Asianet News MalayalamAsianet News Malayalam

തയ്യാറായി കേരളവും, പഞ്ചാബും, ദില്ലിയും; ഡിസംബര്‍ 18 ന് വന്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യത

കേരളത്തിന് ഓഗസ്റ്റ്- സെപ്തംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ട പരിഹാരമായി 1600 കോടിയുള്‍പ്പെടെ 3000 കോടി രൂപയാണ് ലഭിക്കാനുള്ളത്.

GST council meeting on December 2019
Author
New Delhi, First Published Dec 10, 2019, 12:18 PM IST

ദില്ലി: ഡിസംബർ 18 ന് നടക്കുന്ന നിർണായക ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തില്‍ വന്‍ തര്‍ക്കമുണ്ടായേക്കും. ജിഎസ്ടി നഷ്ടപരിഹാരം, കട്ട് ഓഫ് തീയതി തുടങ്ങിയ വിഷയങ്ങളിലാണ് തര്‍ക്കത്തിന് സാധ്യത. സംസ്ഥാനങ്ങൾക്കുളള നഷ്ടപരിഹാരം അവസാനിപ്പിക്കുന്നതിനുള്ള കട്ട് ഓഫ് തീയതി 2021-22 എന്നത് 2026-2027 വരെ ദീര്‍ഘിപ്പിക്കണമെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാദല്‍ നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. ഈ വിഷയം ജിഎസ്ടി കൗൺസിലിലും ചര്‍ച്ചയായേക്കും. 

അടുത്തിടെ ദില്ലിയില്‍ നീതി ആയോഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം പറഞ്ഞതായും നഷ്ടപരിഹാരത്തിന്റെ കാലതാമസവും അപര്യാപ്തതയും കാരണം ഛത്തീസ്‌ഗഡ് ഒരു ഉൽ‌പാദന സംസ്ഥാനമെന്ന നിലയിൽ ദുരിതമനുഭവിക്കുകയാണെന്നും റായ്പൂരില്‍ അദ്ദേഹം വ്യക്തമാക്കി. കേരളം, പഞ്ചാബ്, ദില്ലി, മധ്യപ്രദേശ്, പുതുച്ചേരി അടക്കമുളള സംസ്ഥാനങ്ങള്‍ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക തീര്‍പ്പാക്കണമെന്ന ആവശ്യവും യോഗത്തിന് മുന്നില്‍വയ്ക്കും.

കേരളത്തിന് ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ട പരിഹാരമായി 1600 കോടിയുള്‍പ്പെടെ 3000 കോടി രൂപയാണ് ലഭിക്കാനുള്ളത്. 28 ശതമാനമാണ് റവന്യു വിടവ് ഉണ്ടായിട്ടുള്ളത്. ജിഎസ്ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) Act 2017 വകുപ്പ് 7(2) അനുസരിച്ച് ഓരോ രണ്ടു മാസം കൂടുമ്പോഴും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട് എന്ന് ഡോ. തോമസ് ഐസക്ക് ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സൂചിപ്പിക്കുകയുണ്ടായി.

നഷ്ടപരിഹാരം സമയത്ത് നല്‍കാതിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സര്‍ക്കാരുകള്‍ തമ്മിലുള്ള ഒരു തര്‍ക്കമായി വ്യാഖ്യാനിക്കപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഭരണഘടനാപരമായി ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്ന് തോമസ് ഐസക് വ്യക്തമാക്കി.

പുതുച്ചേരി സംസ്ഥാനത്തിന് 52 ശതമാനത്തോളം നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി ഫറൂഖ് ഷാജഹാന്‍ ചൂണ്ടിക്കാട്ടി. പഞ്ചാബിനാകട്ടേ ജിഎസ്ടി നിലവില്‍ വരുന്നതിനു മുമ്പേയുള്ള നിരവധി വര്‍ഷങ്ങളില്‍ എഫ്സിഐ മുഖാന്തിരം ഏറ്റെടുത്തിട്ടുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് നികുതിയിനത്തില്‍ ലഭിക്കേണ്ട വിഹിതം ലഭിച്ചിട്ടില്ലായെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലും പരാതിപ്പെട്ടു. 

ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച വിഷയങ്ങള്‍ യൂണിയന്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കാമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ നിലപാട്. ജിഎസ്ടി വിഹിതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആവശ്യമായി വന്നാല്‍ കേരള സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 31 -ന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. 

Follow Us:
Download App:
  • android
  • ios