Yes! I am a woman. I have  breasts AND a cleavage. You got a problem? 
Deepika Padukone 2014.

    

ദീപിക പദുക്കോണ്‍


ഭര്‍ത്താവ് കൊണ്ടുവന്ന റവുക്ക ഇട്ടതിന്റെ പേരില്‍ അമ്മായിയമ്മയുടെ തല്ലുകൊണ്ട സഹോദരിയുടെ അനുഭവം സി കേശവന്‍ ജീവിതസമരം എന്ന ആത്മകകഥയിലെഴുതിയതിന്  കാലങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, അതിപ്പോഴും കേരളീയ സമൂഹത്തിലെ ശരീരബോധ്യങ്ങളുടെയും സദാചാരപോലീസിന്റെയും അവസ്ഥയില്‍ പ്രസക്തമാകുന്നുണ്ട്.  

വസ്ത്രമെന്നു പറയുന്നത് കേരളീയരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ജൈവികമോ ദൈവികമോ ആയ ശരീരത്തിന്മേല്‍ പാവനമായി സ്ഥാപിക്കപ്പെടുന്ന ആവരണമാണ്. ശരീരവുമായി ബന്ധപ്പെട്ടു സംഭവിക്കുന്ന കൈയേറ്റം പോലുള്ള പ്രശ്‌നങ്ങളെല്ലാം ഈ ആവരണവുമായി ബന്ധപ്പെട്ടാണ് മലയാളി മനസിലാക്കുന്നത്. അതിനാല്‍ വസ്ത്രം മാറ്റങ്ങള്‍ പാടില്ലാത്ത ശരീരത്തെ മറയ്ക്കുന്ന സ്ഥിരമായ പ്രവര്‍ത്തനമായിട്ടാണ് മലയാളി പൊതുബോധത്തില്‍ നിലനില്ക്കുന്നത്.  പാവനമായ ശരീരത്തിന്മേല്‍ ഒട്ടിക്കിടക്കുന്ന വസ്ത്രമെന്ന വ്യവഹാരത്തിലൂടെയാണ് വസ്ത്രം, ശരീരം എന്നിവയുടെ സാംസ്‌കാരിക പ്രയോഗങ്ങളെ മറച്ചുവയ്ക്കുന്നത്. 

ഇവിടെയാണ് വസ്ത്രം ധരിക്കാതെ നടന്നിരുന്ന നമ്മുടെ ഭൂതകാലം പ്രശ്‌നമായി ഉന്നയിക്കപ്പെടുന്നത്. കേരളീയര്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെ ഉടുത്തിരുന്നത് അരമുതല്‍ കാലിന്റെ മുട്ട് വരെ എത്തുന്ന ഒരു തോര്‍ത്തും/മുണ്ടും വിശേഷാവസരങ്ങളിലെ രണ്ടാം മുണ്ടുമായിരുന്നുവെന്നും അതിനപ്പുറം വല്ലതും ധരിക്കുന്നത് പാപമോ തെറ്റോ ആയിരിക്കുമെന്നും കരുതിയിരുന്ന സമൂഹമായിരുന്നുവെന്നും ഇന്നു വിശ്വസിക്കാന്‍ പാടാണ്.  

വലിയ അധികാരമുണ്ടായിരുന്ന രാജ്ഞിവരെ തന്റെ മുല ഒരു ചെറിയ തുണിക്കഷണം കൊണ്ടു മറയ്ക്കുവാനേ ശ്രമിച്ചിരുന്നുള്ളൂവെന്നും സ്ത്രീകള്‍ മുല മറയ്ക്കുന്നത് കൊടിയ തെറ്റായിട്ടാണ് കരുതിയിരുന്നതെന്നും അന്ന് വേശ്യകളാണ് മുലമറച്ചിരുന്നതെന്നും പറഞ്ഞാല്‍ ഇന്നത്തെ സദാചാരബോധത്തില്‍ പലരും അസ്വസ്ഥരാകും. ബ്രായുടെ വള്ളി വെളിയില്‍ കാണുന്നത് എന്തോ വലിയ കുഴപ്പമാകുന്ന സമകാലിക കേരളീയ സദാചാരബോധത്തില്‍ മുലയെപ്പറ്റി ലജ്ജിക്കാന്‍ വല്ലതുമുള്ളതായി നായന്മാര്‍ കരുതിയിരുന്നില്ല. കാരണം അവര്‍ അതു മറയ്ക്കാറില്ലായിരുന്നു എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ (കെ പി എസ് മേനോന്റെ ആത്മകഥ) നമ്മുടെ ശരീരബോധത്തെ വല്ലാതെ ഉലയ്ക്കും. 

ഈ പശ്ചാത്തലത്തിലാണ്, നമ്മുടെ പഴയ തുണിയുടുക്കാത്ത ശരീരങ്ങളുടെ ചരിത്രം, വസ്ത്രം, ശരീരം എന്നിവയൊക്കെ ജൈവികമല്ലെന്നും ചരിത്രപരമാണെന്നും ബ്രിട്ടീഷുകാരിവിടെ വന്ന ശേഷമാണ് നമ്മുടെ ശരീരവും ലൈംഗികതയുമൊക്കെ പാപമായതെന്നും ശരീരം മറ്റാരും കാണാതെ മറച്ചുവയ്ക്കുന്ന മലയാളിയുടെ വര്‍ത്തമാന ശരീരബോധത്തിലെ വിവരക്കേടുകളെ ചോദ്യം ചെയ്യാനുള്ള മാധ്യമമാണെന്നും തിരിച്ചറിയപ്പെടുന്നത്.

