കോവിഡ് 19 മൂലമുളള സമ്പൂർണ അടച്ചിടൽ സ്വർണാഭരണ നിർമ്മാണ, വ്യാപാര, കയറ്റുമതി മേഖല പൂർണമായി നിശ്ചലമാക്കിയിരിക്കുകയാണ്. ഈ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികൾ പട്ടിണിയിലേക്കും ഉടമകൾ കടക്കെണിയിലേക്കും നീങ്ങുകയാണ്.

ആറ് ലക്ഷത്തോളം സ്വർണ വ്യാപാരികളും, രണ്ടു ലക്ഷത്തോളം നിർമ്മാതാക്കളും, പതിനായിരക്കണക്കിന് മൊത്ത വിതരണക്കാരും, നിർമ്മാണമേഖലയിലെ തൊഴിലാളികളും, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, മറ്റു ജോലിക്കാർ, അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവർ ഉൾപ്പടെ അഞ്ച് കോടി ജനങ്ങൾ ഈ മേഖലയിൽ ഉപജിവനം നടത്തുന്നു. 

നിർമ്മാതാക്കളും, വ്യാപാരികളും വൻതോതിൽ ബാങ്കുകളിൽ നിന്നും ലോണുകൾ, ഓവർ ഡ്രാഫ്റ്റ്, മെറ്റൽ ലോൺ എന്നിവയുമെടുത്താണ് സ്ഥാപനങ്ങൾ നടത്തി പോരുന്നത്. സാമ്പത്തിക മാന്ദ്യം കൊടുമ്പിരിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് കോവിഡ് 19 സമ്പൂർണ അടച്ചിടലും അനിവാര്യമായത്.

ഇന്ത്യയൊട്ടാകെ ഏകദേശം ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ  വ്യാപാര നഷ്ടം കണക്കാക്കുന്നു. കേരളത്തിൽ ഏകദേശം 25,000 കോടി രൂപയുടേതാണ് നഷ്ടം. 10 കോടി തൊഴിൽ ദിനങ്ങളാണ് രാജ്യത്ത് നഷ്ടമായത്. കേരളത്തിൽ ഒരു കോടി തൊഴിൽ ദിനങ്ങളാണ് നഷ്ടമായത്. 12,000 ഓളം സ്വർണ വ്യാപാരികൾ, അവിടയുള്ള ജീവനക്കാർ, അനുബന്ധ തൊഴിൽ മേഖല, കുടിൽ വ്യവസായ സ്വർണ നിർമ്മാണ ശാലകൾ ഉൾപ്പടെ മുപ്പതിനായിരത്തിലധികം നിർമ്മാണ ശാലകൾ, അനുബന്ധ മേഖല തുടങ്ങി കേരളത്തിൽ 10 ലക്ഷത്തിലധികം പേരാണ് സ്വർണ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്.

19% നഷ്ടമാണ് ഡയമണ്ട് കയറ്റുമതി രംഗത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,53,621.64 കോടി രൂപയായിരുന്നു. നടപ്പുവർഷം 1,24,880.11 കോടി രൂപയാണ്. സ്വർണാഭരണ കയറ്റുമതിയിൽ 2020 മാർച്ച് കാലയളവിൽ 80,594.69 കോടി രൂപയുടേതാണ്. 2019 ൽ ഇതേ കാലയളവിൽ ഒരു ലക്ഷം കോടി രൂപയുടേതായിരുന്നു. 20% മാണ് സ്വർണക്കയറ്റുമതിയിലെ ഇടിവ്.

വിവാഹ സീസൺ ഇല്ലാതായി

2019 ഏപ്രിൽ മുതൽ 2020 ഫെബ്രുവരി വരെ കൊച്ചി എയർ കാർഗോ വഴി 32 മില്യൺ അമേരിക്കൻ ഡോളറിനുള്ള സ്വർണ, വജ്രാഭരണങ്ങളാണ് കയറ്റുമതി ചെയ്തിട്ടുള്ളത്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖല (SEZ) വഴി 14 മില്യൺ അമേരിക്കൻ ഡോളറിന്റെ കയറ്റുമതി നടത്തിയത്.
മാർച്ച്  10ന് മുമ്പ് മാത്രമാണ് കയറ്റുമതി നടന്നിട്ടുള്ളത്.  കോവിഡ് 19 ന്റെ സാഹചര്യത്തിൽ രാജ്യത്തെയും,അന്താരാഷ്ട്ര വിമാനത്താവളങ്ങളും പ്രവർത്തിക്കാതിരിക്കുന്നതിനാൽ ഇനി കയറ്റുമതി എന്ന് പുനരാരംഭിക്കുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് രാജ്യത്തുളളത്.

ആഭ്യന്തര വിപണിക്കും വെല്ലുവിളികളേറെയാണ്. 21 ദിവസത്തെ അടച്ചിടൽ നീക്കിയാലും നിയന്ത്രണങ്ങൾ തുടരുമെന്നതിനാൽ സ്വർണാഭരണ മേഖല സജീവമാകണമെങ്കിൽ തന്നെ മാസങ്ങളെടുക്കും. വിവാഹ ആഘോഷങ്ങൾ നിയന്ത്രിക്കുന്നത് സ്വർണ വിപണിക്ക് വലിയ തിരിച്ചടിയാകും. കേരളത്തിൽ ഓണ സീസണിന് ശേഷമുള്ള വിവാഹ സീസൺ ഏതാണ്ട് ഇല്ലാതായിരിക്കുകയാണ്.

കേരളത്തിലടക്കം ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം സ്വർണവ്യാപാര നടക്കുന്ന അക്ഷയ് തൃതീയ ഏപ്രിൽ 26 നാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അക്ഷയ് തൃതീയ വ്യാപാരവും പ്രവചനാതീതമാണ്.

കൊറോണ കാലഘട്ടത്തിന് മുമ്പും, ശേഷവുമെന്ന ലോകക്രമമാണ് ഇനി വരാനിരിക്കുന്നത്. താൽക്കാലികമായി ഒഴുക്ക് തടസ്സപ്പെട്ട ജീവിതസാഹചര്യത്തെ പുതിയൊരു കാഴ്ച്ചപ്പാടോടുകൂടിയാകും ജനങ്ങൾ നോക്കി കാണുന്നത് എന്നതിൽ സംശയമില്ല.

- അഡ്വ എസ് അബ്ദുൽ നാസർ ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറുമാണ്

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക