ലണ്ടന്‍: ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുജ കുടുംബത്തിന് തുടര്‍ച്ചയായി ആറാം വര്‍ഷവും സമ്പന്നനായ ഏഷ്യക്കാരന്‍ എന്ന പദവി. ഏഷ്യന്‍ ബിസിനസ് അവാര്‍ഡിനായി പ്രസിദ്ധീകരിച്ച ഏഷ്യന്‍ റിച്ച് ലിസ്റ്റിലാണ് ഹിന്ദുജ കുടുംബം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 

സ്റ്റീല്‍ വ്യവസായികളായ ലക്ഷ്മി മിത്തലും മകന്‍ ആദിത്യാ മിത്തലുമാണ് രണ്ടാം സ്ഥാനത്ത്. 2019 ലെ കണക്കുകള്‍ പ്രകാരം 2520 കോടി പൗണ്ടാണ് ഹിന്ദുജ കുടുംബത്തിന്‍റെ ആകെ ആസ്തി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 300 കോടി പൗണ്ടാണ് കുടുംബത്തിന്‍റെ സമ്പത്തിലുണ്ടായ വര്‍ദ്ധന. 

രണ്ടാം സ്ഥാനത്തുളള മിത്തലിന്‍റെ മൊത്തം ആസ്തി 1120 കോടി പൗണ്ടാണ്. 280 കോടി പൗണ്ടാണ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മിത്തലിന്‍റെ വരുമാനത്തിലുണ്ടായ കുറവ്.