അറുപത് എഴുപതുകളിലാണ് കേരളത്തില്‍ ബ്രാ വ്യാപകമാകുന്നതെന്നു കാണാം.

ബ്രേസിയറിന്റെ ചരിത്രം
ബ്രാ എന്നു ചുരുക്കത്തില്‍ വിളിക്കുന്ന ബ്രേസിയറിന്റെ ചരിത്രം അത്ര പഴക്കമുള്ളതല്ലെന്നുള്ളതാണ് വസ്തുത. നൂറ്റാണ്ടുകള്‍ക്കുമുന്നേ ലോകത്തിലെ മിക്കഭാഗങ്ങളിലെയും  സ്ത്രീകള്‍ മുല പ്രത്യേകനിലയില്‍ മറച്ചിരുന്നുവെങ്കിലും ഇന്നത്തെ ബ്രേസിയര്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് സൃഷ്ടിക്കപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിലെ വാക്കായി ഔദ്യോഗികമായി ഇത് 1910 നുശേഷമാണ് വരുന്നത്. 

രണ്ടാംലോക മഹായുദ്ധകാലത്തിനു ശേഷമാണ് വൈവിധ്യമാര്‍ന്ന വിധത്തില്‍ ലോകമാകെ ബ്രാകള്‍ പ്രചരിക്കപ്പെടുന്നത്. അക്കാലം മുതലേ ബ്രാ സ്ത്രീകളുടെ അടിവസ്ത്രമെന്ന നിലയില്‍മാത്രമല്ല മറിച്ച് ഓരോ കാലത്തെയും ദേശത്തെയും പൊതുസ്ത്രീ ശരീര സങ്കല്പത്തിന്റെ പ്രയോഗം കൂടിയായിട്ടാണ് മനസിലാക്കപ്പെട്ടിരുന്നതെന്നു കാണാം. 

മുലകളെ രണ്ടു തുണി കപ്പുകള്‍ക്കകത്തായി ചില നാടകള്‍ക്കൊണ്ടു നിയന്ത്രിക്കുകയാണ് ബ്രാ ചെയ്യുന്നത്. മുലകള്‍ ഇങ്ങനെയൊക്കെയായിരിക്കണമെന്ന ആശയാവലിയാണ് അതിലൂടെ ഉന്നയിക്കുന്നതെന്നു കാണാം. ശരീരമെന്നത്  പൊതുവില്‍ പാപത്തിന്റെ ഇടമായിക്കാണുന്ന നമ്മുടെ കാഴ്ചപ്പാടില്‍ ബ്രാ പോലെയുള്ള അടിവസ്ത്രങ്ങള്‍ ആരും കാണാതെ ഒളിപ്പിച്ചുപയോഗിക്കാനാണ് പഠിപ്പിക്കപ്പെടുന്നത്. ശരീരവുമായി ഒട്ടിക്കിടക്കുന്ന അടിവസ്ത്രങ്ങളെ ചില ശരീരികാവയവങ്ങള്‍പോലെ രഹസ്യാത്മകമായിട്ടാണ്  പരിചരിക്കുന്നത്. 

രാജ്ഞിവരെ തന്റെ മുല ഒരു ചെറിയ തുണിക്കഷണം കൊണ്ടു മറയ്ക്കുവാനേ ശ്രമിച്ചിരുന്നുള്ളൂ

എഴുപതുകളിലെ മുലമറയ്ക്കല്‍ പ്രയോഗം ബെറ്റിമോള്‍ മാത്യു എഴുതുന്നു: എഴുപതുകളില്‍ത്തന്നെ കന്യാസ്ത്രീകളുടെ വകയായി പെണ്‍കുട്ടികള്‍ക്ക് സദാചാരപാഠങ്ങള്‍ നല്‍കിയിരുന്നു. അതില്‍ പ്രധാന നിര്‍ദേശമായിരുന്നു മുലകളൊളിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍. ചുരിദാര്‍ കണ്ടുപിടിച്ചിട്ടില്ലാത്ത കാലമാണത്. മിനിപ്പാവാടയും ഷര്‍ട്ടും നീളന്‍ പാവാടയും ഇറുകിയ ബ്ലൗസുമൊക്കെയാണ് ദേശീയ വേഷങ്ങള്‍. ഇവയ്ക്കുള്ളില്‍ പ്രലോഭനങ്ങളെ ഒളിപ്പിച്ചു വയ്ക്കാനുള്ള സങ്കേതങ്ങള്‍ എങ്ങനെ ഫിറ്റുചെയ്യാമെന്ന് അവര്‍ വിവരിച്ചു തന്നു (പച്ചക്കുതിര മാസിക, 2011). 

അറുപത് എഴുപതുകളിലാണ് കേരളത്തില്‍ ബ്രാ വ്യാപകമാകുന്നതെന്നു കാണാം. അക്കാലത്തെ സ്ത്രീ മാസികകളില്‍ കൂടുതലായി ബ്രാ പരസ്യങ്ങള്‍ കടന്നുവരുന്നു. അന്നുമുതലുള്ള  ബ്രാ പരസ്യങ്ങള്‍ പരിശോധിച്ചാല്‍ ബ്രാ എന്നൊരു അടിവസ്ത്രം പ്രചരിപ്പിക്കുന്നതിനുപരി സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ചില ആശയാവലികള്‍ പഠിപ്പിക്കുകയായിരുന്നു ഇവയെന്നു കാണാം. 

(അതിനെക്കുറിച്ച് നാളെ)