത്ത ചിത്രമാണിത്. രണ്ട് വിക്ടോറിയന്‍ സ്ത്രീകള്‍ വളരെ തീവ്രവും ആര്‍ദ്രവുമായ ഒരു ചുംബനത്തിലേക്ക് തിരിയുന്നതാണ് ചിത്രം. ആ സമയത്ത് സ്വവര്‍ഗാനുരാഗമെന്നത് വളരെ രഹസ്യമായി സൂക്ഷിക്കുന്ന ഒന്നായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇങ്ങനെയൊരു ചിത്രം അപൂര്‍വ്വത തന്നെയാണ്. 

women who challenged conventions

 

ഫെലിസ് റാഹേല്‍ ഷ്രാഗന്‍ഹെയിം, ലില്ലി വസ്റ്റ് എന്നിവര്‍... 1942 -ലാണ് ഈ ചിത്രം പകര്‍ത്തിയത് എന്ന് കരുതപ്പെടുന്നു. ബര്‍ലിനില്‍ ജീവിച്ചിരുന്ന സ്വവര്‍ഗാനുരാഗികളായിരുന്നു ഇവര്‍. എന്നാല്‍, ഫെലിസ് ജൂതയായിരുന്നുവെന്നതിനാല്‍ അവരെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലടച്ചു. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്കുള്ള മാര്‍ച്ചിനിടയിലെപ്പോഴോ അവര്‍ മരിച്ചു. ഈ പ്രണയിനികളുടെ ജീവിതം പുസ്‍തകവും സിനിമയുമായിട്ടുണ്ട് പിന്നീട്. 

women who challenged conventions

 

ഇടതുവശത്തുള്ള ഈ സ്ത്രീകള്‍ അനബെല്‍, ഗ്ലാഡിസ് എന്നിവരാണെന്ന് കരുതപ്പെടുന്നു. 1900 -ല്‍ പകര്‍ത്തിയ ചിത്രമാണിത്. വലതുവശത്ത് രണ്ട് സ്ത്രീകള്‍ ചുംബിക്കുന്ന ചിത്രം 1950 -ല്‍ പകര്‍ത്തിയതാണെന്ന് കരുതപ്പെടുന്നു. 

അല്ലെങ്കിലും മനസുകളല്ലേ പ്രണയത്തില്‍പ്പെടുന്നത്... ആ പ്രണയമുള്ള മനസുകള്‍ക്കിടയില്‍ എന്തിന്‍റെയെങ്കിലും അതിര്‍വരമ്പുകളുണ്ടോ? ഇല്ലെന്ന് തന്നെയാണ് ചരിത്രവും പറയുന്നത്.

 

 

Follow Us:
Download App:
  • android
  • ios