ദില്ലി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച റെയില്‍വെ സ്‌റ്റേഷനുകളില്‍ ഒന്ന് പോലും കേരളത്തിലോ, ദക്ഷിണേന്ത്യയിലോ ഇല്ല. ലോക്‌സഭയില്‍ പിയൂഷ് ഗോയലാണ് ഇന്ന് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളടക്കം എല്ലാം ഉത്തര, പശ്ചിമ, പശ്ചിമ-മധ്യ, വടക്കു കിഴക്കന്‍ റെയില്‍വെകളിലാണ്.

ഇന്ത്യന്‍ റെയില്‍വെ സ്റ്റേഷന്‍സ് ഡവലപ്‌മെന്‌റ് കോര്‍പറേഷ ലിമിറ്റഡ്, റെയില്‍ ലാന്‌റ് ഡവലപ്‌മെന്‌റ് അതോറിറ്റി, മറ്റ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളങ്ങളിലേതിന് സമാനമായി ആഗമനം, പുറപ്പെടല്‍ എന്നിവയ്ക്ക് പ്രത്യേക വഴികള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള കാത്തിരിപ്പ് സൗകര്യങ്ങള്‍, ഷോപ്പിങ് സൗകര്യങ്ങള്‍ എന്നിവയടക്കം വന്‍ നിക്ഷേപം നടക്കുന്ന പദ്ധതിയാണിത്.

പശ്ചിമ റെയില്‍വെയിലെ ഗാന്ധിനഗര്‍, പശ്ചിമ-മധ്യ റെയില്‍വെയിലെ ഹബീബ്ഗഞ്ച് റെയില്‍വെ സ്റ്റേഷനുകളിലാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വടക്കു കിഴക്കന്‍ റെയില്‍വെയിലെ ഗോമതിനഗര്‍, ഉത്തര റെയില്‍വെയിലെ ആനന്ദ് വിഹാര്‍, ബിജ്വാസന്‍, ഛണ്ഡീഗഡ് റെയില്‍വെ സ്റ്റേഷനുകളിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ വികസനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സ്വകാര്യ സംരംഭങ്ങളാണ് റെയില്‍വെ സ്റ്റേഷനുകളുടെ വികസനത്തിനുള്ള ടെന്‍ഡറുകള്‍ ഏറ്റെടുക്കുന്നത്. പദ്ധതിക്ക് വിദേശരാജ്യങ്ങളുമായി എന്തെങ്കിലും ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്നും മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.