Asianet News MalayalamAsianet News Malayalam

ഉയര്‍ന്ന വിമാനയാത്രാ നിരക്ക്, വിമാനക്കമ്പനികളുടെ അടച്ചുപൂട്ടല്‍: പ്രതിസന്ധികള്‍ വിശകലനം ചെയ്ത് ടൂറിസം മന്ത്രിമാരുടെ യോഗം

സംസ്ഥാനാന്തര ടൂറിസ്റ്റ് വാഹന നിരക്കുകള്‍ വളരെ ഉയര്‍ന്നും വ്യത്യസ്തമായ രീതിയിലുമാണെന്നും യോഗം വിലയിരുത്തി. തടസമില്ലാത്ത യാത്രയ്ക്ക് ഇവ ഏകീകരിക്കേണ്ടതുണ്ട്.

Tourism Ministers Conclave in Kerala capital
Author
Thiruvananthapuram, First Published Sep 17, 2019, 10:24 AM IST

തിരുവനന്തപുരം: രാജ്യത്തെ വിനോദസഞ്ചാരമേഖലയില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന നികുതി വെട്ടിക്കുറയ്ക്കണമെന്നും നികുതിവ്യവസ്ഥ ലളിതവല്‍കരിച്ച് യുക്തിസഹമാക്കണമെന്നും കോവളത്തു ചേര്‍ന്ന സംസ്ഥാന ടൂറിസം മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

7500 രൂപയ്ക്ക് മുകളില്‍ പ്രതിദിന വാടകയുള്ള ഹോട്ടലുകളുടെ ജിഎസ്ടി ഇപ്പോള്‍ 28 ശതമാനമാണ്. ഇതിനു താഴെ 2500 രൂപ വരെ വാടകയുള്ള ഹോട്ടലുകള്‍ക്ക് ഈടാക്കുന്ന നികുതി 18 ശതമാനമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള ഈ ഉയര്‍ന്ന നിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കണമെന്നുണ്ടെങ്കില്‍ നികുതി പരിഷ്കരണം അത്യാവശ്യമാണെന്നു ചൂണ്ടിക്കാട്ടി കര്‍ണാടക ടൂറിസം മന്ത്രി സി.ടി രവിയാണ് പ്രമേയം അവതരിപ്പിച്ചത്. 

രാജ്യത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന വിമാനയാത്രാ നിരക്കുകള്‍ കുറച്ചില്ലെങ്കില്‍ ആഗോള ടൂറിസം മേഖലയുമായി മത്സരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുകയില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഈ യാത്രക്കൂലി കാരണം ഉത്സവകാലത്തും സീസണിലുമൊക്കെ ഒഴിവുകാല യാത്രക്കാര്‍ ചെലവു കുറഞ്ഞ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തേടിപ്പോകുകയാണ്. ഇതിനിടെയാണ് ചില വിമാനക്കമ്പനികള്‍ അപ്രതീക്ഷിതമായി അടച്ചുപൂട്ടിയത്. ഇത് സര്‍വീസുകള്‍ കുറവുള്ള ഇടത്തരം, ചെറുകിട നഗരങ്ങളിലേയ്ക്കുള്ള യാത്രാനിരക്കുകള്‍ വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കി. 

സംസ്ഥാനാന്തര ടൂറിസ്റ്റ് വാഹന നിരക്കുകള്‍ വളരെ ഉയര്‍ന്നും വ്യത്യസ്തമായ രീതിയിലുമാണെന്നും യോഗം വിലയിരുത്തി. തടസമില്ലാത്ത യാത്രയ്ക്ക് ഇവ ഏകീകരിക്കേണ്ടതുണ്ട്.

പ്രാദേശികാടിസ്ഥാനത്തിലും അയല്‍സംസ്ഥാനങ്ങള്‍ ഒന്നിച്ചും പ്രാദേശിക വിനോദസഞ്ചാര സമിതികളും വിനോദസഞ്ചാര സര്‍ക്കീട്ടുകളും രൂപവല്‍കരിക്കണമെന്ന് മറ്റൊരു പ്രമേയവും യോഗം അംഗീകരിച്ചു. ടൂറിസം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന സ്വഭാവം നല്‍കാനും ഒന്നായി നിന്നുകൊണ്ട് തങ്ങളുടെ ടൂറിസം ആകര്‍ഷണങ്ങളെയും വിനോദസഞ്ചാരകേന്ദ്രങ്ങളെയും   ആഗോള തലത്തില്‍ അവതരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു. 

പ്രാദേശിക ടൂറിസം സമിതികള്‍ രൂപവല്‍കരിക്കുന്നതിലൂടെ  ആനുകാലികമായി സംസ്ഥാനങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്താനും സഹകരിച്ചുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഴിയുമെന്ന് ഒഡിഷ ടൂറിസം മന്ത്രി ജ്യോതി പ്രകാശ് അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. 

കോവളത്ത് ചേര്‍ന്ന ഏകദിന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ടൂറിസം-സാസ്കാരിക സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷം വഹിച്ചു.

Follow Us:
Download App:
  • android
  • ios