ദില്ലി: രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുളള ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗം ജൂണ്‍ 21 ന് ചേരും. ധനമന്ത്രി നിര്‍മല സീതാരാമന്‍ അദ്ധ്യക്ഷയാകുന്ന ആദ്യ ജിഎസ്ടി കൗണ്‍സില്‍ മീറ്റിംഗാണിത്. നികുതി വെട്ടിപ്പ് തടയുന്നതിനുളള നിരവധി നടപടികള്‍ക്ക് യോഗത്തില്‍ തീരുമാനമെടുത്തേക്കും. 

ജിഎസ്ടി നികുതി പരിഷ്കരണം നടപ്പാക്കിയിട്ട് രണ്ട് വര്‍ഷക്കാലം കഴിഞ്ഞിട്ടും വരുമാന പ്രതീക്ഷിച്ചതിലും കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ കര്‍ശന നടപടികളെടുക്കാാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകീകൃത ചരക്ക് നികുതി കൗണ്‍സിലിന്‍റെ 35 മത് യോഗമാണ് 21 -ാം തീയതി കൂടുന്നത്. വരും നാളുകളില്‍ ബിസിനസ്സുകള്‍ക്ക് നേരെ നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. 

നികുതി നിരക്കുകളില്‍ വലിയ കുറവ് വരുത്താനിടയില്ലെന്നാണ് സൂചന. പുതിയ സര്‍ക്കാരിന്‍റെ കേന്ദ്ര ബജറ്റിന് തൊട്ടുമുന്‍പ് നടക്കുന്ന കൗണ്‍സില്‍ യോഗമായതിനാല്‍ വെളളിയാഴ്ചത്തെ യോഗത്തിന് പ്രസക്തി ഏറെയാണ്. യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന സംസ്ഥാന ധനമന്ത്രിമാരുമായി നിര്‍മല സീതാരാമന്‍ ചര്‍ച്ച നടത്തുമെന്നാണ് ധനകാര്യ മന്ത്രാലയം വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ മന്ത്രിമാര്‍ കേന്ദ്ര ധനമന്ത്രിയെ ധരിപ്പിച്ചേക്കും.