കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ നടപ്പാക്കിയത് ഏറ്റവും ബുദ്ധിമുട്ടിലാക്കിയത് രാജ്യത്തെ വാഹന വ്യവസായത്തെയാണ്. മാർച്ച് 24 ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം എല്ലാ നിർമാണശാലകളും അടച്ചതിനാൽ രാജ്യത്തെ വാഹന വിൽപ്പന ശരാശരി 64 ശതമാനം കുറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെ അളവുകോലുകൂടിയായ മാർച്ച് മാസത്തെ വാഹന വിൽപ്പനയുടെ കണക്കുകൾ, പകർച്ചവ്യാധിക്ക് ശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് വലിയ നടപടികൾ തന്നെ ആവശ്യമാണെന്നതിന്റെ സൂചനയാണ് നൽകുന്നതെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലെ രണ്ട് കാറുകളിൽ ഒന്ന് വീതം വിൽക്കുന്ന മാരുതി മാർച്ചിൽ 83,792 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 47 ശതമാനത്തിന്റെ ഇടിവാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാവിനുണ്ടായത്. മാർച്ച് 22 മുതൽ പ്രവർത്തനം നിർത്തിവച്ചതിനാൽ ഈ സംഖ്യ 2019 മായി താരതമ്യപ്പെടുത്താനാകില്ലെന്ന് കമ്പനി അറിയിച്ചു.

വാഹന കയറ്റുമതി 55 ശതമാനം ഇടിഞ്ഞ്‌ 4,712 യൂണിറ്റായി. മുൻ‌വർഷം ഇത്‌ 10,463 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയിൽ ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 71.5 ശതമാനത്തിന്റെ വൻ ഇടിവുണ്ടായി. മാർച്ചിൽ ഇത് 736 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം 2,582 യൂണിറ്റുകളായിരുന്ന സ്ഥാനത്താണിത്. 

മാരുതി സുസുക്കി അതിന്റെ ജീവനക്കാരുടെയും ബിസിനസ്സ് പങ്കാളികളുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര, സംസ്ഥാന തലങ്ങളിൽ കമ്പനി സർക്കാരിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും കോവിഡ് -19 നെ നേരിടാൻ എല്ലാ നിർദേശങ്ങളും പാലിക്കുമെന്നും കമ്പനി അറിയിച്ചു.

“കോവിഡ് -19 വ്യാപനവും തുടർന്നുള്ള രാജ്യവ്യാപക ലോക്ക് ഡൗണും വാഹന വിൽപ്പനയെ ബാധിച്ചു,” ടാറ്റാ മോട്ടോഴ്‌സിലെ പാസഞ്ചർ വെഹിക്കിൾസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് പറഞ്ഞു. മാർച്ചിലെ യാത്രക്കാരുടെ വാഹന വിൽപ്പന 68 ശതമാനം ഇടിഞ്ഞപ്പോൾ ട്രക്കുകൾ, ബസുകൾ ഉൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 87 ശതമാനം ഇടിഞ്ഞതായി കമ്പനി പറയുന്നു. 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക