Asianet News MalayalamAsianet News Malayalam

എല്ലാവരും സ്വർണത്തിന് പിന്നാലെ പായുന്നു, മഞ്ഞലോഹത്തിന്റെ വിലയിൽ വൻ വർധനവ്; മൂല്യം ഇടിഞ്ഞ് ഇന്ത്യൻ രൂപ

സ്വർണ വിലയുടെ ഓരോ ഉയർച്ചയിലും വിൽപന സമ്മർദ്ദം ശക്തമായതിനാൽ ഈ വിലനിലവാരത്തിൽ നിക്ഷേപകർ ലാഭമെടുക്കാനുള്ള സാധ്യതയുള്ളതായി അദ്ദേ​ഹം കൂട്ടിച്ചേർത്തു.

most of the investors focus on gold due to covid -19 outbreak
Author
Thiruvananthapuram, First Published Apr 1, 2020, 3:20 PM IST

സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കൊവിഡ് കാലത്തും സ്വർണത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നത്.1610 ഡോളറിനും 1625 ഡോളറിനുമിടയിലാണ് രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ ഇപ്പോഴത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില സർവ്വകാല തക‍ർച്ചയിലേക്ക് നീങ്ങിയതാണ് സ്വർണവിലയെ വാനോളം ഉയർത്തിയത്. 

കൊവിഡിനെ തുടർന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക തകർച്ചയെക്കുറിച്ചുളള ആശങ്കകളാണ് ആഗോളവിപണിയിൽ സ്വർണവില കൂട്ടിയത്. കേരളത്തിൽ 10 ഗ്രാം തങ്കത്തിന് 43,500 രൂപയാണ് ഇപ്പോഴത്തെ വില. ഡോളറിനെതിരെ 76 എന്ന നിലയിലേക്ക് കടന്നിരുന്ന രൂപ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ച ദിവസം 74 ലേക്ക് മൂല്യം ഉയർന്നെങ്കിലും പിന്നീട് രൂപയുടെ മൂല്യം 75.48 ലേക്ക് ഇടിഞ്ഞു. 

കഴിഞ്ഞ രണ്ട് ആഴ്ച്ചയായി അമേരിക്കൻ ഡോളർ താഴ്ന്ന നിലയിലാണ്. യു എസ് ഫെഡറൽ റിസർവ് സ്വീകരിച്ച രണ്ട് ട്രില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് വലിയ തോതിൽ വിജയം കണ്ടിട്ടില്ലന്ന വിലയിരുത്തലിനെ തുടർന്നാണിത്.

എണ്ണ വിലയിലെ എക്കാലത്തെയും ഇടിവ്, യു.എസ് അടക്കമുള്ള രാജ്യങ്ങളിലെ സാമ്പത്തിക ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് സ്വർണ വില ഉയരുന്നതിന് കാരണമായത്. 1.70 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപനത്തെ തുടർന്ന് തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്ന രൂപ പിന്നെയും ദുർബലമാവുന്നതാണ് ഇന്ത്യയിൽ സ്വർണ വില ഉയരാൻ കാരണമായതെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ജിജെസി ദേശീയ ഡയറക്ടറുമായ അഡ്വ.എസ്.അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ ആഴ്ച്ചയെക്കാൾ ഒരു ശതമാനത്തിലധികം സ്വർണവില ഉയർന്നിട്ടുണ്ട്. സ്വർണ വിലയുടെ ഓരോ ഉയർച്ചയിലും വിൽപന സമ്മർദ്ദം ശക്തമായതിനാൽ ഈ വിലനിലവാരത്തിൽ നിക്ഷേപകർ ലാഭമെടുക്കാനുള്ള സാധ്യതയുള്ളതായി അദ്ദേ​ഹം കൂട്ടിച്ചേർത്തു.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios